35-ആം സൂക്തത്തിലുള്ള زُخْرٌفًا എന്ന പദത്തില്‍നിന്നാണ് അധ്യായനാമം ലഭിച്ചത്. സുഖ്റുഫ് എന്ന പദമുള്ള അധ്യായം എന്നേ അര്‍ഥമുള്ളൂ.
അവലംബനീയമായ നിവേദനങ്ങളിലൂടെയൊന്നും ഇതിന്റെ അവതരണഘട്ടം അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ ഈ സൂറയും അല്‍മുഅ്മിന്‍, ഹാമീം അസ്സജദ, അശ്ശൂറാ എന്നീ സൂറകള്‍ അവതരിച്ച ഘട്ടത്തില്‍ അവതരിച്ചതാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇവയെല്ലാം ഒരേ പശ്ചാത്തലത്തില്‍ അവതരിച്ച സൂറകളാണെന്ന് കരുതാം. മക്കയിലെ നിഷേധികള്‍ നബി(സ)യുടെ രക്തദാഹികളായിത്തീര്ന്നപ്പോഴാണ് അവയുടെ അവതരണമാരംഭിച്ചത്. അക്കാലത്ത് എങ്ങനെ തിരുമേനിയുടെ കഥകഴിക്കാമെന്നതിനെക്കുറിച്ച് അവര്‍ രാപ്പകല്‍ സഭകൂടി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു വധശ്രമം നടന്നുകഴിഞ്ഞിട്ടുമുണ്ടായിരുന്നു. 79-80 43:79 സൂക്തങ്ങളില്‍ ഈ സ്ഥിതിവിശേഷത്തെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
ഈ സൂറ ഖുറൈശികളിലും മറ്റ് അറബികളിലും മൂടുറച്ചുനിന്നിരുന്ന മൂഢവിശ്വാസങ്ങളെയും ഊഹാപോഹങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഭദ്രവും ആകര്‍ഷകവുമായ രീതിയില്‍, അവയിലടങ്ങിയ യുക്തിരാഹിത്യം തുറന്നുകാണിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ അല്പമെങ്കിലും യുക്തിബോധമുള്ള ഓരോ വ്യക്തിയും തന്റെ സമൂഹം വഷളാംവണ്ണം അള്ളിപ്പിടിച്ചുകിടക്കുന്നത് എന്തുതരം മൗഢ്യങ്ങളിലാണെന്നും അതിന്റെ ദംഷ്ട്രങ്ങളില്നിന്ന് തങ്ങളെ മോചിപ്പിക്കാന്‍ യത്നിക്കുന്ന മനുഷ്യനെയാണല്ലോ തങ്ങള്‍ ആക്രമിക്കാന്‍ ഓടിനടക്കുന്നതെന്നും ചിന്തിക്കാന്‍ പ്രേരിതരാകുന്നതിനു വേണ്ടിയാണിത്. പ്രഭാഷണം തുടങ്ങുന്നതിങ്ങനെയാണ്: നിങ്ങള്‍ സ്വന്തം ദൗഷ്ട്യത്തിന്റെ ബലംകൊണ്ട് ഈ വേദത്തിന്റെ അവതരണം തടയാന്‍ തുനിയുന്നു. എന്നാല്‍, ദുഷ്ടന്മാര് നിമിത്തം അല്ലാഹു പ്രവാചകന്മാരുടെ നിയോഗമോ വേദാവതരണമോ നിര്‍ത്തിവെച്ച ചരിത്രമില്ല. മറിച്ച്, അവന്റെ സന്മാര്ഗത്തിന് വിലങ്ങുതടിയായി നില്ക്കുന്ന ധിക്കാരികളെ നിഹനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതു