VERSES
44
PAGES
568-570

നാമം

മൂന്നാം സൂക്തത്തിലെ ذِى الْمَعَارِج എന്ന വാക്കില്‍നിന്നുള്ളതാണീ നാമം.


അവതരണ കാലം

ഏറക്കുറെ സൂറ അല്‍ഹാഖ അവതീര്‍ണമായ പരിതഃസ്ഥിതിയില്‍തന്നെയാണ് ഈ സൂറയും അവതരിച്ചതെന്ന് ഇതിന്റെ ഉള്ളടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്.


ഉള്ളടക്കം

ഉയിര്‍ത്തെഴുന്നേല്‍പ്, പരലോകം, രക്ഷാശിക്ഷകള്‍ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളെ പരിഹസിക്കുകയും 'താന്‍ സത്യവാനെങ്കില്‍, ഞങ്ങളിതാ തന്നെ തള്ളിപ്പറഞ്ഞുകഴിഞ്ഞതുകൊണ്ട് താന്‍ ഭീഷണിപ്പെടുത്തുന്ന ആ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു, ഇനി താന്‍ വീമ്പിളക്കുന്ന ആ ഉയിര്‍ത്തെഴുന്നേല്‍പ് ഒന്നിങ്ങു കൊണ്ടുവന്നാട്ടെ' എന്ന് റസൂല്‍ തിരുമേനിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്ന അവിശ്വാസികള്‍ക്ക് താക്കീതും സദുപദേശവുമുണ്ട് ഇതില്‍. മേല്‍പറഞ്ഞ വെല്ലുവിളിക്കുള്ള മറുപടിയാണ് സൂറ മുഴുവന്‍. തുടക്കത്തില്‍ അരുള്‍ചെയ്യുന്നു: അര്‍ഥിക്കുന്നവര്‍ ശിക്ഷക്കുവേണ്ടിയാണ് അര്‍ഥിക്കുന്നത്. ആ ശിക്ഷയെ നിഷേധിക്കുന്നവരെ തീര്‍ച്ചയായും അത് പിടികൂടുകതന്നെ ചെയ്യും. അല്ലാഹുവിന് സമയമുണ്ട്. അവങ്കല്‍ അന്യായമില്ല. അതുകൊണ്ട് അവരുടെ പരിഹാസം സഹിക്കുക. അവര്‍ക്കത് അതിവിദൂരമായിത്തോന്നുന്നു; നാമോ അത് തൊട്ടടുത്ത് കണ്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന്, അവര്‍ ചിരിച്ചു കളിച്ച് തിരക്കുകൂട്ടി ചോദിച്ചുകൊണ്ടിരിക്കുന്ന ആ അന്ത്യനാള്‍ എന്തുമാത്രം ബീഭത്സമായിരിക്കുമെന്നും അത് സംഭവിക്കുമ്പോള്‍ ഈ പാപികളുടെ അവസ്ഥയെന്തായിരിക്കുമെന്നും വിവരിക്കുകയാണ്: അന്നേരം എങ്ങനെയെങ്കിലും ആ ശിക്ഷയില്‍നിന്നൊന്നു രക്ഷപ്പെട്ടുകിട്ടാന്‍ അവര്‍ സ്വന്തം ഭാര്യയെയും മക്കളെയും മറ്റ് ഉറ്റവരെയുമെല്ലാം തെണ്ടംകൊടുക്കാന്‍ തയ്യാറാകുന്നതാണ്. പക്ഷേ, ഒരുനിലക്കും അവര്‍ക്ക് രക്ഷപ്പെടാനൊക്കുകയില്ല. അനന്തരം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു: അന്ത്യനാളില്‍ മനുഷ്യരുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് അവന്റെ വിശ്വാസങ്ങളെയും കര്‍മങ്ങളെയും മാത്രം ആധാരമാക്കിയിട്ടായിരിക്കും. സത്യത്തെ തള്ളിക്കളഞ്ഞ് സ്വത്തുക്കള്‍ സമ്പാദിച്ചുകൂട്ടുകയും കെട്ടിപ്പൂട്ടി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ നരകാര്‍ഹരാകുന്നു. ഈ ലോകത്ത് ദൈവശിക്ഷയെ ഭയപ്പെടുകയും പരലോകത്തെ അംഗീകരിക്കുകയും നമസ്‌കാരമനുഷ്ഠിക്കുകയും സമ്പത്തുകൊണ്ട്, അവശതയനുഭവിക്കുന്ന ദൈവദാസന്മാരോടുള്ള ബാധ്യത നിര്‍വഹിക്കുകയും ദുര്‍വൃത്തികളില്‍നിന്നു മുക്തരായി വര്‍ത്തിക്കുകയും ഉത്തരവാദിത്വങ്ങളില്‍ വഞ്ചന കാണിക്കാതിരിക്കുകയും ഉടമ്പടികളും കരാറുകളും വാഗ്ദാനങ്ങളും തീരുമാനങ്ങളും യഥാവിധി പൂര്‍ത്തീകരിക്കുകയും സാക്ഷിമൊഴികളില്‍ സത്യസന്ധത പാലിക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗത്തില്‍ യശസ്സാര്‍ന്ന സ്ഥാനം ലഭിക്കും. അവസാനമായി, പ്രവാചകനെ കാണുമ്പോള്‍ അദ്ദേഹത്തെ അപഹസിക്കുന്നതിനായി നാലു ഭാഗത്തുനിന്നും ഓടിക്കൂടാറുണ്ടായിരുന്ന മക്കയിലെ അവിശ്വാസികളെ താക്കീതുചെയ്യുന്നു: 'നിങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെങ്കില്‍, അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനത്തെ കൊണ്ടുവരും.' പ്രവാചകനെ ഉപദേശിക്കുന്നു: ഇവരുടെ ശകാരവും പരിഹാസവുമൊന്നും അശേഷം സാരമാക്കേണ്ട. അന്ത്യനാളിലെ നിന്ദ്യതയും പീഡനവും അനുഭവിച്ചേ അടങ്ങൂ എന്ന വാശിയാണവര്‍ക്കെങ്കില്‍, അവര്‍ അവരുടെ അവിവേകവൃത്തികളില്‍ വിഹരിച്ചുകൊള്ളട്ടെ. അവരുടെ ദുഷ്പരിണതി അവര്‍തന്നെ കണ്ടോളും

Source: www.thafheem.net