VERSES
176
PAGES
77-106

അവതരണകാലവും ഉള്ളടക്കവും

വിവിധ പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്ന ഈ അധ്യായം ഹിജ്‌റ മൂന്നാമാണ്ടിന്റെ അവസാനം മുതല്‍, നാലാമാണ്ടിന്റെ അന്ത്യം വരെയോ അഞ്ചാമാണ്ടിന്റെ ആദ്യം വരെയോ ഉള്ള കാലഘട്ടത്തില്‍, വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവതരിച്ചതാകുന്നു. ഒരു പ്രഭാഷണത്തില്‍ എവിടം മുതല്‍ എവിടം വരെയുള്ള സൂക്തങ്ങളാണ് അവതരിച്ചിരുന്നതെന്നും അവയുടെ അവതരണകാലം ഏതായിരുന്നുവെന്നും കൃത്യമായി നിര്‍ണയിക്കുക വിഷമമത്രെ. എന്നിരുന്നാലും 'രിവായത്തു'(സംഭവ റിപ്പോര്‍ട്ടു)കളില്‍നിന്ന് അവതരണകാലം മനസ്സിലാക്കാവുന്ന വിധികളിലേക്കും സംഭവവികാസങ്ങളിലേക്കുമുള്ള ചില സൂചനകളുണ്ടിതില്‍. അവയുടെ സഹായത്താല്‍ ആ സംഭവ - വിധികളടങ്ങിയ പ്രഭാഷണങ്ങള്‍ക്ക് ഒരേകദേശ പരിധിനിര്‍ണയം ചെയ്യാവുന്നതാണ്. ഉദാഹരണമായി, എഴുപത് മുസ്‌ലിം ഭടന്മാര്‍ രക്തസാക്ഷികളാകാനും, അതിനെത്തുടര്‍ന്ന് അവരുടെ അനാഥകളായ കുട്ടികളുടെ സംരക്ഷണവും അനന്തര സ്വത്തുക്കളുടെ വിഭജനവും എങ്ങനെ നിര്‍വഹിക്കണമെന്ന പ്രശ്‌നം മുസ്‌ലിം കുടുംബങ്ങളെ അഭിമുഖീകരിക്കാനും ഇടവരുത്തിയ പ്രധാന സംഭവമായിരുന്നു ഉഹ്ദ് യുദ്ധം. ഹി. മൂന്നാം കൊല്ലം ശവ്വാലിലാണല്ലോ അതുണ്ടായത്. അതുകൊണ്ട്, അനാഥ സംരക്ഷണത്തെയും ദായധന വിതരണത്തെയും സംബന്ധിക്കുന്ന സൂക്തങ്ങള്‍ ഉഹ്ദ് യുദ്ധാനന്തരം അവതരിച്ചതായിരിക്കണമെന്ന് മനസ്സിലാക്കാന്‍ ന്യായമുണ്ട്. ഈ അടിസ്ഥാനത്തില്‍ പ്രകൃത സൂറത്തിലെ ആദ്യത്തെ നാലു ഖണ്ഡികകളും അഞ്ചാമത്തെ ഖണ്ഡികയിലെ മൂന്നു പ്രാരംഭ സൂക്തങ്ങളും ആ ഘട്ടത്തില്‍ അവതരിച്ചതായി നമുക്കനുമാനിക്കാം. 'സ്വലാത്തുല്‍ ഖൗഫി'(യുദ്ധവേളയിലെ നമസ്‌കാരം)നെക്കുറിച്ചുള്ള പ്രതിപാദനം രിവായത്തുകളില്‍ നാം കാണുന്നത് ഹി: നാലാമാണ്ടില്‍ നടന്ന 'ദാത്തുര്‍രിഖാഅ്'N498 യുദ്ധസംഭവത്തിലാണ്. അതിനാല്‍, ആ നമസ്‌കാരക്രമം വിവരിച്ചുകൊണ്ടുള്ള പ്രഭാഷണം (ഖണ്ഡിക 15) 4:101 അവതീര്‍ണമായത് പ്രസ്തുത യുദ്ധത്തോടടുത്ത കാലഘട്ടത്തിലായിരിക്കണമെന്ന് ഊഹിക്കാവുന്നതാണ്. 'ബനുന്നദീര്‍' എന്ന യഹൂദഗോത്രത്തെ മദീനയില്‍നിന്ന് പുറത്താക്കിയത് ഹി. 