VERSES
45
PAGES
518-520

നാമം

തുടക്കത്തില്‍ത്തന്നെയുള്ള ق (ഖാഫ്) എന്ന അക്ഷരംകൊണ്ട് ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. 'ഖാഫ്' എന്ന അക്ഷരംകൊണ്ട് തുടങ്ങുന്ന അധ്യായമെന്നാണതിന്റെ താല്‍പര്യം.


അവതരണകാലം

അവതരണകാലം കൃത്യമായി മനസ്സിലാക്കാന്‍ പ്രബല നിവേദനങ്ങളിലൂടെ സാധ്യമാകുന്നില്ല. എങ്കിലും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ സൂറ പ്രവാചകന്റെ മക്കാജീവിതത്തിന്റെ രണ്ടാം ഘട്ടമായ പ്രവാചകത്വത്തിന്റെ മൂന്നാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയുള്ള കാലത്താണവതരിച്ചതെന്ന് മനസ്സിലാക്കാം. ഈ ഘട്ടത്തിന്റെ സവിശേഷതകള്‍ നാം സൂറ അല്‍അന്‍ആമിന്റെ മുഖവുരയില്‍ വിശദീകരിച്ചിട്ടുണ്ട്. ആ സവിശേഷതകള്‍ അഭിവീക്ഷിച്ചുകൊണ്ട്, സൂറ ഖാഫ് പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടില്‍ നിഷേധികളുടെ എതിര്‍പ്പ് രൂക്ഷമായ, എന്നാല്‍ മര്‍ദനം തുടങ്ങിക്കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ അവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്.


