VERSES
13
PAGES
549-551

നാമം

സൂറയിലെ പത്താം സൂക്തത്തില്‍, ദേശത്യാഗം ചെയ്ത് മദീനയിലെത്തി മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്ന സ്ത്രീകളെ പരീക്ഷിക്കാന്‍ കല്‍പിക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഈ സൂറ 'മുംതഹിന'എന്ന് നാമകരണം ചെയ്യപ്പെട്ടത്. 'മുംതഹന' എന്നും ഉച്ചരിക്കാവുന്നതാണ്. 'മുതംഹിന' എന്നുച്ചരിക്കുമ്പോള്‍ പരീക്ഷിക്കുന്ന സൂറ എന്നും 'മുംതഹന' എന്നാകുമ്പോള്‍ പരീക്ഷിക്കപ്പെടുന്ന സ്ത്രീ എന്നും അര്‍ഥമാകുന്നു.


അവതരണകാലം

ചരിത്രപരമായി കാലം അറിയപ്പെട്ട രണ്ടു സംഗതികളെ ഈ സൂറ പരാമര്‍ശിക്കുന്നുണ്ട്. ഒന്ന് ഹാത്വിബുബ്‌നു അബീബല്‍തഅ(റ)N1230യുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം മക്കാവിമോചനത്തിന് അല്‍പകാലം മുമ്പ്, ഖുറൈശിനേതാക്കള്‍ക്ക്, മുഹമ്മദ് (സ) മക്കയെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചുകൊണ്ട് ഒരു സന്ദേശമയക്കുകയുണ്ടായി. രണ്ടാമത്തെ സംഗതി, ഹുദൈബിയാസന്ധിN1525ക്കുശേഷം മക്കയില്‍നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ മുസ്‌ലിം വനിതകളെക്കുറിച്ചുള്ളതാണ്. ഇവരുടെ ആഗമനത്തെത്തുടര്‍ന്ന് സന്ധിവ്യവസ്ഥകളനുസരിച്ച് മുസ്‌ലിം പുരുഷന്‍മാരെപ്പോലെ ഈ വനിതകളെയും ശത്രുക്കള്‍ക്ക് ഏല്‍പിച്ചുകൊടുക്കേണ്ടതുണ്ടോ എന്ന പ്രശ്‌നം ഉയര്‍ന്നുവന്നു. ഈ സൂറ ഹുദൈബിയാസന്ധിക്കും മക്കാവിമോചനത്തിനും ഇടക്കുള്ള കാലയളവില്‍ അവതരിച്ചതാണെന്ന് ഈ രണ്ടു സംഗതികളില്‍നിന്ന് ഖണ്ഡിതമായി സ്പഷ്ടമാകുന്നു. കൂടാതെ, സൂറയുടെ അവസാനഭാഗത്ത് മൂന്നാമതൊരു കാര്യംകൂടി പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകള്‍ ഈമാന്‍ കൈക്കൊണ്ടുകൊണ്ട് പ്രവാചകസന്നിധിയില്‍ ബൈഅത്തിനായി എത്തിയാല്‍ തിരുമേനി ഏതെല്ലാം സംഗതികളാണ് അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കേണ്ടത് എന്നതാണത്. ഈ ഭാഗം പരിഗണിക്കുമ്പോള്‍ അതും മക്കാവിമോചനത്തിനുമുമ്പ് അവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്. കാരണം, മക്കാവിമോചനാനന്തരം ഖുറൈശികളായ സ്ത്രീപുരുഷന്‍മാര്‍ ഒരേസമയം വന്‍തോതില്‍ ഇസ്‌ലാമില്‍ പ്രവേശിച്ചുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ അവരെ കൂട്ടത്തോടെ പ്രതിജ്ഞയെടുപ്പിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരുന്നു.


