VERSES
182
PAGES
446-452

നാമം

പ്രഥമസൂക്തത്തിലെ 'വസ്സ്വാഫ്ഫാത്തി' എന്ന പദത്തില്‍നിന്നാണ് അധ്യായത്തിന് പേര് സ്വീകരിക്കപ്പെട്ടത്.


അവതരണകാലം

മിക്കവാറും പ്രവാചകന്റെ മക്കീകാലഘട്ടത്തിന്റെ മധ്യത്തിലാണ് ഈ സൂറ അവതരിച്ചതെന്നാണ് പ്രമേയത്തില്‍നിന്നും പ്രതിപാദനരീതിയില്‍നിന്നും വ്യക്തമാകുന്നത്. എന്നാല്‍, മധ്യഘട്ടത്തിന്റെത്തന്നെ അവസാന നാളുകളിലായിരിക്കണം ഇതിന്റെ അവതരണം. ഇസ്‌ലാമിനോടുള്ള ശത്രുത അതിന്റെ പൂര്‍ണശക്തിയിലെത്തുകയും നബി(സ)യും സ്വഹാബത്തും അങ്ങേയറ്റം വ്യഥിതരായിത്തീരുകയും ചെയ്ത സാഹചര്യമാണ് പ്രതിപാദനരീതിയില്‍ മൊത്തത്തില്‍ പ്രതിഫലിക്കുന്നത്.


