VERSES
165
PAGES
128-150

നാമം

ഈ അധ്യായത്തിലെ പതിനാറും പതിനേഴും ഖണ്ഡികകളില്‍, ചില കാലികള്‍ ഹറാമായും ചില കാലികള്‍ ഹലാലായും അറബികള്‍ വിശ്വസിച്ചിരുന്നതിന്റെ ഖണ്ഡനം വന്നിട്ടുണ്ട്. അതുകൊണ്ട് സൂറത്തിന് 'അല്‍അന്‍ആം' (കാലികള്‍) എന്ന് നാമകരണം ചെയ്തിരിക്കുന്നു.


അവതരണകാലം

നബി(സ)യുടെ മക്കാജീവിതത്തില്‍ ഒറ്റത്തവണയായി അവതീര്‍ണമായതാണീ അധ്യായമെന്ന് ഇബ്‌നുഅബ്ബാസ്(റ)N1342 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുആദുബ്‌നു ജബലിന്റെN825 പിതൃവ്യനായ യസീദിന്റെ മകള്‍ അസ്മാഅ്N18 പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: ''നബി(സ) തിരുമേനി ഒട്ടകപ്പുറത്ത് സവാരിചെയ്യുമ്പോഴായിരുന്നു സൂറത്തുല്‍ അന്‍ആം അവതരിച്ചത്. ഞാനാണ് ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചിരുന്നത്. ഭാരംകൊണ്ട് ഒട്ടകം കുഴങ്ങിപ്പോയി. അതിന്റെ എല്ലുകള്‍ പൊട്ടുമോ എന്നു തോന്നി.''H74 ഈ അധ്യായം അവതരിച്ച രാത്രിതന്നെ നബിതിരുമേനി അത് എഴുതിവെപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മക്കാജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് ഈ സൂറത്തിറങ്ങിയതെന്ന് ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കിത്തരുന്നു. അതിനുപോദ്ബലകമാണ് അസ്മാഇന്റെ പ്രസ്തുത റിപ്പോര്‍ട്ട്. അസ്മാഅ് അന്‍സ്വാറുകളില്‍പെട്ടN12 മദീനക്കാരിയായ വനിതയാണ്. ഹിജ്‌റയുടെ ശേഷമാണ് അവര്‍ ഔപചാരികമായി ഇസ്‌ലാമില്‍ പ്രവേശിച്ചത്. ഇസ്‌ലാം മത സ്വീകരണത്തിന്റെ മുമ്പ് വെറും ഭക്തിവിശ്വാസത്തിന്റെ പേരില്‍ അവര്‍ മക്കയില്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജരായിരിക്കും. ഇതു മക്കാജീവിതത്തിന്റെ അവസാന വര്‍ഷത്തിലാവാനേ തരമുള്ളൂ. അതിനുമുമ്പ് തിരുമേനിയുമായി യസ്‌രിബുകാര്‍ക്കുള്ള ബന്ധം, അവരില്‍പ്പെട്ട ഒരു സ്ത്രീ തിരുസന്നിധിയില്‍ ഹാജരാവാന്‍ മാത്രം വളര്‍ന്നുകഴിഞ്ഞിരുന്നില്ല.


പശ്ചാത്തലം

അവതരണകാലം നിജപ്പെട്ടാല്‍ പിന്നെ ഈ പ്രഭാഷണം അവതരിച്ച പശ്ചാത്തലമെന്തെന്ന് എളുപ്പത്തില്‍ നമുക്കു ഗ്രഹിക്കാന്‍ കഴിയും. ദൈവദൂതന്‍ ഇസ്‌ലാമിക പ്രബോധനം തുടങ്ങി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു. ഖുറൈശികളുടെ പ്രതിരോധവും ക്രൂരതയും മര്‍ദനമുറകളുമൊക്കെ അവയുടെ പാരമ്യം പ്രാപിച്ചു. ഇസ്‌ലാംമതമവലംബിച്ച വലിയൊരു വിഭാഗം, ഖുറൈശികളുടെ മര്‍ദനം സഹിയാഞ്ഞു ഹബ്ശായില്‍ അഭയാര്‍ഥികളായിച്ചെന്നു താമസിക്കുകയാണ്. ആരംഭം മുതല്‍ തിരുനബി(സ)യെ സഹായിച്ചുപോന്ന ഹ. ഖദീജത്തുല്‍ കുബ്‌റ(റ)N325യോ അബൂത്വാലിബോN6 ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍, ഭൗതികമായ എല്ലാ താങ്ങുകളും ആശ്രയങ്ങളും അവിടത്തേക്ക് നഷ്ടപ്പെട്ടു പോയിരുന്നു. വമ്പിച്ച എതിര്‍പ്പുകളേയും പ്രതിബന്ധങ്ങളേയും മല്ലിട്ടുകൊണ്ടാണ് തിരുനബി പ്രബോധന കര്‍ത്തവ്യം നിര്‍വഹിച്ചിരുന്നത്. ആ പ്രചാരണം വഴി മക്കയിലെയും പരിസരങ്ങളിലെയും ഉത്തമ വ്യക്തികള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും സമുദായം പൊതുവില്‍ നിഷേധത്തിന്റെയും വിരോധത്തിന്റേയും മാര്‍ഗത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. എവിടെയെങ്കിലും വല്ലവര്‍ക്കും ഇസ്‌ലാമിലേക്കൊരു ചായ്‌വ് കാണുന്നതോടെ അയാളെ ശകാരംകൊണ്ടും ശാരീരിക പീഡനംകൊണ്ടും സാമ്പത്തികവും സാമൂഹികവുമായ ഉപരോധംകൊണ്ടും വീര്‍പ്പുമുട്ടിക്കുകയായി. ഇരുളടഞ്ഞ ഈ അന്തരീക്ഷത്തിലാണ് യസ്‌രിബിന്റെ ഭാഗത്തുനിന്നു നേരിയൊരു കിരണം പ്രത്യക്ഷീഭവിച്ചത്. ഔസ് ഗോത്രത്തിലേയുംN255 ഖസ്‌റജ്‌ഗോത്രത്തിലേയുംN327 കൊള്ളാവുന്ന വ്യക്തികള്‍ തിരുമേനിയുടെ കൈക്ക് ബൈഅത്ത് ചെയ്തു. ആഭ്യന്തരമായ എതിര്‍പ്പൊന്നും കൂടാതെ അവിടെ ഇസ്‌ലാം പ്രചരിച്ചു തുടങ്ങി. എന്നാല്‍, ലഘുവായ ഈ പ്രാരംഭത്തിന്റെ ചുരുളില്‍ ഒളിഞ്ഞുകിടന്ന ഭാവി സാധ്യതകള്‍ ഒരു ബാഹ്യദൃക്കിനു കാണാവുന്നതല്ലല്ലോ. ബാഹ്യദൃഷ്ടിക്കു ഗോചരമാവുക ഇതാണ്: അതിദുര്‍ബലമായ ഒരു പ്രസ്ഥാനമാണ് ഇസ്‌ലാം. അതിന്റെ പിന്നില്‍ ഒരു ഭൗതികശക്തിയില്ല. അതിന്റെ പ്രബോധകനു സ്വകുടുംബത്തിന്റെ ദുര്‍ബലമായ ഒരു പിന്തുണയല്ലാതെ മറ്റൊരാശ്രയവുമില്ല. ഇസ്‌ലാമിനെ അംഗീകരിച്ച ഒരുപിടി പാവങ്ങള്‍ സ്വസമുദായത്തിന്റെ മതത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചതു നിമിത്തം സമുദായഭ്രഷ്ടരും, ചിന്നിച്ചിതറിയവരുമായിരിക്കുന്നു; മരത്തില്‍ നിന്നു കൊഴിഞ്ഞുവീണ ഇലകള്‍പോലെ. ആകയാല്‍ ഇസ്‌ലാമിന് ഒരു ഭാവിയില്ല.


