VERSES
55
PAGES
528-531

നാമം

وَانشَقَّ الْقَمَرُ എന്ന പ്രഥമവാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടത്. ഖമര്‍ എന്ന പദമുള്ള സൂറ എന്ന് താല്‍പര്യം.


അവതരണകാലം

ഇതില്‍ പരാമര്‍ശിക്കുന്ന ചന്ദ്രഭേദന സംഭവത്തില്‍നിന്ന് ഇതിന്റെ അവതരണകാലം നിര്‍ണിതമാകുന്നു. ഈ സംഭവം അരങ്ങേറിയത് ഹിജ്‌റക്ക് ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പ് വിശുദ്ധ മക്കയിലെ മിനാN736 എന്ന സ്ഥലത്തായിരുന്നുവെന്ന കാര്യത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.


ഉള്ളടക്കം

ഇതില്‍ മക്കാവാസികള്‍ പ്രവാചക സന്ദേശത്തോടനുവര്‍ത്തിച്ച ധിക്കാരത്തെക്കുറിച്ച് താക്കീതുചെയ്തിരിക്കുകയാണ്. ചന്ദ്രന്‍ പിളര്‍ന്ന അദ്ഭുതസംഭവം, പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കുന്ന അന്ത്യനാള്‍ സമാഗതമാവുകതന്നെ ചെയ്യുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാകുന്നു. അതിന്റെ സമയം അടുത്തുകൊണ്ടിരിക്കുകയാണ്. ഗംഭീരമായ ചന്ദ്രഗോളം അവരുടെ കണ്‍മുമ്പില്‍ രണ്ടായിപ്പിളര്‍ന്നു. അതിന്റെ ഒരു തുണ്ടം പര്‍വതത്തിന്റെ ഒരറ്റത്തും മറ്റേ തുണ്ടം മറ്റേ അറ്റത്തുമായി കാഴ്ചക്കാര്‍ക്ക് കാണാന്‍ കഴിഞ്ഞു. പിന്നീട് ഈ രണ്ടു തുണ്ടങ്ങളും കൂടിച്ചേര്‍ന്നൊന്നായി. പ്രപഞ്ച വ്യവസ്ഥ ശാശ്വതമോ അനശ്വരമോ അല്ല എന്നും അത് താറുമാറായിപ്പോകുമെന്നും ഈ സംഭവം സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. മഹാഗോളങ്ങളും ഗ്രഹങ്ങളും പിളര്‍ന്നുപോകാം. ഉതിര്‍ന്നുവീഴാം. പരസ്പരം കൂട്ടിമുട്ടാം. ഇതെല്ലാം കൂടി ഒന്നിച്ചും സംഭവിക്കാം. അങ്ങനെയൊരു ചിത്രമാണ് അന്ത്യനാളിനെ വര്‍ണിച്ചുകൊണ്ട് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. എന്നു മാത്രമല്ല, പ്രപഞ്ച വ്യവസ്ഥയുടെ തകര്‍ച്ചക്കു നാന്ദികുറിച്ചു കഴിഞ്ഞുവെന്നും അന്ത്യനാളിന്റെ സമയം അടുത്തിരിക്കുന്നുവെന്നും കൂടി അത് സൂചിപ്പിക്കുന്നുണ്ട്. ഈ നിലപാടിലൂടെയാണ് ഈ സംഭവത്തെ നിരീക്ഷിക്കാന്‍ നബി(സ) ജനങ്ങളോടുദ്‌ബോധിപ്പിച്ചിരിക്കുന്നത്. പക്ഷേ, സത്യനിഷേധികള്‍ ഇതിനെ ആഭിചാരകൃത്യമായി എണ്ണുകയും നിഷേധത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുകയായിരുന്നു. ഈ ധിക്കാരത്തിന്റെ പേരില്‍ അവരെ ആക്ഷേപിക്കുകയാണ് ഈ സൂറയില്‍. വചനമാരംഭിച്ചുകൊണ്ടരുളുന്നു: ഇക്കൂട്ടര്‍ മനസ്സിലാക്കിക്കൊടുക്കുന്നത് അംഗീകരിക്കുന്നില്ല. ചരിത്രത്തില്‍നിന്ന് പാഠം പഠിക്കുന്നില്ല. ദൃഷ്ടാന്തങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് നേരില്‍ കണ്ടാലും വിശ്വസിക്കുന്നില്ല. അന്ത്യനാള്‍ യഥാര്‍ഥത്തില്‍ നിലവില്‍വരുകയും അവര്‍ ഖബ്‌റുകളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വിചാരണാസഭയിലേക്ക് ഓടുകയും ചെയ്യുമ്പോഴായിരിക്കും ഇനിയവര്‍ വിശ്വസിക്കുക. അനന്തരം നൂഹ്ജനത, ആദ്‌വര്‍ഗം, സമൂദ്‌വര്‍ഗം, ലൂത്വ് ജനത, ഫറവോന്‍ പ്രഭൃതികള്‍ എന്നിവരുടെ ചരിത്രം സംക്ഷിപ്തവാക്കുകളില്‍ അനുസ്മരിച്ചുകൊണ്ട്, ദൈവനിയുക്തരായ പ്രവാചകവര്യന്മാരുടെ താക്കീതുകളെ തള്ളിക്കളഞ്ഞതുമൂലം ഈ സമുദായങ്ങളെല്ലാം എന്തുമാത്രം വേദനാജനകമായ ശിക്ഷയാണ് അനുഭവിക്കേണ്ടിവന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഓരോ സമൂഹത്തിന്റെയും കഥ പറഞ്ഞശേഷം ഇപ്രകാരം ആവര്‍ത്തിച്ചുറപ്പിക്കുന്നുമുണ്ട്: ഉദ്‌ബോധനത്തിന്റെ ലളിതമായ രീതിയാണ് ഈ ഖുര്‍ആന്‍. ആരെങ്കിലും ഇതില്‍നിന്നു പാഠമുള്‍ക്കൊണ്ട് സന്‍മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് മുന്‍പറഞ്ഞ സമുദായങ്ങള്‍ക്കുണ്ടായ ശിക്ഷയുടെ ദുര്‍ഗതി വരുകയില്ല. ഈ ലളിതമായ ഉദ്‌ബോധനങ്ങള്‍ സ്വീകരിക്കുന്നതിനുപകരം ശിക്ഷ വന്നെത്താതെ വിശ്വസിക്കുകയില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് എന്തുമാത്രം വലിയ മൗഢ്യമാണ്! ഇതേപ്രകാരം, പൂര്‍വസമുദായങ്ങളുടെ ചരിത്രത്തില്‍നിന്ന് സാരഗര്‍ഭമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മക്കയിലെ നിഷേധികളെ അഭിമുഖീകരിച്ചുകൊണ്ടരുളുന്നു: ഏതൊരു കര്‍മരീതിയുടെ പേരിലാണോ ഇതര ജനവിഭാഗങ്ങള്‍ ശിക്ഷിക്കപ്പെട്ടത്, അതേ കര്‍മരീതി നിങ്ങള്‍ അനുവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് വിചാരിക്കുന്നതെന്തുകൊണ്ടാണ്? മറ്റുള്ളവരോടുള്ള സമീപനം നിങ്ങളോടുണ്ടാവാതിരിക്കാന്‍ നിങ്ങള്‍ക്ക് സവിശേഷമായ വല്ല വരേണ്യതയുമുണ്ടോ? അതല്ലെങ്കില്‍, മറ്റുള്ളവര്‍ ചെയ്താല്‍ ശിക്ഷാര്‍ഹമാകുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താല്‍ ശിക്ഷിക്കപ്പെടുന്നതല്ലെന്ന് നിങ്ങള്‍ക്ക് വല്ല മാപ്പുരേഖയും എഴുതിത്തന്നിട്ടുണ്ടോ? നിങ്ങളുടെ ഈ സംഘബലത്തില്‍ നിഗളിക്കുകയാണ് നിങ്ങളെങ്കില്‍ നോക്കിക്കൊള്ളുക, അടുത്തുതന്നെ നിങ്ങളുടെ ഈ സംഘബലം തോറ്റു തുന്നംപാടുന്നതു കാണാം. അതിലേറെ നിഷ്ഠുരമായ സമീപനമായിരിക്കും അന്ത്യനാളില്‍ നിങ്ങളോടനുവര്‍ത്തിക്കപ്പെടുക. അവസാനമായി, അവിശ്വാസികളെ ഓര്‍മിപ്പിക്കുന്നു: അന്ത്യദിനം നടപ്പില്‍വരുത്താന്‍ അല്ലാഹുവിന് വിപുലമായ തയ്യാറെടുപ്പിന്റെയൊന്നും ആവശ്യമില്ല. സംഭവിക്കട്ടെ എന്ന് അവന്‍ കല്‍പിച്ചാല്‍ ഇമവെട്ടുമ്പോഴേക്കും അതു സംഭവിച്ചിട്ടുണ്ടാകും. എന്നാല്‍, മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ പ്രാപഞ്ചിക വ്യവസ്ഥയെക്കുറിച്ചും മനുഷ്യവംശത്തെക്കുറിച്ചും ചില അലംഘ്യമായ നിശ്ചയങ്ങളുണ്ട്. ആ നിശ്ചയമനുസരിച്ച് അതിനു നിര്‍ണയിക്കപ്പെട്ടിട്ടുള്ള സമയത്തു മാത്രമേ അതു നിലവില്‍വരൂ. ആരുടെയെങ്കിലും വെല്ലുവിളി നേരിടുന്നതിനുവേണ്ടി നിശ്ചിത സമയത്തിനുമുമ്പ് അന്ത്യനാള്‍ സംഭവിക്കുക എന്നതൊന്നും ഉണ്ടാവില്ല. അതിന്റെ ആഗമനം കാണാത്തതിന്റെ പേരില്‍ നിങ്ങള്‍ ധിക്കാരനയം സ്വീകരിച്ചാല്‍ സ്വന്തം കര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുകയാണുണ്ടാവുക. നിങ്ങളുടെ ദുഷ്‌ചെയ്തികളുടെ കഥകളെല്ലാം അല്ലാഹുവിന്റെ സമക്ഷത്തിങ്കല്‍ നിരന്നുകൊണ്ടേയിരിക്കുന്നുണ്ട്. നിങ്ങളുടെ വലുതോ ചെറുതോ ആയ ഒരു ചലനവും അതില്‍ സ്ഥിരപ്പെടാതെ ഒഴിഞ്ഞുപോയിട്ടില്ല.

Source: www.thafheem.net