VERSES
20
PAGES
574-575

നാമം

ഒന്നാം സൂക്തത്തിലെ المُزَّمِّل എന്ന പദമാണ് ഈ അധ്യായത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത് സൂറയുടെ പേരു മാത്രമാണ്; ഉള്ളടക്കത്തിന്റെ ശീര്‍ഷകമല്ല.


അവതരണകാലം

സൂറയുടെ രണ്ടു റുകൂഉകള്‍ വ്യത്യസ്തമായ രണ്ടു കാലത്ത് അവതരിച്ചതാണ്. ഒന്നാമത്തെ റുകൂഅ് മക്കയിലാണവതരിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ ഉളളടക്കവും ഹദീസ് നിവേദനങ്ങളും അക്കാര്യം വ്യക്തമാക്കുന്നുണ്ട്. എങ്കിലും പ്രവാചകന്റെ മക്കാജീവിതത്തിന്റെ ഏതു കാലഘട്ടത്തിലാണിതവതരിച്ചത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. നിവേദനങ്ങളില്‍ നിന്ന് അതിനുത്തരം ലഭിക്കുന്നില്ല. പക്ഷേ, ഉള്ളടക്കം നല്‍കുന്ന ആന്തരിക സാക്ഷ്യം അതിന്റെ അവതരണകാലം നിര്‍ണയിക്കുന്നതിന് വളരെ സഹായകമാകുന്നു. ഒന്നാമതായി, അതില്‍ നബി(സ)യോട്, അദ്ദേഹം നിശാകാലങ്ങളില്‍ എഴുന്നേറ്റ് ഇബാദത്തുകളില്‍ ഏര്‍പ്പെടാനും അതുവഴി പ്രവാചകത്വമാകുന്ന മഹാഭാരം ഏറ്റെടുത്ത് അതിന്റെ ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിറവേറ്റാന്‍ പര്യാപ്തമായ മനശ്ശക്തിയാര്‍ജിക്കാനും നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശം തിരുമേനിയുടെ പ്രവാചകത്വലബ്ധിയുടെ ആദ്യദശയില്‍ത്തന്നെ അവതരിച്ചിരിക്കണമെന്ന് വ്യക്തമാണല്ലോ. അന്നായിരിക്കുമല്ലോ അല്ലാഹു അദ്ദേഹത്തിന് പ്രവാചകത്വ പദവിക്കു യോഗ്യമായ ശിക്ഷണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുക. രണ്ടാമതായി, തഹജ്ജുദ് നമസ്‌കാരത്തില്‍ രാത്രിയുടെ പകുതിയോ അതിലല്‍പം കുറച്ചോ സമയം ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നും ഇതില്‍ കല്‍പിച്ചിട്ടുണ്ട്. നന്നേ ചുരുങ്ങിയത് അത്രയും ദീര്‍ഘിച്ച നേരം പാരായണം ചെയ്യാവുന്നത്രയെങ്കിലും ഖുര്‍ആന്‍ അന്ന് അവതരിച്ചുകഴിഞ്ഞിരുന്നു എന്നാണ് ഇതില്‍നിന്നു മനസ്സിലാവുന്നത്. മൂന്നാമതായി, എതിര്‍പ്പുകാരുടെ അക്രമങ്ങള്‍ ക്ഷമിക്കാന്‍ ഇതില്‍ നബി(സ)യോട് ഉപദേശിക്കുന്നു. അതോടൊപ്പം മക്കയിലെ നിഷേധികളെ ദൈവിക ശിക്ഷയെക്കുറിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ സൂക്തങ്ങള്‍ അവതരിച്ചത് നബി(സ) പരസ്യപ്രബോധനം തുടങ്ങുകയും മക്കയില്‍ അതിനു നേരെയുള്ള എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. രണ്ടാം റുകൂഇനെ സംബന്ധിച്ചിടത്തോളം നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രകടിപ്പിച്ചിട്ടുള്ള വീക്ഷണം അതും മക്കയില്‍ അവതരിച്ചതാണെന്നാണ്. എന്നാല്‍, ചിലര്‍ അത് മദീനയില്‍ അവതരിച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. റുകൂഇന്റെ ഉള്ളടക്കം ബലപ്പെടുത്തുന്നത് ഈ വീക്ഷണത്തെയാണ്. കാരണം, അതില്‍ ദൈവസരണിയിലെ യുദ്ധം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അത് മക്കയില്‍ അവതരിക്കുന്ന പ്രശ്‌നമില്ല എന്നു വ്യക്തമാണല്ലോ. നിര്‍ബന്ധ സകാത്ത് നല്‍കാനുള്ള വിധിയുണ്ടിതില്‍. സവിശേഷ തോതും വിഹിതവുമൊക്കെ നിര്‍ണയിച്ചുകൊണ്ട് സകാത്ത് നിര്‍ബന്ധമായത് മദീനാ കാലഘട്ടത്തിലാണെന്നത് സ്ഥിരപ്പെട്ട വസ്തുതയാണ്.


