VERSES
60
PAGES
520-523

നാമം

പ്രാരംഭപദമായ 'അദ്ദാരിയാത്ത്'തന്നെയാണ് സൂറയുടെ നാമമായി സ്വീകരിച്ചത്. അദ്ദാരിയാത്ത് എന്ന പദംകൊണ്ടാരംഭിക്കുന്ന അധ്യായം എന്ന് താല്‍പര്യം.


അവതരണകാലം

പ്രവാചക(സ)ന്റെ പ്രബോധനത്തിനു നേരെ നിഷേധവും പരിഹാസവും അപവാദ പ്രചാരണവും ഏറെ ശക്തിപ്പെട്ടതും എന്നാല്‍, അക്രമമര്‍ദനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്തതുമായ കാലയളവിലാണ് അധ്യായം അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍നിന്നും പ്രതിപാദനശൈലിയില്‍നിന്നും മനസ്സിലാകുന്നു. അതിനാല്‍, ഈ സൂറയും സൂറ ഖാഫ് അവതരിച്ച കാലത്തുതന്നെയാണവതരിച്ചതെന്നു കരുതാം.


ഉള്ളടക്കം

ഇതിലെ മുഖ്യഭാഗം പരലോകം എന്ന വിഷയമാണ് ചര്‍ച്ചചെയ്യുന്നത്. ഒടുവില്‍ ഏകദൈവത്വ സന്ദേശം അവതരിപ്പിച്ചിരിക്കുന്നു. അതോടൊപ്പം, പ്രവാചകസന്ദേശം സ്വീകരിക്കാതെ ജാഹിലിയ്യാ സങ്കല്‍പങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്, നേരത്തേ ആ നിലപാട് സ്വീകരിച്ച സമൂഹങ്ങള്‍ക്കൊക്കെ നാശകരമായിട്ടേയുള്ളൂ എന്ന് ജനങ്ങളെ താക്കീതും ചെയ്യുന്നു. പരലോകം സംബന്ധിച്ച് അദ്ദാരിയാത്തില്‍ അത്യന്തം സാരഗര്‍ഭമായ കൊച്ചുവാക്യങ്ങളിലൂടെ വിശദീകരിക്കുന്നതിതാണ്: മനുഷ്യജീവിതത്തിന്റെ പരിണതിയെയും പര്യവസാനത്തെയും കുറിച്ച് ആളുകള്‍ വെച്ചുപുലര്‍ത്തുന്ന ഭിന്നവിരുദ്ധങ്ങളായ വിശ്വാസപ്രമാണങ്ങള്‍തന്നെ സ്പഷ്ടമായി തെളിയിക്കുന്നുണ്ട്, അവയിലൊരു പ്രമാണവും ജ്ഞാനത്തിലധിഷ്ഠിതമല്ലെന്നും ഓരോരുത്തരും കേവല നിഗമനങ്ങള്‍ കരുപ്പിടിപ്പിച്ച് സ്വന്തം നിലക്ക് അവയെ വിശ്വാസപ്രമാണങ്ങളായി കൈക്കൊണ്ടിരിക്കുകയാണെന്നും. ചിലര്‍ മരണാനന്തരം ജീവിതമില്ലെന്നു കരുതുന്നു. ചിലരതംഗീകരിക്കുന്നുണ്ടെങ്കിലും പുനര്‍ജന്മസിദ്ധാന്തത്തിന്റെ രൂപത്തിലാണ് അംഗീകരിക്കുന്നത്. ചിലരാകട്ടെ, പാരത്രിക രക്ഷാശിക്ഷകളെ സമ്മതിക്കുന്നുവെങ്കിലും കര്‍മഫലത്തില്‍നിന്ന് മുക്തരാകുന്നതിന് പലവക താങ്ങുകളും തണലുകളും നിര്‍ദേശിക്കുന്നു. വീക്ഷണം തെറ്റിപ്പോയാല്‍ മനുഷ്യന്റെ ജീവിതം മുഴുവന്‍ അബദ്ധജടിലമാവുകയും അവന്റെ ഭാവി എന്നെന്നേക്കുമായി നശിക്കുകയും ചെയ്യാനിടയാകുന്ന ഇത്തരമൊരു അടിസ്ഥാനപ്രധാനമായ വിഷയത്തില്‍, ജ്ഞാനമില്ലാതെ വെറും നിഗമനങ്ങളെ ആസ്പദിച്ചു പ്രമാണങ്ങള്‍ ചമക്കുന്നത് മാരകമായ മൗഢ്യമാകുന്നു. ഭീമമായ തെറ്റിദ്ധാരണയില്‍ കുടുങ്ങി ജീവിതം മുഴുക്കെ അജ്ഞാനത്തിലും പ്രജ്ഞാശൂന്യതയിലും കഴിച്ചുകൂട്ടുകയും മരണാനന്തരം താന്‍ അഭിമുഖീകരിക്കാന്‍ ഒട്ടും തയ്യാറെടുത്തിട്ടില്ലാത്ത ബീഭത്സമായ സ്ഥിതിവിശേഷത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുകയും ചെയ്യുക എന്നാണതിനര്‍ഥം. ഇത്തരം വിഷയങ്ങളില്‍ ശരിയായ വീക്ഷണം