തന്നെയാണ് ഇനിയും ചെയ്യുക. മുന്നോട്ടു ചെല്ലുമ്പോള്‍ 41-43 43:41 , 79-80 43:79 സൂക്തങ്ങളില്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. പ്രവാചകന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവര്‍ കേള്‍ക്കെ അദ്ദേഹത്തോട് പറയുന്നു: താങ്കള്‍ ജീവിച്ചാലും ഇല്ലെങ്കിലും ഈ ധിക്കാരികളെ നാം ശിക്ഷിക്കുകതന്നെ ചെയ്യും. ആ ധിക്കാരികളെ താക്കീത് ചെയ്യുന്നു: നിങ്ങള്‍ നമ്മുടെ പ്രവാചകനെതിരെ ഒരു മുന്നേറ്റം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, തുടര്‍ന്ന് നാമും നിര്‍ണായകമായ ഒരു മുന്നേറ്റം നടത്തുന്നതാണ്. അനന്തരം, ഇവര്‍ മാറത്തടക്കിപ്പിടിച്ച മതം ഏതാണെന്നും എന്തെല്ലാം തെളിവുകളുടെ ബലത്തിലാണിവര്‍ പ്രവാചകനെ എതിര്ത്തുകൊണ്ടിരിക്കുന്നതെന്നും വിശദീകരിച്ചിരിക്കുന്നു. ആകാശഭൂമികളുടെയും തങ്ങളുടെ ആരാധ്യരുടെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണെന്ന് അവര്‍ സ്വയം സമ്മതിച്ചിരുന്നു. അവരനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെല്ലാം അല്ലാഹു നല്കിയതാണെന്നതിലും തര്‍ക്കമില്ല. എന്നിട്ടും അവര്‍ ഇതരന്മാരെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നതിന് ശഠിക്കുകയാണ്. ദൈവദാസന്മാരെ ദൈവത്തിന്റെ മക്കളെന്ന് ആരോപിക്കുന്നു. അതും തങ്ങള്‍ക്കാണെങ്കില്‍ അപമാനവും ഭാരവുമായി കരുതപ്പെടുന്ന പെണ്മക്കള്. മലക്കുകളെ ദേവിമാരായി നിശ്ചയിച്ചുവെച്ചിരിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ സ്ത്രീരൂപത്തിലാണ് തീര്‍ത്തിട്ടുള്ളത്. പെണ്ണുടുപ്പുകളും ആഭരണങ്ങളും അണിയിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്നാണ് ഭാഷ്യം. അവരെ ആരാധിക്കുകയും അവരോട് ആഗ്രഹാഭിലാഷങ്ങള്‍ തേടുകയും ചെയ്യുന്നു. മലക്കുകള്‍ സ്ത്രീകളാണെന്ന് ഇവര്‍ എങ്ങനെയാണ് മനസ്സിലാക്കിയത്? ഈ മൂഢതകളെ എതിര്‍ക്കുമ്പോള്‍ വിധിവിശ്വാസം നടിച്ചുകൊണ്ട് അവര്‍ പറയുന്നു: അല്ലാഹു ഈ ചെയ്തി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെങ്ങനെയാണ് ഈ വിഗ്രഹങ്ങളെ ആരാധിക്കാന്‍ കഴിയുക! എന്നാല്‍, അല്ലാഹുവിന്റെ പ്രീതിയും അപ്രീതിയും അറിയാനുള്ള മാര്‍ഗം അവന്റെ വേദങ്ങളാകുന്നു; അവന്റെ ഇച്ഛക്ക് വിധേയമായി നടക്കുന്ന കാര്യങ്ങളല്ല. ദൈവേച്ഛക്ക് വിധേയമായി നടക്കുന്നത് വിഗ്രഹാരാധന മാത്രമല്ല, വ്യഭിചാരവും കളവും കൊള്ളയും കൊലപാതകവുമെല്ലാം നടക്കുന്നതങ്ങനെത്തന്നെയാണ്. ഈ ലോകത്തു നടക്കുന്ന ഈ തിന്മകളെല്ലാം അനുവദനീയവും ന്യായവുമാണെന്ന് കരുതാന്‍ അത് തെളിവാകുമോ? ബഹുദൈവാരാധനയെ ന്യായീകരിക്കാന്‍ ഈ തെറ്റായ തെളിവല്ലാതെ മറ്റു വല്ല പ്രമാണവുമുണ്ടോ എന്നു ചോദിക്കുമ്പോള്‍, പൂര്‍വ പിതാക്കള്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളിതുതന്നെയാണെന്നാണ് മറുപടി. ഒരു മതം സത്യമാണെന്നതിന് മതിയായ തെളിവാണതെന്നത്രെ അവരുടെ ഭാവം. എന്നാല്‍, അവരുടെ അന്തസ്സിന്റെയും വ്യതിരിക്തതയുടെയും ആധാരമായി അവര്‍ സാഭിമാനം അവതരിപ്പിക്കുന്നത്, തങ്ങള്‍ ഇബ്റാഹീമി(അ)ന്റെ സന്തതികളാണെന്ന കാര്യമാണല്ലോ. ആ ഇബ്റാഹീം(അ) പൂര്‍വ പിതാക്കളുടെ മതംവെടിഞ്ഞ് വീട് വിട്ടിറങ്ങിപ്പോയവനാകുന്നു. യുക്തിസഹമായ ഒരടിത്തറയുമില്ലാത്ത പൂര്വികമതത്തെ അദ്ദേഹം അന്ധമായി അനുകരിക്കുകയല്ല, അസന്ദിഗ്ധമായി നിഷേധിക്കുകയാണുണ്ടായത്. ഇനി അവര്‍ക്ക് പൂര്‍വികരെ അനുകരിച്ചേ തീരൂ എങ്കില്‍, അതിന് ഏറ്റവും പുണ്യമാര്‍ന്ന പിതാക്കളായ ഇബ്റാഹീമിനെയും ഇസ്മാഈലിനെയും (അ) വെടിഞ്ഞ് ഏറ്റവും മൂഢരായ പൂര്വികരെത്തന്നെ തെരഞ്ഞെടുക്കുന്നതെന്തിന്? വല്ലപ്പോഴും ദൈവത്തിങ്കല്‍നിന്നുള്ള ഏതെങ്കിലും പ്രവാചകനോ വേദഗ്രന്ഥമോ ദൈവത്തോടൊപ്പം മറ്റു ചിലര്‍ കൂടി ആരാധനക്കര്ഹരാണെന്ന് പഠിപ്പിച്ചിട്ടുണ്ടോ എന്ന് അവരോട് ചോദിക്കുന്നു. അപ്പോള്‍ ക്രിസ്ത്യാനികളെ അതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. അവര്‍ മേരീപുത്രനെ ദൈവപുത്രനായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടല്ലോ. പക്ഷേ, ഏതെങ്കിലും പ്രവാചകന്റെ സമുദായം വിഗ്രഹാരാധന ചെയ്യുന്നുണ്ടോ ഇല്ലേ എന്നല്ല ചോദ്യം; ഏതെങ്കിലും പ്രവാചകന് വിഗ്രഹാരാധന പഠിപ്പിച്ചിട്ടുണ്ടോ എന്നാണ്. ഞാന്‍ ദൈവപുത്രനാണെന്നും നിങ്ങള്‍ എന്നെ ആരാധിച്ചുകൊള്ളണമെന്നും മേരീപുത്രനായ യേശു