VERSES
85
PAGES
467-476

നാമം

28-ആം സൂക്തത്തിലെ وَقَالَ رَجُلٌ مُّؤْمِنٌ مِّنْءَالِ فِرْعَوْنَ എന്ന വാക്യത്തില്‍നിന്നാണ് അധ്യായത്തിന് ഈ നാമം വന്നത്. ഒരു സവിശേഷ വിശ്വാസിയെക്കുറിച്ച് പരാമര്‍ശമുള്ള സൂറ എന്നര്‍ഥം.


അവതരണകാലം

ഇബ്‌നു അബ്ബാസിന്റെയുംN1342 ജാബിറുബ്‌നു സൈദിN412ന്റെയും പ്രസ്താവനയനുസരിച്ച്, സൂറതുസ്സുമറിനുശേഷം തുടര്‍ന്ന് അവതരിച്ചതാണ് ഈ സൂറ. ഖുര്‍ആനില്‍ ഈ സൂറയുടെ നിലവിലുള്ള സ്ഥാനക്രമംതന്നെയാണ് അവതരണം പരിഗണിക്കുമ്പോഴും ഇതിന്റെ സ്ഥാനക്രമം.


അവതരണ പശ്ചാത്തലം

ഈ അധ്യായത്തിന്റെ അവതരണ പശ്ചാത്തലത്തിലേക്ക് ഇതിന്റെ ഉള്ളടക്കം സൂചന നല്‍കുന്നുണ്ട്. അന്ന് മക്കയിലെ നിഷേധികള്‍ തിരുമേനി(സ)ക്കെതിരില്‍ രണ്ടുതരം പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. ഒന്ന്: എങ്ങും ബഹളങ്ങളും വാഗ്വാദങ്ങളും സൃഷ്ടിച്ച് പലതരം തലതിരിഞ്ഞ ചോദ്യങ്ങളും വിതണ്ഡവാദങ്ങളുമുയര്‍ത്തി വിശുദ്ധ ഖുര്‍ആനെയും ഇസ്‌ലാമിക പ്രബോധനത്തെയും നബി(സ)യെത്തന്നെയും സംബന്ധിച്ച് ജനഹൃദയങ്ങളില്‍ അനേകം സന്ദേഹങ്ങളുണ്ടാക്കുകയും അവ വിശദീകരിച്ചുവിശദീകരിച്ച് തിരുമേനിയെയും ശിഷ്യന്മാരെയും വശംകെടുത്തുകയും ചെയ്യുക. രണ്ട്, തിരുമേനിയുടെ വധത്തിന് കളമൊരുക്കുക. അതിനുവേണ്ടി അവര്‍ എത്രയോ ഗൂഢാലോചനകള്‍ നടത്തിനോക്കി. ഒരു ഘട്ടത്തില്‍ ആ ഗൂഢാലോചന പ്രയോഗത്തില്‍ വരുത്താന്‍തന്നെ ശ്രമിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു അംരിബ്‌നില്‍ ആസ്വില്‍ നിന്ന് ബുഖാരിN1514 ഉദ്ധരിക്കുന്നു: ഒരുനാള്‍ നബി(സ) മസ്ജിദുല്‍ ഹറാമില്‍ നമസ്‌കരിക്കുകയായിരുന്നു. പെട്ടെന്ന് ഉഖ്ബതുബ്‌നു അബീമുഐത്വ്N191 അവിടെ എത്തി. അയാള്‍ തിരുമേനിയുടെ കഴുത്തില്‍ മുണ്ടിട്ടുമുറുക്കാന്‍ തുടങ്ങി. തിരുമേനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, അപ്പോഴേക്കും ഹ. അബൂബക്ര്‍ (റ)N1314 അവിടെ എത്തി. അദ്ദേഹം ഉഖ്ബത്തിനെ തള്ളിമാറ്റി. ഹ. അബ്ദുല്ലായുടെ നിവേദനപ്രകാരം, അബൂബക്ര്‍ (റ) ആ മര്‍ദകനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അപ്പോള്‍ ഇപ്രകാരം പറയുകയും ചെയ്തു: أَتَقْتُلُونَ رَجُلاً أَن يَقُولَ رَبِّيَ اللهُ (എന്റെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രം നിങ്ങള്‍ ഒരാളെ കൊല്ലുകയോ?)H536 ചില്ലറ വ്യത്യാസങ്ങളോടെ ഈ നിവേദനം സീറത്തു ഇബ്‌നി ഹിശാംN1093, നസാഇN1478, ഇബ്‌നു അബീഹാതിംN1430 എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.