കണ്ടെത്തുന്നതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. പരലോകം സംബന്ധിച്ച് ദൈവം അവന്റെ പ്രവാചകന്‍ മുഖേന നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുക. ആകാശഭൂമികളുടെ സംവിധാനത്തെയും സ്വന്തം അസ്തിത്വത്തെയും കണ്ണുതുറന്നു നോക്കി, പ്രവാചകന്‍ നല്‍കുന്ന അറിവുകളെ സാധൂകരിക്കുന്ന തെളിവുകള്‍ അവയിലെങ്ങും നിറഞ്ഞുകിടക്കുന്നില്ലേ എന്നു പരിശോധിക്കുക. ഇവ്വിഷയകമായി മഴയുടെയും കാറ്റിന്റെയും വ്യവസ്ഥ, ഭൂമിയുടെ ഘടന, അതിലെ സൃഷ്ടികളുടെ, മനുഷ്യന്റെ, ആകാശത്തിന്റെ ഒക്കെ സൃഷ്ടി, എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചത് തുടങ്ങിയ സംഗതികളെ പരലോകമുണ്ടെന്നതിന്റെ തെളിവുകളായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യചരിത്രത്തില്‍നിന്നുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രപഞ്ചഭരണത്തിന്റെ പ്രകൃതി എത്തരത്തില്‍ ഒരു പ്രതിഫല നിയമത്തെ താല്‍പര്യപ്പെടുന്നതായി കാണപ്പെടുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. അനന്തരം വളരെ സംക്ഷിപ്തമായി ഏകദൈവത്തിലേക്കു ക്ഷണിച്ചുകൊള്ളുന്നു: സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ചത് മറ്റുള്ളവര്‍ക്ക് അടിമപ്പെടുന്നതിനുവേണ്ടിയല്ല; നിങ്ങള്‍ അവന്ന് അടിമപ്പെടുന്നതിനുവേണ്ടിയാണ്. നിങ്ങളുടെ സഹായമില്ലാതെ ദിവ്യത്വം നിലനില്‍ക്കാത്തതും നിങ്ങളോട് അന്നം വാങ്ങുന്നതുമായ കൃത്രിമദൈവങ്ങളെപ്പോലെയല്ല അവന്‍. ആ ദൈവങ്ങളുടെ കൂടി അന്നദാതാവാണവന്‍. അവന്ന് മറ്റാരില്‍നിന്നും അന്നം വാങ്ങേണ്ട ആവശ്യമില്ല. അവന്റെ ദിവ്യത്വം സ്വബലത്താല്‍തന്നെയാണ് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഈ പ്രകൃതത്തില്‍ ഇതുകൂടി പറയുന്നുണ്ട്: എക്കാലത്തും പ്രവാചകവര്യന്മാര്‍ എതിര്‍ക്കപ്പെട്ടിട്ടുള്ളത് ബുദ്ധിപരമായ അടിത്തറയില്‍നിന്നല്ല; മറിച്ച്, അതൊക്കെയും വിദ്വേഷത്തിലും സത്യനിഷേധത്തിലും ജാഹിലിയ്യാ ദുരഭിമാനത്തിലും അധിഷ്ഠിതമായിരുന്നു. അതുതന്നെയാണ് ഇന്ന് മുഹമ്മദ് നബി(സ)യുടെ നേരെയും അനുവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും. ധിക്കാരഭാവമല്ലാതെ മറ്റൊന്നുമല്ല അതിന്റെ പ്രേരകം. തുടര്‍ന്ന് മുഹമ്മദ് നബി(സ)യോടു പറയുന്നു: ഈ ധിക്കാരികളെ സാരമാക്കാതെ താങ്കള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊള്ളുക. എന്തുകൊണ്ടെന്നാല്‍, അത് ഈ ആളുകള്‍ക്ക് പ്രയോജനപ്പെട്ടില്ലെങ്കിലും വിശ്വാസം കൈക്കൊണ്ടവര്‍ക്ക് പ്രയോജനപ്പെടും. ധിക്കാരത്തില്‍ ഉറച്ചുനില്‍ക്കുന്ന അക്രമിയുണ്ടല്ലോ, അവന്നു മുമ്പ് അവന്റെ നിലപാടനുവര്‍ത്തിച്ചവര്‍ അവരുടെ ശിക്ഷാവിഹിതം നേടിക്കഴിഞ്ഞിരിക്കുന്നു. അവന്റെ ശിക്ഷാവിഹിതവും ഒരുങ്ങിയിരിപ്പുണ്ട്.

Source: www.thafheem.net