VERSES
45
PAGES
434-440

നാമം

പ്രഥമ സൂക്തത്തിലെ 'ഫാത്വിര്‍' എന്ന പദമാണ് സൂറയുടെ ശീര്‍ഷകമായി നിശ്ചയിക്കപ്പെട്ടത്. 'ഫാത്വിര്‍' എന്ന പദമുള്ള അധ്യായം എന്നേ അതിനര്‍ഥമുള്ളൂ. 'അല്‍മലാഇക' എന്നാണ് മറ്റൊരു പേര്‍. ഈ വാക്കും പ്രഥമ സൂക്തത്തില്‍ ഉള്ളതാണ്.


അവതരണകാലം

ഈ സൂറ മിക്കവാറും പ്രവാചകന്റെ മക്കാവാസകാലത്തിന്റെ മധ്യത്തില്‍, പ്രതിയോഗികളുടെ എതിര്‍പ്പ് ഏറ്റവും രൂക്ഷമായിത്തീരുകയും ഇസ്‌ലാമിക പ്രബോധനം പരാജയപ്പെടുത്താന്‍ അതിനീചമായ കുതന്ത്രങ്ങള്‍വരെ അരങ്ങേറിക്കൊണ്ടിരിക്കുകയും ചെയ്ത ഘട്ടത്തില്‍ അവതരിച്ചതായിരിക്കണമെന്നാണ് വചനരീതിയുടെ ആന്തരിക സ്വഭാവത്തില്‍നിന്ന് വ്യക്തമാകുന്നത്.


