VERSES
14
PAGES
551-552

നാമം

നാലാം സൂക്തത്തിലെ يُقَاتِلُونَ فِى سَبِيلِهِ صَفًّا എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായനാമം. സ്വഫ്ഫ് എന്ന പദമുള്ള സൂറ എന്ന് താല്‍പര്യം.


അവതരണകാലം

പ്രബലമായ നിവേദനങ്ങളിലൂടെ ഈ സൂറയുടെ അവതരണകാലം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ മിക്കവാറും ഇത് ഉഹുദ് യുദ്ധത്തോടടുത്ത കാലത്തായി അവതരിച്ചതാവാമെന്നു തോന്നുന്നു. കാരണം, ഇതിലെ വരികള്‍ക്കിടയില്‍ തെളിയുന്ന സാഹചര്യം ആ കാലത്താണ് കാണപ്പെട്ടിരുന്നത്.


ഉള്ളടക്കം

വിശ്വാസത്തില്‍ ആത്മാര്‍ഥത കൈവരിക്കാനും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാനും മുസ്‌ലിംകളെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ സൂറയിലെ വിഷയം. ദുര്‍ബല വിശ്വാസികളെയും വ്യാജമായി വിശ്വാസം വാദിച്ചുകൊണ്ട് ഇസ്‌ലാമില്‍ പ്രവേശിച്ചവരെയും നിഷ്‌കളങ്ക വിശ്വാസികളെയും ഇതില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ചില സൂക്തങ്ങള്‍ ആദ്യം പറഞ്ഞ രണ്ടു കൂട്ടരെയും ഒന്നിച്ച് സംബോധന ചെയ്യുന്നു. ചില സൂക്തങ്ങളുടെ സംബോധിതര്‍ കപടവിശ്വാസികള്‍ മാത്രമാണ്. ചില സൂക്തങ്ങളാവട്ടെ, ആത്മാര്‍ഥതയുള്ള മുസ്‌ലിംകളോടു മാത്രം സംസാരിക്കുന്നു. ഏതു സൂക്തം ആരെ സംബോധന ചെയ്യുന്നുവെന്ന് വചനശൈലിയില്‍ വ്യക്തമാവും. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റവും വിരോധമുള്ള ആളുകളെന്നും കുമ്മായത്തില്‍ പടുത്തുറപ്പിച്ച ഭദ്രമായ മതില്‍ക്കെട്ടുപോലെ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാന്‍ ഐക്യത്തോടെ അടിയുറച്ചു നിലകൊള്ളുന്നവരാണ് അല്ലാഹുവിനു പ്രിയപ്പെട്ടവരെന്നും ഉണര്‍ത്തിക്കൊണ്ടാണ് തുടക്കം. തുടര്‍ന്ന്, 5-7 സൂക്തങ്ങളിലായി മുഹമ്മദീയ സമൂഹത്തിലെ അംഗങ്ങളെ താക്കീതു ചെയ്യുന്നു: മൂസാനബി(അ)യോടും ഈസാനബി(അ)യോടും ഇസ്‌റാഈല്യര്‍ അനുവര്‍ത്തിച്ച നയം നിങ്ങളുടെ ദൈവദൂതനോടും ദീനിനോടും നിങ്ങള്‍ അനുവര്‍ത്തിക്കരുത്. മൂസാ(അ) ദൈവദൂതനാണെന്നറിഞ്ഞുകൊണ്ടുതന്നെ അവരദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഈസായുടെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും അവരദ്ദേഹത്തെ നിഷേധിക്കാന്‍ മടിച്ചില്ല. അവരുടെ സ്വഭാവഘടനതന്നെ വികലമാവുകയും സന്മാര്‍ഗപ്രാപ്തിക്കുള്ള ഉതവി നിഷേധിക്കപ്പെടുകയുമായിരുന്നു അതിന്റെ ഫലം. മറ്റൊരു സമൂഹവും കാംക്ഷിക്കുന്ന, അസൂയാര്‍ഹമായ ഒരവസ്ഥയല്ല അത്. അനന്തരം 8-9 സൂക്തങ്ങളില്‍ തികഞ്ഞ വെല്ലുവിളിയുടെ സ്വരത്തില്‍ പ്രഖ്യാപിക്കുന്നു: ജൂതന്മാരും ക്രിസ്ത്യാനികളും അവരുമായി അവിഹിത ഇടപാടുകളുള്ള കപടവിശ്വാസികളും ഈ ദൈവികവെളിച്ചത്തെ തല്ലിക്കെടുത്താന്‍ എത്രയൊക്കെ പ്രയത്‌നിച്ചാലും ശരി, അതിന്റെ വെട്ടിത്തിളങ്ങുന്ന പ്രകാശം ലോകമെങ്ങും പരന്നുകൊണ്ടേയിരിക്കും. ബഹുദൈവവിശ്വാസികള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി, ദൈവദൂതന്‍ അവതരിപ്പിക്കുന്ന സത്യമതം മറ്റെല്ലാ മതങ്ങളെയും അതിജയിക്കുകതന്നെ ചെയ്യും. അതിനുശേഷം 10-13 സൂക്തങ്ങളിലായി വിശ്വാസികളോട് പറയുന്നു: ഐഹികവും പാരത്രികവുമായ വിജയമാര്‍ഗം ഒന്നേയുള്ളൂ. അല്ലാഹുവിലും അവന്റെ റസൂലിലും സത്യസന്ധമായി വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹ ധനാദികളാല്‍ സമരം ചെയ്യുകയുമാണത്. ദൈവശിക്ഷയില്‍നിന്നുള്ള രക്ഷയും പാപങ്ങളില്‍നിന്നുള്ള മോചനവും ശാശ്വതമായ സ്വര്‍ഗലബ്ധിയുമത്രേ പരലോകത്ത് അതിന്റെ ഫലം. അല്ലാഹുവിന്റെ പിന്തുണയും സഹായവും വിജയവും അതിന്റെ ഐഹികസമ്മാനമാണ്. ഒടുവില്‍, വിശ്വാസികളെ ഉപദേശിക്കുകയാണ്: ഹവാരികള്‍ ഈസാ(അ)യെ പിന്തുണച്ചതുപോലെ നിങ്ങളും അന്‍സ്വാറുല്ലാഹ് (അല്ലാഹുവിന്റെ സഹായികള്‍) ആയിത്തീരണം. അതുവഴി, സത്യനിഷേധികളെ നേരിടുന്നതില്‍ പൂര്‍വികവിശ്വാസികള്‍ ദൈവസഹായം നേടിയതുപോലെ നിങ്ങളും ദൈവസഹായം നേടണം.

Source: www.thafheem.net