പ്രതിപാദ്യങ്ങള്‍

പ്രസ്തുത സാഹചര്യത്തിലാണ് പ്രകൃത പ്രഭാഷണം അവതരിച്ചത്. ഇതിലെ ഉള്ളടക്കത്തെ നമുക്ക് ഏഴു വലിയ തലക്കെട്ടുകളായി ഭാഗിക്കാം: 1. ശിര്‍ക്കിന്റെ ഖണ്ഡനവും തൗഹീദ് പ്രബോധനവും. 2. പരലോകവിശ്വാസത്തിന്റെ പ്രചാരണം, ഐഹികജീവിതം മാത്രമാണ് മനുഷ്യജീവിതമെന്ന അബദ്ധധാരണയുടെ ഖണ്ഡനം. 3. അനിസ്‌ലാമിക കാലത്ത് ജനങ്ങള്‍ അകപ്പെട്ടിരുന്ന അന്ധവിശ്വാസങ്ങളുടെ ഖണ്ഡനം. 4. ഇസ്‌ലാമിക സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള പ്രധാന സദാചാര തത്ത്വങ്ങളെക്കുറിച്ച് ഉദ്‌ബോധനം. 5. നബി(സ) തിരുമേനിയേയും തന്റെ പ്രബോധനത്തേയും പറ്റി ജനങ്ങളുടെ ആക്ഷേപങ്ങള്‍ക്കു മറുപടി. 6. സുദീര്‍ഘമായ അധ്വാനശ്രമങ്ങള്‍ നടന്നിട്ടും പ്രബോധനം വേണ്ടത്ര ഫലവത്തായി ക്കാണാതിരുന്നപ്പോള്‍ സ്വാഭാവികമായുണ്ടായ അസ്വസ്ഥതയേയും വേവലാതിയേയും കുറിച്ച് തിരുമേനിയേയും മുസ്‌ലിംകളേയും സാന്ത്വനപ്പെടുത്തല്‍. 7. നിഷേധികളുടേയും എതിരാളികളുടേയും അശ്രദ്ധയേയും സ്വയം വിനാശത്തിലേക്കുള്ള ബോധശൂന്യമായ പോക്കിനേയും കുറിച്ചുള്ള ഉപദേശവും താക്കീതും ഭീഷണിയും. എന്നാല്‍, ഓരോ വിഷയവും അതത് ശീര്‍ഷകങ്ങളില്‍ സമാഹരിച്ച് പ്രതിപാദിക്കുകയെന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. പ്രത്യുത, പ്രഭാഷണം ഒരു നിര്‍ഝരി പോലെ സരളമായി ഒഴുകുകയാണ്. അതിനിടയില്‍ ഈ ശീര്‍ഷകങ്ങള്‍ ഇടക്കിടെ വിവിധ രീതികളില്‍ പൊങ്ങിവരുകയാണ്. ഓരോ തവണയും ഒരു പുതിയ രീതിയില്‍ അവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.


