VERSES
29
PAGES
511-515

നാമം

إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا എന്ന പ്രഥമ വാക്യത്തില്‍നിന്നുള്ളതാണ് ഈ അധ്യായനാമം. ഇത് വെറുമൊരു അധ്യായനാമമെന്നതില്‍ കവിഞ്ഞ്, ഈ അധ്യായത്തിന്റെ ഉള്ളടക്കം പരിഗണിച്ചുകൊണ്ടുള്ള ശീര്‍ഷകവും കൂടിയാകുന്നു. എന്തുകൊണ്ടെന്നാല്‍, ഇതില്‍ ഹുദൈബിയാസന്ധിN1525യുടെ രൂപത്തില്‍ നബി(സ)ക്കും മുസ്‌ലിംകള്‍ക്കും അല്ലാഹു നല്‍കിയ മഹത്തായ വിജയത്തെക്കുറിച്ച് പറയുന്നുണ്ട്.


അവതരണകാലം

തിരുമേനിയും ശിഷ്യന്‍മാരും മക്കയിലെ അവിശ്വാസികളുമായി ഹുദൈബിയാസന്ധിN1525യുണ്ടാക്കിയശേഷം മദീനയിലേക്ക് തിരിച്ചുപോരുമ്പോഴാണ് (ഹിജ്‌റ 6, ദുല്‍ഖഅ്ദ മാസം) ഈ അധ്യായമവതരിച്ചതെന്ന കാര്യത്തില്‍ നിവേദനങ്ങള്‍ ഏകോപിച്ചിരിക്കുന്നു.


ചരിത്രപശ്ചാത്തലം

ഈ സൂറയുടെ അവതരണമുള്‍പ്പെടെയുള്ള സംഭവപരമ്പരയുടെ തുടക്കം ഇപ്രകാരമായിരുന്നു: താനും ശിഷ്യന്‍മാരും മക്കയില്‍പോയി ഉംറ നിര്‍വഹിച്ചതായി ഒരുനാള്‍ നബി(സ)ക്ക് സ്വപ്നദര്‍ശനമുണ്ടായി. പ്രവാചകന്മാരുടെ സ്വപ്നം കേവല സ്വപ്നമോ ഭാവനയോ അല്ലല്ലോ. അത് ദിവ്യബോധനത്തിന്റെ പല രൂപങ്ങളിലൊന്നാണ്. ഈ സ്വപ്നം 'നാം നമ്മുടെ ദൂതനെ കാണിച്ചതാണെ'ന്ന് 27-ആം സൂക്തത്തില്‍ അല്ലാഹുതന്നെ പ്രമാണപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, അത് കേവല സ്വപ്നമായിരുന്നില്ല. ഒരു ദൈവിക സൂചനയായിരുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് തിരുമേനിയെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധവുമായിരുന്നു. വ്യക്തമായ കാരണങ്ങളാല്‍ ഈ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്ന ഒരു സാഹചര്യവും അന്നുണ്ടായിരുന്നില്ല. ഖുറൈശി നിഷേധികള്‍ കഴിഞ്ഞ ആറു കൊല്ലമായി ദൈവിക ഗേഹത്തിലേക്കുള്ള മാര്‍ഗം മുസ്‌ലിംകള്‍ക്ക് വിലക്കിവെച്ചിരിക്കുകയാണ്. ഈ കാലമത്രയും ഹജ്ജോ ഉംറയോ ചെയ്യാന്‍പോലും മുസ്‌ലിംകളെ ഹറമിന്റെ അതിര്‍ത്തിയോടടുക്കാന്‍ അവര്‍ സമ്മതിച്ചില്ല. ഈ സാഹചര്യത്തില്‍ നബി(സ) ഒരുസംഘം ശിഷ്യന്മാരോടൊപ്പം മക്കയില്‍ കടന്നുചെല്ലുമെന്ന് എങ്ങനെയാണ് പ്രതീക്ഷിക്കാനാവുക! ഉംറക്ക് ഇഹ്‌റാം ചെയ്തുകൊണ്ട് യുദ്ധസാമഗ്രികളുമായി പുറപ്പെടുന്നത് ഏതാണ്ട് യുദ്ധത്തിന് ക്ഷണിക്കുന്നതുപോലെയാണല്ലോ. നിരായുധരായി പോവുക എന്നതിന്റെ അര്‍ഥമാകട്ടെ, തന്നെയും തന്റെ ശിഷ്യന്മാരെയും ആപത്തില്‍ ചാടിക്കുക എന്നുമായിരുന്നു. ഈ അവസ്ഥയില്‍, അല്ലാഹുവിന്റെ നിര്‍ദേശം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് ആര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. പക്ഷേ, പ്രവാചകന്റെ ചുമതല, തന്റെ റബ്ബ് നല്‍കുന്ന വിധി എന്തുതന്നെയായിരുന്നാലും നിസ്സങ്കോചം അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണല്ലോ. അതുകൊണ്ട് നബി(സ) ഒട്ടും സംശയിച്ചുനില്‍ക്കാതെ തന്റെ സ്വപ്നവൃത്താന്തം സ്വഹാബികളെ അറിയിച്ചുകൊണ്ട് യാത്രക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. തങ്ങള്‍ ഉംറക്ക് പോവുകയാണെന്നും ഇഷ്ടമുള്ളവര്‍ക്ക് തങ്ങളോടൊപ്പം വരാവുന്നതാണെന്നും പരിസര ഗോത്രങ്ങളിലും വിളംബരം ചെയ്തു. ബാഹ്യമായ കാര്യകാരണങ്ങളില്‍ മാത്രം കണ്ണുനട്ടവര്‍, ഇക്കൂട്ടര്‍ മരണത്തിന്റെ വായിലേക്കാണ് പോകുന്നതെന്ന് കരുതി. അത്തരക്കാരിലാരുംതന്നെ തിരുമേനിയെ അനുഗമിക്കാന്‍ തയ്യാറായില്ല. എന്നാല്‍, അല്ലാഹുവിലും റസൂലിലും സത്യസന്ധമായി വിശ്വസിച്ചവരാകട്ടെ, ഈ യാത്രയുടെ പര്യവസാനം എന്തായിരിക്കുമെന്ന കാര്യം പ്രശ്‌നമാക്കിയതേയില്ല. അവരെ സംബന്ധിച്ചേടത്തോളം അത് അല്ലാഹുവിന്റെ നിര്‍ദേശമാണ് എന്നതും അവന്റെ ദൂതന്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നതും മാത്രം മതിയായിരുന്നു. അതിനുശേഷം, ദൈവദൂതനെ പിന്തുണക്കുന്നതില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന യാതൊന്നും ഉണ്ടായിരുന്നില്ല. 1400 സ്വഹാബികള്‍ റസൂലിനോടൊപ്പം ആ വിപല്‍ക്കരമായ യാത്രക്ക് സന്നദ്ധരായി. ഹിജ്‌റ ആറാം ആണ്ട് ദുല്‍ഖഅ്ദ മാസാരംഭത്തില്‍ ഈ അനുഗൃഹീത സംഘം മക്കയിലേക്ക് പുറപ്പെട്ടു. ദുല്‍ഹുലൈഫN531 (ഈ സ്ഥലം മദീനയില്‍നിന്ന് മക്കയുടെ ഭാഗത്ത് ഏതാണ്ട് ആറ് മൈല്‍ അകലെയാണ്. ഇപ്പോള്‍ ഇത് 'ബിഅ്‌റു അലി' എന്നാണറിയപ്പെടുന്നത്. മദീനയില്‍നിന്നുള്ള തീര്‍ഥാടകര്‍ ഇവിടെവെച്ചാണ് ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്യുക.)