VERSES
88
PAGES
453-458

നാമം

ആരംഭത്തില്‍ത്തന്നെയുള്ള 'സ്വാദ്' എന്ന അക്ഷരമാണ് അധ്യായത്തിന്റെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.


അവതരണകാലം

പറയാന്‍ പോകുന്നതനുസരിച്ച് ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം നബി(സ) മക്കയില്‍ പരസ്യമായ പ്രബോധനം തുടങ്ങുകയും ഖുറൈശി തലവന്മാര്‍ അദ്ദേഹത്തിനെതിരില്‍ ഇളകിവശാവുകയും ചെയ്ത ഘട്ടത്തിലാണ് ഈ അധ്യായം അവതീര്‍ണമായത്. അതുപ്രകാരം ഇതിന്റെ അവതരണം ഏതാണ്ട് പ്രവാചകത്വലബ്ധിയുടെ നാലാം ആണ്ടിലാണെന്ന് വരുന്നു. വേറെ ചില റിപ്പോര്‍ട്ടുകളില്‍ ഇതവതരിച്ചത് ഹ. ഉമര്‍ (റ)N1512 ഇസ്‌ലാം സ്വീകരിച്ചശേഷമാണ്. അബിസീനിയന്‍ ഹിജ്‌റക്കു ശേഷമാണല്ലോ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. അബൂത്വാലിബിന്റെN6 രോഗാവസ്ഥയിലാണ് ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന സംഭവമുണ്ടായതെന്നാണ് മറ്റു ചില നിവേദനങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. അത് ശരിയാണെങ്കില്‍ അധ്യായം അവതരിച്ചത് പ്രവാചകത്വലബ്ധിയുടെ പത്താം വര്‍ഷമോ പതിനൊന്നാം വര്‍ഷമോ ആയിരിക്കണം.


ചരിത്ര പശ്ചാത്തലം

ഇമാം അഹ്മദ്N1509, നസാഈN1478, തിര്‍മിദിN477, ഇബ്‌നുജരീര്‍‍N1477, ഇബ്‌നു അബീശൈബN1415, ഇബ്‌നു അബീഹാതിംN1430, മുഹമ്മദുബ്‌നു ഇസ്ഹാഖ്N176 തുടങ്ങിയവര്‍ ഉദ്ധരിച്ചതിന്റെ സംഗ്രഹമിതാണ്: അബൂത്വാലിബ്N6 രോഗാതുരനാവുകയും അദ്ദേഹത്തിന്റെ അന്ത്യമടുത്തുവെന്ന് ഖുറൈശിപ്രമാണികള്‍ക്ക് തോന്നുകയും ചെയ്തപ്പോള്‍ അവര്‍ സംയുക്തമായി അദ്ദേഹത്തോട് സംസാരിക്കാന്‍ തീരുമാനിച്ചു. തങ്ങളും അദ്ദേഹത്തിന്റെ സഹോദര പുത്രനും തമ്മിലുള്ള പ്രശ്‌നം അദ്ദേഹംതന്നെ തീര്‍ക്കുകയാണെങ്കില്‍ അതാണ് നല്ലത്. അല്ലെങ്കില്‍ തങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം മുഹമ്മദിന്റെ നേരെ തിരിഞ്ഞാല്‍ ആളുകള്‍ പറയും: ആ വയസ്സന്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ അയാളെ പരിഗണിച്ചു. ഇപ്പോള്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇവര്‍ അദ്ദേഹത്തിന്റെ സഹോദരപുത്രന്നുനേരെ ചാടിവീഴുന്നു... - ഇതായിരുന്നു അവരുടെ പ്രചോദനം. ഈ അഭിപ്രായത്തില്‍ എല്ലാവരും യോജിച്ചു. അങ്ങനെ അബൂജഹ്ല്‍‍ N5, അബൂസുഫ്‌യാന്‍N39‍, ഉമയ്യതുബ്‌നു ഖലഫ്N201, ആസ്വിബ്‌നുവാഇല്‍, അസ്‌വദുബ്‌നുല്‍ മുത്ത്വലിബ്, ഉഖ്ബതുബ്‌നു അബീമുഐത്വ്N191, ഉത്ബ, ശൈബ എന്നിവരുള്‍പ്പെടെയുള്ള ഇരുപത്തഞ്ചോളം ഖുറൈശി പ്രമാണിമാര്‍ അബൂത്വാലിബിന്റെ സന്നിധിയിലെത്തി. ആദ്യം പതിവുപോലെ അവര്‍ മുഹമ്മദി(സ)നെക്കുറിച്ച് തങ്ങള്‍ക്കുള്ള പരാതികള്‍ വിവരിച്ചു. പിന്നെ പറഞ്ഞു: 'ഞങ്ങള്‍ ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശിക്കുന്നതിനാണ് അങ്ങയുടെ മുന്നില്‍ വന്നിരിക്കുന്നത്. അങ്ങയുടെ സഹോദരപുത്രന്‍ ഞങ്ങളേയും ഞങ്ങളുടെ മതത്തേയും വിമര്‍ശിക്കരുത്. അയാളെയും അയാളുടെ മതത്തെയും ഞങ്ങള്‍ വെറുതെ വിട്ടുകൊള്ളാം. അയാള്‍ തനിക്കിഷ്ടമുള്ള ദൈവത്തെ ആരാധിച്ചുകൊള്ളട്ടെ. ഞങ്ങളത് തടയുകയില്ല. പക്ഷേ, ഞങ്ങളുടെ ദൈവങ്ങളെ അയാള്‍ വിമര്‍ശിക്കരുത്. അവയെ കൈവെടിയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയുമരുത്. ഈ വ്യവസ്ഥയില്‍ അങ്ങ് ഞങ്ങള്‍ക്കും അങ്ങയുടെ സഹോദരപുത്രനുമിടയില്‍ സന്ധിയുണ്ടാക്കണം. അബൂത്വാലിബ് നബി(സ)യെ വിളിപ്പിച്ചിട്ടു പറഞ്ഞു: 'സഹോദരപുത്രാ, നിന്റെ സമുദായത്തിലെ പ്രമാണിമാരിതാ എന്റെയടുക്കല്‍ വന്നിരിക്കുന്നു. ഒരു ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നീയും അവരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണവരുടെ ആഗ്രഹം.' തുടര്‍ന്നു ഖുറൈശികളുന്നയിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥ അദ്ദേഹം തിരുമേനി(സ)യെ കേള്‍പ്പിച്ചു. നബി(സ) പറഞ്ഞു: 'പിതൃവ്യാ, ഞാനവരുടെ മുമ്പില്‍ ഒരു വചനമവതരിപ്പിക്കുന്നു. അതംഗീകരിക്കുകയാണെങ്കില്‍ അറബികള്‍ അവരെ അനുസരിക്കും. അനറബികള്‍ അവര്‍ക്ക് കപ്പംകൊടുക്കും.' (പ്രവാചകന്റെ ഈ പ്രതികരണം വ്യത്യസ്ത വാക്കുകളില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു റിപ്പോര്‍ട്ടു പ്രകാരം അവിടന്ന് പറഞ്ഞതിങ്ങനെയാണ്: أريدهم على كلمة واحدة يقولونها تدين لهم بها العرب وتؤدي إليهم بها العجم الجزية (അവര്‍ ഒരൊറ്റ വചനം പ്രഖ്യാപിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. എങ്കില്‍ അറബികള്‍ അവരെ അനുസരിക്കും. അനറബികളെ അവര്‍ ഭരിക്കും) മറ്റൊരു നിവേദനത്തില്‍ വാചകം ഇപ്രകാരമാണ്: أدعوهم إلى أن يتكلموا بكلمة تدين لهم بها العرب ويملكون بها العجم (അവരെ ഒരു വചനമുച്ചരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. അതുവഴി അറബികള്‍ അവര്‍ക്ക് വിധേയരാകും. അനറബികള്‍ക്ക് അവര്‍ യജമാനന്മാരാകും.) മറ്റൊരു നിവേദനത്തില്‍ പ്രവാചകന്‍ അബൂത്വാലിബിന്നു പകരം ഖുറൈശികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെയാണ്: كلمة واحدة تعطونيها تملكون بها العرب وتدين لكم بها العجم (നിങ്ങള്‍ ഒരൊറ്റ വാക്കു തരിക. എങ്കില്‍ അതുവഴി അറബികളെ നിങ്ങള്‍ ഭരിക്കുകയും അനറബികള്‍ നിങ്ങളെ അനുസരിക്കുകയും ചെയ്യും) ഇനിയുമൊരു നിവേദനത്തിലുള്ള പദങ്ങള്‍ ഇപ്രകാരമാകുന്നു: നിങ്ങളെന്തു വിചാരിക്കുന്നു; ഞാന്‍ തരുന്ന ഒരു വചനം നിങ്ങള്‍ പറയുകയാണെങ്കില്‍ അതുവഴി അറബികള്‍ നിങ്ങളെ അനുസരിക്കും. പദപരമായ ഭിന്നതകളുണ്ടെങ്കിലും എല്ലാറ്റിന്റെയും ആശയം ഒന്നുതന്നെയാകുന്നു. അതായത്, ഞാന്‍ ഒരു സന്ദേശം നിങ്ങളുടെ മുന്നിലവതരിപ്പിക്കാം. അത് സ്വീകരിച്ചാല്‍ നിങ്ങള്‍ അറബികളുടെയും അനറബികളുടെയും നായകരാകുമെങ്കില്‍ അതാണോ കൂടുതല്‍ നല്ലത്, അതല്ല നിങ്ങള്‍ എന്റെ മുമ്പില്‍ വെക്കുന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളോ? ഈ സന്ദേശം സ്വീകരിക്കുന്നതിലാണോ അതല്ല നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയില്‍ തന്നെ അവശേഷിക്കാന്‍ വിട്ടു, ഞാന്‍ സ്വന്തം നിലക്ക് എന്റെ ദൈവത്തെ ആരാധിക്കുന്നതിലോ നിങ്ങള്‍ക്ക് നന്മയുള്ളത്?) ഇത് കേട്ടപ്പോള്‍ ആദ്യം അവര്‍ പ്രകോപിതരായി എഴുന്നേറ്റു. ഇത്ര നല്ല ഒരു വാക്യത്തെ എങ്ങനെ തള്ളിക്കളയുമെന്ന് അവര്‍ക്ക് മനസ്സിലായില്ല. പിന്നെ അല്‍പം അശാന്തരായിക്കൊണ്ട് അവര്‍ പറഞ്ഞു: 'താങ്കള്‍ ഒരു വാക്യം പറഞ്ഞുകൊള്ളുക. അതുപോലുള്ള പത്തു വാക്യങ്ങള്‍ പറയാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, ഒരു