പ്രതിപാദ്യ വിഷയം

സാഹചര്യത്തിന്റെ മേല്‍പറഞ്ഞ രണ്ടു സ്വഭാവങ്ങളും അധ്യായാരംഭത്തില്‍ത്തന്നെ പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് അവ രണ്ടിനെയും ആഴത്തില്‍ ചിന്തോദ്ദീപകമായി നിരീക്ഷിക്കുകയാണ്. വധശ്രമത്തിന് മറുപടിയായി ഫറവോന്‍ കുടുംബത്തിലെ വിശ്വാസിയുടെ കഥ പറയുന്നു (23 മുതല്‍ 55 വരെ സൂക്തങ്ങള്‍). ഈ കഥയിലൂടെ മൂന്നു കൂട്ടര്‍ക്ക് മൂന്ന് വ്യത്യസ്ത പാഠങ്ങള്‍ നല്‍കിയിരിക്കുന്നു. 1. സത്യനിഷേധികളോട് പറയുന്നു: നിങ്ങള്‍ മുഹമ്മദി(സ)നോട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, സ്വന്തം ശക്തിയില്‍ അഹങ്കരിച്ച ഫറവോന്‍ ഹ. മൂസാ(അ)യോടും ചെയ്യാനൊരുമ്പെട്ടിരുന്നു. ഈ ചെയ്തികള്‍ വഴി ഫറവോന്നുണ്ടായ അനന്തരഫലംതന്നെയാണോ നിങ്ങളും ആഗ്രഹിക്കുന്നത്? 2. മുഹമ്മദ് നബി(സ)യെയും ശിഷ്യന്മാരെയും പഠിപ്പിക്കുന്നു: ഈ മര്‍ദകര്‍ പ്രത്യക്ഷത്തില്‍ എത്രതന്നെ ശക്തരും ശൂരരുമാവട്ടെ, അവരെയപേക്ഷിച്ച് നിങ്ങള്‍ എത്ര ദുര്‍ബലരും അവശരുമാവട്ടെ, ഏതൊരു ദൈവത്തിന്റെ വചനമാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്, ആ ദൈവത്തിന്റെ കഴിവും കരുത്തും മറ്റാരുടെ ശക്തിയെക്കാളും വര്‍ധിച്ചതാകുന്നു എന്ന് മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. അതിനാല്‍, ഈയാളുകള്‍ എത്ര ഭയങ്കരമായി ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. അനന്തരം നിര്‍ഭയരായി സ്വകര്‍ത്തവ്യങ്ങളില്‍ മുഴുകുക. ദൈവഭക്തനെ സംബന്ധിച്ചിടത്തോളം മര്‍ദകരുടെ ഏതു ഭീഷണിക്കും ഒരേയൊരു മറുപടിയാണുള്ളത്. അതിതാണ്: إِنِّى عُذْتُ بِرِبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لاَّ يُؤْمِنُ بِيَوْمِ الْحِسَابِ (വിചാരണാ നാളില്‍ വിശ്വസിക്കാത്ത അഹങ്കാരികളില്‍നിന്നെല്ലാം ഞാന്‍ എന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു.) ഈവിധം അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ആപത്തുകളെ കൂസാതെ കര്‍മനിരതരായാല്‍ അവസാനം ദൈവിക സഹായം വന്നെത്തുകതന്നെ ചെയ്യും. ഇന്നലത്തെ ഫറവോന്‍ കണ്ടതെന്തോ അതുതന്നെയാണ് ഇന്നത്തെയും ഫറവോന്‍ കാണാന്‍ പോകുന്നത്. ആ സന്ദര്‍ഭം സമാഗതമാകുന്നതുവരെ അവര്‍ സൃഷ്ടിക്കുന്ന മര്‍ദന പീഡനങ്ങളുടെ പ്രളയത്തെ സഹനത്തോടെ നേരിടുകതന്നെ വേണം. 3. ഈ രണ്ടു വിഭാഗങ്ങള്‍ക്കും പുറമെ ഒരു മൂന്നാം കക്ഷിയും ആ സമൂഹത്തിലുണ്ടായിരുന്നു. സത്യം മുഹമ്മദിന്റെ (സ) ഭാഗത്തുതന്നെയാണെന്നും നിഷേധികള്‍ കാണിക്കുന്നതത്രയും അക്രമമാണെന്നും മനസ്സിലാക്കിയവരാണവര്‍. പക്ഷേ, ഇതറിയാമായിരുന്നിട്ടും അവര്‍ മൗനം ദീക്ഷിക്കുകയും ആ സത്യാസത്യ സംഘട്ടനത്തില്‍ തമാശ കാണുകയുമായിരുന്നു. അല്ലാഹു അവരുടെ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുകയാണ്. സത്യവിരോധികള്‍ നിങ്ങളുടെ മുമ്പില്‍വെച്ച് ഇത്ര വലിയ അക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ട് നിങ്ങളിപ്പോഴും അടങ്ങിയിരുന്ന് തമാശ കാണുക