VERSES
31
PAGES
578-580

നാമം

ഈ സൂറക്ക് അദ്ദഹ്ര്‍ എന്നും അല്‍ഇന്‍സാന്‍ എന്നും പേരുണ്ട്. രണ്ട് പേരും هَلْ أَتَىٰ عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ എന്ന പ്രഥമ സൂക്തത്തില്‍നിന്നുള്ള പദങ്ങളാണ്.


അവതരണകാലം

ഈ സൂറ മക്കയില്‍ അവതരിച്ചു എന്നാണ് അധിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കരുതുന്നത്. അല്ലാമാ സമഖ്ശരിN1040, ഇമാം റാസിN1533, ഖാദി ബൈദാവിN1541, അല്ലാമാ നിസാമുദ്ദീന്‍ നൈസാപൂരിN1535, ഹാഫിള് ഇബ്‌നു കസീര്‍N1435 തുടങ്ങിയ വളരെപ്പേര്‍ ഇത് മക്കയിലവതരിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്ന് അല്ലാമാ ആലൂസിN1365 പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, ഈ സൂറ മുഴുക്കെ മദീനയിലവതരിച്ചതാണെന്ന് പ്രസ്താവിച്ച ചില വ്യാഖ്യാതാക്കളുമുണ്ട്. വേറെചിലര്‍ പറയുന്നത് സൂറ മക്കി തന്നെയാണെങ്കിലും ഇതിലെ 8 മുതല്‍ 10 വരെ സൂക്തങ്ങള്‍ മദീനയിലവതരിച്ചതാണെന്നത്രേ. ഉള്ളടക്കവും പ്രതിപാദനശൈലിയും പരിഗണിക്കുമ്പോള്‍ ഈ സൂറ മദനീസൂറയില്‍നിന്ന് വളരെ വിഭിന്നമാണെന്നു മാത്രമല്ല, ആഴത്തില്‍ പരിശോധിച്ചുനോക്കിയാല്‍ മക്കയില്‍ത്തന്നെ സൂറ അല്‍മുദ്ദസ്സിറിലെ ആദ്യത്തെ ഏഴു സൂക്തങ്ങള്‍ക്കുശേഷം അവതരിച്ചതാണെന്ന് വ്യക്തമാകും. ഇതിലെ 8 മുതല്‍ 10 വരെയുള്ള (وَيُطْعِمُون മുതല്‍ قَمْطَرِيرًا) സൂക്തങ്ങള്‍ ഒരാള്‍ അവയുടെ സന്ദര്‍ഭ പശ്ചാത്തലങ്ങളില്‍ വെച്ചു വായിക്കുകയാണെങ്കില്‍ അവ ആ പശ്ചാത്തലത്തിന് പതിനഞ്ചോ പതിനാറോ കൊല്ലങ്ങള്‍ക്കു മുമ്പ് അവതരിച്ചതാണെന്നു വിചാരിക്കാനാവില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവതരിച്ച മൂന്നു സൂക്തങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഘടിപ്പിച്ചിരിക്കുകയാണെന്നും ഒരിക്കലും തോന്നുകയില്ല. സൂറയുടെ മുഴുവന്‍ പ്രതിപാദന ശൈലിയോട് അവ അത്രമാത്രം ഒത്തിണങ്ങിയിട്ടുള്ളതായി കാണാം. ഈ സൂറ മുഴുവനായോ ഭാഗികമായോ മദനിയാണ് എന്ന വിചാരമുണ്ടാവാന്‍ കാരണം, ഇബ്‌നു അബ്ബാസിN1342ല്‍നിന്ന് അത്വാഅ്N27 ഉദ്ധരിച്ച ഒരു നിവേദനമാകുന്നു: ''ഒരിക്കല്‍ ഹ. ഹസന്നും (റ) ഹ. ഹുസൈന്നും (റ)N1233 ദീനം ബാധിച്ചു. റസൂല്‍ തിരുമേനിയും