എപ്പോഴാണ് പറഞ്ഞിട്ടുള്ളത്? എന്റെയും നിങ്ങളുടെയും റബ്ബ് അല്ലാഹുവാണ്, നിങ്ങള്‍ അവനെ ആരാധിച്ചുകൊള്ളണം എന്ന്, എല്ലാ പ്രവാചകന്മാരും നല്‍കിയിട്ടുള്ള അധ്യാപനംതന്നെയാണ് അദ്ദേഹവും നല്‍കിയത്. മുഹമ്മദ് നബി(സ)യെ അവര്‍ അംഗീകരിക്കാന്‍ മടിക്കുന്നത് അദ്ദേഹത്തിന് പണവും പദവിയും നേതൃത്വവും അധികാരവുമൊന്നുമില്ല എന്ന അടിസ്ഥാനത്തിലാണ്. അവര്‍ പറയുന്നു: ദൈവത്തിനും നമുക്കുമിടയില്‍ ഒരു നബിയെ നിയോഗിക്കണമെന്നുണ്ടെങ്കില് നമ്മുടെ രണ്ട് നഗരങ്ങളില്‍ (മക്ക, ത്വാഇഫ്N481) ഉള്ള പ്രമുഖ വ്യക്തികളിലാരെയെങ്കിലുമാണ് നിയമിക്കുക. ഈയടിസ്ഥാനത്തില്‍ ഫറവോന് മൂസാ(അ)യെയും നിന്ദിച്ചിരുന്നു. അയാള്‍ പറഞ്ഞു: വിണ്ണിലെ രാജാവ് മണ്ണിലെ രാജാവായ എന്നിലേക്ക് ഒരു പ്രതിനിധിയെ അയക്കുകയാണെങ്കില്‍ അയാളെ കനക കങ്കണങ്ങളണിയിക്കും. മാലാഖമാരാല്‍ പരിസേവിതനായിട്ടാണദ്ദേഹം അയക്കപ്പെടുക. ഈ ഏഴ എവിടന്നാണെഴുന്നേറ്റു വരുന്നത്?! ഈജിപ്തിലെ രാജാവെന്ന ബഹുമതി എനിക്കാണുള്ളത്. നൈല്‍നദി എന്റെ കാല്ക്കീഴിലാണൊഴുകുന്നത്. സമ്പത്തോ അധികാരമോ ഏതുമില്ലാത്ത ഇവന് എന്റെ മുന്നിലാര്?! ഈവിധം അവിശ്വാസികളുടെ മൂഢധാരണകളെ ഓരോന്നോരോന്നായി വിമര്‍ശിക്കുകയും യുക്തിസഹമായ കാര്യങ്ങള്‍ സലക്ഷ്യം അവതരിപ്പിക്കുകയും ചെയ്തശേഷം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു: ദൈവത്തിന് മക്കളൊന്നുമില്ല. ആകാശത്തിനും ഭൂമിക്കും വെവ്വേറെ ദൈവങ്ങളില്ല. മനഃപൂര്‍വം ദുര്‍മാര്‍ഗം സ്വീകരിച്ചവരെ ശിക്ഷാമുക്തരാക്കാന് കഴിയുന്ന ഒരു ശിപാര്‍ശകനും അല്ലാഹുവിന്റെ സന്നിധിയിലില്ല. അല്ലാഹുവിന്റെ സത്ത, വല്ലവരും അവന്റെ സന്തതിയാവുക എന്നതില്‍നിന്ന് അതീതവും വിശുദ്ധവുമാകുന്നു. അവനൊറ്റക്ക് അഖിലപ്രപഞ്ചത്തിന്റെയും ദൈവമാണ്. അവനല്ലാത്തതെല്ലാം അവന്റെ അടിമകള്‍ മാത്രം. അവന്റെ ഗുണങ്ങളിലോ അധികാരങ്ങളിലോ പങ്കുള്ളവര്‍ ആരുമില്ല. സ്വയം സത്യവാന്മാരും സന്മാര്ഗികളുമായവര്ക്ക് മാത്രമേ അവന്റെ മുമ്പില്‍ ശിപാര്‍ശ സമര്‍പ്പിക്കാനാവൂ. അതും ഈ ലോകത്ത് സന്മാര്ഗം തെരഞ്ഞെടുത്തവര്‍ക്കു വേണ്ടി മാത്രമേ സമര്‍പ്പിക്കാനാവൂ.
Source: www.thafheem.net