ഉള്ളടക്കം

പ്രഥമ ഖണ്ഡം സൂറയുടെ ആരംഭം മുതല്‍ 9-ആം സൂക്തം വരെ തുടരുന്നു. സൂറയുടെ അന്ത്യത്തിലുള്ള 13-ആം സൂക്തവും ഇതുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഹാത്വിബുബ്‌നു അബീബല്‍തഅN1230യുടെ നടപടിയെ രൂക്ഷമായി ആക്ഷേപിക്കുന്നുണ്ട്. അദ്ദേഹം സ്വന്തം കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി റസൂലി(സ)ന്റെ അതിപ്രധാനമായ ഒരു യുദ്ധരഹസ്യം ശത്രുക്കള്‍ക്ക് കൈമാറാന്‍ ശ്രമിക്കുകയായിരുന്നു. അതു തക്കസമയത്ത് വിഫലമാക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ മക്കാവിമോചന വേളയില്‍ വമ്പിച്ച രക്തച്ചൊരിച്ചില്‍ നടക്കുമായിരുന്നു. മുസ്‌ലിംപക്ഷത്തുനിന്ന് വിലപ്പെട്ട പല ജീവനുകളും നഷ്ടപ്പെടുമായിരുന്നു. പില്‍ക്കാലത്ത് ഇസ്‌ലാമിന് മഹത്തായ സേവനങ്ങളര്‍പ്പിച്ച നിരവധി ഖുറൈശി പ്രമുഖരും കൊല്ലപ്പെടുമായിരുന്നു. മക്കയെ സമാധാനപരമായി മോചിപ്പിച്ചതിലൂടെ ലഭിച്ച നേട്ടങ്ങളൊക്കെ പാഴായിപ്പോവുകയും ചെയ്യുമായിരുന്നു. ഈ മഹാ നഷ്ടങ്ങള്‍ക്കെല്ലാം നിമിത്തമാകുമായിരുന്നത്, മുസ്‌ലിംകളിലൊരാള്‍ സ്വകുടുംബത്തെ യുദ്ധവിപത്തുകളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതുമാത്രമാണ്. ഈ ഭീമാബദ്ധത്തെക്കുറിച്ചുണര്‍ത്തിക്കൊണ്ട് എല്ലാ വിശ്വാസികളെയും അല്ലാഹു ഉപദേശിക്കുന്നു: യാതൊരു വിശ്വാസിയും ഒരവസ്ഥയിലും ഒരു ലക്ഷ്യത്തിനുവേണ്ടിയും, ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സത്യനിഷേധികളായ ശത്രുക്കളോട് മൈത്രിയും സുഹൃദ്ബന്ധവും പുലര്‍ത്തുകയോ, അവരും ഇസ്‌ലാമും തമ്മിലുള്ള സംഘട്ടനത്തില്‍ അവര്‍ക്ക് പ്രയോജനകരമായിത്തീരുന്ന വല്ല നടപടിയും സ്വീകരിക്കുകയോ ചെയ്തുകൂടാ. എന്നാല്‍, അവിശ്വാസികള്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയിലും വിരോധത്തിലും വര്‍ത്തിക്കാതിരിക്കുമ്പോള്‍ അവരോട് സൗഹൃദപരമായ സമീപനവും നല്ല പെരുമാറ്റവും കൈക്കൊള്ളേണ്ടതാണ്. 10-11 സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രണ്ടാമത്തെ ഖണ്ഡം. അക്കാലത്ത്, വളരെ സങ്കീര്‍ണമായിത്തീര്‍ന്നിരുന്ന ഒരു സാമൂഹികപ്രശ്‌നത്തില്‍ തീരുമാനം കല്‍പിച്ചിരിക്കുകയാണിതില്‍. മക്കയില്‍ അവിശ്വാസികളായ ഭര്‍ത്താക്കന്‍മാരുടെ ഭാര്യമാരായി ധാരാളം മുസ്‌ലിം സ്ത്രീകളുണ്ടായിരുന്നു. ഈ സ്ത്രീകള്‍ എങ്ങനെയൊക്കെയോ ഹിജ്‌റ ചെയ്ത് മദീനയിലെത്തിയിരുന്നു. ഇതുപോലെ അവിശ്വാസിനികളായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരായി ധാരാളം മുസ്‌ലിം പുരുഷന്മാര്‍ മദീനയിലുമുണ്ടായിരുന്നു. അവരുടെ സ്ത്രീകള്‍ മക്കയില്‍ത്തന്നെ പാര്‍ത്തുപോന്നു. ഇങ്ങനെയുള്ളവര്‍ തമ്മിലുള്ള ദാമ്പത്യബന്ധം നിലനില്‍ക്കുന്നുണ്ടോ എന്നതായിരുന്നു പ്രശ്‌നം. അല്ലാഹു അതേപ്പറ്റി ശാശ്വതമായ വിധി നല്‍കി: മുസ്‌ലിം സ്ത്രീകള്‍ക്ക് അവിശ്വാസിയായ ഭര്‍ത്താവ് അനുവദനീയമല്ല. വിഗ്രഹാരാധകയായ സ്ത്രീയെ ഭാര്യയായി പൊറുപ്പിക്കുന്നത് മുസ്‌ലിം പുരുഷന്നും അനുവദനീയമല്ല. ഈ വിധിക്ക് വമ്പിച്ച നിയമപരമായ പ്രത്യാഘാതങ്ങളുണ്ട്. വ്യാഖ്യാനക്കുറിപ്പുകളില്‍ നാമതു വിശദീകരിക്കുന്നതാണ്. 12-ആം സൂക്തമാണ് മൂന്നാം ഖണ്ഡം. അതില്‍ റസൂല്‍ തിരുമേനി(സ)യോട് നിര്‍ദേശിക്കുന്നു: ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളെക്കൊണ്ട് ജാഹിലിയ്യാ അറബിസമൂഹത്തിലെ സ്ത്രീകളില്‍ നടമാടിയിരുന്ന തിന്മകള്‍ വര്‍ജിക്കുമെന്നും ഭാവിയില്‍ അവര്‍ അല്ലാഹുവും പ്രവാചകനും കല്‍പിച്ച നന്മയുടേതായ എല്ലാ മാര്‍ഗങ്ങളും അനുധാവനം ചെയ്യുമെന്നും പ്രതിജ്ഞയെടുപ്പിക്കുക.

Source: www.thafheem.net