പ്രഥമ സൂക്തത്തിലെ البَيِّنَة എന്ന പദം അധ്യായ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഈ സൂറ മക്കിയാണെന്നും മദനിയാണെന്നും ഭിന്നാഭിപ്രായമുണ്ട്. ഇതു മക്കിയാണെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് ഒരു കൂട്ടരും, അല്ല, മദനിയാണെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. ഇബ്നു സുബൈറുംN1534 അത്വാഉബ്നു യസാറും ഇതു മക്കിയാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഇബ്നു അബ്ബാസിN1342ല്‍നിന്നും ഖതാദN1513യില്‍നിന്നും ഇത് മക്കിയാണെന്നും മദനിയാണെന്നുമുള്ള രണ്ടഭിപ്രായവും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഹ. ആഇശ(റ)N1413 നിശ്ചയിച്ചിട്ടുള്ളത് ഇത് മക്കിയാണെന്നാണ്. ബഹ്റുല്‍ മുഹീത്വിന്റെ കര്‍ത്താവ് അബൂഹയ്യാനുംN1385 അഹ്കാമുല്‍ ഖുര്‍ആനിന്റെ കര്‍ത്താവ് അബ്ദുല്‍ മുന്ഇമിബ്നു ഫറസും ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയത്. ഉള്ളടക്കത്തെസ്സംബന്ധിച്ചിടത്തോളം അതില്‍, മക്കിയോ മദനിയോ എന്നു സൂചിപ്പിക്കുന്ന യാതൊന്നും കാണുന്നില്ല.
ഖുര്‍ആനിന്റെ ക്രോഡീകരണത്തില്‍ ഈ സൂറയെ സൂറ അല്അലഖിനും അല്ഖദ്റിനും ശേഷമായി ചേര്‍ത്തത് വളരെ അര്‍ഥവത്താണ്. സൂറ അല്അലഖില് പ്രഥമ ദിവ്യസന്ദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സൂറ അല്‍ഖദ്റില്‍ അതെപ്പോഴാണ് അവതരിച്ചതെന്ന് പ്രസ്താവിക്കുന്നു. ഈ സൂറയില്‍ ഈ വേദത്തോടൊപ്പം ഒരു ദൈവദൂതന്റെ നിയോഗം ആവശ്യമായിത്തീര്ന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ്. ആദ്യമായി ദൈവദൂതന്റെ നിയോഗാവശ്യം വിവരിക്കുന്നു. അതിതാണ്: ലോകജനതയെ-- അവര്‍ വേദവിശ്വാസികളാകട്ടെ, ബഹുദൈവവിശ്വാസികളാകട്ടെ--അവരകപ്പെട്ട സത്യനിഷേധത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദൈവദൂതന്റെ ആഗമനം അനിവാര്യമാകുന്നു. ആ ദൈവദൂതന്റെ സാന്നിധ്യംതന്നെ അദ്ദേഹത്തിന്റെ ദൗത്യത്തെ വ്യക്തമായി തെളിയിക്കുന്ന ദൃഷ്ടാന്തമായിരിക്കണം. അദ്ദേഹം ദൈവികവേദത്തെ പൂര്‍വവേദങ്ങളില്‍ പുരണ്ട എല്ലാ മായങ്ങളില്നിന്നും ശുദ്ധീകരിച്ച് തികച്ചും സത്യവും സാധുവുമായ തത്ത്വങ്ങളുള്ക്കൊണ്ട അതിന്റെ സാക്ഷാല്‍ രൂപത്തില്‍ ജനസമക്ഷം