യിലെത്തിയപ്പോള്‍ എല്ലാവരും ഉംറക്ക് ഇഹ്‌റാം ചെയ്തു. ബലിക്കായി 70 ഒട്ടകങ്ങളും കൂടെയുണ്ടായിരുന്നു. അവയുടെ കഴുത്തില്‍ ബലിമൃഗത്തിന്റെ അടയാളമായ വടമിട്ടിരുന്നു. അവയുടെ ഭാണ്ഡങ്ങളില്‍ ഓരോ വാളും ഉണ്ടായിരുന്നു. അറബികളുടെ അംഗീകൃത നിയമമനുസരിച്ച് എല്ലാ ഹറം സന്ദര്‍ശകര്‍ക്കും അനുവദിക്കപ്പെട്ടതായിരുന്നു ഇത്. ഇതല്ലാതെ ഒരു യുദ്ധസാമഗ്രിയും അവര്‍ കൂടെ കരുതിയിരുന്നില്ല. അങ്ങനെ ഈ തീര്‍ഥാടകസംഘം 'ലബ്ബൈക്ക'N917 മുഴക്കിക്കൊണ്ട് ദൈവമന്ദിരത്തിലേക്ക് യാത്രയായി. ഈ സമയത്ത് മക്കയും മദീനയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവം അറേബ്യയിലെ കുട്ടികള്‍ക്കുവരെ നന്നായറിയാമായിരുന്നു. തൊട്ടു തലേവര്‍ഷം (ഹിജ്‌റ 5) ശവ്വാലില്‍പ്പോലും ഖുറൈശികള്‍ അറേബ്യന്‍ ഗോത്രങ്ങളുടെ സഖ്യശക്തിയോടൊപ്പം മദീനയെ ആക്രമിക്കുകയും അഹ്‌സാബ് യുദ്ധം എന്ന പ്രസിദ്ധമായ സംഘട്ടനം അരങ്ങേറുകയും ചെയ്തതാണ്. അതിനാല്‍, റസൂല്‍ തിരുമേനി(സ) ഇത്രയും വിപുലമായൊരു സംഘവുമായി, തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന ശത്രുക്കളുടെ അളയിലേക്ക് പുറപ്പെട്ടപ്പോള്‍ സര്‍വ അറബികളുടെയും ദൃഷ്ടികള്‍ ആ വിചിത്രയാത്രയില്‍ കേന്ദ്രീകരിച്ചു. ഈ സംഘം യുദ്ധംചെയ്യാനല്ല; പ്രത്യുത, യുദ്ധം നിഷിദ്ധമായ മാസത്തില്‍ ഇഹ്‌റാം ചെയ്തുകൊണ്ട്, ബലിമൃഗങ്ങളോടൊപ്പം ദൈവമന്ദിരം പ്രദക്ഷിണം ചെയ്യാന്‍, തികച്ചും നിരായുധരായിട്ടാണ് പോകുന്നതെന്നുംകൂടി അവര്‍ കണ്ടു. പ്രവാചകന്റെ ഈ ആഗമനം ഖുറൈശികളെ വലിയ പ്രതിസന്ധിയിലകപ്പെടുത്തി. ദുല്‍ഖഅ്ദ മാസം യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍പെട്ടതാണ്. നൂറ്റാണ്ടുകളായി അറബികള്‍ ഹജ്ജിനും മറ്റുമുള്ള പവിത്രമാസമായിട്ടാണതു കരുതിപ്പോരുന്നത്. പവിത്ര മാസങ്ങളില്‍ ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്തുവരുന്ന സംഘത്തെ തടയാന്‍ ആര്‍ക്കും അധികാരമില്ല. എത്രത്തോളമെന്നാല്‍, ഒരു ഗോത്രത്തിലൂടെ അവരുടെ ശത്രുക്കളാണ് ഇങ്ങനെ പോകുന്നതെങ്കില്‍പോലും അറബികളുടെ അംഗീകൃത നിയമമനുസരിച്ച് സ്വഗോത്രത്തിന്റെ പ്രദേശത്തിലൂടെ അവര്‍ കടന്നുപോകുന്നത് വിലക്കാന്‍ പാടില്ലായിരുന്നു. ഖുറൈശികളുടെ പ്രതിസന്ധി ഇതായിരുന്നു: നമ്മളിപ്പോള്‍ മദീനയില്‍നിന്നുള്ള ഈ സംഘത്തെ ആക്രമിച്ച് അവര്‍ മക്കയില്‍ കടക്കുന്നത് തടഞ്ഞാല്‍ അത് അറേബ്യയിലാകമാനം വമ്പിച്ച കോളിളക്കം സൃഷ്ടിച്ചേക്കും. അതു തികഞ്ഞ അതിക്രമമായിപ്പോയെന്നായിരിക്കും സകലരും വിളിച്ചുപറയുക. നമ്മള്‍ കഅ്ബയുടെ ഉടമകളായി മാറുകയാണെന്ന് എല്ലാ അറബികളും വിചാരിക്കും. ഭാവിയില്‍ വല്ലവരും ഹജ്ജോ ഉംറയോ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും നമ്മുടെ ഇഷ്ടത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് എല്ലാ ഗോത്രങ്ങളും ആശങ്കിക്കുകയും ചെയ്യും. ഇന്ന് നാം മദീനാ സംഘത്തെ വിലക്കുന്നതുപോലെ നമുക്കിഷ്ടമില്ലാത്തവരെയെല്ലാം നാം ദൈവമന്ദിരം സന്ദര്‍ശിക്കുന്നതില്‍നിന്നു വിലക്കുമെന്ന് അവര്‍ ധരിക്കും. അതാകട്ടെ, എല്ലാ അറബികളിലും നമ്മോട് നീരസം സൃഷ്ടിക്കുന്ന ഒരബദ്ധമായിത്തീരും. എന്നാല്‍, ഇത്ര വിപുലമായ സംഘവുമായി നമ്മുടെ പട്ടണത്തില്‍ സസുഖം പ്രവേശിക്കുന്നതിന് മുഹമ്മദി(സ)നെ അനുവദിച്ചാലോ, അത് നാട്ടിലാകെ നമുക്ക് നാണക്കേടുണ്ടാക്കുകയും ചെയ്യും. ആളുകള്‍ പറയും, നമ്മള്‍ മുഹമ്മദിനെ പേടിച്ചുപോയെന്ന്. ഒടുവില്‍ വളരെ കൂട്ടിക്കിഴിക്കലുകള്‍ നടത്തിയശേഷം അവരുടെ ജാഹിലീ ദുരഭിമാനംതന്നെ വിജയിച്ചു. എന്തു വിലകൊടുത്തും മുസ്‌ലിം സംഘത്തെ മക്കയില്‍ കടക്കാനനുവദിക്കാതെ മാനം രക്ഷിക്കണമെന്നുതന്നെ അവര്‍ തീരുമാനിച്ചു. റസൂല്‍(സ) ഒരു കഅ്ബ്‌ഗോത്രജനെ പൈലറ്റായി മുന്നാലെ അയച്ചിട്ടുണ്ടായിരുന്നു. ഖുറൈശികളുടെ ഉദ്ദേശ്യങ്ങളെയും നീക്കങ്ങളെയും കുറിച്ച് തക്കസമയത്ത് നബിയെ അറിയിക്കുന്നതിനുവേണ്ടിയായിരുന്നു അത്. തിരുമേനി (സ) ഉസ്ഫാനി( ഈ സ്ഥലം മദീനയില്‍നിന്ന് മക്കയിലേക്കുള്ള പാതയില്‍ മക്കയില്‍നിന്ന് ഏകദേശം രണ്ടു ദിവസത്തെ വഴിദൂരത്തില്‍ സ്ഥിതിചെയ്യുന്നു. (അതായത്, ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നവര്‍ ഇവിടെനിന്ന് മക്കയിലെത്താന്‍ രണ്ടു ദിവസമെടുക്കും.))