4, റബീഉല്‍ അവ്വലിലായിരുന്നു. അതുകൊണ്ട് ഈ സൂറത്തില്‍, ''വിശ്വസിക്കുവിന്‍... ചില മുഖങ്ങളെ നാം വികൃതമാക്കി പുറകോട്ട് തിരിക്കും മുമ്പായി'' (സൂക്തം: 47) 4:47 എന്ന താക്കീതുള്‍പ്പെടുന്ന പ്രഭാഷണം ആ നാടുകടത്തല്‍ സംഭവത്തിന്റെ തൊട്ടുമുമ്പവതരിച്ചതായിരിക്കണമെന്ന് മിക്കവാറും തീര്‍ച്ചപ്പെടുത്താവുന്നതാണ്. വെള്ളത്തിന്റെ അഭാവത്തില്‍ 'തയമ്മും' ചെയ്ത് നമസ്‌കരിക്കാമെന്ന അനുവാദം ലഭിച്ചത് ഹി. അഞ്ചാമാണ്ടില്‍ നടന്ന 'ബനുല്‍ മുസ്ത്വലഖ്' യുദ്ധകാലത്തായിരുന്നു. അതിനാല്‍, തയമ്മുമിനെ സംബന്ധിച്ച പ്രസ്താവനയടങ്ങിയ പ്രഭാഷണം (ഖണ്ഡിക 7) 4:43 അതിനോടടുത്ത കാലത്ത്അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്.


പശ്ചാത്തലങ്ങളും പ്രതിപാദനങ്ങളും

സൂറയുടെ അവതരണകാലം മൊത്തത്തില്‍ ഗ്രഹിച്ചുവല്ലോ. ഇനി, അക്കാലത്തെ ചരിത്രസംഭവങ്ങളിലേക്കൊന്ന് കണ്ണോടിക്കേണ്ടതുണ്ട്. സൂറയുടെ പ്രതിപാദ്യങ്ങള്‍ ഗ്രഹിക്കാന്‍ അത് സഹായകമായിരിക്കും. നബി(സ)യുടെ മുമ്പില്‍ പ്രസ്തുത ഘട്ടത്തിലുണ്ടായിരുന്ന പ്രധാന ചുമതലകളെ നമുക്ക് മൂന്ന് വലിയ വകുപ്പുകളായി തരംതിരിക്കാം. (1) ഹിജ്‌റയെത്തുടര്‍ന്ന് മദീനയിലും പരിസരത്തും രൂപവത്കൃതമായ ഇസ്‌ലാമിക സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുക. ജാഹിലിയ്യത്തി(അനിസ്‌ലാമികത്വം)ന്റെ മാമൂല്‍ സമ്പ്രദായങ്ങളെ നിശ്ശേഷം നശിപ്പിച്ച്, സദാചാരം, നാഗരികത, സാമൂഹികക്രമം, സാമ്പത്തികഘടന, ഭരണതന്ത്രം എന്നിവയുടെ പുതിയ തത്ത്വസംഹിതകളാണല്ലോ അവരില്‍ തിരുമേനി നടപ്പാക്കിക്കൊണ്ടിരുന്നത്. അവയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ആ നവീന സമൂഹത്തെ സുഭദ്രമായി ഉറപ്പിച്ചുനിര്‍ത്തേണ്ടതും പരിപുഷ്ടമാക്കേണ്ടതും അത്യന്താപേക്ഷിതമായിരുന്നു. (2) അറേബ്യയിലെ പ്രതിലോമശക്തികളായ വിഗ്രഹപൂജകര്‍ക്കും ജൂതഗോത്രങ്ങള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരില്‍ നടത്തേണ്ടിവന്ന സമരങ്ങള്‍- ഇതില്‍ മുഴുവന്‍ കഴിവുകളും വിനിയോഗിക്കേണ്ടതുണ്ടായിരുന്നു. (3) പ്രസ്തുത പിന്തിരിപ്പന്‍ ശക്തികളെ അതിജയിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രചരിപ്പിക്കയും അതിന്റെ ഭാഗത്തേക്ക് കൂടുതല്‍ ഹൃദയങ്ങളെയും മസ്തിഷ്‌കങ്ങളെയും ആകര്‍ഷിക്കയും ചെയ്യുക. ഈ മൂന്നു വകുപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു ഇത്തരുണത്തില്‍ അവതീര്‍ണമായ ഖുര്‍ആനിക പ്രഭാഷണങ്ങളെല്ലാം. ഇസ്‌ലാമിക സമൂഹത്തെ സംഘടിപ്പിക്കുന്നതു