സമര്പ്പിക്കുന്നവനുമായിരിക്കണം. അനന്തരം, വേദവിശ്വാസികളുടെ മാര്‍ഗഭ്രംശം തുറന്നുകാണിക്കുകയാണ്. അവരിങ്ങനെ വിവിധ മാര്‍ഗങ്ങളിലേക്ക് വഴിതെറ്റിപ്പോയത് അല്ലാഹു അവര്‍ക്ക് സന്മാര്ഗദര്ശനം നല്‍കാതിരുന്നതുകൊണ്ടല്ല. സുവ്യക്തമായ സന്മാര്ഗ പ്രമാണങ്ങള്‍ അവരുടെയടുക്കല്‍ എത്തിക്കഴിഞ്ഞതിനുശേഷമാണ് അവര്‍ മാര്‍ഗഭ്രഷ്ടരായത്. അവരുടെ മാര്‍ഗഭ്രംശത്തിനുത്തരവാദികള്‍ അവര്തന്നെയാണന്നത്രേ ഇതിനര്‍ഥം. ഇപ്പോഴിതാ ഈ പ്രവാചകന് മുഖേന വീണ്ടും അവര്‍ക്ക് സത്യപ്രമാണങ്ങള്‍ എത്തിച്ചുകൊടുത്തിരിക്കുന്നു. ഇതിനു ശേഷവും അവര്‍ വഴിപിഴച്ചവരായിത്തന്നെ കഴിയുകയാണെങ്കില്‍ അവരുടെ ഉത്തരവാദിത്വം കൂടുതല്‍ കനത്തതായിത്തീരും. ഇവ്വിഷയകമായി പറയുന്നു: അല്ലാഹുവിങ്കല്‍നിന്നു നിയുക്തനായ ഏതു പ്രവാചകനും, അവതരിച്ച ഏതു വേദവും അവരോട് കല്പിച്ചിരുന്നത് ഇതുമാത്രമാകുന്നു: മറ്റെല്ലാ മാര്‍ഗങ്ങളും വെടിഞ്ഞ് നിഷ്കളങ്കമായി അല്ലാഹുവിനോടു ദാസ്യഭാവം കൈക്കൊള്ളുക. മറ്റാരോടെങ്കിലുമുള്ള ആരാധനയും വിധേയത്വവും അടിമത്തവും ദാസ്യവും അതില്‍ കലര്‍ത്താതിരിക്കുക. നമസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക-- ഇതാണ് എക്കാലത്തും സാധുവായ ദീന് ആയിരിക്കുക. ഇതില്‍നിന്ന് സ്വയം വെളിപ്പെടുന്ന ആശയമിതാണ്: വേദവിശ്വാസികള്‍ അവരുടെ യഥാര്‍ഥ ദീന് ഉപേക്ഷിച്ച് സ്വന്തം മതങ്ങളില്‍ കൂട്ടിച്ചേര്ത്തിട്ടുള്ളതെല്ലാം മിഥ്യയാകുന്നു. ഇപ്പോള്‍ ആഗതനായിട്ടുള്ള ഈ ദൈവദൂതന് അവരുടെ സാക്ഷാല്‍ ദീനിലേക്ക് മടങ്ങാനാണ് അവരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഒടുവില്‍ സുസ്പഷ്ടമായി ഉപദേശിക്കുകയാണ്: ഈ ദൈവദൂതനെ നിഷേധിക്കുന്ന വേദവിശ്വാസികളും ബഹുദൈവാരാധകരും പരമനികൃഷ്ട സൃഷ്ടികളായിത്തീരും. ശാശ്വത നരകമാണവര്‍ക്കുള്ള ശിക്ഷ. സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മപാത സ്വീകരിക്കുകയും ഭൗതികലോകത്ത് ദൈവഭക്തരായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ അത്യുല്‍കൃഷ്ട സൃഷ്ടികളും ആയിത്തീരും. എന്നെന്നും സ്വര്‍ഗത്തില്‍ വസിപ്പിക്കപ്പെടുക എന്നതാണവര്ക്കുള്ള സമ്മാനം. അല്ലാഹു അവരില്‍ സംപ്രീതനാകുന്നു. അവര്‍ അല്ലാഹുവിലും സംതൃപ്തരാകുന്നു.
Source: www.thafheem.net