പ്രതിപാദ്യവിഷയം

അന്ന് നബി(സ) അവതരിപ്പിച്ച ഏകദൈവ വിശ്വാസത്തിന്റെയും പരലോക വിശ്വാസത്തിന്റെയും സന്ദേശങ്ങളോട് പരമപുച്ഛത്തോടെയും പരിഹാസത്തോടെയും പ്രതികരിക്കുകയും തിരുമേനി(സ)യുടെ പ്രവാചകത്വത്തെ രൂക്ഷമായി നിഷേധിക്കുകയും ചെയ്ത മക്കയിലെ സത്യനിഷേധികളെ ഭീഷണമായ ഭാഷയില്‍ താക്കീത് ചെയ്യുകയും ഒടുവില്‍ അവരെ ഇപ്രകാരം അറിയിക്കുകയും ചെയ്യുന്നു: നിങ്ങള്‍ പരിസഹിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവാചകന്‍, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ അടുത്ത ഭാവിയില്‍ അതിജയിക്കാന്‍ പോകുന്നു. അല്ലാഹുവിന്റെ സൈന്യം നിങ്ങളുടെ വീട്ടുമുറ്റത്തുതന്നെ വന്നിറങ്ങുന്നത് നിങ്ങള്‍ കാണും (സൂക്തം: 171-179 37:171 ). പ്രവാചക വിജയത്തിന്റെ വിദൂര ലക്ഷണങ്ങള്‍പോലും എങ്ങും പ്രത്യക്ഷമായിട്ടില്ലാത്ത ഒരു സന്ദര്‍ഭത്തിലാണ് ഈ നോട്ടീസ് നല്‍കിയത്. അന്ന് (പ്രസ്തുത സൂക്തങ്ങളില്‍ അല്ലാഹുവിന്റെ സൈന്യം എന്നു വിളിക്കപ്പെട്ട) മുസ്‌ലിംകള്‍ അസഹ്യമായ അക്രമങ്ങളും മര്‍ദനങ്ങളുമേറ്റു കഴിയുകയായിരുന്നു. അവരില്‍ മുക്കാല്‍ഭാഗവും നാടുവിട്ടുപോയിരുന്നു. കഷ്ടിച്ച് 40-50 അനുചരന്‍മാര്‍ മാത്രമായിരുന്നു മക്കയില്‍ തിരുമേനിയോടൊപ്പമുണ്ടായിരുന്നത്. അവരാകട്ടെ, തീരെ ദുര്‍ബലരും എല്ലാവിധ പീഡനങ്ങള്‍ക്കും വിധേയരുമായിരുന്നു. ഈ പരിതഃസ്ഥിതിയില്‍ ബാഹ്യലക്ഷണങ്ങള്‍ കണ്ടിട്ട്, മുഹമ്മദ് നബി(സ)യും ഒരുവിധ സാധനസാമഗ്രികളുമില്ലാത്ത ഒരുപിടി ശിഷ്യന്‍മാരും ഒടുവില്‍ വിജയശ്രീലാളിതരാകുമെന്ന് ഒരാള്‍ക്കും പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല. മറിച്ച്, ഈ പ്രസ്ഥാനം മക്കയിലെ കുന്നുകള്‍ക്കിടയില്‍ത്തന്നെ കുഴിച്ചുമൂടപ്പെടുമെന്നായിരുന്നു അന്ന് കാഴ്ചക്കാര്‍ക്ക് തോന്നുക. പക്ഷേ, 15-16 കൊല്ലക്കാലം പിന്നിട്ടില്ല, മക്കാ വിമോചന സന്ദര്‍ഭത്തില്‍ നേരത്തേ നിഷേധികള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ട അതേ സംഭവങ്ങള്‍ യാഥാര്‍ഥ്യമാവുകതന്നെ ചെയ്തു. താക്കീതു ചെയ്യുന്നതോടൊപ്പം ബോധനം ചെയ്യുക, പ്രോത്സാഹിപ്പിക്കുക എന്നീ ബാധ്യതകളും അല്ലാഹു ഈ സൂറയില്‍ തികഞ്ഞസന്തുലിതത്വത്തോടെ നിര്‍വഹിച്ചിട്ടുണ്ട്. ഏകദൈവത്വം, പരലോകം, എന്നീ വിശ്വാസങ്ങളുടെ സാധുതക്ക് മനസ്സില്‍ തറക്കുന്ന പ്രമാണങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നു. ബഹുദൈവാരാധകരുടെ വിശ്വാസപ്രമാണങ്ങള്‍ നിരൂപണം ചെയ്തുകൊണ്ട്, എന്തൊക്കെ അസംബന്ധങ്ങളിലാണവര്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളതെന്ന് തുറന്നുകാട്ടുന്നു. ആ മാര്‍ഗഭ്രംശങ്ങളുടെ ദുഷ്ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മങ്ങളുടെയും അനന്തരഫലങ്ങള്‍ എന്തുമാത്രം മഹത്തരമായിരിക്കുമെന്നും വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവ്വിഷയകമായി പൂര്‍വചരിത്രങ്ങളില്‍നിന്നുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടുന്നു. അല്ലാഹു തന്റെ പ്രവാചകന്മാരോടും അവരുടെ ജനതകളോടും എങ്ങനെയാണ് പെരുമാറിയതെന്ന്, തന്റെ വിശ്വസ്തരായ ദാസന്മാരെ അവന്‍ എങ്ങനെയെല്ലാം അനുഗ്രഹിച്ചുവെന്നും നിഷേധികളെ എങ്ങനെയെല്ലാം ശിക്ഷിച്ചുവെന്നും ആ ഉദാഹരണങ്ങള്‍ സ്പഷ്ടമായി വിളിച്ചോതുന്നു. ഈ സൂറയില്‍ ഉദ്ധൃതമായ ചരിത്രസംഭവങ്ങളില്‍ ഏറെ പാഠമുള്‍ക്കൊള്ളുന്നത് ഇബ്‌റാഹീമി(അ)ന്റെ വിശുദ്ധ ജീവിതത്തിലെ ഒരു സംഭവമാണ്. അല്ലാഹുവിങ്കല്‍നിന്നുള്ള സൂചന ലഭിക്കേണ്ട താമസം, അദ്ദേഹം തന്റെ ഏകപുത്രനെ ബലിയറുക്കാന്‍ സന്നദ്ധനാകുന്നു. തങ്ങള്‍ ഇബ്‌റാഹീമി(അ)ന്റെ വംശക്കാരാണെന്ന് അഭിമാനംകൊള്ളുന്ന ഖുറൈശി നിഷേധികള്‍ക്ക് മാത്രമല്ല ഈ സംഭവത്തില്‍ പാഠമുള്ളത്; പ്രത്യുത, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ച മുസ്‌ലിംകള്‍ക്കും ഇതില്‍ മഹത്തായ പാഠമുണ്ട്. ഈ സംഭവം കേള്‍പ്പിച്ചുകൊണ്ട് ഇസ്‌ലാമിന്റെ യാഥാര്‍ഥ്യവും അടിസ്ഥാന ചൈതന്യവും എന്താണെന്നും അതിനെ തങ്ങളുടെ മതമായി സ്വീകരിച്ചശേഷം സത്യസന്ധനായ വിശ്വാസി തന്റേതായ എല്ലാം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാകേണ്ടതുണ്ടെന്നും അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണ്. സൂറയുടെ സമാപനസൂക്തങ്ങളില്‍ നിഷേധികളോടുള്ള താക്കീതുമാത്രമല്ല ഉള്‍ക്കൊള്ളുന്നത്; നിര്‍ണായകമായ പ്രതിസന്ധിഘട്ടങ്ങളെ സുധീരം നേരിട്ട് നബി(സ)യെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത വിശ്വാസികള്‍ക്കുള്ള സുവാര്‍ത്തകളും ഉള്‍ക്കൊള്ളുന്നുണ്ട്. ആ സൂക്തങ്ങള്‍ കേള്‍പ്പിച്ച് അവരെ സമാശ്വസിപ്പിക്കുന്നു: ആദ്യഘട്ടത്തില്‍ വിപത്തുകള്‍ നേരിടേണ്ടിവരുന്നതില്‍ പരിഭ്രമിക്കരുത്. അന്തിമവിജയം നിങ്ങള്‍ക്കുതന്നെയായിരിക്കും. ഇന്ന് ജേതാക്കളായി കാണപ്പെടുന്ന മിഥ്യയുടെ ധ്വജവാഹകര്‍ നിങ്ങളുടെ കൈകളാല്‍ത്തന്നെ തോല്‍പിക്കപ്പെട്ടവരും കീഴടക്കപ്പെട്ടവരുമായിത്തീരും. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ സംഭവങ്ങള്‍, ഇത് വെറുമൊരു ആശ്വാസവചനമായിരുന്നില്ലെന്നും മറിച്ച്, സംഭവിക്കാനിരുന്ന കാര്യങ്ങള്‍ നേരത്തേ പ്രവചിച്ച് അവരുടെ മനസ്സുകളെ ദൃഢീകരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.

Source: www.thafheem.net