വാക്യം എന്താണെന്ന് പറയണം.' അവിടുന്ന് പറഞ്ഞു: 'ലാ ഇലാഹ ഇല്ലല്ലാഹ്.' ഇതുകേട്ടപ്പോള്‍ അവര്‍ ഒന്നടങ്കം എഴുന്നേറ്റ്, ഈ സൂറയുടെ ആരംഭത്തില്‍ അല്ലാഹു ഉദ്ധരിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്ഥലം വിടുകയും ചെയ്തു.H526 ഈ കഥ നാം വിവരിച്ചതുപോലെത്തന്നെയാണ് ഇബ്‌നു സഅ്ദ്N1425 തന്റെ ത്വബഖാത്തില്‍N470 ഉദ്ധരിച്ചിട്ടുള്ളത്. പക്ഷേ, അദ്ദേഹത്തിന്റെ നിവേദനപ്രകാരം ഈ സംഭവം നടന്നത് അബൂത്വാലിബിന്റെ മരണകാരണമായ രോഗകാലത്തായിരുന്നില്ല. പ്രത്യുത, തിരുമേനി(സ) പൊതുവായ പ്രബോധനം ആരംഭിക്കുകയും മക്കയില്‍ ഇന്ന് ഇന്നയാള്‍ മുസ്‌ലിമായി, ഇന്നലെ ഇന്നവന്‍ മുസ്‌ലിമായി എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നിരന്തരം പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തിലായിരുന്നു. അന്ന് ഖുറൈശി നേതാക്കള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി അബൂത്വാലിബിനെ സമീപിക്കുകയും മുഹമ്മദിനെ ഈ പ്രബോധനത്തില്‍നിന്ന് തടയാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ നിവേദക സംഘങ്ങളിലൊന്നുമായി നടന്ന സംഭാഷണമാണിതും. ഹ. ഉമര്‍ (റ)N1512 ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞ് പരിഭ്രാന്തരായപ്പോഴാണ് ഈ നിവേദക സംഘം അബൂത്വാലിബിനെ സമീപിച്ചതെന്നാണ് സമഖ്ശരിN1040, റാസിN1533, നൈസാപൂരിN1535 തുടങ്ങിയ മറ്റു ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. പക്ഷേ, ഈ നിവേദനത്തിന് ചരിത്രഗ്രന്ഥങ്ങളില്‍നിന്നൊന്നും ഒരവലംബവും നമുക്ക് കണ്ടെത്താനായിട്ടില്ല. ഈ മുഫസ്സിറുകളാവട്ടെ, തങ്ങളുടെ അവലംബം വ്യക്തമാക്കിയിട്ടുമില്ല. ഏതായാലും ഇതു ശരിയാണെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിങ്ങനെയാണ്: മാന്യതയിലും സംസ്‌കാരത്തിലും ജീവിത വിശുദ്ധിയിലും വിജ്ഞാനത്തിലും വിവേകത്തിലും തങ്ങളുടെ സമുദായത്തില്‍ അതുല്യനായ ഒരാള്‍ തങ്ങള്‍ക്കിടയില്‍ ഈ പ്രബോധനവുമായി എഴുന്നേറ്റതുതന്നെ ഖുറൈശികളെ ഉത്കണ്ഠാകുലരാക്കിയിരുന്നു. പിന്നെ മക്കയിലും പരിസരത്തുമുള്ള കുട്ടികള്‍പോലും അങ്ങേയറ്റം സച്ചരിതനും ബുദ്ധിമാനുമെന്ന് മനസ്സിലാക്കിയിട്ടുള്ള അബൂബക്‌റിനെപ്പോലുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതും അവര്‍ കണ്ടു. ഇപ്പോള്‍ ധീരശൂരനും നിശ്ചയദാര്‍ഢ്യമുള്ളവനുമായ ഉമറിനെപ്പോലുള്ളവരും ആ വഴിക്ക് നീങ്ങുന്നതാണ് കാണുന്നത്. ഈ രണ്ടുകൂട്ടരും കൂടിച്ചേരുമ്പോള്‍ ആപത്ത് താങ്ങാവുന്നതിന്റെ എല്ലാ സീമകളും വിട്ടുകടക്കുന്നതായി തീര്‍ച്ചയായും അവര്‍ക്കു തോന്നിയിരിക്കാം.


