VERSES
52
PAGES
566-568

നാമം

അധ്യായത്തിലെ പ്രഥമ പദംതന്നെയാണ് അധ്യായനാമമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.


അവതരണ കാലം

പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യകാലത്ത് അവതരിച്ചതാണ് ഈ സൂറ. മക്കാമുശ്‌രിക്കുകള്‍ പ്രവാചകന്റെ നേരെ എതിര്‍പ്പ് ആരംഭിച്ചുകഴിഞ്ഞ നാളുകളിലാണിതിന്റെ അവതരണമെന്നാണ് ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നത്. എങ്കിലും അന്നത് അത്ര രൂക്ഷത പ്രാപിച്ചിരുന്നില്ല. മുസ്‌നദ് അഹ്മദില്‍N751 ഹ. ഉമറി(റ)N1512ല്‍നിന്ന് ഇപ്രകാരമൊരു നിവേദനം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:H833 ''ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് ഒരു ദിവസം നബി(സ)യെ ശകാരിക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ചു. പക്ഷേ, എനിക്കു മുമ്പ് തിരുമേനി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഞാനെത്തിയപ്പോള്‍ അവിടുന്ന് സൂറ അല്‍ഹാഖ പാരായണം ചെയ്ത് നമസ്‌കാരം തുടങ്ങിയിരുന്നു. ഞാന്‍ പിന്നില്‍ ചെന്ന് അതു ശ്രദ്ധിച്ചു. ഖുര്‍ആനിലെ ഗാംഭീര്യമാര്‍ന്ന വചനങ്ങള്‍ എന്നില്‍ പരിഭ്രമമുളവാക്കി. ഖുറൈശികള്‍ പറയുംപോലെ ഇയാള്‍ ഒരു കവിയാണെന്ന് പെട്ടെന്ന് എനിക്കു തോന്നി. ഉടനെയാണ് പ്രവാചകന്‍ 'ഇത് മാന്യനായ ഒരു ദൈവദൂതന്റെ വചനമാകുന്നു; കവിവചനമല്ല' എന്ന വാക്യം പാരായണം ചെയ്തത്. കവിയല്ലെങ്കില്‍ ജ്യോത്സ്യന്‍തന്നെ എന്ന് അപ്പോള്‍ ഞാന്‍ ആത്മഗതം ചെയ്തു. ഉടനെയാണ് തിരുവായില്‍നിന്ന് ഇങ്ങനെ ഉതിര്‍ന്നത്: 'ഇത് ജ്യോത്സ്യവചനവുമല്ല, നിങ്ങള്‍ തീരെ ചിന്തിക്കുന്നില്ല. ഇത് സര്‍വലോക നാഥങ്കല്‍നിന്ന് അവതരിച്ചതാകുന്നു.' ഇത് കേട്ടപ്പോള്‍ ഇസ്‌ലാം എന്റെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിപ്പോയി.'' ഈ അധ്യായം ഹ. ഉമര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു കുറച്ചു മുമ്പ് അവതരിച്ചതാണെന്ന് അദ്ദേഹത്തിന്റെ ഈ നിവേദനത്തില്‍നിന്ന് വ്യക്തമാകുന്നു. ഈ സംഭവത്തിനു ശേഷവും വളരെക്കാലം അദ്ദേഹം ഇസ്‌ലാം അംഗീകരിക്കുകയുണ്ടായില്ല. ഇടയ്ക്കിടെ ചില സംഭവങ്ങളിലൂടെ ഇസ്‌ലാം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഒരിക്കല്‍ സ്വന്തം സഹോദരിയുടെ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ നിഷേധമനസ്സിന് അവസാനത്തെ പ്രഹരവുമേറ്റു. അതാണ് അദ്ദേഹത്തെ വിശ്വാസത്തിന്റെ മേഖലയിലെത്തിച്ചത്. (വിശദ വിവരങ്ങള്‍ക്ക് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം ഭാഗം സൂറ ത്വാഹയുടെയും അഞ്ചാം ഭാഗം സൂറ അല്‍വാഖിഅയുടെയും മുഖവുരകള്‍ നോക്കുക).