ല്‍ എത്തിയപ്പോള്‍ അദ്ദേഹം വന്ന് ഇപ്രകാരം അറിയിച്ചു: ഖുറൈശികള്‍ പൂര്‍ണ സജ്ജരായി ദീത്വുവ( മക്കക്ക് പുറത്ത് ഉസ്ഫാനിലേക്കുള്ള വഴിയിലെ ഒരു സ്ഥലം.)യില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇരുനൂറു വാഹനങ്ങളടങ്ങിയ ഒരു സംഘവുമായി ഖാലിദുബ്‌നുല്‍ വലീദിനെN342 കുറാഉല്‍ ഗമീമി( ഉസ്ഫാനില്‍നിന്ന് എട്ടു നാഴിക അകലെ മക്കയുടെ ഭാഗത്ത്.)ലേക്ക് അയച്ചിരിക്കുന്നു; ആ വശത്ത് തിരുമേനിയുടെ മാര്‍ഗം തടയാന്‍. ഏതെങ്കിലും വിധേന തിരുമേനിയെയും കൂട്ടുകാരെയും ശല്യംചെയ്ത് പ്രകോപിതരാക്കുകയായിരുന്നു ഖുറൈശികളുടെ ലക്ഷ്യം. അനന്തരം യുദ്ധമുണ്ടാവുകയാണെങ്കില്‍ നാട്ടിലാകമാനം ഇപ്രകാരം പ്രചരിപ്പിക്കാമല്ലോ: ഇവര്‍ യഥാര്‍ഥത്തില്‍ യുദ്ധത്തിനു വന്നവരാണ്. ഉംറക്കുവേണ്ടി ഇഹ്‌റാം കെട്ടിയത് ആളുകളെ വഞ്ചിക്കാനുള്ള തട്ടിപ്പു മാത്രമായിരുന്നു. ഈ വിവരമറിഞ്ഞതും നബി (സ) പാത മാറ്റി. വളരെ ക്ലേശത്തോടെ ദുര്‍ഘടമായ ഒരു വഴിയിലൂടെ സഞ്ചരിച്ച് അവര്‍ ഹറമിന്റെ തൊട്ടതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഹുദൈബിയാ( ജിദ്ദയില്‍നിന്ന് മക്കയിലേക്കുള്ള പാതയില്‍ ഹറമിന്റെ അതിര്‍ത്തി തുടങ്ങുന്നിടത്താണ് ഈ സ്ഥലം. ഇന്നത് ശുമൈസി എന്നറിയപ്പെടുന്നു. മക്കയില്‍നിന്ന് ഇവിടേക്ക് ഏകദേശം 13 മൈല്‍ ദുരമുണ്ട്.)യിലെത്തി. ഇവിടെവെച്ച് ഖുസാഅ ഗോത്രത്തലവനായ ബുദൈലുബ്‌നു വര്‍ഖാഅ് തന്റെ ഗോത്രക്കാരായ കുറച്ചാളുകളെയും കൂട്ടി നബി(സ)യെ ചെന്നുകണ്ടു. അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ എന്തുദ്ദേശ്യത്തിലാണ് വന്നിരിക്കുന്നത്?'' തിരുമേനി പറഞ്ഞു: ''ഞങ്ങള്‍ ആരോടും യുദ്ധം ചെയ്യാന്‍ വന്നതല്ല. ദൈവികമന്ദിരം സന്ദര്‍ശിക്കുകയും പ്രദക്ഷിണം (ത്വവാഫ്) ചെയ്യുകയും മാത്രമാണ് ഞങ്ങളുടെ ആഗമനോദ്ദേശ്യം.'' അദ്ദേഹം ഇക്കാര്യം ഖുറൈശി നേതാക്കളുടെ അടുത്തുചെന്ന് പറയുകയും, ആ തീര്‍ഥാടകര്‍ക്ക് ഹറം വിലക്കരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പക്ഷേ, ഖുറൈശികള്‍ അവരുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അവര്‍ തിരുമേനിയെ മടങ്ങിപ്പോകാന്‍ സമ്മതിപ്പിക്കുന്നതിന് അഹാബീശ് ഗോത്രങ്ങ( മക്കയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിച്ചിരുന്ന ഏതാനും ഗോത്രങ്ങളുടെ സമുച്ചയമാണിത്. ഇവര്‍ക്ക് ഖുറൈശികളുമായി സഖ്യബന്ധങ്ങളുണ്ടായിരുന്നു.)ളുടെ നേതാവായ ഹുലൈസുബ്‌നു അല്‍ഖമയെ മദീനാസംഘത്തിന്റെ അടുത്തേക്കയച്ചു. മുഹമ്മദ് (സ) അദ്ദേഹത്തിന്റെ വാക്ക് കേട്ടില്ലെങ്കില്‍ അദ്ദേഹം മുഹമ്മദില്‍ (സ) അതൃപ്തനാവുകയും അങ്ങനെ അഹാബീശ് ഗോത്രങ്ങളുടെ ശക്തി പൂര്‍ണമായി തങ്ങളുടെ പക്ഷത്ത് ചേരുകയും ചെയ്യുമെന്നായിരുന്നു ഖുറൈശികളുടെ മനസ്സിലിരിപ്പ്. എന്നാല്‍, അദ്ദേഹം വന്നുനോക്കിയപ്പോള്‍ മദീനാസംഘം മുഴുവന്‍ ഇഹ്‌റാമില്‍ പ്രവേശിച്ചതായി നേരില്‍ കണ്ടു. കഴുത്തില്‍ വടമിട്ട ബലിയൊട്ടകങ്ങളും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇവര്‍ യുദ്ധത്തിനു വന്നവരല്ലെന്നും ദൈവമന്ദിരം പ്രദക്ഷിണം ചെയ്യാനെത്തിയവരാണെന്നും അദ്ദേഹത്തിനു ബോധ്യമായി. തിരുമേനിയോട് ഒന്നും സംസാരിക്കാതെ മക്കയിലേക്ക് തിരിച്ചുപോയ അദ്ദേഹം ഖുറൈശികളോട് അസന്ദിഗ്ധമായി പറഞ്ഞു: അവര്‍ ദൈവമന്ദിരത്തിന്റെ പവിത്രത മാനിച്ചുകൊണ്ട് തീര്‍ഥാടനത്തിനെത്തിയിരിക്കുകയാണ്. നിങ്ങളവരെ തടയുകയാണെങ്കില്‍ അഹാബീശ് ഗോത്രങ്ങള്‍ നിങ്ങളെ പിന്തുണക്കുന്നതല്ല. ഞങ്ങള്‍ നിങ്ങളുടെ സഖ്യകക്ഷികളായിട്ടുള്ളത് നിങ്ങള്‍ പവിത്രതകളെ ചവിട്ടിമെതിക്കാനും അതില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാനുമല്ല. അനന്തരം ഖുറൈശികളുടെ ഭാഗത്തുനിന്ന് ഉര്‍വതുബ്‌നു മസ്ഊദിസ്സഖഫി മുസ്‌ലിംകളുടെ അടുത്തുവന്നു. തന്റെ കേമത്തം ബോധ്യപ്പെടുത്തി തിരുമേനിയെ മക്കയില്‍ പ്രവേശിക്കാനുള്ള ഉദ്ദേശ്യത്തില്‍നിന്ന് പിന്തിരിപ്പിക്കണമെന്നായിരുന്നു അയാളുടെ മോഹം. പക്ഷേ, ഖുസാഅ ഗോത്രത്തലവനു നല്‍കിയ മറുപടിതന്നെയാണ് തിരുമേനി അയാള്‍ക്കും നല്‍കിയത്. അതായത്, തങ്ങള്‍ യുദ്ധത്തിനു വന്നതല്ലെന്നും ദൈവമന്ദിരത്തെ ആദരിച്ചുകൊണ്ട് ഒരു മതകര്‍മം ചെയ്യാനെത്തിയതാണെന്നും. ഉര്‍വ തിരിച്ചുചെന്ന് ഖുറൈശികളോട് പറഞ്ഞു: ''ഞാന്‍ സീസറിന്റെയും കിസ്‌റാN305യുടെയും നജ്ജാശിN560യുടെയും രാജധാനികളില്‍ ചെന്നിട്ടുണ്ട്. എന്നാല്‍, ദൈവത്താണ, മുഹമ്മദി(സ)ന്റെ അനുയായികള്‍ അയാള്‍ക്കുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധരായിട്ടുള്ളതുപോലുള്ള ദൃശ്യം വലിയ വലിയ രാജാക്കന്മാരുടെ സന്നിധികളില്‍പോലും കണ്ടിട്ടില്ല. മുഹമ്മദ് വുദൂചെയ്യുകയാണെങ്കില്‍ അതിലൊരുതുള്ളി വെള്ളംപോലും നിലത്തുവീഴാനനുവദിക്കാതെ അവരെല്ലാം അത് സ്വന്തം ശരീരങ്ങളിലും വസ്ത്രങ്ങളിലും പിടിക്കുന്നു എന്നതാണ് അവരുടെ അവസ്ഥ. ഇനി നിങ്ങളൊന്ന് ആലോചിച്ചുനോക്കുക, ആരോടാണ് നിങ്ങള്‍ക്ക് നേരിടേണ്ടതെന്ന്!'' പ്രതിനിധികളുടെ പോക്കുവരവും ആശയവിനിമയവും തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ രഹസ്യമായി പ്രവാചകന്റെ താവളത്തെ ആക്രമിക്കാനും അങ്ങനെ സ്വഹാബികളെ പ്രകോപിതരാക്കി യുദ്ധത്തിനവസരം സൃഷ്ടിക്കുന്ന എന്തെങ്കിലുമൊരെടുത്തുചാട്ടം അവരില്‍നിന്നുളവാക്കാനും ഖുറൈശികള്‍ ആവര്‍ത്തിച്ചു ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, സ്വഹാബത്തിന്റെ അച്ചടക്കവും ആത്മനിയന്ത്രണവും പ്രവാചകന്റെ യുക്തിബോധവും തന്ത്രജ്ഞതയുംമൂലം ഓരോ വട്ടവും അവരുടെ കുതന്ത്രങ്ങളെല്ലാം നിഷ്ഫലമായി. ഒരിക്കല്‍ അവരിലെ നാല്‍പത്-അമ്പത് ആളുകള്‍ രാത്രികാലത്ത് പതുങ്ങിവന്ന് മുസ്‌ലിം താവളത്തിനുനേരെ കല്ലും ശരങ്ങളുമെറിയാന്‍ തുടങ്ങി. സ്വഹാബികള്‍ അവരെയെല്ലാം പിടികൂടി പ്രവാചകസന്നിധിയില്‍ ഹാജരാക്കി. തിരുമേനി അവരെയെല്ലാം വെറുതെവിടുകയാണുണ്ടായത്. ഒരവസരത്തില്‍ തന്‍ഈമി( മക്കക്കടുത്ത് ഹറമിന്റെ അതിര്‍ത്തിക്ക് പുറത്തുള്ള ഒരു സ്ഥലമാണിത്. മക്കാനിവാസികള്‍ സാധാരണയായി ഇവിടെനിന്ന് ഇഹ്‌റാം ചെയ്യുകയും പിന്നെ തിരിച്ചുപോയി ഉംറചെയ്യുകയും ചെയ്യുന്നു.)ന്റെ ഭാഗത്തുനിന്ന് എണ്‍പതുപേര്‍, സ്വുബ്ഹ് നമസ്‌കാരം നടക്കുന്ന നേരത്ത് വന്നെത്തുകയും മിന്നലാക്രമണം നടത്തുകയും ചെയ്തു. ഇവരും പിടിക്കപ്പെട്ടു. നബി (സ) അവരെയും വെറുതെവിട്ടയക്കുകയായിരുന്നു. ഈവിധത്തില്‍ ഖുറൈശികളുടെ തന്ത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പൊളിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ തിരുമേനി (സ) തന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധിയായി ഉസ്മാനെ(റ)N197 മക്കയിലേക്കയച്ചു. അദ്ദേഹം മുഖേന തിരുമേനി ഖുറൈശീതലവന്‍മാരെ അറിയിച്ചു: ''ഞങ്ങള്‍ യുദ്ധത്തിനു വന്നതല്ല, ബലിമൃഗങ്ങളുമായി കഅ്ബാ സന്ദര്‍ശനത്തിനു വന്നിരിക്കുകയാണ്. ത്വവാഫും ബലികര്‍മവും നടത്തി ഞങ്ങള്‍ തിരിച്ചുപൊയ്‌ക്കൊള്ളാം.'' പക്ഷേ, ഖുറൈശികള്‍ സമ്മതിച്ചില്ല. അവര്‍ ഉസ്മാനെ മക്കയില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ ഉസ്മാന്‍ (റ) കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പരന്നു. അദ്ദേഹം തിരിച്ചെത്താതിരുന്നതു കണ്ടപ്പോള്‍, പ്രചരിക്കപ്പെട്ട വാര്‍ത്ത സത്യമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുകയും ചെയ്തു. ഇനിയും സഹിച്ചിരിക്കാനാവില്ല. മക്കയില്‍ കടക്കുക എന്നത് മറ്റൊരു കാര്യം. അതിനുവേണ്ടി ബലപ്രയോഗം ഒരിക്കലും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ കാര്യം നയതന്ത്രപ്രതിനിധിയുടെ വധത്തോളം എത്തിയിരിക്കുകയാണ്. ഇനി മുസ്‌ലിംകള്‍ യുദ്ധത്തിന് തയ്യാറാവുകയല്ലാതെ ഗത്യന്തരമില്ല. ഈ സാഹചര്യത്തില്‍ നബി(സ) എല്ലാ അനുയായികളെയും വിളിച്ചുകൂട്ടിയിട്ട് ഇപ്രകാരം ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യിച്ചു: 'ഞങ്ങള്‍ അന്ത്യശ്വാസംവരെ പിന്തിരിയുകയില്ല.' സന്ദര്‍ഭത്തിന്റെ ഗൗരവം വീക്ഷിക്കുന്നവര്‍ക്ക് ഇതൊരു സാധാരണ ബൈഅത്തായിരുന്നില്ല എന്ന് എളുപ്പത്തില്‍ മനസ്സിലാകും. മുസ്‌ലിംകള്‍ 1400 പേര്‍ മാത്രമാണ്. ഒരുവക യുദ്ധസജ്ജീകരണവുമില്ലാതെയാണ് അവരെത്തിയിരിക്കുന്നത്; സ്വന്തം കേന്ദ്രത്തില്‍നിന്ന് 250 നാഴിക അകലെ, സര്‍വ സന്നാഹങ്ങളോടെ ആക്രമിക്കാനൊരുമ്പെട്ടുനില്‍ക്കുന്ന ശത്രുക്കളുള്ള മക്കയുടെ അതിര്‍ത്തിയിലാണവര്‍. പരിസരങ്ങളിലെ സഖ്യഗോത്രങ്ങളെക്കൂടി കൊണ്ടുവന്ന് തങ്ങളെ വലയംചെയ്യാനും അവര്‍ക്ക് കഴിയും. ഇങ്ങനെയൊക്കെയായിരുന്നിട്ടും ഒരാളൊഴിച്ച് സംഘം മുഴുവന്‍ നബി(സ)യോടൊപ്പം മരണംവരെ പോരാടാന്‍ പ്രതിജ്ഞയെടുത്ത് നിസ്സങ്കോചം തയ്യാറായിനിന്നു. അവരുടെ ഈമാനികമായ ആത്മാര്‍ഥതക്കും ദൈവമാര്‍ഗത്തിലുള്ള ആത്മാര്‍പ്പണത്തിനും ഇതിലും വലിയ തെളിവ് എന്തുണ്ട്! ഇതാണ് ഇസ്‌ലാമിക ചരിത്രത്തില്‍ 'ബൈഅത്തുര്‍രിദ്‌വാന്‍' എന്ന പേരില്‍ പ്രസിദ്ധമായ പ്രതിജ്ഞ. ഉസ്മാന്റെ(റ) വധവാര്‍ത്ത തെറ്റായിരുന്നുവെന്ന് പിന്നീട് അറിവായി. അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു. ഖുറൈശീപക്ഷത്തുനിന്ന് സുഹൈലുബ്‌നു അംറിന്റെN1028 നേതൃത്വത്തില്‍ ഒരു പ്രതിനിധിസംഘം സന്ധിസംഭാഷണത്തിനു വേണ്ടി പ്രവാചകന്റെ ക്യാമ്പിലെത്തി. ഇപ്പോള്‍ ഖുറൈശികള്‍ തിരുമേനിയെയും കൂട്ടുകാരെയും ഒരിക്കലും മക്കയില്‍ പ്രവേശിക്കാനേ അനുവദിക്കുകയില്ല എന്ന ശാഠ്യത്തില്‍നിന്ന് പിന്നോട്ടു പോന്നിരുന്നു. തങ്ങളുടെ മാനം രക്ഷിക്കാന്‍ വേണ്ടി ഇക്കൊല്ലം തിരുമേനിയും കൂട്ടരും തിരിച്ചുപോകണം. അടുത്തകൊല്ലം അവര്‍ക്ക് ഉംറക്കു വരാം എന്നുമാത്രമാണ് ഇപ്പോളവര്‍ ശഠിച്ചത്. സുദീര്‍ഘമായ സംവാദത്തിനു ശേഷം ഉണ്ടാക്കിയ സന്ധിപ്രമാണത്തിലെ വ്യവസ്ഥകള്‍ ഇവയായിരുന്നു 1. ഇക്കൊല്ലം മുതല്‍ ഇരുകക്ഷികളും തമ്മില്‍ ഒരു ദശവത്സരക്കാലത്തേക്ക് യുദ്ധം നിര്‍ത്തിവെക്കുന്നതാണ്. ഒരു കക്ഷിയും മറ്റേ കക്ഷിക്കെതിരില്‍ പരസ്യമായോ രഹസ്യമായോ ഒരു പ്രവര്‍ത്തനവും നടത്തുന്നതല്ല. 2. ഈ കാലത്ത് ഖുറൈശികളില്‍നിന്ന് വല്ലവരും അവരുടെ ഉടയവരുടെ സമ്മതമില്ലാതെ പലായനം ചെയ്ത് മുഹമ്മദിന്റെ അടുത്തേക്ക് വന്നാല്‍ അദ്ദേഹം അവരെ തിരിച്ചയക്കേണ്ടതാകുന്നു. എന്നാല്‍, മുഹമ്മദിന്റെ അനുയായികളില്‍ വല്ലവരും ഖുറൈശികളുടെ അടുത്തേക്ക് വന്നാല്‍ അവര്‍ അവരെ തിരിച്ചയക്കുന്നതല്ല. 3. അറേബ്യയിലെ ഏതൊരു ഗോത്രത്തിനും, ഈ കക്ഷികളിലൊന്നിന്റെ സഖ്യകക്ഷിയായി ഈ കരാറില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അപ്രകാരം ചെയ്യാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. 4. മുഹമ്മദ്(സ) ഈ വര്‍ഷം തിരിച്ചുപോകേണ്ടതാണ്. അടുത്ത വര്‍ഷം അദ്ദേഹത്തിന് ഉംറക്ക് വന്ന് മൂന്നുനാള്‍ മക്കയില്‍ തങ്ങാവുന്നതാകുന്നു. അപ്പോള്‍ ഓരോരുത്തരുടെയും ഭാണ്ഡത്തില്‍ ഓരോ വാള്‍ മാത്രമേ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. യുദ്ധോപകരണങ്ങളൊന്നും തന്നെ കൊണ്ടുവരാന്‍ പാടുള്ളതല്ല. അദ്ദേഹവും കൂട്ടരും മക്കയില്‍ തങ്ങുന്ന മൂന്നുനാളില്‍ മക്കാവാസികള്‍ പട്ടണം അവര്‍ക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുന്നതാണ് (ഏതെങ്കിലും വിധത്തിലുള്ള സംഘട്ടനത്തിന് ഇടയാകാതിരിക്കാന്‍). എന്നാല്‍, തിരിച്ചുപോകുമ്പോള്‍ അദ്ദേഹം ഇവിടെനിന്ന് ആരെയും കൂടെ കൊണ്ടുപോകാന്‍ പാടില്ല. ഈ സന്ധിവ്യവസ്ഥകള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ മുസ്‌ലിം താവളം ഒട്ടാകെ അസ്വസ്ഥമായി. ഏതെല്ലാം താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് നബി(സ) ഈ വ്യവസ്ഥകളൊക്കെ അംഗീകരിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. ആ സന്ധിയുടെ ഫലമായി ഉണ്ടാകാന്‍പോകുന്ന മഹത്തായ നേട്ടങ്ങള്‍ കാണാന്‍ മാത്രം ദൂരക്കാഴ്ചയുള്ള കണ്ണുകളായിരുന്നില്ല ആരുടേതും. ഖുറൈശികള്‍ ഇത് തങ്ങളുടെ ഒരു വന്‍ വിജയമായി കരുതി. മുസ്‌ലിംകളാവട്ടെ, ഒടുവില്‍ തങ്ങള്‍ ഖുറൈശി സമ്മര്‍ദത്തിനു വഴങ്ങി, ഈ അപമാനകരമായ വ്യവസ്ഥകള്‍ സ്വീകരിക്കേണ്ടിവന്നല്ലോ എന്നോര്‍ത്ത് വ്യഥിതരുമായി. ഉമറി(റ)N1512നെപ്പോലുള്ള ക്രാന്തദര്‍ശികളുടെപോലും അവസ്ഥയിതായിരുന്നു. അദ്ദേഹം പറയുന്നു: 'മുസ്‌ലിമായശേഷം എന്റെ മനസ്സിലൊരിക്കലും സന്ദേഹത്തിന് പഴുതുണ്ടായിട്ടില്ല. പക്ഷേ, ഈ സന്ദര്‍ഭത്തില്‍ എനിക്കുപോലും അതില്‍നിന്ന് സുരക്ഷിതനാവാനായില്ല.' അദ്ദേഹം അസ്വസ്ഥനായി അബൂബക്‌റിനെ(റ)N1314 സമീപിച്ചിട്ട് പറഞ്ഞു: 'അദ്ദേഹം ദൈവദൂതനല്ലേ? നമ്മള്‍ മുസ്‌ലിംകളല്ലേ? ഇക്കൂട്ടര്‍ വിഗ്രഹാരാധകരല്ലേ? എന്നിട്ടും നമ്മള്‍ സ്വന്തം ദീനിന്റെ കാര്യത്തില്‍ ഈ നിന്ദ്യത സ്വീകരിക്കുന്നതെന്തിനാണ്?' അബൂബക്ര്‍(റ) പ്രതികരിച്ചതിങ്ങനെയാണ്: 'ഉമറേ, അദ്ദേഹം ദൈവദൂതന്‍തന്നെയാണ്. ദൈവം ഒരിക്കലും അദ്ദേഹത്തെ കൈവെടിയുകയുമില്ല.' എന്നിട്ടും ഉമറിന്(റ) ക്ഷമ വന്നില്ല. അദ്ദേഹം ഇതേ ചോദ്യങ്ങള്‍ തിരുമേനിയോടുതന്നെയും