VERSES
75
PAGES
458-467

നാമം

71-ആം സൂക്തത്തിലെ إِلَى جَهَنَّمَ زُمَرًا , 73-ആം إِلَى الْجَنَّةِ زُمَرًا എന്നീ വാക്കുകളില്‍നിന്നും സ്വീകരിക്കപ്പെട്ടതാണ് ഈ അധ്യായത്തിന്റെ നാമം. 'സുമര്‍' എന്ന പദം ഉള്ള സൂറ എന്നേ അര്‍ഥമുള്ളൂ.


അവതരണ കാലം

പത്താം സൂക്തത്തിലെ وَأَرْضُ اللهِ وَاسِعَةٌ (അല്ലാഹുവിന്റെ ഭൂമി വിശാലമായതാകുന്നു) എന്ന വാക്യത്തില്‍നിന്ന് ഈ സൂറ അബിസീനിയN1335യിലേക്കുള്ള ഹിജ്‌റക്ക് മുമ്പവതരിച്ചതാണെന്ന് വ്യക്തമാകുന്നു. ജഅ്ഫറുബ്‌നു അബീത്വാലിബുംN414 കൂട്ടുകാരും അബിസീനിയയിലേക്ക് ഹിജ്‌റ പോകാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ അതേപ്പറ്റി അവതരിച്ചതാണീ സൂക്തമെന്ന്, ചില നിവേദനങ്ങളില്‍ ഖണ്ഡിതമായി പ്രസ്താവിക്കപ്പെട്ടിട്ടുമുണ്ട് (റൂഹുല്‍ മആനിN1265, വാല്യം: 23, പേജ്: 226).


ഉള്ളടക്കം

അബിസീനിയന്‍ ഹിജ്‌റക്കുമുമ്പ് മക്കയില്‍ വിങ്ങിനിന്ന അക്രമമര്‍ദനങ്ങളുടെയും എതിര്‍പ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തില്‍ അവതീര്‍ണമായ ഉജ്ജ്വലവും വിശിഷ്ടവുമായ ഒരു പ്രഭാഷണമാണ് ഈ സൂറ മുഴുവന്‍. അധികവും ഖുറൈശി നിഷേധികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഉപദേശമാണ്; ചിലയിടത്തൊക്കെ വിശ്വാസികളും അഭിസംബോധിതരാണെങ്കിലും. മുഹമ്മദീയ സന്ദേശത്തിന്റെ സാക്ഷാല്‍ ലക്ഷ്യമെന്തെന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയാണെന്നംഗീകരിക്കുക, മറ്റുള്ളവരോടുള്ള ആരാധനയാലും വണക്കത്താലും അവന്റെ ദൈവഭക്തിയെ മലീമസമാക്കാതിരിക്കുക എന്നതാണത്. ഈ പ്രാഥമിക മൗലികതത്ത്വം വ്യത്യസ്തശൈലികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനിപുണമായ രീതിയില്‍ ഏകദൈവത്വത്തിന്റെ സത്യാത്മകതയും അതംഗീകരിക്കുന്നതിന്റെ സദ്ഫലങ്ങളും ബഹുദൈവത്വത്തിന്റെ അബദ്ധങ്ങളും അതില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്നതിന്റെ ദുഷ്ഫലങ്ങളും വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം ജനങ്ങളെ, പിഴച്ച മാര്‍ഗങ്ങളുപേക്ഷിച്ച് അവരുടെ നാഥന്റെ കാരുണ്യത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ആനുഷംഗികമായി വിശ്വാസികളോടുദ്‌ബോധിപ്പിക്കുന്നു: അല്ലാഹുവിന്റെ മാത്രം അടിമയായി ജീവിക്കുക ഒരു സ്ഥലത്ത് അസാധ്യമാണെങ്കില്‍ അവന്റെ ഭൂമി വളരെ വിശാലമാണ്. സ്വന്തം ദീന്‍ രക്ഷിക്കുന്നതിനുവേണ്ടി ദേശത്യാഗംചെയ്ത് മറ്റെവിടേക്കെങ്കിലും പോവുക. അല്ലാഹു നിങ്ങളുടെ ക്ഷമക്ക് തക്ക പ്രതിഫലം നല്‍കും. മറുവശത്ത്, നബി(സ)യോട് പറയുന്നു: അക്രമ മര്‍ദനങ്ങള്‍കൊണ്ട് താങ്കളെ ഈ മാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യനിഷേധികളെ തികച്ചും നിരാശപ്പെടുത്തേണം. അവരോട് തുറന്നുപറയുക: എന്റെ വഴി മുടക്കാന്‍ നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളുക. ഞാന്‍ എന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.

Source: www.thafheem.net