മക്കാ ജീവിതഘട്ടങ്ങള്‍

വായനക്കാരന്റെ മുന്നില്‍ സവിസ്തരമായ ഒരു മക്കീസൂറത്ത് വരുന്നത് ഇദംപ്രഥമമായാണ്. അതിനാല്‍, മക്കീസൂറത്തുകളുടെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച് ഇവിടെ സമഗ്രമായ ഒരു വിശദീകരണം സന്ദര്‍ഭോചിതമായിരിക്കും. തദ്വാരാ ഇനിവരുന്ന മക്കീസൂറത്തുകളേയും അവയുടെ വ്യാഖ്യാനത്തേയും സംബന്ധിച്ച പ്രതിപാദനങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നതാണ്. മദനീ സൂറത്തുകളെ സംബന്ധിച്ചിടത്തോളം ഓരോന്നിന്റെയും അവതരണഘട്ടം മിക്കവാറും അറിയപ്പെട്ടതാണ്. അഥവാ, ചെറിയൊരു ശ്രമംകൊണ്ട് നിര്‍ണയിക്കാന്‍ കഴിയുന്നതാണ്. അത്രയുമല്ല, അവയില്‍ അധിക സൂക്തങ്ങളുടേയും പ്രത്യേകമായ അവതരണപശ്ചാത്തലം പോലും വിശ്വസനീയമായ നിവേദനങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. മക്കീസൂറത്തുകളാവട്ടെ അവയില്‍ അധികത്തേയും സംബന്ധിച്ചറിയാനുള്ള വിശ്വസനീയമായ മാര്‍ഗങ്ങള്‍ നമ്മുടെ പക്കലില്ല. ആരോഗ്യകരമായ നിവേദനങ്ങള്‍ മുഖേന അവതരണ കാലവും സന്ദര്‍ഭവും മനസ്സിലാക്കാവുന്ന ആയത്തുകളും സൂറത്തുകളും തുലോം വിരളമാകുന്നു. മദീനാ ജീവിത ചരിത്രം പോലെ, ശാഖാപരമായ വിശദാംശങ്ങളോടെ ക്രോഡീകരിക്കപ്പെട്ടതല്ല മക്കാജീവിത ചരിത്രം എന്നതാണ് അതിന്റെ കാരണം. അതിനാല്‍, മക്കീസൂറത്തുകളുടെ പശ്ചാത്തല നിര്‍ണയത്തില്‍ നമുക്ക് ചരിത്ര സാക്ഷ്യങ്ങളില്ല, ആന്തരിക സൂചനകളാണ് മിക്കവാറും ആസ്പദം. അതായത്, വിവിധ സൂറത്തുകളുടെ ഉള്ളടക്കങ്ങളിലും പ്രതിപാദ്യങ്ങളിലും പ്രതിപാദനരീതിയിലും അതതിന്റെ പശ്ചാത്തലങ്ങളിലേക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയ സൂചനകള്‍ കാണാവുന്നതാണ്. ഈ ആന്തരിക സാക്ഷ്യങ്ങളെ ആധാരമാക്കിയാണ് നാം മക്കീസൂറത്തുകള്‍ക്ക് കാലനിര്‍ണയം ചെയ്യുന്നത്. എന്നാല്‍, ഒരു കാര്യം വ്യക്തമാണ്: ഇത്തരം ആന്തരിക സാക്ഷ്യങ്ങളുടെ സഹായത്തോടെ, ഇന്ന സൂറത്ത്, അഥവാ ആയത്ത്, ഇന്ന കൊല്ലം, ഇന്ന തീയതിക്ക്, ഇന്ന സന്ദര്‍ഭത്തില്‍ അവതരിച്ചിട്ടുള്ളതാണെന്ന് നമുക്ക് കൃത്യമായി നിര്‍ണയിക്കുക സാധ്യമല്ല. പരമാവധി ശരിയായി ചെയ്യാവുന്നത് ഇതുമാത്രമാണ്: മക്കീ സൂറത്തുകളുടെ ആന്തരിക സാക്ഷ്യങ്ങളേയും തിരുമേനിയുടെ മക്കാജീവിത ചരിത്രത്തേയും അഭിമുഖമായിവെച്ച് പരസ്പരം തട്ടിച്ചുനോക്കി ഏത് അധ്യായം ഏത് കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് നിര്‍ണയിക്കുക. ഈ നിരീക്ഷണ രീതി മനസ്സില്‍വെച്ച് നബി(സ)യുടെ മക്കാജീവിതത്തെ പരിശോധിക്കുമ്പോള്‍ അതു പ്രബോധനദൃഷ്ട്യാ നാലു പ്രധാന ഘട്ടങ്ങളായി കാണാവുന്നതാണ്. ഒന്നാം ഘട്ടം: പ്രവാചകത്വത്തിന്റെ പ്രാരംഭം മുതല്‍ പരസ്യമായ പ്രവാചകത്വപ്രഖ്യാപനം വരെയുള്ള, ഉദ്ദേശം മൂന്നു കൊല്ലം. ഈ ഘട്ടത്തില്‍ തിരുമേനി രഹസ്യമായി പ്രത്യേകം പ്രത്യേകം വ്യക്തികളെ തിരഞ്ഞുപിടിച്ചാണ് പ്രബോധനം നടത്തിയിരുന്നത്. മക്കാ നിവാസികള്‍ പൊതുവില്‍ അതറിഞ്ഞിരുന്നില്ല. രണ്ടാം ഘട്ടം: പ്രവാചകത്വപ്രഖ്യാപനം മുതല്‍ പരീക്ഷണത്തിന്റെയും