നിരവധി സ്വഹാബിമാരും അവരെ ആശ്വസിപ്പിക്കാന്‍ ആഗതരാവുകയുണ്ടായി. ചില സ്വഹാബികള്‍ ഹ. അലി(റ)N47യോട് നിര്‍ദേശിച്ചു: 'കുട്ടികളുടെ രോഗശമനാര്‍ഥം അല്ലാഹുവിന് എന്തെങ്കിലും നേര്‍ച്ച നേരുക.' അതനുസരിച്ച് അലിയും ഫാത്വിമN627യും അവരുടെ ഭൃത്യയായ ഫിദ്ദയും ഒരു നേര്‍ച്ച നേര്‍ന്നു. കുട്ടികള്‍ രണ്ടും സുഖപ്പെട്ടാല്‍ മൂന്നുപേരും അതിന് ശുക്ര്‍ ആയി മൂന്നു നാള്‍ വ്രതമനുഷ്ഠിക്കുമെന്നായിരുന്നു അത്. ദൈവാനുഗ്രഹത്താല്‍ കുട്ടികള്‍ സുഖം പ്രാപിച്ചു. മൂന്നുപേരും അവരുടെ നേര്‍ച്ച നിറവേറ്റാന്‍ തുടങ്ങുകയും ചെയ്തു. അലിയുടെ വീട്ടില്‍ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം ആരോടോ മൂന്ന് സ്വാഅ് യവം വായ്പ വാങ്ങി (ഒരു നിവേദനപ്രകാരം യവം അദ്ദേഹം തൊഴില്‍ചെയ്ത് വേതനമായി നേടിയതാണ്). ആദ്യദിവസം നോമ്പു തുറന്ന് ഭക്ഷണത്തിനിരുന്നപ്പോള്‍ ഒരഗതിയെത്തി ഭക്ഷണം ചോദിച്ചു. വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ അയാള്‍ക്കു കൊടുത്തു. അനന്തരം പച്ചവെള്ളം കുടിച്ച് ഉറങ്ങാന്‍ കിടന്നു. രണ്ടാം ദിവസം നോമ്പു തുറന്ന് ഭക്ഷണത്തിനിരുന്നപ്പോള്‍ അന്നം തേടിയെത്തിയത് ഒരു അനാഥനായിരുന്നു. അന്നും ഉള്ളതു മുഴുവന്‍ ദാനം ചെയ്ത് വീട്ടുകാര്‍ പച്ചവെള്ളം കുടിച്ചു കിടന്നുറങ്ങി. മൂന്നാം നാള്‍ നോമ്പു തുറന്ന് ഭക്ഷണത്തിനിരുന്നതും ഒരു ബന്ധിതന്‍ വന്ന് ഭക്ഷണം ചോദിച്ചു. അന്നും ഭക്ഷണം മുഴുവന്‍ ദാനം ചെയ്തു. നാലാം ദിവസം കുട്ടികളെയും കൂട്ടി അലി(റ) നബി(സ)യുടെ സന്നിധിയില്‍ ചെന്നു. മൂന്നുപേരും പട്ടിണികൊണ്ട് അവശരായതായി നബി(സ) കണ്ടു. അവിടുന്ന് അവരെയും കൂട്ടി ഫാത്വിമ(റ)യുടെ വീട്ടിലെത്തി. അവരവിടെ വിശന്നു തളര്‍ന്ന് ഒരു മൂലയില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു. അതുകണ്ട് തിരുമേനിയുടെ മനസ്സലിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ (അ) ആഗതനായി തിരുമേനിയോട് ഉണര്‍ത്തി: 'കേട്ടാലും, അങ്ങയുടെ കുടുംബത്തിന്റെ കാര്യത്തില്‍ അല്ലാഹു അങ്ങയെ ആശീര്‍വദിച്ചിരിക്കുന്നു.' തിരുമേനി ചോദിച്ചു: 'എന്താണത്?' അതിന് മറുപടിയായി ജിബ്‌രീല്‍ ഈ സൂറ മുഴുവന്‍ ഓതിക്കേള്‍പ്പിച്ചു.'' (... إنَّ الأَبْرَارَ മുതല്‍ അവസാനം വരെയുള്ള വാക്യങ്ങള്‍ കേള്‍പ്പിച്ചു എന്നാണ് ഇബ്‌നു മിഹ്‌റാന്റെ നിവേദനത്തിലുള്ളത്. എന്നാല്‍, ഇബ്‌നു മര്‍ദവൈഹിN1418 ഇബ്‌നു അബ്ബാസില്‍നിന്നുദ്ധരിച്ച നിവേദനത്തില്‍ ... وَيُطْعِمُونَ الطَّعَامَ എന്ന സൂക്തം ഹ. അലിയെയും ഫാത്വിമയെയും സംബന്ധിച്ചവതരിച്ചതാണെന്നു മാത്രമേ പറയുന്നുള്ളൂ. മേല്‍പ്പറഞ്ഞ കഥയെക്കുറിച്ച് അതില്‍ പരാമര്‍ശമൊന്നുമില്ല). ഈ കഥ മുഴുവന്‍ അലിയ്യുബ്‌നു അഹ്മദല്‍ വാഹിദിN937 തന്റെ തഫ്‌സീറുല്‍ ബസീത്വില്‍ ഉദ്ധരിച്ചിട്ടുണ്ട്. മിക്കവാറും അതില്‍നിന്നുതന്നെയായിരിക്കണം സമഖ്ശരിയും റാസിയും നൈസാപൂരിയും മറ്റും അത് ഉദ്ധരിച്ചത്. ഈ നിവേദനം അതിന്റെ പരമ്പര പരിഗണിക്കുമ്പോള്‍ അതീവ ദുര്‍ബലമാകുന്നു. ഉള്ളടക്കം വീക്ഷിക്കുമ്പോഴും വിചിത്രമായി തോന്നുന്നു. ഒരഗതിയും അനാഥനും ബന്ധിതനും ഓരോ ദിവസം വന്ന് ഭക്ഷണം ചോദിച്ചപ്പോഴേക്കും വീട്ടുകാര്‍ അന്ന് അയ്യഞ്ചുപേര്‍ക്കുള്ള ഭക്ഷണം മുഴുക്കെ അവര്‍ക്ക് ദാനം ചെയ്യുന്നതിന് യുക്തിസഹമായ എന്തു ന്യായമാണുള്ളത്? ഒരാളുടെ ഭക്ഷണം യാചകനു കൊടുത്ത് ബാക്കിയുള്ള നാലു പേരുടെ ഭക്ഷണം അഞ്ചു പേര്‍ പങ്കിട്ടു കഴിച്ചാല്‍ മതിയായിരുന്നുവല്ലോ. കൂടാതെ, രോഗം സുഖപ്പെട്ട് എഴുന്നേറ്റ രണ്ടു കുട്ടികളെ അവരുടെ ആ ക്ഷീണിതാവസ്ഥയില്‍ അലി(റ)യെയും ഫാത്വിമ(റ)യെയും പോലെ വിവേകവും തന്റേടവും ദീനീബോധവുമുള്ള മാതാപിതാക്കള്‍ മൂന്നുനാള്‍ തുടര്‍ച്ചയായി പട്ടിണിക്കിട്ടു എന്നതും വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാകുന്നു. അതിനു പുറമെ, ബന്ധനസ്ഥരെ പട്ടിണിക്കിട്ട് യാചിച്ചുനടക്കാന്‍ വിടുന്ന ഒരു രീതി ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ തടവുകാര്‍ക്ക് സര്‍ക്കാര്‍തന്നെ ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. വ്യക്തികളുടെ ചുമതലയിലുള്ള തടവുകാര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവിഭവങ്ങളും നല്‍കാന്‍ അതതു വ്യക്തികള്‍ ബാധ്യസ്ഥരായിരുന്നു. അതുകൊണ്ട് ഒരു ബന്ധനസ്ഥന്‍ അന്നത്തിനുവേണ്ടി തെണ്ടിനടക്കാനുള്ള സാധ്യത മദീനയില്‍ തീരെ ഉണ്ടായിരുന്നില്ല. യുക്തിപരവും പ്രമാണപരവുമായ ഈ ദൗര്‍ബല്യങ്ങളെയെല്ലാം അവഗണിച്ച് ഈ കഥ തികച്ചും