ഉള്ളടക്കം

ഇതിന്റെ ആദ്യ റുകൂഇല്‍ പരലോക വര്‍ണനയാണ്. രണ്ടാം റുകൂഇല്‍ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്ന് അവതരിച്ചതാണെന്നും മുഹമ്മദ് നബി(സ) തികഞ്ഞ സത്യസന്ധനും വിശ്വസ്തനുമാണെന്നും വിശദീകരിക്കുന്നു. ഭൗതികലോകത്തിന്റെ അന്ത്യവും പാരത്രികലോകം നിലവില്‍വരലും അനിവാര്യമായി സംഭവിക്കേണ്ട യാഥാര്‍ഥ്യംതന്നെയാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പ്രഥമ റുകൂഇന്റെ തുടക്കം. തുടര്‍ന്ന് 4 മുതല്‍ 12 വരെ സൂക്തങ്ങളില്‍, പരലോകത്തെ നിഷേധിച്ച സമൂഹങ്ങളെല്ലാം ദൈവശിക്ഷക്ക് അര്‍ഹരാവുകതന്നെ ചെയ്തിട്ടുണ്ടെന്നു വിവരിക്കുന്നു. അനന്തരം 17-ആം സൂക്തം വരെ, ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുന്നതെങ്ങനെയെന്ന് വര്‍ണിക്കുന്നു. പിന്നെ 18 മുതല്‍ 27 വരെ സൂക്തങ്ങളിലായി, ഈ ലോകത്ത് നിലവിലുള്ള ജീവിതത്തിനുശേഷം അല്ലാഹു മനുഷ്യന്ന് മറ്റൊരു ജീവിതം നിശ്ചയിച്ചുവെച്ചിട്ടുള്ളതിന്റെ യഥാര്‍ഥ ലക്ഷ്യമെന്താണെന്നു വിശദീകരിക്കുകയാണ്. വിചാരണനാളില്‍ സകല മനുഷ്യരും അല്ലാഹുവിന്റെ കോടതിയില്‍ ഹാജരാക്കപ്പെടുമെന്നും അവിടെ ആരുടെയും ഒരു രഹസ്യവും മറഞ്ഞിരിക്കുകയില്ലെന്നും താക്കീതു ചെയ്യുന്നു. ഓരോ മനുഷ്യന്റെ കരത്തിലും അവന്റെ കര്‍മരേഖ നല്‍കപ്പെടും. ഈ ലോകത്ത്, ഒരുനാള്‍ നാഥന്റെ മുന്നില്‍ വിചാരണക്കു വിധേയനാകേണ്ടിവരുമെന്ന കരുതലോടെ സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച് പാരത്രിക നന്മക്ക് ആവശ്യമായ മുന്നുപാധികളൊരുക്കി ജീവിതം നയിച്ചവര്‍ തങ്ങളുടെ വിചാരണാഫലത്തില്‍ സന്തുഷ്ടരാവുകയും ശാശ്വതമായ സ്വര്‍ഗീയ ജീവിതത്താല്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച്, അല്ലാഹുവിന്റെ അവകാശങ്ങളെ മാനിക്കാതെ, ജനങ്ങളോടുള്ള ബാധ്യതകള്‍ നിറവേറ്റാതെ താന്തോന്നികളായി ജീവിതം നയിച്ചവരാകട്ടെ, അവരെ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു രക്ഷിക്കാനാര്‍ക്കുമാവില്ല. അവര്‍ നിത്യനരകത്തിലകപ്പെട്ടുപോകുന്നു. രണ്ടാമത്തെ റുകൂഇല്‍ മക്കാ മുശ്‌രിക്കുകളെ സംബോധന ചെയ്തുകൊണ്ടരുളുന്നു: ഈ ഖുര്‍ആന്‍ കവികളുടെയും ജ്യോത്സ്യന്റെയും വചനമാണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്. എന്നാല്‍, ഇത് അല്ലാഹു ഇറക്കിയ വചനങ്ങളാണ്. മഹാനായ ഒരു ദൈവദൂതന്റെ നാവിലൂടെയാണ് അതവതീര്‍ണമാകുന്നത്. ഈ വചനങ്ങളില്‍ ഒരു പദം പോലും വെട്ടിക്കളയാനോ കൂട്ടിച്ചേര്‍ക്കാനോ ദൈവദൂതന്ന് സ്വാതന്ത്ര്യമില്ല. അദ്ദേഹം സ്വന്തം വകയായി അതില്‍ വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അല്ലാഹു അദ്ദേഹത്തിന്റെ ജീവനാഡി ഛേദിച്ചുകളയും. ഇത് സത്യസാരവചനമാണ്. ഇതിനെ നിഷേധിക്കുന്നവരാരായാലും അവര്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും.

Source: www.thafheem.net