പ്രതിപാദ്യ വിഷയം

പ്രഭാഷണത്തിന്റെ ഉന്നം ഇതാണ്: നബി(സ)യുടെ തൗഹീദ് സന്ദേശത്തിനെതിരെ അക്കാലത്തെ മക്കാവാസികളും അവരുടെ നേതാക്കളും സ്വീകരിച്ച നിലപാടിനെ ഗുണകാംക്ഷാപൂര്‍വം താക്കീതു ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുക, ഗുരുവിനെപ്പോലെ അവരെ ബോധനം ചെയ്യുക. ഉള്ളടക്കത്തെ ഇങ്ങനെ സംഗ്രഹിപ്പിക്കാം: ഹേ, അവിവേകികളേ, ഈ പ്രവാചകന്‍ നിങ്ങളെ ക്ഷണിക്കുന്നത് നിങ്ങളുടെത്തന്നെ നന്മയിലേക്കാകുന്നു. അദ്ദേഹത്തിനെതിരെയുള്ള നിങ്ങളുടെ രോഷവും കുതന്ത്രങ്ങളും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള കുല്‍സിതവൃത്തികളുമൊന്നും വാസ്തവത്തില്‍ അദ്ദേഹത്തിനെതിരായല്ല ഭവിക്കുന്നത്; പിന്നെയോ, നിങ്ങള്‍ക്കെതിരില്‍ത്തന്നെയാണ്. നിങ്ങള്‍ അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചില്ലെങ്കില്‍ അതിന്റെ ദോഷം അദ്ദേഹത്തിനല്ല, നിങ്ങള്‍ക്കാണ്. അദ്ദേഹം നിങ്ങളോടു പറയുന്ന കാര്യങ്ങളെക്കുറിച്ച് നന്നായാലോചിച്ചുനോക്കുക. അതിലേതാണ് അബദ്ധമായിട്ടുള്ളത്? അദ്ദേഹം ബഹുദൈവത്വത്തെ നിരാകരിക്കുന്നു; നിങ്ങള്‍ കണ്ണുതുറന്നു നോക്കൂ, ബഹുദൈവത്വത്തിന് യുക്തിസഹമായ വല്ല അടിസ്ഥാനവുമുണ്ടോ? അദ്ദേഹം തൗഹീദിലേക്ക് ക്ഷണിക്കുന്നു; നിങ്ങള്‍ സ്വയം ചിന്തിച്ചുനോക്കുക, ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിനെക്കൂടാതെ, ദിവ്യത്വത്തിന്റെ ഗുണങ്ങളും അധികാരങ്ങളുമുള്ള വല്ല അസ്തിത്വവുമുണ്ടോ? നിങ്ങള്‍ ഈ ലോകത്ത് ഒരുത്തരവാദിത്വവുമില്ലാത്തവരല്ലെന്നും ഇവിടെ നിങ്ങള്‍ ചെയ്തതിനെല്ലാം ദൈവത്തോട് സമാധാനം ബോധിപ്പിക്കേണ്ടതുണ്ടെന്നും മരണാനന്തരം നിങ്ങള്‍ക്ക് സ്വന്തം കര്‍മഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. ഇതേപ്പറ്റി നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ എന്തുമാത്രം ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് ഒന്നാലോചിച്ചുനോക്കൂ. രാപ്പകല്‍ സൃഷ്ടിയുടെ ആവര്‍ത്തനം നടന്നുവരുന്നത് നിങ്ങള്‍ കാണുന്നില്ലേ? എന്നിരിക്കെ, നിങ്ങളെ ക്ഷുദ്രമായ ഒരു ബീജകണത്തില്‍നിന്ന് സൃഷ്ടിച്ച ദൈവത്തിന് അതാവര്‍ത്തിക്കുക അസാധ്യമായിരിക്കുമോ? നന്മതിന്മകള്‍ തുല്യമല്ലെന്ന് നിങ്ങളുടെ മനസ്സാക്ഷിതന്നെ പറയുന്നില്ലേ? എങ്കില്‍ സല്‍ക്കര്‍മത്തിന്റെയും ദുഷ്‌കര്‍മത്തിന്റെയും ഫലം ഒന്നാവുക, അഥവാ മണ്ണടിഞ്ഞു നശിച്ചുപോവുക എന്നത് യുക്തിസഹമാണോ? അതോ സല്‍ക്കര്‍മത്തിന് നന്മയും ദുഷ്‌കര്‍മത്തിന് തിന്മയും പ്രതിഫലം ലഭിക്കുക എന്നതോ യുക്തിസഹം? ബുദ്ധിപൂര്‍വകമായ ഈ യാഥാര്‍ഥ്യങ്ങളൊന്നും അംഗീകരിക്കാതെ, കൃത്രിമ ദൈവങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടും ഉത്തരവാദിത്വമുക്തരായിക്കൊണ്ടും കടിഞ്ഞാണില്ലാതെ ജീവിക്കാനാണ് നിങ്ങളിഷ്ടപ്പെടുന്നതെങ്കില്‍ പ്രവാചകന്ന് അതുകൊണ്ടെന്തു നഷ്ടം? നഷ്ടം സംഭവിക്കുക നിങ്ങള്‍ക്കുതന്നെയാണ്. മനസ്സിലാക്കിത്തരേണ്ട ഉത്തരവാദിത്വമേ പ്രവാചകന്നുള്ളൂ. അതദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. പ്രഭാഷണത്തിനിടയില്‍ നബി(സ)യെ ആവര്‍ത്തിച്ച് ആശ്വസിപ്പിക്കുന്നുണ്ട്: സദുപദേശം ചെയ്യുകയെന്ന ചുമതല താങ്കള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദുര്‍മാര്‍ഗത്തില്‍ അടിയുറച്ച ആളുകള്‍ അത് സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ഒരുത്തരവാദിത്വവും താങ്കള്‍ക്കില്ല. അതോടൊപ്പം തിരുമേനിയെ ഇപ്രകാരം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: വിശ്വസിക്കാനാഗ്രഹിക്കാത്തവരെച്ചൊല്ലി ദുഃഖിക്കേണ്ടതില്ല. അവര്‍ നേര്‍വഴിക്ക് വരാത്തതിനെക്കുറിച്ച് വിചാരപ്പെട്ട് താങ്കള്‍ ജീവന്‍ കളയുകയും വേണ്ട. സന്ദേശം ശ്രവിക്കാന്‍ താല്‍പര്യമുള്ളവരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. വിശ്വാസം കൈക്കൊള്ളുന്നവര്‍ക്കും ഈ അധ്യായത്തില്‍ മഹത്തായ സുവാര്‍ത്തകളുണ്ട്. അവരുടെ മനോബലം വര്‍ധിക്കുന്നതിനും അല്ലാഹുവിന്റെ വാഗ്ദാനങ്ങളെ അവലംബിച്ച് സത്യമാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുന്നതിനും അത് പ്രചോദനമേകുന്നു.

Source: www.thafheem.net