സാധുവാണെന്നുതന്നെ വെച്ചാലും അതില്‍നിന്ന് നന്നെക്കവിഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയുക ഇത്രമാത്രമാകുന്നു: നബികുടുംബത്തില്‍നിന്ന് ഈ സല്‍ക്കര്‍മം ഉണ്ടായപ്പോള്‍ ജിബ്‌രീല്‍ വന്ന്, നബികുടുംബത്തിന്റെ ഈ കര്‍മം അല്ലാഹുവിങ്കല്‍ ഏറെ സ്വീകാര്യമായിരിക്കുന്നുവെന്ന സുവാര്‍ത്ത നല്‍കുകയുണ്ടായി. കാരണം, സൂറ അദ്ദഹ്‌റിലെ ഈ സൂക്തങ്ങളില്‍ പ്രശംസിക്കപ്പെട്ടിട്ടുള്ള മഹത്തായ സല്‍ക്കര്‍മമാണ് അവര്‍ ചെയ്തിട്ടുള്ളത്. അതില്‍നിന്ന് ഈ സൂക്തം അവതരിച്ചത് ആ സംഭവം മൂലമായിരിക്കണമെന്നു വരുന്നില്ല. അവതരണകാരണങ്ങളെസംബന്ധിച്ചുള്ള പല നിവേദനങ്ങളുടെയും സ്വഭാവം ഇതാണ്: ഒരു സൂക്തം ഇന്ന സംഭവത്തെക്കുറിച്ച് അവതരിച്ചതാണ് എന്നു പറഞ്ഞാല്‍, 'ആ സംഭവം ഉണ്ടായതും പ്രകൃതസൂക്തം അവതരിച്ചു' എന്ന് അതിനര്‍ഥമില്ല. സൂക്തം ആ സംഭവത്തോട് കൃത്യമായി യോജിക്കുന്നു എന്നേ അര്‍ഥമുള്ളൂ. ഇമാം സുയൂത്വിN1080 തന്റെ അല്‍ഇത്ഖാനിN1109ല്‍ ഹാഫിള് ഇബ്‌നു തൈമിയ്യN1536യെ ഉദ്ധരിക്കുന്നു: നിവേദകന്‍ ഈ സൂക്തം ഇന്ന സംഭവത്തെക്കുറിച്ച് അവതരിച്ചതാണെന്നു പ്രസ്താവിച്ചാല്‍ ചിലപ്പോള്‍ അതിനര്‍ഥം ആ സൂക്തത്തിന്റെ അവതരണകാലം ഈ സംഭവംതന്നെയാണ് എന്നായിരിക്കും. ചിലപ്പോള്‍ അതിനര്‍ഥം, ഈ സംഭവം ആ സൂക്തത്തിന്റെ വിധിയില്‍ ഉള്‍പ്പെടുന്നു--അവതരണകാലം അതല്ലെങ്കിലും-- എന്നായിരിക്കും. തുടര്‍ന്നദ്ദേഹം ഇമാം ബദ്‌റുദ്ദീന്‍ സര്‍കശിയെN1461 അദ്ദേഹത്തിന്റെ അല്‍ബുര്‍ഹാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍നിന്ന് ഉദ്ധരിക്കുന്നു: 'സ്വഹാബത്തിന്റെയും താബിഇകളുടെയുംN474 സമ്പ്രദായം ഇതായിരുന്നു: അവരിലൊരാള്‍ ഇന്ന സൂക്തം ഈ സംഭവത്തെക്കുറിച്ചവതരിച്ചതാണെന്നു പ്രസ്താവിച്ചാല്‍ അതിന്റെ താല്‍പര്യം ആ സൂക്തത്തിന്റെ വിധി പ്രസ്തുത സംഭവത്തിനിണങ്ങുന്നതാണ് എന്നായിരിക്കും. അല്ലാതെ, ആ സൂക്തത്തിന്റെ അവതരണകാരണം പ്രസ്തുത സംഭവമാണ് എന്നായിരിക്കണമെന്നില്ല. സൂക്തത്തിന്റെ വിധിയില്‍നിന്ന് തെളിവുകള്‍ ഗ്രഹിക്കുന്ന രീതിയാണത്; സംഭവ വിശദീകരണത്തിന്റെ രീതിയല്ല' (അല്‍ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍, വാ. 1, പേ. 31, 1929-ലെ പതിപ്പ്).