മാത്രം ചെയ്യുന്നത് വലിയ അനീതിയാണ്. മനസ്സാക്ഷി മരിച്ചുകഴിഞ്ഞിട്ടില്ലാത്തവര്‍ ഈ സന്ദര്‍ഭത്തില്‍ കര്‍ത്തവ്യനിര്‍വഹണത്തിനായി മുന്നോട്ടു വരേണ്ടതാണ് ഫറവോന്‍ മൂസാ(അ)യെ വധിക്കാനൊരുമ്പെട്ടപ്പോള്‍ ഫറവോന്റെ രാജസദസ്സില്‍നിന്നുതന്നെ സച്ചരിതനായ ഒരാള്‍ അത് തടയാന്‍ മുന്നോട്ടുവന്നതുപോലെ. ഏതെല്ലാം താല്‍പര്യങ്ങള്‍ നിങ്ങളുടെ നാവിന് വിലങ്ങായിത്തീര്‍ന്നിട്ടുണ്ടോ ആ താല്‍പര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ മുമ്പിലും ഉയര്‍ന്നുനിന്നിരുന്നു أُفَوِّضُ أَمْرِى إِلَى اللهِ (എന്റെ കാര്യങ്ങളെല്ലാം ഞാന്‍ അല്ലാഹുവിങ്കല്‍ സമര്‍പ്പിക്കുന്നു) എന്നു പറഞ്ഞുകൊണ്ട് ആ പ്രലോഭനങ്ങളെയെല്ലാം അദ്ദേഹം തരണംചെയ്തു. എന്നിട്ട്, നോക്കൂ; ഫറവോന്ന് അദ്ദേഹത്തെ ഒന്നും ചെയ്യാനായില്ല. ഇനിയുള്ളത് സത്യത്തെ പരാജയപ്പെടുത്തുന്നതിന് വിശുദ്ധ മക്കയില്‍ രാപ്പകല്‍ നടന്നുകൊണ്ടിരുന്ന തര്‍ക്കങ്ങളാണല്ലോ. അതിനു മറുപടിയായി ഒരുവശത്ത് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവ സംബന്ധിച്ച, പ്രവാചകന്റെ വിശ്വാസങ്ങള്‍ സത്യമാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ വിശ്വാസമാണല്ലോ നബി(സ)യും അവിശ്വാസികളും തമ്മിലുള്ള വടംവലിയുടെ മൗലിക കാരണം. ഈയാളുകള്‍ ഒരു തെളിവിന്റെയും പ്രമാണത്തിന്റെയും പിന്‍ബലമില്ലാതെ ഈ സത്യങ്ങള്‍ക്കെതിരില്‍ വെറുതെ വാചാടോപം നടത്തുകയാണെന്ന് തുറന്നുപറയുകയും ചെയ്തിരിക്കുന്നു. മറുവശത്ത്, അവരുടെ എതിര്‍പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ പ്രേരകങ്ങളെ അനാവരണം ചെയ്തിട്ടുമുണ്ട്. തിരുമേനി(സ)യുടെ പ്രവാചകത്വവാദത്തില്‍ തങ്ങള്‍ക്ക് ചില സംശയങ്ങളുള്ളതുകൊണ്ടാണ് തങ്ങളതില്‍ വിശ്വസിക്കാത്തത് എന്ന അവരുടെ നാട്യം ഒരു കപട തന്ത്രമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അത് അധികാര മല്‍സരമായിരുന്നു. 56-ആം സൂക്തത്തില്‍ ഒരു വളച്ചുകെട്ടുമില്ലാതെ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. അതായത്, നിങ്ങളുടെ എതിര്‍പ്പിന് കാരണം നിങ്ങളുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അഹന്തയാണ്. മുഹമ്മദി(സ)നെ അംഗീകരിച്ചാല്‍ പിന്നെ സ്വന്തം മേല്‍ക്കോയ്മക്ക് നിലനില്‍പുണ്ടാവില്ലെന്ന് നിങ്ങള്‍ കരുതുന്നു. അതിനാല്‍, അദ്ദേഹത്തെ ഒതുക്കാന്‍ വിമര്‍ശനങ്ങളും മര്‍ദനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇവ്വിഷയകമായി അവിശ്വാസികളെ തുടര്‍ച്ചയായി താക്കീത് ചെയ്തിട്ടുമുണ്ട്. എന്തെന്നാല്‍, ദൈവികസൂക്തങ്ങളോട് തര്‍ക്കിക്കുന്നതില്‍നിന്ന് അകന്നുനില്‍ക്കുക. ഇല്ലെങ്കില്‍ പൂര്‍വിക സമുദായങ്ങള്‍ക്ക് നേരിടേണ്ടിവന്ന അതേ ദുരന്തംതന്നെ നിങ്ങള്‍ക്കും നേരിടേണ്ടിവരും. അതിനേക്കാള്‍ ദുഷിച്ച ഫലമായിരിക്കും പരലോകത്തില്‍ വിധിക്കപ്പെട്ടിരിക്കുക. അന്നേരം നിങ്ങള്‍ പശ്ചാത്തപിച്ചേക്കാം. എന്നാല്‍, ആ പശ്ചാത്താപം ഒരു ഗുണവും ചെയ്യില്ല.

Source: www.thafheem.net