ചെന്ന് ചോദിച്ചു. തിരുമേനിയും അബൂബക്ര്‍(റ) നല്‍കിയ മറുപടി തന്നെയാണ് കൊടുത്തത്. പില്‍ക്കാലത്ത് ഉമര്‍(റ), പ്രവാചകദൗത്യം സംബന്ധിച്ച് തന്നില്‍നിന്നുണ്ടായ അവിവേകം അല്ലാഹു മാപ്പാക്കുന്നതിനുവേണ്ടി വളരെക്കാലം സുന്നത്തു നമസ്‌കാരങ്ങളും ദാനധര്‍മങ്ങളും നിര്‍വഹിച്ചുകൊണ്ടിരുന്നു. ഈ കരാറിലെ രണ്ടു വ്യവസ്ഥകളാണ് ജനങ്ങളെ ഏറ്റവുമധികം വ്രണപ്പെടുത്തിയത്. രണ്ടാമത്തെ വ്യവസ്ഥയായിരുന്നു അതിലൊന്ന്. ഇത് തികച്ചും വിവേചനപരമായ ഉപാധിയായിപ്പോയെന്നാണ് അതേപ്പറ്റി ആളുകള്‍ പറഞ്ഞത്. മക്കയില്‍നിന്ന് മദീനയിലേക്ക് ഓടിപ്പോകുന്നവരെ മദീനക്കാര്‍ തിരിച്ചയക്കണം. മദീനയില്‍നിന്ന് മക്കയിലേക്ക് ഓടിപ്പോകുന്നവരെ മക്കക്കാര്‍ എന്തുകൊണ്ട് തിരിച്ചയക്കേണ്ട? ഇതേപറ്റി തിരുമേനി പറഞ്ഞു: ''നമ്മില്‍നിന്ന് അവരുടെ കൂട്ടത്തിലേക്ക് ഓടിപ്പോകുന്നവരെക്കൊണ്ട് നമുക്കെന്താണ് പ്രയോജനം? അല്ലാഹു അത്തരക്കാരെ നമ്മില്‍നിന്ന് അകറ്റിത്തന്നെ നിര്‍ത്തിക്കൊള്ളട്ടെ. അവരില്‍നിന്ന് നമ്മുടെ അടുത്തേക്ക് ഓടിവരുന്നവനെ നാം തിരിച്ചയച്ചാലും അവരുടെ മോചനത്തിന് അല്ലാഹു മറ്റെന്തെങ്കിലും മാര്‍ഗമുണ്ടാക്കുകതന്നെ ചെയ്യും.'' ജനങ്ങളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ച മറ്റൊരു കാര്യം നാലാമത്തെ വ്യവസ്ഥയായിരുന്നു. ഈ വ്യവസ്ഥ സ്വീകരിക്കുന്നതിനര്‍ഥം, മുഴുവന്‍ അറബികളുടെ മുമ്പിലും തങ്ങള്‍ വിഷണ്ണരായി തിരിച്ചുപോരുക എന്നായിരിക്കുമെന്നത്രേ മുസ്‌ലിംകള്‍ മനസ്സിലാക്കിയത്. കൂടാതെ തങ്ങള്‍ മക്കയില്‍ പോയി ത്വവാഫ് ചെയ്യുന്നതായിട്ടാണല്ലോ തിരുമേനിക്ക് സ്വപ്നദര്‍ശനം ഉണ്ടായത്; ഇപ്പോഴാകട്ടെ, തങ്ങള്‍ ത്വവാഫ് ചെയ്യാതെ തിരിച്ചുപോകാനുള്ള ഉപാധി സ്വീകരിക്കുകയാണ് എന്ന വിചാരവും അവരെ ചിന്താകുഴപ്പത്തിലാക്കി. തിരുമേനി ആളുകളോട് പറഞ്ഞു: ''ഈ വര്‍ഷംതന്നെ ത്വവാഫ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പറഞ്ഞിട്ടില്ല. സന്ധിവ്യവസ്ഥ പ്രകാരം ഈ വര്‍ഷമല്ല, അടുത്ത വര്‍ഷം-ഇന്‍ശാഅല്ലാഹ്- ത്വവാഫ് നടക്കുന്നതാണ്.'' സന്ധിവ്യവസ്ഥകള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ നടന്ന ഒരു സംഭവം എരിതീയില്‍ എണ്ണയൊഴിച്ച പ്രതീതിയുളവാക്കി. സുഹൈലുബ്‌നു അംറിന്റെത്തന്നെ പുത്രനായിരുന്ന അബൂജന്‍ദല്‍N34 നേരത്തേ മുസ്‌ലിമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ഖുറൈശികള്‍ അദ്ദേഹത്തെ മദീനയിലേക്കു പോകാനനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഈ അബൂജന്‍ദല്‍ എങ്ങനെയോ ഒളിച്ചോടി തിരുമേനിയുടെ ക്യാമ്പിലെത്തി. അദ്ദേഹത്തിന്റെ പാദങ്ങളില്‍ ചങ്ങലയുണ്ടായിരുന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളും. തന്നെ ഈ ബന്ധനത്തില്‍നിന്നു മുക്തനാക്കണമെന്ന് അബൂജന്‍ദല്‍ തിരുമേനിയോട് അപേക്ഷിച്ചു. ഈ അവസ്ഥ കണ്ട് സ്വഹാബത്തിന് നിയന്ത്രിക്കാന്‍ വയ്യെന്നായി. സുഹൈലുബ്‌നു അംറ് പറഞ്ഞു: 'കരാര്‍ പത്രം എഴുതി പൂര്‍ത്തിയായില്ലെങ്കിലും വ്യവസ്ഥകള്‍ നാം തമ്മില്‍ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഈ യുവാവിനെ എനിക്കേല്‍പിച്ചുതരേണം.' റസൂല്‍(സ) അയാളുടെ ന്യായവാദം സ്വീകരിക്കുകയും അബൂജന്‍ദലിനെ മര്‍ദകര്‍ക്കുതന്നെ തിരിച്ചേല്‍പിക്കുകയും ചെയ്തു. സന്ധിയില്‍ ഒപ്പുവെച്ചുകഴിഞ്ഞപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ഇനി ഇവിടെത്തന്നെ ബലി നടത്തി ശിരോമുണ്ഡനം ചെയ്ത് ഇഹ്‌റാമില്‍നിന്ന് വിരമിച്ചുകൊള്ളുക. പക്ഷേ, ആരും അനങ്ങിയില്ല. തിരുമേനി മൂന്നുവട്ടം കല്‍പന ആവര്‍ത്തിച്ചു. എന്നാല്‍, സ്വഹാബത്ത് അപ്പോള്‍ തങ്ങളുടെ സ്ഥാനത്തുനിന്ന് അനങ്ങാന്‍പോലും വയ്യാത്ത വിധം വേദനയിലും വ്യഥയിലും മനഃക്ലേശത്തിലും ആണ്ടുപോയിരിക്കുകയായിരുന്നു. തിരുമേനിയുടെ ദൗത്യകാലത്തെങ്ങും ഈയൊരു സന്ദര്‍ഭത്തിലല്ലാതെ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടായിട്ടില്ല. തിരുമേനി കല്‍പന നല്‍കിയാല്‍ ഉടനെ അത് പ്രാവര്‍ത്തികമാക്കാന്‍ സോല്‍സാഹം എഴുന്നേല്‍ക്കുകയായിരുന്നു അവരുടെ സമ്പ്രദായം. ഈ പുതിയ അനുഭവം തിരുമേനിക്ക് വലിയ ആഘാതമായി. അദ്ദേഹം സ്വന്തം ക്യാമ്പില്‍ ചെന്ന് ഉമ്മുല്‍മുഅ്മിനീന്‍ ഉമ്മുസലമN1468യുടെ മുമ്പില്‍ തന്റെ മനഃക്ലേശം തുറന്നുകാണിച്ചു. അവര്‍ ബോധിപ്പിച്ചു: 