ഉള്ളടക്കം

ഭൂമിയില്‍ മനുഷ്യന്റെ യഥാര്‍ഥ അവസ്ഥയെന്ത്, തന്റെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കി മനുഷ്യന്‍ സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടതെങ്ങനെ, നന്ദി കാണിക്കുന്നതിന്റെ അനന്തരഫലമെന്തായിരിക്കും, നന്ദികേടാണ് കാട്ടുന്നതെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നൊക്കെ ഉണര്‍ത്തുകയും വിശദീകരിക്കുകയുമാണ് ഈ സൂറയില്‍ ചെയ്തിട്ടുള്ളത്. ഖുര്‍ആനിലെ വലിയ സൂറകളില്‍ ഈ വിഷയങ്ങള്‍ വളരെ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. പക്ഷേ, മക്കയില്‍ അവതരിച്ച പ്രാരംഭ സൂറകളുടെ സവിശേഷമായ അവതരണരീതി ഇങ്ങനെയായിരുന്നു: പിന്നീടുള്ള ഘട്ടത്തില്‍ വളരെ വിശദമായി ചര്‍ച്ചചെയ്ത കാര്യങ്ങള്‍തന്നെ ഈ ഘട്ടത്തില്‍ അതീവ സംക്ഷിപ്തമായും തുളഞ്ഞുകയറുന്ന രീതിയിലും ഉദ്‌ബോധിപ്പിക്കുക, അതിലുപയോഗിക്കപ്പെടുന്ന വാക്കുകള്‍ അങ്ങേയറ്റം ചടുലവും ശ്രവണ സുന്ദരവുമായിരുന്നു. കേള്‍ക്കുന്നവരുടെ നാവുകളില്‍ അവ സ്വയം തത്തിക്കളിക്കുന്നു. ഇതില്‍ ആദ്യമായി മനുഷ്യനെ ഇപ്രകാരം ഉണര്‍ത്തിയിരിക്കുന്നു. മനുഷ്യന്‍ യാതൊന്നും ആയിരുന്നിട്ടില്ലാത്ത ഒരു കാലം കടന്നുപോയിരിക്കുന്നു. പിന്നെ നിസ്സാരമായ ഒരു രേതസ്‌കണത്തില്‍നിന്ന് അവന്റെ സൃഷ്ടി തുടങ്ങി. സ്വന്തം മാതാവിനുപോലും അവന്റെ അസ്തിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആ സൂക്ഷ്മകണത്തെ നോക്കി, അത് ഭൂമിയിലെ ശ്രേഷ്ഠസൃഷ്ടിയായ മനുഷ്യനായിത്തീരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല. അനന്തരം മനുഷ്യനെ ഉണര്‍ത്തുന്നു: നിന്നെ നാം ഈ വിധമൊക്കെ സൃഷ്ടിച്ചുണ്ടാക്കിയിട്ടുള്ളത് ഇഹലോകത്തുവെച്ച് നിന്നെ പരീക്ഷിക്കാനുദ്ദേശിച്ചുകൊണ്ടാകുന്നു. അതുകൊണ്ട് ഇതര ജീവികളില്‍നിന്ന് ഭിന്നമായി നാം നിന്നെ ബുദ്ധിയും ബോധവുമുള്ളവനാക്കിയിരിക്കുന്നു. നിന്റെ മുമ്പില്‍ നന്ദിയുടെയും നന്ദികേടിന്റെയും രണ്ടു മാര്‍ഗം തുറന്നുവെച്ചിരിക്കുന്നു. നിനക്ക് നല്‍കപ്പെട്ട കര്‍മാവസരത്തിലെ പരീക്ഷയില്‍ നീ നന്ദിയുള്ളവനായി വര്‍ത്തിക്കുന്നുവോ; അതല്ല, നന്ദികെട്ടവനായിത്തീരുന്നുവോ എന്നു നോക്കിക്കൊണ്ടിരിക്കുകയാണ് നാം. അതിനുശേഷം ഒരു സൂക്തത്തില്‍, ഈ പരീക്ഷയില്‍ നന്ദികെട്ടവരെന്നു തെളിയുന്നവര്‍ പരലോകത്ത് അനുഭവിക്കേണ്ടിവരുന്ന ദുഷ്ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് അസന്ദിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നു. അനന്തരം 5 മുതല്‍ 22 വരെ സൂക്തങ്ങളില്‍, ഈ ലോകത്ത് ദൈവത്തോടുള്ള