VERSES
206
PAGES
151-176

നാമം

ഈ അധ്യായത്തിലെ 46-48 സൂക്തങ്ങളില്‍ അഅ്‌റാഫിനെയും അഅ്‌റാഫുകാരെയും സംബന്ധിച്ച പ്രതിപാദനമുള്ളതുകൊണ്ടാണ് ഇതിന് ഈ നാമം സിദ്ധിച്ചത്. അഅ്‌റാഫിന്റെ പ്രതിപാദനമുള്‍ക്കൊള്ളുന്ന അധ്യായമെന്ന് വിവക്ഷ.


അവതരണകാലം

ഉള്ളടക്കത്തെപ്പറ്റി പരിചിന്തനം ചെയ്യുമ്പോള്‍ ഏതാണ്ട് സൂറ 'അല്‍അന്‍ആമി'ന്റെ അവതരണകാലത്താണ് ഇതും അവതരിച്ചതെന്നു വ്യക്തമായി മനസ്സിലാക്കാം. ആദ്യം അവതരിച്ചത് അതോ, ഇതോ എന്ന് ഉറപ്പിച്ചുപറയാന്‍ പ്രയാസം. പക്ഷേ, ആ ഘട്ടത്തോട് ബന്ധപ്പെട്ടതാണ് ഈ അധ്യായവുമെന്ന് ഇതിന്റെ പ്രഭാഷണശൈലിയില്‍നിന്ന് നല്ലപോലെ വ്യക്തമാകുന്നുണ്ട്. അതിനാല്‍, ഈ സൂറത്തിന്റെ ചരിത്ര പശ്ചാത്തലം ഗ്രഹിക്കാന്‍ സൂറ അല്‍അന്‍ആമിന്റെ ആമുഖക്കുറിപ്പ് വായിച്ചാല്‍ മതിയാകും.


ഉള്ളടക്കം

പ്രവാചകത്വ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഈ സൂറത്തിലെ സുപ്രധാനമായ ഉള്ളടക്കം. ദൈവത്താല്‍ നിയുക്തനായ പ്രവാചകനെ അനുഗമിക്കാന്‍ ശ്രോതാക്കളെ പ്രേരിപ്പിക്കുകയെന്നതാണ് പ്രഭാഷണത്തിന്റെ പരമമായ ലക്ഷ്യം. എന്നാല്‍, പ്രതിപാദനശൈലിയില്‍ മുന്നറിയിപ്പിന്റെയും താക്കീതിന്റെയും സ്വരമാണ് കൂടുതല്‍ മുഴച്ചുനില്‍ക്കുന്നത്. അതിന് കാരണമുണ്ട്, അഭിസംബോധിതരായ മക്കയിലെ മുശ്‌രിക്കുകളെ കാര്യം ഗ്രഹിപ്പിക്കാനുള്ള ശ്രമത്തില്‍ നബി(സ) ദീര്‍ഘമായ ഒരുഘട്ടം വിനിയോഗിച്ചുകഴിഞ്ഞു; എന്നിട്ടും അവര്‍ അന്ധമായ പിടിവാശിയും ശാഠ്യബുദ്ധിയും എതിര്‍പ്പും പരമാവധി തുടരുകയാണ്. ആകയാല്‍, അടുത്തഭാവിയില്‍ അവരോടുള്ള സംബോധനം നിര്‍ത്തി മറ്റൊരു ജനവിഭാഗത്തെ അഭിമുഖീകരിക്കാനായി തിരുനബിക്ക് ദൈവത്തില്‍നിന്നുള്ള നിര്‍ദേശം ആസന്നമായിരിക്കുന്നു. അതിനാല്‍, നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ ഉദ്‌ബോധനപരമായ ശൈലിയില്‍ അവരെ ക്ഷണിക്കുന്നതോടൊപ്പം, ഒരന്ത്യശാസനത്തിന്റെ രൂപത്തില്‍ അവര്‍ക്ക് താക്കീത് നല്‍കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ട്, 'നിങ്ങളിലേക്കു നിയുക്തനായ പ്രവാചകന്നെതിരില്‍ നിങ്ങള്‍ കൈക്കൊണ്ടിട്ടുള്ള അനാശാസ്യനയം ഉപേക്ഷിക്കുക; ഇതേനയം സ്വീകരിച്ചിരുന്ന പൂര്‍വസമുദായങ്ങളുടെ പരിണാമം നിങ്ങള്‍ക്കൊരു പാഠമായിരിക്കട്ടെ' എന്നിങ്ങനെ അവരെ താക്കീത് ചെയ്യുകയാണ്. മക്കാവാസികളെ സംബന്ധിച്ചിടത്തോളം 'ഹുജ്ജത്ത്' (ന്യായസ്ഥാപനം) ഏതാണ്ട് പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. അതിനാല്‍, പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് പ്രബോധനത്തിന്റെ മുഖം മക്കയിലെ ബഹുദൈവാരാധകരില്‍നിന്നു വേദക്കാരിലേക്കു തിരിഞ്ഞതായി കാണാം. ഒരിടത്ത് ലോകത്തെങ്ങുമുള്ള മനുഷ്യരെ പൊതുവായി അഭിസംബോധനചെയ്തതായും കാണാവുന്നതാണ്. സമീപവര്‍ത്തികളായ ജനതയോടുതന്നെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുകയെന്ന ഘട്ടം ഏതാണ്ടവസാനിച്ചുവെന്നും ഹിജ്‌റ ആസന്നമായിരിക്കുകയാണെന്നുമത്രെ ഇതെല്ലാം സൂചിപ്പിക്കുന്നത്. പ്രഭാഷണമധ്യേ വേദക്കാരായ ജൂതരെയും അഭിമുഖീകരിച്ചിട്ടുള്ളതായിക്കാണാം. അതുമുഖേന, പ്രവാചകനില്‍ വിശ്വസിച്ചതിനു ശേഷം അദ്ദേഹത്തോടു കപടനയം കൈക്കൊള്ളുകയും, അനുസരണപ്രതിജ്ഞയെടുത്ത ശേഷം ധിക്കാരപൂര്‍വം ആ പ്രതിജ്ഞ ലംഘിക്കുകയും, സത്യവും അസത്യവും വിവേചിച്ചറിഞ്ഞതിനു ശേഷം അസത്യസേവനത്തില്‍ ആമഗ്നമാവുകയും ചെയ്യുന്നതിന്റെ ഭവിഷ്യല്‍ഫലമെന്തെന്ന ഒരുവശം കൂടി ഈ അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തിന്റെ അവസാനത്തില്‍, നബിക്കും സ്വഹാബത്തിനും ആദര്‍ശത്തിന്റെ യുക്തിയുക്തമായ പ്രബോധനം സംബന്ധിച്ച ചില പ്രധാന നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. എതിരാളികളില്‍നിന്നുള്ള പ്രകോപനങ്ങളെയും മര്‍ദനങ്ങളെയും ക്ഷമയോടും വിവേകത്തോടും കൂടി നേരിടുക, വികാരവിക്ഷോഭങ്ങള്‍ക്ക് വശംവദരായി സാക്ഷാല്‍ ലക്ഷ്യത്തെ ക്ഷതപ്പെടുത്തുന്ന ഒന്നും ചെയ്യാതിരിക്കുക എന്നിവ അക്കൂട്ടത്തില്‍ പ്രത്യേകം ഊന്നിപ്പറഞ്ഞിരിക്കുന്നു.

Source: www.thafheem.net