'അങ്ങ് നിശ്ശബ്ദനായി പോയിട്ട് സ്വന്തം ഒട്ടകത്തെ ബലിയറുക്കുകയും ക്ഷുരകനെ വിളിച്ച് ശിരസ്സ് വടിപ്പിക്കുകയും ചെയ്താലും. അതു കണ്ടാല്‍ ആളുകള്‍ സ്വയംതന്നെ അങ്ങയെ പിന്തുടര്‍ന്നുകൊള്ളും. എടുത്തുകഴിഞ്ഞ തീരുമാനങ്ങള്‍ക്ക് ഇനി മാറ്റമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യും.' തിരുമേനി(സ) അതുതന്നെ ചെയ്തു. കണ്ടുനിന്ന ജനങ്ങള്‍ തിരുമേനിയെ അനുകരിച്ച് ബലിനടത്തി, പിന്നെ മുടിമുറിച്ചും ക്ഷൗരം ചെയ്തും ഇഹ്‌റാമില്‍നിന്ന് മുക്തരായി. പക്ഷേ, അപ്പോഴും അവരുടെ മനസ്സ് വ്യഥയാല്‍ നീറുന്നുണ്ടായിരുന്നു. ഹുദൈബിയാസന്ധിN1525യെ തങ്ങള്‍ക്കേറ്റ മഹാപരാജയവും അപമാനവുമായി കരുതി മദീനയിലേക്കു തിരിച്ച യാത്രാസംഘം ദജ്‌നാന്‍ (മക്കയില്‍നിന്ന് ഏതാണ്ട് 25 മൈല്‍ അകലെയുള്ള സ്ഥലം.) (ചിലരുടെ അഭിപ്രായത്തില്‍ കുറാഉല്‍ ഗമീംN303) എന്ന സ്ഥലത്തെത്തിയപ്പോഴാണ്, നിങ്ങള്‍ പരാജയമായി കരുതുന്ന ഈ സന്ധി യഥാര്‍ഥത്തില്‍ മഹത്തായ വിജയമാണെന്ന് മുസ്‌ലിംകളോട് പ്രഖ്യാപിക്കുന്ന ഈ സൂറ അവതരിച്ചത്. ഇതവതരിച്ചപ്പോള്‍ തിരുമേനി(സ) മുസ്‌ലിംകളെ വിളിച്ചുകൂട്ടി ഇപ്രകാരം പറയുകയുണ്ടായി: ''ഇന്നെനിക്ക് ഈ ലോകത്തെയും അതിലുള്ള സകലത്തെയുംകാള്‍ വിലപ്പെട്ട ഒരു കാര്യം അവതീര്‍ണമായിരിക്കുന്നു.'' തുടര്‍ന്ന് അവിടുന്ന് ഈ സൂറ പാരായണം ചെയ്തു. തിരുമേനി ഉമറിനെ(റ) വിളിച്ച് അത് പ്രത്യേകം കേള്‍പ്പിക്കുകയുണ്ടായി. അദ്ദേഹമായിരുന്നുവല്ലോ ഏറ്റവുമധികം ദുഃഖിതനായിരുന്നത്. ഈ ദൈവിക വെളിപാട് കേട്ടതോടെ വിശ്വാസികള്‍ സമാധാനചിത്തരായി. അധികംതാമസിയാതെ പ്രസ്തുത സന്ധിയുടെ സദ്ഫലങ്ങള്‍ ഓരോന്നോരോന്നായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. അങ്ങനെ ഹുദൈബിയാസന്ധി തങ്ങളെ സംബന്ധിച്ചേടത്തോളം ഒരു മഹാവിജയമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും അവശേഷിക്കാതായി. 1. ഇതുവഴി പ്രഥമമായി അറേബ്യയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അസ്തിത്വം നിയമപരമായി അംഗീകരിക്കപ്പെട്ടു. അതിനുമുമ്പ് മുഹമ്മദ് നബിയും കൂട്ടുകാരും ഗണിക്കപ്പെട്ടിരുന്നത്, ഖുറൈശികള്‍ക്കും ഇതര അറബിഗോത്രങ്ങള്‍ക്കുമെതിരില്‍ പുറപ്പെട്ട ഒരു കൂട്ടം കലാപകാരികളും സമൂഹബഹിഷ്‌കൃതരും (Outlaw) ആയിട്ടായിരുന്നു. ഇപ്പോള്‍ ഖുറൈശികള്‍തന്നെ അവരുമായി സന്ധിയിലേര്‍പ്പെട്ടുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വസ്തുവഹകളില്‍ അവര്‍ക്കുള്ള അധികാരം സമ്മതിച്ചുകൊടുത്തിരിക്കുന്നു. ഈ രണ്ട് രാഷ്ട്രീയ ശക്തികളില്‍ (ഖുറൈശികളും മുസ്‌ലികളും) ഇഷ്ടമുള്ള ആരുമായും സഖ്യകരാറുകളുണ്ടാക്കാന്‍ ഇതര അറബിഗോത്രങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നു. 2. മുസ്‌ലിംകള്‍ക്ക് കഅ്ബാലയം സന്ദര്‍ശിക്കാനുള്ള അവകാശം അംഗീകരിക്കുക വഴി, ഇസ്‌ലാം ഒരു നിര്‍മതപ്രസ്ഥാനമല്ലെന്ന് ഖുറൈശികള്‍ സ്വയം സമ്മതിച്ചു. അതങ്ങനെയൊന്നാണെന്നായിരുന്നു അവരിതുവരെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അറബികളുടെ അംഗീകൃത മതങ്ങളിലൊന്നായും ഇസ്‌ലാം അംഗീകരിക്കപ്പെട്ടു. ഇതര അറബികളെപ്പോലെ ഇസ്‌ലാം മതക്കാര്‍ക്ക് ഹജ്ജും ഉംറയും ചെയ്യാന്‍ അവകാശം സിദ്ധിച്ചു. തന്‍മൂലം, ഖുറൈശികളുടെ എതിര്‍ പ്രചാരവേലകള്‍ അറബികളില്‍ സൃഷ്ടിച്ച ഇസ്‌ലാംവിരുദ്ധ മനോഭാവം ലഘൂകരിക്കപ്പെട്ടു. 3. പത്തുവര്‍ഷത്തേക്ക് യുദ്ധവിരാമക്കരാറുണ്ടാക്കിയതിനാല്‍ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമുണ്ടായി. അവര്‍ അറേബ്യയുടെ വിദൂരദിക്കുകളില്‍ ചെന്ന് ത്വരിതഗതിയില്‍ ഇസ്‌ലാമിക പ്രബോധനത്തിലേര്‍പ്പെട്ടു. അതുമൂലം ഹുദൈബിയാസന്ധിക്കുമുമ്പുള്ള 19 വര്‍ഷക്കാലത്തിനിടയില്‍ മുസ്‌ലിംകളായതിലേറെ ആളുകള്‍ അനന്തരം രണ്ടു വര്‍ഷത്തിനിടയില്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. ഹുദൈബിയാസന്ധിവേളയില്‍ നബി(സ)യോടൊപ്പമുണ്ടായിരുന്നത് കേവലം 1400 പേരായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം ഖുറൈശികള്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് തിരുമേനി മക്കാവിമോചനത്തിന് പട നയിച്ചപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചത് പതിനായിരം പേരടങ്ങുന്ന സൈന്യമായിരുന്നു. ഹുദൈബിയാസന്ധിയുടെ അനുഗ്രഹമായിരുന്നു ഈ സംഖ്യാവര്‍ധനവ്. 