പ്രതിപാദ്യവിഷയം

മുകളില്‍ പറഞ്ഞ സഭയെ നിരൂപണം ചെയ്തുകൊണ്ടാണ് സൂറ ആരംഭിക്കുന്നത്. നിഷേധികളും തിരുമേനിയും തമ്മില്‍ നടന്ന സംഭാഷണത്തെ അടിസ്ഥാനമാക്കി അല്ലാഹു പറയുന്നു: ഈയാളുകളുടെ നിഷേധത്തിന്റെ മൂലകാരണം ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏതെങ്കിലും ന്യൂനതയല്ല. മറിച്ച്, അവരുടെ അഹന്തയും അസൂയയും അന്ധമായ അനുകരണഭ്രമവുമാണ്. തങ്ങളില്‍നിന്നുതന്നെയുള്ള ഒരാളെ അല്ലാഹുവിന്റെ ദൂതനായി അംഗീകരിക്കാനോ പിന്‍പറ്റാനോ ഇക്കൂട്ടര്‍ തയാറല്ല. തങ്ങളുടെ തൊട്ട് മുന്‍ഗാമികളുടെ മൂഢസങ്കല്‍പങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കാനാണിവര്‍ ആഗ്രഹിക്കുന്നത്. ഈ മൂഢതയുടെ തിരശ്ശീല ഭേദിച്ച് ഒരാള്‍ യാഥാര്‍ഥ്യം ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോള്‍ അവര്‍ അയാളെക്കുറിച്ച് അപകടക്കാരനെന്ന് മുന്നറിയിപ്പു നല്‍കുന്നു. അയാളുടെ സന്ദേശത്തെ വിചിത്രമെന്നും മുമ്പെങ്ങും കേട്ടിട്ടില്ലാത്തതെന്നും വിശേഷിപ്പിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസവും പരലോക വിശ്വാസവും പരിഗണിക്കാനേ പറ്റുന്ന സംഗതികളല്ല; കേവലം പുച്ഛിച്ചുതള്ളേണ്ട കാര്യങ്ങളാണ്. അനന്തരം സൂറയുടെ ആരംഭത്തിലും സമാപനവചനത്തിലും നിഷേധികളെ ഇപ്രകാരം താക്കീതു ചെയ്യുകയാണ്: ഏതൊരാളെ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, ഏതൊരാളുടെ മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ ഇന്ന് നിങ്ങള്‍ വിസമ്മതിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ അടുത്ത ഭാവിയില്‍ ജേതാവാകും. നിങ്ങളദ്ദേഹത്തെ തോല്‍പിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ മക്കയില്‍ത്തന്നെ നിങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നവരായി കാണപ്പെടുന്നനാള്‍ അധികം അകലെയല്ല. പിന്നെ തുടര്‍ച്ചയായി ഒമ്പതു പ്രവാചകവര്യരെക്കുറിച്ച് പറയുന്നു. അക്കൂട്ടത്തില്‍ ദാവൂദ്, സുലൈമാന്‍ (അ) എന്നിവരുടെ കഥ ഏറെ വിശദമാണ്. തന്റെ നീതിനിയമങ്ങള്‍ നിര്‍ദാക്ഷിണ്യം നടപ്പാക്കപ്പെടുന്നതാണെന്ന് ശ്രോതാക്കളെ ധരിപ്പിക്കുകയാണ് അല്ലാഹു. മനുഷ്യന്റെ സുചരിതം മാത്രമേ അവങ്കല്‍ സ്വീകാര്യമായിരിക്കൂ. അന്യായം ആരു ചെയ്താലും പിടികൂടപ്പെടും. അബദ്ധങ്ങളില്‍ ഉറച്ചുനില്‍ക്കാതെ, അത് ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ ഉടനെ പശ്ചാത്തപിച്ചു മടങ്ങുകയും പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന വിചാരത്തോടെ ഇഹലോകത്ത് ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവങ്കല്‍ ഇഷ്ടപ്പെട്ടവരായിരിക്കൂ. അനന്തരം അനുസരണമുള്ള ദാസന്മാരും ധിക്കാരികളായവരും പരലോകത്ത് അഭിമുഖീകരിക്കാനിരിക്കുന്ന വ്യത്യസ്തമായ പരിണതികള്‍ ചിത്രീകരിക്കുകയാണ്. ഇവ്വിഷയകമായി നിഷേധികളോട് രണ്ടു കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്: ഒന്ന്, ഇന്ന് ഈയാളുകള്‍ ഏതെല്ലാം നേതാക്കളുടെയും ആചാര്യന്മാരുടെയും പിന്നാലെയാണോ അന്ധരായി ഓടിക്കൊണ്ടിരിക്കുന്നത്, ഇതേ ആളുകള്‍ നാളെ അവരുടെ അനുയായികള്‍ക്കു മുമ്പേ നരകത്തിലെത്തിച്ചേരുന്നതായിരിക്കും. അപ്പോള്‍ ഓരോരുത്തരും മറുപക്ഷത്തെ ശപിച്ചുകൊണ്ടിരിക്കും. രണ്ട്, ഇന്ന് ഇവര്‍ നീചരും അഭിശപ്തരുമായി കരുതുന്ന വിശ്വാസികളുണ്ടല്ലോ, അവരിലാരുടെയും പൊടിപോലും നരകത്തിലില്ലെന്നും തങ്ങള്‍തന്നെയാണ് ശിക്ഷയിലകപ്പെട്ടതെന്നും നാളെ ഇവര്‍ പരിഭ്രാന്തിയോടെ കണ്ണുമിഴിച്ചു കാണേണ്ടിവരുന്നതാണ്. അവസാനമായി, ആദമിന്റെയും ഇബ്‌ലീസിന്റെയും കഥയനുസ്മരിച്ചിരിക്കുന്നു. അതുവഴി നിഷേധികളോട് പറയുകയാണ്: മുഹമ്മദ് നബി(സ)ക്ക് വഴങ്ങുന്നതില്‍നിന്ന് നിങ്ങളെ തടഞ്ഞ ആ ചിന്തതന്നെയാണ് ആദമിന്റെ മുന്നില്‍ പ്രണമിക്കുന്നതില്‍നിന്ന് ഇബ്‌ലീസിനെയും തടഞ്ഞത്. അല്ലാഹു ആദമിന് നല്‍കിയ പദവിയില്‍ ഇബ്‌ലീസ് അസൂയാലുവായി. അങ്ങനെ ദൈവാജ്ഞക്കെതിരെ ധിക്കാരം കൈക്കൊള്ളുകയും ദൈവശാപത്തിനര്‍ഹനാവുകയും ചെയ്തു. അതുപോലെ ദൈവം മുഹമ്മദിന്(സ) നല്‍കിയ പദവിയില്‍ നിങ്ങള്‍ അസൂയപ്പെടുകയും അല്ലാഹു തന്റെ ദൂതനായി നിയോഗിച്ചയാളെ അനുസരിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്യുന്നു. അതുമൂലം ഇബ്‌ലീസിനുണ്ടാകുന്ന പരിണതി എന്താണോ അതുതന്നെയാണ് ഒടുവില്‍ നിങ്ങള്‍ക്കുമുണ്ടാവുക.

Source: www.thafheem.net