ഉള്ളടക്കം

ആദ്യത്തെ ഏഴു സൂക്തങ്ങളിലായി നബി(സ)യോട് കല്‍പിച്ചിരിക്കുന്നു: താങ്കളുടെ ചുമലില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള മഹത്തായ ഉത്തരവാദിത്വഭാരം ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്നതിനു വേണ്ടി സ്വയം തയ്യാറാവുക. നിശാകാലത്ത് എഴുന്നേറ്റ് രാത്രിയുടെ പകുതിയോ അതിലല്‍പം കൂടുതലോ കുറച്ചോ നമസ്‌കാരത്തില്‍ ഏര്‍പ്പെടുകയാണ് ആ സ്വയം സജ്ജനാകലിന്റെ പ്രായോഗികരൂപം എന്ന് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. 7 മുതല്‍ 14 വരെ സൂക്തങ്ങളില്‍ പ്രവാചകനോട് ഉപദേശിക്കുന്നു: മറ്റെല്ലാറ്റില്‍നിന്നും വിരമിച്ച് അല്ലാഹുവിലേക്കു മാത്രം ഉന്മുഖനാവുക. അവനാണ് പ്രപഞ്ചത്തിനുടയവന്‍. താങ്കളുടെ സകല സംഗതികളും അവനില്‍ സമര്‍പ്പിച്ച് ശാന്തിനേടുക. എതിരാളികള്‍ താങ്കള്‍ക്കെതിരെ നടത്തുന്ന ചെയ്തികളൊക്കെയും ക്ഷമിക്കണം. അവര്‍ക്ക് മുഖംകൊടുക്കേണ്ട. അവരുടെ കാര്യം ദൈവത്തിനു വിടുക. അവന്‍ അവരോട് പകരം ചോദിച്ചുകൊള്ളും. അനന്തരം 15 മുതല്‍ 19 വരെ സൂക്തങ്ങളിലായി, പ്രവാചകനോട് വിരോധം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരെ ഇപ്രകാരം താക്കീതുചെയ്തിരിക്കുന്നു: നാം ഫറവോന്റെ അടുക്കലേക്ക് പ്രവാചകനെ അയച്ചതുപോലെ നിങ്ങളുടെ അടുക്കലേക്കും ഒരു പ്രവാചകനെ അയച്ചിരിക്കുകയാണ്. ഫറവോന്‍ ദൈവദൂതന്റെ സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ചതുമൂലം എന്തു പര്യവസാനമാണ് നേരിടേണ്ടിവന്നതെന്ന് നോക്കിക്കൊള്ളുക. ഇനി ഈ ലോകത്ത് നിങ്ങളെ ദൈവശിക്ഷ ബാധിച്ചില്ല എന്നുതന്നെ കരുതുക, എന്നാല്‍ത്തന്നെ വിചാരണനാളില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് സത്യനിഷേധത്തിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനാവുക? ഇതാണ് പ്രഥമ റുകൂഇന്റെ ഉള്ളടക്കം. രണ്ടാമത്തെ റുകൂഅ് ഹ. സഈദുബ്‌നു ജുബൈറിN1484ന്റെ നിവേദനപ്രകാരം ഇതിനുശേഷം പത്തു വര്‍ഷം കഴിഞ്ഞാണവതരിച്ചത്. അതില്‍ തഹജ്ജുദ് നമസ്‌കാരം സംബന്ധിച്ച് ഒന്നാം റുകൂഇന്റെ ആരംഭത്തില്‍ നല്‍കിയ പ്രഥമ വിധിയെ ലഘൂകരിച്ചിട്ടുണ്ട്. ഇവിടെ നല്‍കുന്ന വിധി ഇപ്രകാരമാണ്: തഹജ്ജുദ് നമസ്‌കാരം നിങ്ങള്‍ക്ക് അനായാസമായി നിര്‍വഹിക്കാന്‍ കഴിയുക എത്രയാണോ അത്രയും നിര്‍വഹിക്കുക. എന്നാല്‍, മുസ്‌ലിം അടിസ്ഥാനപരമായി ജാഗ്രത പാലിക്കേണ്ടത് അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നതിലും കൃത്യമായി സകാത്തു കൊടുക്കുന്നതിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിഷ്‌കളങ്കമായ സദുദ്ദേശ്യത്തോടെ ധനവ്യയം ചെയ്യുന്നതിലുമാകുന്നു. അവസാനമായി മുസ്‌ലിംകളെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: ഈ ലോകത്ത് നിങ്ങള്‍ ചെയ്യുന്ന ഒരു സല്‍ക്കര്‍മവും പാഴായിപ്പോവുകയില്ല. പ്രത്യുത, ഒരു യാത്രക്കാരന്‍ താന്‍ സ്ഥിരവാസമുദ്ദേശിക്കുന്ന ദേശത്തേക്ക് നേരത്തേ അയച്ച സാധനസാമഗ്രികള്‍ പോലെയാണത്. നിങ്ങള്‍ ഈ ലോകത്തുനിന്ന് മുന്‍കൂട്ടി അയച്ചിട്ടുള്ളതെല്ലാം അല്ലാഹുവിന്റെ സന്നിധിയിലെത്തുമ്പോള്‍ നിങ്ങള്‍ക്കുതന്നെ ലഭിക്കും. നേരത്തേ അയച്ച ആ ചരക്കുകളാവട്ടെ, നിങ്ങള്‍ ഈ ലോകത്ത് ഉപേക്ഷിച്ചുപോയ വിഭവങ്ങളെക്കാള്‍ എത്രയോ വിശിഷ്ടമായിരിക്കും. എന്നല്ല, നിങ്ങള്‍ അയച്ചിട്ടുള്ള മൂലധനത്തെക്കാള്‍ വളരെ വര്‍ധിച്ച പ്രതിഫലവും അല്ലാഹുവിങ്കല്‍നിന്ന് നിങ്ങള്‍ക്കു ലഭിക്കുന്നതാണ്

Source: www.thafheem.net