അടിമത്തത്തിന്റെ ബാധ്യതകള്‍ നിര്‍വഹിച്ച് അവന്റെ പ്രീതിക്ക് പാത്രമായിത്തീര്‍ന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും വിവരിച്ചിരിക്കുകയാണ്. ഈ സൂക്തങ്ങളില്‍ അവരുടെ വിശിഷ്ടമായ പ്രതിഫലങ്ങളെ മാത്രം പരാമര്‍ശിച്ചു മതിയാക്കിയിരിക്കുകയല്ല. അവര്‍ ആ പ്രതിഫലത്തിനര്‍ഹരായിത്തീര്‍ന്നത് ഏതെല്ലാം കര്‍മങ്ങള്‍ മൂലമാണെന്നും സംക്ഷിപ്തമായി പ്രസ്താവിച്ചിട്ടുണ്ട്. പ്രാരംഭ മക്കീ സൂറകളുടെ സവിശേഷതകളില്‍ പ്രകടമായ ഒന്ന് ഇതായിരുന്നു. അവ ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളും സങ്കല്‍പങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം ഇസ്‌ലാമിക വീക്ഷണത്തില്‍ മൂല്യവത്തായ ധാര്‍മിക സ്വഭാവങ്ങളും സല്‍ക്കര്‍മങ്ങളും വിശദീകരിക്കുകയും ചെയ്തു. ഇസ്‌ലാം ഏതെല്ലാം അധര്‍മങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും മനുഷ്യനെ മുക്തനാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവയെ വ്യക്തമായി ചൂണ്ടിക്കാണിച്ചു. ഇവ രണ്ടും വിവരിച്ചിട്ടുള്ളത് ഇഹലോകത്തെ ക്ഷണിക ജീവിതത്തില്‍ അവ ഉളവാക്കുന്ന നല്ലതോ ചീത്തയോ ആയ അനന്തരഫലങ്ങള്‍ പരിഗണിച്ചുകൊണ്ടല്ല. പിന്നെയോ, ഇഹലോകത്ത് അവയുടെ ഏതെങ്കിലും ചീത്തഗുണം പ്രയോജനകരമാകുമോ, അല്ലെങ്കില്‍ ഏതെങ്കിലും നല്ല ഗുണം ദോഷകരമാകുമോ എന്നത് ഗണിച്ചുകൊണ്ട് പരലോകത്തെ ശാശ്വതവും അനശ്വരവുമായ ജീവിതത്തില്‍ അവയുളവാക്കുന്ന സ്ഥിരമായ ഫലമെന്ത് എന്ന അടിസ്ഥാനത്തിലാണ് അവ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്-- ഇതാണ് പ്രഥമ റുകൂഇന്റെ ഉള്ളടക്കം. അതിനുശേഷം രണ്ടാം റുകൂഇല്‍ റസൂല്‍ തിരുമേനിയെ സംബോധന ചെയ്ത് മൂന്നു കാര്യങ്ങള്‍ അരുളിയിരിക്കുന്നു. ഒന്ന്: ഈ ഖുര്‍ആന്‍ കുറേശ്ശെ കുറേശ്ശെയായി താങ്കള്‍ക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് നാംതന്നെയാകുന്നു. പ്രവാചകനെയല്ല, അവിശ്വാസികളെ ഇപ്രകാരം ഉണര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം. ഈ ഖുര്‍ആന്‍ പ്രവാചകന്‍ സ്വയം കെട്ടിച്ചമക്കുന്നതല്ല. അദ്ദേഹത്തിന് അത് നാം ഇറക്കിക്കൊടുക്കുന്നതാണ്. അത് ഒറ്റയടിക്കല്ലാതെ ഇങ്ങനെ ഖണ്ഡശ്ശയായി അവതരിപ്പിച്ചുകൊടുക്കുക എന്നത് നമ്മുടെ ജ്ഞാനത്തിന്റെ താല്‍പര്യമാകുന്നു. രണ്ട്: തിരുമേനിയോടു പറയുന്നു: താങ്കളുടെ നാഥന്റെ തീരുമാനം എന്തുതന്നെയായാലും ശരി, അതിനിടയില്‍ എന്തെല്ലാം സാഹചര്യങ്ങള്‍ തരണം ചെയ്യേണ്ടിവന്നാലും ശരി, എല്ലാം ക്ഷമാപൂര്‍വം തരണംചെയ്ത് സ്വന്തം ദൗത്യത്തിന്റെ ചുമതലകള്‍ നിര്‍വഹിച്ച് മുന്നോട്ടുപോവുക. ദുര്‍വൃത്തരും സത്യവിരോധികളുമായ ആളുകളിലാരുടെയും സമ്മര്‍ദത്തിന് ഒട്ടും വഴങ്ങാതിരിക്കുക. മൂന്ന്: തിരുമേനിയോട് നിര്‍ദേശിക്കുന്നു: രാപ്പകല്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുക, നമസ്‌കരിക്കുക, നിശാവേളകള്‍ അല്ലാഹുവിനുള്ള ഇബാദത്തുകളില്‍ കഴിച്ചുകൂട്ടുക. എന്തുകൊണ്ടെന്നാല്‍, കുഫ്‌റിന്റെ അതിക്രമങ്ങള്‍ക്കെതിരെ സത്യവിശ്വാസികളുടെ പാദം ഉറപ്പിച്ചുനിര്‍ത്തുന്ന സംഗതി അതുതന്നെയാകുന്നു. അനന്തരം ഒരു വാക്യത്തില്‍ സത്യനിഷേധികളുടെ അപഥസഞ്ചാരത്തിന്റെ യഥാര്‍ഥ കാരണം ഇപ്രകാരം ചൂണ്ടിക്കാണിച്ചിരിക്കുന്നു: അവര്‍ പരലോകം മറന്ന് ഇഹലോകത്തിന്റെ വര്‍ണപ്പകിട്ടില്‍ ഭ്രമിച്ചുപോയിരിക്കുന്നു. മറ്റൊരു വാക്യത്തില്‍ അവരെ ഉണര്‍ത്തുന്നു: നിങ്ങള്‍ സ്വയം ഉണ്ടായിത്തീര്‍ന്നതല്ല; നാം നിങ്ങളെ ഉണ്ടാക്കിയതാണ്. ഈ വിരിഞ്ഞ മാറുകളും ബലിഷ്ഠമായ കരചരണങ്ങളും നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സ്വയം നിര്‍മിച്ചതല്ല; അവയുടെയും നിര്‍മാതാവ് നാംതന്നെയാണ്. നിങ്ങളോട് എന്തു ചെയ്യാനുദ്ദേശിക്കുന്നുവോ അത് ചെയ്യാന്‍ സാധിക്കുകയെന്നത് എപ്പോഴും നമ്മുടെ അപരിമേയമായ കഴിവില്‍പ്പെട്ടതാകുന്നു. വേണമെങ്കില്‍ നിങ്ങളുടെ ആകാരം താറുമാറാക്കാന്‍ നമുക്കൊരു പ്രയാസവുമില്ല. നിങ്ങളെ ഉന്മൂലനംചെയ്ത് പകരം മറ്റൊരു ജനത്തെ നിങ്ങളുടെ സ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടുവരാനുമില്ല നമുക്ക് പ്രയാസം. നിങ്ങളെ മരിപ്പിച്ച് നമുക്കിഷ്ടമുള്ള കോലത്തില്‍ പുനരുജ്ജീവിപ്പിക്കാനും നമുക്കു കഴിയും. ഒടുവില്‍ പ്രഭാഷണം ഇങ്ങനെ അവസാനിപ്പിക്കുന്നു: ഇത് ഒരു സദുപദേശ വചനമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് അത് വിശ്വസിച്ച് തങ്ങളുടെ നാഥനിലേക്കുള്ള വഴി കൈക്കൊള്ളാം. എന്നാല്‍, ഇഹലോകത്ത് മനുഷ്യന്റെ ഇച്ഛകൊണ്ടു മാത്രം എല്ലാം ആകുന്നില്ല. അല്ലാഹു കൂടി ഇച്ഛിക്കാതെ ആരുടെയും ഇച്ഛ സഫലമാകാന്‍ പോകുന്നില്ല. അല്ലാഹുവിന്റെ ഇച്ഛയാകട്ടെ, അന്ധമല്ലതാനും. അവന്‍ എന്തിച്ഛിക്കുന്നതും തന്റെ ജ്ഞാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്. ഈ ഇച്ഛയുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ ഒരുവന്‍ തന്റെ കാരുണ്യത്തിനര്‍ഹനാണെന്നു കണ്ടാല്‍ അയാളെ അവന്‍ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. അക്രമിയെന്നു കാണുന്നവരോ, അവര്‍ക്കുവേണ്ടി അവന്‍ വേദനയേറിയ ശിക്ഷകള്‍ ഏര്‍പ്പാടാക്കിവെച്ചിട്ടുണ്ട്.

Source: www.thafheem.net