VERSES
52
PAGES
564-566

നാമം

ഈ സൂറക്ക് 'നൂന്‍' എന്നും 'അല്‍ഖലം' എന്നും പേരുണ്ട്. രണ്ടു പദങ്ങളും സൂറയുടെ പ്രാരംഭസൂക്തങ്ങളിലുള്ളതാണ്.


അവതരണ കാലം

പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യനാളുകളിലാണ് സൂറ അവതരിച്ചത്. ഇത് അവതരിക്കുമ്പോള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുഹമ്മദ് നബി(സ)ക്കെതിരെ ഉയര്‍ത്തിയ എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞിരുന്നുവെന്ന് ഉള്ളടക്കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്.


ഉള്ളടക്കം

മൂന്നു വിഷയങ്ങളാണ് ഈ സൂറയില്‍ മുഖ്യമായി ചര്‍ച്ചചെയ്യുന്നത്: ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി, അവിശ്വാസികള്‍ക്കുള്ള താക്കീതും സദുപദേശവും, ക്ഷമയും സ്ഥൈര്യവും കൈക്കൊള്ളാന്‍ പ്രവാചകനെ പ്രചോദിപ്പിക്കുക. തുടക്കത്തില്‍ നബി(സ)യോട് പറയുന്നു: അവിശ്വാസികള്‍ താങ്കള്‍ ഭ്രാന്തനാണെന്നു പറയുന്നു. എന്നാല്‍, താങ്കള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേദവും താങ്കള്‍ നേടിയിട്ടുള്ള ധാര്‍മിക നിലവാരവും തന്നെ അവരുടെ ഈ അപവാദത്തെ ഖണ്ഡിക്കാന്‍ ധാരാളം മതിയായ ന്യായമാകുന്നു. ഭ്രാന്ത് ആര്‍ക്കാണെന്നും സ്ഥിരബുദ്ധിയുള്ളവന്‍ ആരാണെന്നും അടുത്തുതന്നെ എല്ലാവരും നേരില്‍ കാണാന്‍ പോകുന്നുണ്ട്. അതുകൊണ്ട് താങ്കള്‍ക്കു നേരെ ഇരമ്പിവരുന്ന എതിര്‍പ്പിന്റെ കൊടുങ്കാറ്റില്‍ ഒട്ടും ഉലഞ്ഞുപോകരുത്. താങ്കള്‍ എങ്ങനെയെങ്കിലും ഈ സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ഒരു ഒത്തുതീര്‍പ്പിന് തയ്യാറാവുക എന്നതാണ് ഈ എതിര്‍പ്പുകളുടെയെല്ലാം ലക്ഷ്യം എന്ന് ഓര്‍ത്തിരിക്കുക. തുടര്‍ന്ന് സാധാരണക്കാരുടെ കണ്ണുതുറപ്പിക്കുന്നതിനുവേണ്ടി പേരു വെളിപ്പെടുത്താതെ, നബി(സ)യുടെ ശത്രുക്കളില്‍പെട്ട ഒരു വ്യക്തിയുടെ ചെയ്തികള്‍ ചൂണ്ടിക്കാണിക്കുകയാണ്. അയാളെ മക്കാവാസികള്‍ക്ക് നന്നായറിയാം. നബി(സ)യുടെ വിശുദ്ധ സ്വഭാവങ്ങളും അന്ന് അവരുടെ കണ്‍മുമ്പിലുണ്ടായിരുന്നു. മക്കയില്‍ തിരുമേനി(സ)യോടുള്ള എതിര്‍പ്പിനു മുന്നിട്ടുനിന്ന പ്രമാണിമാരില്‍ ഏതുതരം ചര്യകളും സ്വഭാവങ്ങളും പുലര്‍ത്തുന്നവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കണ്ണുള്ളവര്‍ക്കൊന്നും കാണാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അനന്തരം 17 മുതല്‍ 33 വരെ സൂക്തങ്ങളില്‍ ഒരു തോട്ടത്തിന്റെ ഉടമകളെ ഉദാഹരിക്കുകയാണ്: അവര്‍ അല്ലാഹുവിന്റെ അനുഗ്രഹം നേടിയിട്ട് അവനോട് കൃതഘ്‌നരായി. കൂട്ടത്തില്‍ ശിഷ്ടനായ മനുഷ്യന്‍ അവരെ ഉപദേശിച്ചുവെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ആ അനുഗ്രഹം അവര്‍ക്ക് വിലക്കപ്പെടുകയായിരുന്നു അതിന്റെ ഫലം. എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞപ്പോഴാണ് അവരുടെ കണ്ണു തുറക്കുന്നത്. ഈ ഉദാഹരണത്തിലൂടെ മക്കാവാസികളെ താക്കീതു ചെയ്യുകയാണ്: മുഹമ്മദ് നബിയുടെ നിയോഗത്തിലൂടെ, ആ തോട്ടക്കാര്‍ അകപ്പെട്ടതുപോലെയുള്ള ഒരു പരീക്ഷണത്തിലകപ്പെട്ടിരിക്കുകയാണ് നിങ്ങള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഈ ലോകത്തുതന്നെ ശിക്ഷയനുഭവിക്കേണ്ടിവരും. പാരത്രിക ശിക്ഷയാകട്ടെ, ഇതിനേക്കാള്‍ വളരെ ഗുരുതരവുമായിരിക്കും. 34 മുതല്‍ 47 വരെ സൂക്തങ്ങളില്‍ ചിലപ്പോള്‍ അവിശ്വാസികളെ നേരിട്ട് സംബോധനചെയ്തും ചിലപ്പോള്‍ പ്രവാചകനെ സംബോധനചെയ്തും അവരെ ഉദ്‌ബോധനം ചെയ്യുകയാണ്. അതില്‍ പറയുന്ന കാര്യങ്ങളുടെ ചുരുക്കമിതാണ്: ഇഹലോകത്ത് ദൈവഭക്തിയുടെ ജീവിതം നയിച്ചവര്‍ക്കു മാത്രമാകുന്നു പാരത്രിക നേട്ടം. അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളുടെ പര്യവസാനം ദൈവധിക്കാരികളുടേതുതന്നെ ആയിരിക്കുക എന്നത് തികച്ചും യുക്തിവിരുദ്ധമായ കാര്യമാണ്. അല്ലാഹു തങ്ങളോട് അനുവര്‍ത്തിക്കുക, തങ്ങള്‍ നിര്‍ദേശിക്കുന്നതുപോലെയാണ് എന്ന അവിശ്വാസികളുടെ വിചാരം ഭീമമായ തെറ്റിദ്ധാരണയാണ്. ഇങ്ങനെ വിചാരിക്കാന്‍ അവര്‍ക്ക് ഒരു ഉറപ്പും ലഭിച്ചിട്ടില്ലതാനും. അല്ലാഹുവിന്റെ മുമ്പില്‍ തലകുനിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും എന്നിട്ട് ആ ആഹ്വാനത്തെ നിരസിക്കുകയും ചെയ്തവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്റെ മുമ്പില്‍ പ്രണാമം ചെയ്യണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കുകയില്ല. അവര്‍ നിന്ദ്യമായ പരിണതിയെ നേരിടേണ്ടിവരുകതന്നെചെയ്യും. വിശുദ്ധ ഖുര്‍ആനെ തള്ളിപ്പറഞ്ഞിട്ട് അവര്‍ ദൈവശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. അവര്‍ക്കു ലഭിക്കുന്ന സാവകാശത്തില്‍ അവര്‍ വഞ്ചിതരായിക്കൊണ്ടിരിക്കുകയാണ്. പ്രവാചകനെ നിഷേധിച്ചിട്ട് തങ്ങള്‍ക്ക് ശിക്ഷയൊന്നും ഇറങ്ങാത്തതുകൊണ്ട്, തങ്ങള്‍ നേര്‍മാര്‍ഗത്തിലാണെന്നാണവര്‍ കരുതുന്നത്. എന്നാലോ, അവര്‍ ബോധശൂന്യരായി വിനാശമാര്‍ഗത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകനെ എതിര്‍ക്കാന്‍ അവര്‍ക്ക് ന്യായമായ ഒരു കാരണവുമില്ല. അദ്ദേഹം നിസ്വാര്‍ഥനായ പ്രബോധകനാണ്. സ്വന്തം കാര്യത്തിനായി ഒന്നും അദ്ദേഹം അവരോടാവശ്യപ്പെടുന്നില്ല. അദ്ദേഹം ദൈവദൂതനല്ലെന്നോ അദ്ദേഹത്തിന്റെ സന്ദേശം സത്യമല്ലെന്നോ തങ്ങള്‍ക്ക് അറിവുകിട്ടിയിട്ടുണ്ടെന്ന് അവര്‍ക്ക് വാദവുമില്ല. അവസാനം നബി(സ)യോട് ഉപദേശിക്കുകയാണ്: അല്ലാഹുവിന്റെ തീര്‍പ്പ് ആഗതമാവുന്നതുവരെ ദീനീപ്രബോധന സംരംഭത്തില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ക്ഷമയോടെ തരണം ചെയ്ത് മുമ്പോട്ടു പോവുക. യൂനുസ് (അ) പരീക്ഷണത്തിലകപ്പെടാന്‍ ഇടയായിത്തീര്‍ന്ന വിധത്തിലുള്ള അക്ഷമയില്‍നിന്ന് മുക്തനായി വര്‍ത്തിക്കുക.

Source: www.thafheem.net