സംബന്ധിച്ച ഏതാനും നിര്‍ദേശങ്ങള്‍ സൂറതുല്‍ബഖറയില്‍ മുമ്പുതന്നെ നല്‍കപ്പെട്ടിരുന്നുവെങ്കിലും കൂടുതല്‍ വിശദവും വിസ്തരവുമായ നിര്‍ദേശങ്ങള്‍ ഈ സന്ദര്‍ഭം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍, മുസ്‌ലിംകള്‍ ഇസ്‌ലാമിക സമ്പ്രദായത്തില്‍ തങ്ങളുടെ സമൂഹത്തെ എങ്ങനെ കെട്ടിപ്പടുക്കണമെന്ന് ഈ സൂറത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കുടുംബജീവിത ചട്ടങ്ങള്‍, വിവാഹ നിയമങ്ങള്‍, സ്ത്രീ-പുരുഷ ബന്ധത്തിന്റെ പരിധികള്‍, അനാഥകളുടെ അവകാശനിര്‍ണയം, ദായധന വിഭജനതത്ത്വങ്ങള്‍, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പരിഷ്‌കരണ നിര്‍ദേശങ്ങള്‍, ആഭ്യന്തര കുഴപ്പമവസാനിപ്പിക്കാനുള്ള പോംവഴികള്‍, അച്ചടക്കനിയമ ചട്ടങ്ങള്‍, മദ്യപാന നിയന്ത്രണം, ശുചീകരണ വിധികള്‍-ചുരുക്കത്തില്‍ ഒരുത്തമ സാമൂഹികജീവിതത്തെ വാര്‍ത്തെടുക്കാനുള്ള സകല മാര്‍ഗങ്ങളും ഇതില്‍ മിക്കവാറും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഒരു നല്ല മനുഷ്യന്‍ ദൈവത്തോടും ദൈവദാസന്മാരോടും വര്‍ത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സമുദായത്തില്‍ സംഘടനാപരമായ അച്ചടക്കം നിലനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ഇതിലടങ്ങിയിരിക്കുന്നു. പൂര്‍വവേദക്കാരുടെ മതപരവും സദാചാരപരവുമായ നയവൈകൃതങ്ങളെ വിമര്‍ശിച്ചുകൊണ്ട് മുസ്‌ലിംകളെ താക്കീതു ചെയ്തിരിക്കുന്നു, മുസ്‌ലിംകള്‍ ആ പൂര്‍വഗാമികളെ അനുകരിക്കുന്നതില്‍നിന്നു തീരെ ഒഴിഞ്ഞുനില്‍ക്കണം. അല്ലാത്തപക്ഷം അവരാപതിച്ച ആപദ്ഗര്‍ത്തത്തില്‍ ചെന്നുവീഴുന്നതായിരിക്കും. മുനാഫിഖുകളുടെ കര്‍മരീതിയെ അപലപിച്ചുകൊണ്ട്, യഥാര്‍ഥ മുസ്‌ലിംകളുടെ നയവും യഥാര്‍ഥ വിശ്വാസത്തിന്റെ അനിവാര്യ ഫലങ്ങളും വിവരിച്ചിരിക്കുന്നു. സത്യവിശ്വാസത്തെയും കപടവിശ്വാസത്തെയും വേര്‍തിരിക്കുന്ന സവിശേഷതകളും എടുത്തുപറഞ്ഞിരിക്കുന്നു. പരിഷ്‌കരണവിരുദ്ധ ശക്തികളില്‍നിന്നും പ്രതിലോമകാരികളില്‍നിന്നുമുണ്ടായിരുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഊക്ക് ഉഹ്ദ് യുദ്ധാനന്തരം വളരെ വര്‍ധിച്ചു. മുസ്‌ലിം പാര്‍ട്ടിക്ക് ഉഹ്ദില്‍ നേരിട്ട താല്‍ക്കാലിക പരാജയം മദീനാ പട്ടണത്തിന്റെ പരിസരവര്‍ത്തികളായ മുശ്‌രിക് ഗോത്രങ്ങളെയും യഹൂദ ഗോത്രങ്ങളെയും മദീനയില്‍ത്തന്നെയുള്ള മുനാഫിഖുകളെയും കൂടുതല്‍ കരുത്തരാക്കിയിരുന്നു. നാനാഭാഗത്തുനിന്നും മുസ്‌ലിംകളെ അപകടങ്ങള്‍ വലയം ചെയ്തിരിക്കയായിരുന്നു. ഈ പരിതോവസ്ഥയില്‍ ഒരു വശത്ത്, ആവേശജനകങ്ങളായ പ്രഭാഷണങ്ങളിലൂടെ അവരെ ത്യാഗങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും പ്രേരിപ്പിക്കുകയും മറുവശത്ത്, യുദ്ധവേളയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. മുനാഫിഖുകളും ദുര്‍ബല വിശ്വാസികളും മദീനയില്‍ ഭീതിജനകമായ പല വാര്‍ത്തകളും പരത്തിവിട്ടിരുന്നതിനാല്‍ യഥാര്‍ഥ വിശ്വാസികളില്‍ പോലും ഒട്ടേറെ സംഭ്രമവും ദുര്‍ധാരണകളും സൃഷ്ടിക്കപ്പെടാന്‍ ഇടയുണ്ടായിരുന്നു. ഇത്തരം വാര്‍ത്തകള്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കണമെന്നും അവരുടെ അന്വേഷണത്തിനും സ്ഥിരീകരണത്തിനും ശേഷമല്ലാതെ അവ പ്രചരിപ്പിക്കരുതെന്നും ഇതില്‍ മുസ്‌ലിംകളോട് പ്രത്യേകം ആജ്ഞാപിച്ചിരിക്കുന്നു. യുദ്ധങ്ങള്‍ക്കും സൈനിക നടപടികള്‍ക്കുമായി മുസ്‌ലിംകള്‍ അടിക്കടി ദേശസഞ്ചാരം നടത്തുകയും വെള്ളം ലഭ്യമല്ലാതിരുന്ന പല വഴികളും തരണംചെയ്യുകയും പതിവായിരുന്നു. അതിനാല്‍, കുളിയും വുദൂഉം നിര്‍വഹിക്കുന്നതിനു പകരം, വെള്ളത്തിന്റെ അഭാവത്തില്‍, തയമ്മും മതിയാവുമെന്ന് നിര്‍ദേശിക്കപ്പെട്ടു. നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ യാത്രാവേളയില്‍ രണ്ടു റക്അത്തായി ചുരുക്കാമെന്നും ഇതില്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. അപായമേഖലയില്‍ നിര്‍വഹിക്കേണ്ട 'സ്വലാത്തുല്‍ ഖൗഫി'ന്റെ രീതിയും ഇതില്‍ വിവരിച്ചിരിക്കുന്നു. അറബി ഗോത്രങ്ങള്‍ക്കിടയില്‍ പലേടത്തും മുസ്‌ലിംകള്‍ പരന്നു താമസിച്ചിരുന്നു; ആ പ്രദേശങ്ങള്‍ പലപ്പോഴും യുദ്ധനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യാറുണ്ടായിരുന്നു. തന്മൂലം ആ ഒറ്റപ്പെട്ട മുസ്‌ലിംകളുടെ നില വളരെ പരുങ്ങലിലായിരുന്നു. ഈ ഘട്ടത്തില്‍ ഒരുവശത്ത് അവരെ ഇസ്‌ലാമിക സ്‌റ്റേറ്റിലേക്ക് ഹിജ്‌റ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ഇസ്‌ലാമിക സമൂഹത്തിന് അവശ്യം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു. യഹൂദികളില്‍ ബനുന്നദീര്‍ ഗോത്രക്കാരുടെ നയം അങ്ങേയറ്റം ശത്രുമനോഭാവത്തോടുകൂടിയതായിരുന്നു. ഉടമ്പടികള്‍ പരസ്യമായി ലംഘിക്കുക, ഇസ്‌ലാമിന്റെ ശത്രുക്കളുമായി ധിക്കാരപൂര്‍വം കൂട്ടുചേരുക മുതലായ പല അതിക്രമങ്ങളും അവര്‍ നടത്തിയിരുന്നു. അതിനുംപുറമെ നബി(സ)ക്കും ഇസ്‌ലാമിക പാര്‍ട്ടിക്കുമെതിരായി മദീനയില്‍ പലേടത്തും ഗൂഢാലോചനയുടെ വലകള്‍ അവര്‍ വീശിയിട്ടുണ്ടായിരുന്നു. അവരുടെ ഈ കുത്സിതനയത്തെ കഠിനമായി അധിക്ഷേപിക്കുകയും അവര്‍ക്ക് അസന്ദിഗ്ധമായ ഭാഷയില്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരിക്കുന്നു ഈ അധ്യായത്തില്‍. ഇതിനുശേഷമാണ് അവരെ മദീനയില്‍നിന്നു നിശ്ശേഷം പുറംതള്ളിയത്. കപടവിശ്വാസികളുടെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത കര്‍മരീതികളാണ് കൈക്കൊണ്ടിരുന്നത്. ഇന്ന വിഭാഗത്തോട് ഇന്ന നിലയില്‍ വര്‍ത്തിക്കണമെന്നു സ്വയം തീരുമാനിക്കുക മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നന്നെ വിഷമകരമായിരുന്നു. ഓരോ വിഭാഗത്തെയും വേര്‍തിരിച്ചു കാട്ടി, അവരോട് അനുവര്‍ത്തിക്കേണ്ട വിധം ഇതില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിഷ്പക്ഷരായ സഖ്യഗോത്രങ്ങളുമായി മുസ്‌ലിംകള്‍ എങ്ങനെ വര്‍ത്തിക്കണമെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രധാനമായിട്ടുള്ളത് മുസ്‌ലിംകളുടെ ചര്യ തികച്ചും നിഷ്‌കപടമായിരിക്കണമെന്നതാണ്. അതിതീക്ഷ്ണമായ ഈ സംഘട്ടനത്തെ ഒരുപിടി മാത്രംവരുന്ന ഈ പാര്‍ട്ടിക്ക് തങ്ങളുടെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങള്‍കൊണ്ടുമാത്രമേ അതിജീവിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍, സത്യവിശ്വാസികള്‍ക്ക് ഇതില്‍ അത്യുത്തമ സ്വഭാവങ്ങള്‍ അഭ്യസിപ്പിച്ചിരിക്കുന്നു. ഈ വിഷയകമായി അവരുടെ പാര്‍ട്ടിയില്‍ പ്രകടമായിക്കണ്ട ഏതൊരു ദൗര്‍ബല്യവും കഠിനമായി വിമര്‍ശിക്കപ്പെട്ടിരിക്കുന്നു. പ്രബോധന വശത്തിനും ഈ അധ്യായത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ട്. അനിസ്‌ലാമികത്വത്തിനെതിരില്‍ ഇസ്‌ലാം പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സദാചാര നാഗരിക പരിഷ്‌കരണത്തിന്റെ നാനാവശങ്ങളെ വിശദീകരിക്കുന്നതോടൊപ്പം യഹൂദി-ക്രിസ്ത്യാനി- മുശ്‌രിക്കുകളുടെ തെറ്റായ മതധാരണകളെയും അബദ്ധജടിലമായ കര്‍മ-ധര്‍മങ്ങളെയും വിമര്‍ശിച്ചുകൊണ്ട് അവരെ സത്യമതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.

Source: www.thafheem.net