മര്‍ദനപീഡനങ്ങളുടേയും (Persecution) ആരംഭം വരെയുള്ള ഏതാണ്ടു രണ്ടു വര്‍ഷം. ഈ ഘട്ടത്തില്‍ എതിര്‍പ്പിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അങ്ങനെ അതു പ്രതിരോധത്തിന്റെ രൂപം സ്വീകരിച്ചു. അവസാനം പരിഹാസം, അവഹേളനം, ദുരാരോപണം, ശകാരം, കള്ളപ്രചാരണം, ശത്രുതാപരമായ ഗ്രൂപ്പ്പിടിത്തം എന്നതു വരെ എത്തി. ഒടുവില്‍ താരതമ്യേന കൂടുതല്‍ പാവങ്ങളും നിരാലംബരും ദുര്‍ബലരുമായ മുസ്‌ലിംകളുടെ നേര്‍ക്ക് കൈയേറ്റങ്ങള്‍തന്നെ ആരംഭിച്ചു. മൂന്നാം ഘട്ടം: മര്‍ദന ഘട്ടം (നുബുവ്വത്തിന്റെ അഞ്ചാം കൊല്ലം) മുതല്‍ അബൂത്വാലിബിന്റെയുംN6 ഹ. ഖദീജ(റ)N325യുടെയും വിയോഗം (നുബുവ്വത്തിന്റെ പത്താം വര്‍ഷം) വരെയുള്ള കാലഘട്ടം. ഇതേതാണ്ട് അഞ്ചു വര്‍ഷമായിരുന്നു. ഈ കാലഘട്ടത്തില്‍ എതിര്‍പ്പുകളും ഹിംസകളും കൂടുതല്‍ തീക്ഷ്ണത പ്രാപിച്ചുകൊണ്ടിരുന്നു. മക്കയിലെ അവിശ്വാസികളുടെ മര്‍ദനം സഹിയാഞ്ഞ് ഒട്ടനേകം മുസ്‌ലിംകള്‍ നാടുവിട്ട് അബിസീനിയN1335യിലേക്ക് ഹിജ്‌റപോയി. അവശേഷിച്ച മുസ്‌ലിംകളോടും പ്രവാചകനോടും കുടുംബത്തോടും ശത്രുക്കള്‍ സാമ്പത്തികോപരോധവും സാമൂഹിക നിസ്സഹകരണവും സ്വീകരിച്ചതു നിമിത്തം അവിടന്ന് ബന്ധുമിത്രസമേതം 'ശിഅ്ബു അബീത്വാലിബി'ല്‍N945 ചെന്നു താമസിക്കേണ്ടിവന്നു. നാലാം ഘട്ടം: നുബുവ്വത്തിന്റെ പത്താം വര്‍ഷം മുതല്‍ പതിമൂന്നാം വര്‍ഷം വരെയുള്ള മൂന്നുകൊല്ലം തിരുമേനിക്കും സഖാക്കള്‍ക്കും ആത്യന്തികമായ ക്രൗര്യവും ഹിംസയും സഹിക്കേണ്ടിവന്നത് ഈ ഘട്ടത്തിലാണ്. തിരുമേനിക്ക് മക്കാജീവിതം ദുര്‍ഭരമായിത്തീര്‍ന്നു. ത്വാഇഫില്‍N481 പോയിനോക്കിയെങ്കിലും അവിടെയും അഭയം കിട്ടിയില്ല. ഹജ്ജുകാലത്ത് അറേബ്യയിലെ ഓരോ ഗോത്രക്കാരെയും സമീപിച്ചു തന്റെ പ്രബോധനം സ്വീകരിപ്പാന്‍ തിരുമേനി അപേക്ഷിച്ചു. എന്നാല്‍, എല്ലാഭാഗത്തുനിന്നും 'തിക്തമായ മറുപടി'യാണ് ലഭിച്ചത്. മക്കക്കാരാകട്ടെ, തിരുമേനിയെ വധിക്കാന്‍ അഥവാ ബന്ധനസ്ഥനാക്കാന്‍, അല്ലെങ്കില്‍ നാടുകടത്താന്‍ അടിക്കടി ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. അവസാനം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അന്‍സ്വാറുകള്‍ ഹൃദയംതുറന്ന് ഇസ്‌ലാമിനെ ആശ്ലേഷിച്ചു. അവരുടെ ക്ഷണമനുസരിച്ചു തിരുമേനി മദീനയിലേക്ക് പലായനം ചെയ്കയുമുണ്ടായി. ഈ ഓരോ ഘട്ടത്തില്‍ അവതരിച്ചിട്ടുള്ള സൂറത്തുകളുടെ ഉള്ളടക്കങ്ങള്‍ക്കും പ്രതിപാദനരീതിക്കും ഇതര ഘട്ടങ്ങളിലവതരിച്ച സൂറത്തുകളുമായി അന്തരമുണ്ട്. അതതു ഘട്ടങ്ങളില്‍ അവതരിച്ച സൂറത്തുകളില്‍ പശ്ചാത്തല പരിതോവസ്ഥകളിലേക്കും സംഭവഗതികളിലേക്കും വെളിച്ചംവീശുന്ന ധാരാളം സൂചനകളുണ്ട്. ഓരോ ഘട്ടത്തിന്റേയും സവിശേഷതകളുടെ പ്രതിഫലനം ആ ഘട്ടത്തില്‍ അവതരിച്ച വചനങ്ങളില്‍ വളരെയേറെ പ്രകടമായി കാണാവുന്നതാണ്. ഇതേ സൂചനകളെ ആസ്പദമാക്കിയാണ്, ഓരോ മക്കീസൂറത്തിന്റെയും ആമുഖത്തില്‍ അത് ഇന്ന ഘട്ടത്തില്‍ അവതരിച്ചതാണെന്നു നാം വിവരിക്കാന്‍ പോവുന്നത്.

Source: www.thafheem.net