4. ഖുറൈശികളുടെ പക്ഷത്തുനിന്ന് യുദ്ധവിരാമം ഉണ്ടായപ്പോള്‍ റസൂലിന്(സ) തന്റെ അധീന പ്രദേശങ്ങളില്‍ ഇസ്‌ലാമികാധിപത്യം ഭദ്രമാക്കാനും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കി ഇസ്‌ലാമിക സമൂഹത്തെ സമ്പൂര്‍ണമായി സംസ്‌കരിക്കാനും പരിഷ്‌കരിക്കാനും അവസരം ലഭിച്ചു. ഈ മഹാ അനുഗ്രഹത്തെക്കുറിച്ചാണ് അല്‍മാഇദ മൂന്നാം സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം അരുള്‍ചെയ്തത്: ''ഇപ്പോള്‍ സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ സംബന്ധിച്ച് തികച്ചും നിരാശരായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അവരെ ഭയപ്പെടേണ്ട; എന്നെ ഭയപ്പെടുവിന്‍. ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു.'' 5. ഖുറൈശികളുമായി സന്ധിയുണ്ടായതോടെ തെക്കുഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടാനില്ലാതായി. ഉത്തര അറേബ്യയില്‍നിന്നും മധ്യ അറേബ്യയില്‍നിന്നുമുള്ള ശത്രുശക്തികളെ മുസ്‌ലിംകള്‍ക്ക് അനായാസം ഒതുക്കാന്‍ കഴിഞ്ഞുവെന്നതുകൂടി ഈ നിര്‍ഭയത്വത്തിന്റെ ഫലമായിരുന്നു. ഹുദൈബിയാസന്ധിയുണ്ടാക്കി മൂന്നുമാസം പിന്നിടുമ്പോഴേക്കും ജൂതന്മാരുടെ ഏറ്റംവലിയ കോട്ടയായിരുന്ന ഖൈബര്‍N355 മോചിപ്പിക്കപ്പെട്ടു. അനന്തരം ഫദക്ക്, വാദില്‍ ഖുറാN938, തൈമാN479, തബൂക്കിലെN454 ജൂതകേന്ദ്രങ്ങള്‍ എന്നിവയും ഇസ്‌ലാമിന്റെ അധീനതയില്‍വന്നു. തുടര്‍ന്ന്, ജൂതന്മാരോടും ഖുറൈശികളോടും ബന്ധപ്പെട്ടുകഴിഞ്ഞിരുന്ന മധ്യ അറേബ്യയിലെ മറ്റെല്ലാ ഗോത്രങ്ങളും ഓരോന്നോരോന്നായി ഇസ്‌ലാമിന്റെ ആധിപത്യം സ്വീകരിച്ചു. ഈ വിധത്തില്‍ ഹുദൈബിയാസന്ധിക്കുശേഷം രണ്ടു വര്‍ഷങ്ങള്‍ക്കകംതന്നെ അറേബ്യയിലെ ശാക്തിക സന്തുലനത്തില്‍ വമ്പിച്ച മാറ്റമുണ്ടായി. ഖുറൈശികളുടെയും വിഗ്രഹാരാധകരുടെയും ശൗര്യം കെട്ടടങ്ങി. ഇസ്‌ലാമിന്റെ വിജയം ഉറപ്പായി. ഇവയായിരുന്നു മുസ്‌ലിംകള്‍ തങ്ങളുടെ പരാജയവും ഖുറൈശികള്‍ അവരുടെ വിജയവുമായി ഘോഷിച്ച ആ സന്ധിമുഖേന മുസ്‌ലിംകള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍. ഈ ഒത്തുതീര്‍പ്പില്‍ മുസ്‌ലിംകള്‍ തങ്ങള്‍ക്ക് ഏറ്റവും അസഹ്യമായതായും ഖുറൈശികള്‍ അവരുടെ ഏറ്റവും വലിയ നേട്ടമായും കരുതിയിരുന്നത്, മക്കയില്‍നിന്ന് മദീനയിലേക്ക് ഓടിപ്പോകുന്നവരെ മദീനക്കാര്‍ തിരിച്ചയക്കണമെന്നും മദീനയില്‍നിന്ന് മക്കയിലേക്ക് ഓടിപ്പോകുന്നവരെ മക്കക്കാര്‍ തിരിച്ചയക്കേണ്ടതില്ലെന്നും ഉള്ള വ്യവസ്ഥയായിരുന്നുവല്ലോ. ഈ ഉപാധി ഖുറൈശികള്‍ക്ക് ഒരു തിരിച്ചടിയായി അനുഭവപ്പെടാനും നബിതിരുമേനിയുടെ ദീര്‍ഘദൃഷ്ടി എന്തെല്ലാം അനന്തരഫലങ്ങള്‍ കണ്ടിട്ടാണ് ഈ ഉപാധി സ്വീകരിച്ചതെന്ന് വ്യക്തമാകാനും ഏറെനാള്‍ വേണ്ടിവന്നില്ല. സന്ധി നടന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം അബൂബസ്വീര്‍ എന്ന മുസ്‌ലിം, ഖുറൈശികളുടെ തടവുചാടി മദീനയിലെത്തി. ഖുറൈശികള്‍ അദ്ദേഹത്തെ തിരിച്ചുനല്‍കാനാവശ്യപ്പെട്ടു. മക്കയില്‍നിന്ന് അദ്ദേഹത്തെ പിടികൂടാനെത്തിയ ദൂതന്മാര്‍ക്ക് സന്ധിവ്യവസ്ഥയനുസരിച്ച് നബി(സ) അദ്ദേഹത്തെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, മക്കയിലേക്ക് പോകുമ്പോള്‍ വഴിക്കുവെച്ച് അദ്ദേഹം പിന്നെയും തടവുചാടി രക്ഷപ്പെട്ടു. അദ്ദേഹം ചെങ്കടല്‍ തീരത്തുചെന്ന്, ഖുറൈശി വര്‍ത്തകസംഘങ്ങള്‍ കടന്നുപോകുന്ന ഒരിടത്ത് താമസമാക്കി. പിന്നീട് ഖുറൈശീബന്ധനത്തില്‍നിന്ന് ഓടിപ്പോകാനവസരം കിട്ടുന്നവരെല്ലാം മദീനയിലേക്ക് പോകുന്നതിനു പകരം അബൂബസ്വീറിന്റെ വാസസ്ഥലത്തു ചെന്നുകൂടിക്കൊണ്ടിരുന്നു. അങ്ങനെ 70 പേരുള്ള ഒരു സംഘമായി അത് വളര്‍ന്നു. അവര്‍ ഖുറൈശി വര്‍ത്തകസംഘങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. ഖുറൈശികള്‍ക്കാവട്ടെ മിണ്ടാന്‍ വയ്യാതായി. ഒടുവില്‍ ഗതിമുട്ടിയപ്പോള്‍ ഖുറൈശികള്‍തന്നെ റസൂല്‍ തിരുമേനിയോട് വന്ന് അപേക്ഷിച്ചു; ആ ഓടിപ്പോയവരെ മദീനയിലേക്ക് വിളിക്കണമെന്ന്. ഹുദൈബിയാസന്ധിയിലെ ആ നിബന്ധന അങ്ങനെ അവര്‍തന്നെ ദുര്‍ബലപ്പെടുത്തി. ഈ സൂറ കൂടുതല്‍ നന്നായി ഗ്രഹിക്കുന്നതിന് ഈ ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് വായിക്കുന്നത് ഏറെ സഹായകരമായിരിക്കും.

Source: www.thafheem.net