ഉള്ളടക്കം

നബി(സ) മിക്ക പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഖാഫ് സൂറയാണ് പാരായണം ചെയ്തിരുന്നതെന്ന് പ്രബലമായ നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. പ്രവാചകന്റെ അയല്‍ക്കാരിയായിരുന്ന ഉമ്മുഹിശാം എന്ന മഹതി നിവേദനം ചെയ്യുന്നു: ''പ്രവാചകന്‍(സ) ജുമുഅ ഖുത്വുബകളില്‍ തിരുവായ്‌കൊണ്ട് പാരായണം ചെയ്യുന്നതു കേട്ടുകേട്ട് ഞാന്‍ സൂറ ഖാഫ് ഹൃദിസ്ഥമാക്കി.''H626 സ്വുബ്ഹ് നമസ്‌കാരത്തിലും പലപ്പോഴും തിരുമേനി ഖാഫ് സൂറ പാരായണം ചെയ്തിരുന്നതായി വേറെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തിരുമേനിയുടെ ദൃഷ്ടിയില്‍ ഖാഫ് സൂറക്ക് സവിശേഷ പ്രാധാന്യമുണ്ടായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹം അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. ഈ പ്രാധാന്യം എന്താണെന്ന് സൂറ ശ്രദ്ധിച്ചു വായിച്ചാല്‍ എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ. മുഴുവന്‍ സൂറയുടെയും വിഷയം പരലോകമാണ്. പ്രവാചകന്‍ മക്കയില്‍ പ്രബോധനം തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് ഏറെ അരോചകമായിത്തോന്നിയത്, മനുഷ്യന്‍ മരിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും കര്‍മങ്ങളെപ്രതി വിചാരണ ചെയ്യപ്പെടുമെന്നുമുള്ള അദ്ദേഹത്തിന്റെ സന്ദേശമായിരുന്നുവല്ലോ. ആളുകള്‍ പറഞ്ഞു: ഇതു വെറും വിടുവായത്തം! അതൊക്കെ നടക്കുക എന്നത് ബുദ്ധിക്ക് നിരക്കുന്നതല്ല. നമ്മുടെ കോശങ്ങളൊക്കെ മണ്ണില്‍ കലര്‍ന്ന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം ആ ചിതറിയ ഘടകങ്ങളെയെല്ലാം സമാഹരിച്ച് നമ്മുടെ ശരീരം സമൂലം പുനര്‍നിര്‍മിച്ച് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എങ്ങനെ സംഭവ്യമാകും? ഈ ചോദ്യത്തിന് മറുപടിയായിട്ടാണ് അല്ലാഹു ഈ പ്രഭാഷണം അവതരിപ്പിച്ചത്. ഇതില്‍ വളരെ സംക്ഷിപ്തമായ രീതിയില്‍ ചെറിയ ചെറിയ വാക്യങ്ങളിലൂടെ, ഒരുവശത്ത് പരലോകത്തിന്റെ സംഭവ്യതക്കും സാധുതക്കും തെളിവ് നല്‍കുകയും മറുവശത്ത് ജനങ്ങളേ, നിങ്ങള്‍ അദ്ഭുതം കൂറുകയോ, യുക്തിവിരുദ്ധമെന്ന് ഗണിക്കുകയോ നിഷേധിക്കുകയോ എന്തുചെയ്താലും ശരി, ആ യാഥാര്‍ഥ്യത്തെ മാറ്റുക സാധ്യമല്ല എന്ന് താക്കീതുചെയ്യുകയും ചെയ്യുന്നു. യാഥാര്‍ഥ്യം, അനിഷേധ്യമായ യാഥാര്‍ഥ്യം ഇതാകുന്നു: ഭൂമിയില്‍ ചിതറിപ്പോയ നിങ്ങളുടെ ശരീരത്തിന്റെ ഓരോരോ അണുക്കളും എവിടെയാണുള്ളതെന്നും ഏതവസ്ഥയിലാണുള്ളതെന്നും അല്ലാഹുവിന് നല്ലവണ്ണം അറിയാം. അല്ലാഹുവിന്റെ ഒരു സൂചന മാത്രമേ വേണ്ടൂ, ആ ചിതറിയ അണുക്കളെല്ലാം വീണ്ടും സംയോജിതമാകാനും നിങ്ങള്‍ ഇപ്പോഴുള്ള അതേ അവസ്ഥയില്‍ രൂപവത്കൃതമായി ഉയിര്‍ത്തെഴുന്നേല്‍ക്കാനും. അതിനാല്‍, ഇവിടെ കടിഞ്ഞാണില്ലാതെ അഴിച്ചുവിടപ്പെട്ടവരാണെന്നും ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ലെന്നുമുള്ള നിങ്ങളുടെ വിചാരമുണ്ടല്ലോ, അതൊരു തെറ്റിദ്ധാരണ മാത്രമാകുന്നു. നിങ്ങളുടെ ഓരോ വാക്കും പ്രവൃത്തിയും എന്നല്ല, മനസ്സിലൂടെ കടന്നുപോകുന്ന വിചാരംപോലും അല്ലാഹു നേരിട്ടുതന്നെ അറിയുന്നു എന്നതാണ് യാഥാര്‍ഥ്യം. കൂടാതെ അവന്റെ മലക്കുകള്‍ നിങ്ങളുടെ ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. ഒരുനാള്‍ നിങ്ങള്‍ക്ക് ഒരു വിളിയെത്തുമ്പോള്‍, മഴവീണ മണ്ണില്‍നിന്ന് വിത്തുകള്‍ മുളപൊട്ടി കിളിര്‍ത്തുവരുന്നതുപോലെ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റുവരും. ആ സമയത്ത്, ഇപ്പോള്‍ നിങ്ങളെ മൂടിയിരിക്കുന്ന വിസ്മൃതിയുടെ തിരശ്ശീല നീങ്ങിയിട്ടുണ്ടാകും. ഇന്ന് നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്നതെല്ലാം അപ്പോള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കാണും. ഈ ലോകത്ത് ഉത്തരവാദിത്വമില്ലാത്തവരായിരുന്നില്ലെന്നും മറിച്ച്, ഉത്തരവാദിത്വമുള്ളവരും സമാധാനം ബോധിപ്പിക്കേണ്ടവരുമായിരുന്നുവെന്നും ബോധ്യപ്പെടുകയും ചെയ്യും. ഇന്ന് കടങ്കഥകളായി തോന്നുന്ന രക്ഷാശിക്ഷകളും സ്വര്‍ഗനരകങ്ങളുമെല്ലാം അന്ന് നിങ്ങള്‍ക്ക് ദൃശ്യയാഥാര്‍ഥ്യങ്ങളായിത്തീരും. കരുണാമയനായ ദൈവത്തെ ഭയന്ന് സന്മാര്‍ഗത്തിലേക്ക് മടങ്ങിയവര്‍, ആരെപ്പറ്റി കേള്‍ക്കുമ്പോള്‍ ഇന്ന് നിങ്ങള്‍ അദ്ഭുതം കൂറുന്നുവോ അവര്‍, നിങ്ങളുടെ കണ്‍മുമ്പിലൂടെ സ്വര്‍ഗത്തിലേക്ക് ഗമിച്ചുകൊണ്ടിരിക്കുന്നതും അന്ന് നിങ്ങള്‍ നേരില്‍ കാണും.

Source: www.thafheem.net