VERSES
15
PAGES
595-595

നാമം

പ്രഥമ പദമായ الشَّمْس തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.


അവതരണകാലം

ഈ സൂറയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യ നാളുകളിലവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാക്കാം. മക്കയില്‍ നബി(സ)ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞ അവസ്ഥയിലാണിതവതരിച്ചത്.


ഉള്ളടക്കം

നന്‍മയും തിന്‍മയും തമ്മിലുള്ള അന്തരം ബോധ്യപ്പെടുത്തുകയും ഈ അന്തരം ഗ്രഹിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ദുര്‍മാര്‍ഗത്തില്‍ ശഠിച്ചുനില്‍ക്കുന്നതിന്റെ ദുഷ്ഫലത്തെക്കുറിച്ച് താക്കീതു ചെയ്യുകയുമാണ് ഈ സൂറ. ഉള്ളടക്കം പരിഗണിക്കുമ്പോള്‍ ഈ സൂറക്ക് രണ്ടു ഖണ്ഡങ്ങളുണ്ട്. ഒന്നാം സൂക്തം മുതല്‍ പത്താം സൂക്തം വരെയാണ് ഒന്നാം ഖണ്ഡം. പതിനൊന്നാം സൂക്തം മുതല്‍ രണ്ടാം ഖണ്ഡം തുടങ്ങുന്നു. മൂന്നു കാര്യങ്ങളാണ് പ്രഥമ ഖണ്ഡത്തില്‍ പറയുന്നത്. ഒന്ന്: സൂര്യചന്ദ്രന്‍മാരും ദിനരാത്രങ്ങളും ആകാശ ഭൂമികളും എവ്വിധം പരസ്പരഭിന്നവും അനന്തരഫലങ്ങളില്‍ വിരുദ്ധവുമായിരിക്കുന്നുവോ അവ്വിധം നന്‍മ-തിന്‍മകളും അവയുടെ ഫലങ്ങളും പരസ്പര ഭിന്നവും വിരുദ്ധവുമാകുന്നു. അവ രണ്ടും രൂപത്തില്‍ ഒരുപോലെയല്ല. അവയുടെ ഫലങ്ങളും ഒരുപോലെയാവില്ല. രണ്ട്: അല്ലാഹു ദേഹിയും ദേഹവും ചിന്താശക്തിയുമൊക്കെ നല്‍കി മനുഷ്യനെ തികച്ചും പ്രജ്ഞാശൂന്യനായി വിട്ടയച്ചിരിക്കുകയല്ല. നൈസര്‍ഗിക വെളിപാടിലൂടെ അവന്റെ ഉപബോധമനസ്സില്‍ നന്‍മ-തിന്മാ വിവേചനത്തിന്റെയും നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസത്തിന്റെയും അനുഭൂതിയും നിക്ഷേപിച്ചിട്ടുണ്ട്. നന്മ നല്ലതാണെന്നും തിന്മ ചീത്തയാണെന്നും പ്രകൃത്യാ അവന്നറിയാം. മൂന്ന്: മനുഷ്യന്റെ ഭാഗധേയം, അല്ലാഹു അവനില്‍ നിക്ഷേപിച്ചിട്ടുള്ള വിവേചനശക്തിയും ഇച്ഛാശക്തിയും തീരുമാനശക്തിയും ഉപയോഗിച്ച് അവന്‍ സ്വമനസ്സിന്റെ നന്‍മ-തിന്മാ പ്രവണതകളില്‍ ഏതു പ്രവണതയെ വളര്‍ത്തുന്നു, ഏതു പ്രവണതയെ തളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സല്‍പ്രവണതകളെ വളര്‍ത്തുകയും ദുഷ്പ്രവണതകളെ തളര്‍ത്തുകയും ചെയ്യുന്നവന്‍ ജീവിത വിജയം കൈവരിക്കുന്നു. സല്‍പ്രവണതകളെ അടിച്ചമര്‍ത്തി ദുഷ്പ്രവണതകളെ വളര്‍ത്തുന്നവന്റെ ജീവിതം പരാജയമടയുന്നു. രണ്ടാം ഖണ്ഡത്തില്‍ സമൂദ് വര്‍ഗത്തിന്റെ ചരിത്രം ചൂണ്ടിക്കാണിച്ച് പ്രവാചകസന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുകയാണ്. മനുഷ്യനില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള നൈസര്‍ഗിക വെളിപാടുകള്‍ മാത്രം മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിന് മതിയാവില്ല. അത് പൂര്‍ണമായി ഗ്രഹിക്കാത്തതു നിമിത്തമാണ് മനുഷ്യന്‍ നന്‍മ-തിന്‍മകള്‍ സംബന്ധിച്ച് തെറ്റായ തത്ത്വശാസ്ത്രങ്ങളും മാനദണ്ഡങ്ങളും ആവിഷ്‌കരിച്ച് വഴിതെറ്റിപ്പോകുന്നത്. അതിനാല്‍, അവന്റെ നൈസര്‍ഗിക വെളിപാടിനെ സഹായിക്കാന്‍ വേണ്ടി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചിരിക്കുന്നു. അല്ലാഹു അവര്‍ക്ക് സുവ്യക്തമായ ദിവ്യബോധനങ്ങള്‍ നല്‍കിയിരിക്കുന്നു, അതിന്റെ സഹായത്താല്‍ അവര്‍ നന്‍മയെന്തെന്നും തിന്‍മയെന്തെന്നും സമൂഹത്തിന് സ്പഷ്ടമായി പറഞ്ഞുകൊടുക്കാന്‍. അത്തരം പ്രവാചകന്‍മാരില്‍ ഒരാളായിരുന്നു ഹ. സ്വാലിഹ് (അ). ഥമൂദ് വര്‍ഗത്തെ മാര്‍ഗദര്‍ശനം ചെയ്യാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. പക്ഷേ, അവര്‍ സ്വന്തം ദൗഷ്ട്യങ്ങളില്‍ ആണ്ടുപോയി കടുത്ത ധിക്കാരികളായി വര്‍ത്തിച്ചു. അവരെ മാര്‍ഗദര്‍ശനം ചെയ്യാനെത്തിയ പ്രവാചകനെ തള്ളിക്കളഞ്ഞു. അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹം ഒരു ഒട്ടകത്തിന്റെ രൂപത്തില്‍ ദിവ്യദൃഷ്ടാന്തം അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വ്യക്തമായ താക്കീതുണ്ടായിട്ടും അവരിലെ ഒരു തെമ്മാടി, മുഴുവന്‍ നാട്ടുകാരുടെയും ആഗ്രഹവും ആവശ്യവുമനുസരിച്ച് ആ ഒട്ടകത്തെ കൊന്നുകളഞ്ഞു. ആ സമൂഹത്തിന്റെ സമ്പൂര്‍ണമായ ഉന്‍മൂലനമായിരുന്നു അതിന്റെ ഫലം. ഈ ചരിത്രം അവതരിപ്പിച്ചുകൊണ്ട്, നിങ്ങള്‍ ഖുറൈശികളും സ്വന്തം പ്രവാചകനായ മുഹമ്മദി(സ)നെ തള്ളിക്കളയുകയാണെങ്കില്‍ ഥമൂദ് ജനതക്കുണ്ടായ അതേ ദുരന്തം നേരിടേണ്ടിവരുമെന്ന് ഈ സൂറയില്‍ എവിടെയും പ്രസ്താവിക്കുന്നില്ല. എന്നാല്‍, മക്കയില്‍ അന്നുണ്ടായിരുന്നത് സ്വാലിഹി(അ)നെതിരെ ഥമൂദ് വര്‍ഗത്തിലെ ദുഷ്ടന്‍മാര്‍ സൃഷ്ടിച്ച അതേ സ്ഥിതിവിശേഷംതന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ ഈ കഥ കേള്‍പ്പിക്കുന്നതുതന്നെ ഥമൂദിന്റെ ചരിത്രം തങ്ങളുടെ നിലപാടിനോട് എന്തുമാത്രം യോജിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ധാരാളമായിരുന്നു.

Source: www.thafheem.net