VERSES
30
PAGES
415-417

നാമം

15-ആം സൂക്തത്തില്‍ പ്രണാമത്തെ (സജദ) പരാമര്‍ശിച്ചിട്ടുള്ളതുകൊണ്ട് ഈ അധ്യായത്തിന് 'അസ്സജദ' എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.


അവതരണകാലം

പ്രവാചകന്റെ (സ) മക്കാ ഘട്ടത്തിന്റെ മധ്യദശയിലാണ് ഈ അധ്യായം അവതരിച്ചതെന്ന് പ്രഭാഷണ ശൈലിയില്‍നിന്ന് വ്യക്തമാകുന്നുണ്ട്. മധ്യദശയുടെത്തന്നെ ആരംഭവേളയിലാണെന്നും കരുതേണ്ടിയിരിക്കുന്നു. കാരണം, പില്‍ക്കാലങ്ങളിലവതീര്‍ണമായ അധ്യായങ്ങളില്‍ കാണപ്പെടുന്നപോലെ മര്‍ദനപീഡനങ്ങളുടെ രൂക്ഷത ഈ വചനങ്ങളില്‍ കാണപ്പെടുന്നില്ല.


പ്രതിപാദ്യവിഷയം

തൗഹീദ്, ആഖിറത്ത്, രിസാലത്ത് (ഏകദൈവത്വം, പരലോകം, പ്രവാചകത്വം) എന്നീ മൂന്ന് അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കാനുള്ള ഉദ്‌ബോധനവും അവ സംബന്ധിച്ച് ആളുകള്‍ ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്കുള്ള വിശദീകരണവുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. മക്കയിലെ അവിശ്വാസികള്‍ നബി(സ)യെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ഇയാള്‍ അതിവിചിത്രമായ വാര്‍ത്തകള്‍ ചമച്ച് നമ്മെ കേള്‍പ്പിക്കുന്നു; ചിലപ്പോള്‍ മരണാനന്തര വാര്‍ത്തകള്‍. നമ്മള്‍ മരിച്ചു മണ്ണില്‍ ലയിച്ചുചേര്‍ന്നു കഴിഞ്ഞശേഷം പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമത്രേ! എന്നിട്ട് വിചാരണ ചെയ്യപ്പെടുമെന്ന്! നമുക്ക് സ്വര്‍ഗ-നരകങ്ങള്‍ വിധിക്കുമെന്ന്! ചിലപ്പോള്‍ പറയുന്നു: 'നാം ആരാധിക്കുന്ന ദേവീദേവന്‍മാരും പുണ്യാത്മാക്കളും യാതൊന്നുമല്ല. ഒരേയൊരു ദൈവമേ ആരാധ്യനായിട്ടുള്ളൂ.' ചിലപ്പോള്‍ പറയുന്നു: 'ഞാന്‍ ദൈവദൂതനാണ്, എനിക്ക് ആകാശത്തുനിന്ന് ദിവ്യസന്ദേശം ലഭിക്കുന്നുണ്ട്. ഞാന്‍ നിങ്ങളോട് പറയുന്ന ഈ വചനങ്ങളൊന്നും എന്റെ വകയല്ല. ദൈവിക വചനങ്ങളാണ്.' എന്തൊക്കെ അദ്ഭുത കല്‍പിതങ്ങളാണ് ഈ മനുഷ്യന്‍ നമ്മോട് പറയുന്നത്! -ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സൂറയുടെ പ്രമേയം. ഈ മറുപടിയില്‍ അവിശ്വാസികളോട് പറയുകയാണ്: ഇത് ദൈവികവചനമാണെന്നതില്‍ ഒരു സംശയവുമില്ല. പ്രവാചകത്വാനുഗ്രഹം വിലക്കപ്പെട്ടിരുന്ന ഒരു ജനതയെ പ്രജ്ഞാശൂന്യതയില്‍നിന്ന് ഉണര്‍ത്താനാണിത് അവതീര്‍ണമായത്. അല്ലാഹുവിങ്കല്‍നിന്ന് അവതരിച്ചതെന്നു വ്യക്തവും സ്പഷ്ടവുമായ ഇതിനെ സ്വയംകൃതമെന്നു പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? അനന്തരം അവരോടു പറയുന്നു: ഖുര്‍ആന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് യുക്തിപൂര്‍വം ചിന്തിച്ചുനോക്കുക, അതില്‍ വിചിത്രതരമായിട്ടുള്ളതെന്താണ്? ആകാശഭൂമികളുടെ സൃഷ്ടി നോക്കുക. സ്വന്തം അസ്തിത്വത്തെ നോക്കുക. അവയെല്ലാം ഈ പ്രവാചകന്റെ ജിഹ്വയിലൂടെ പുറത്തുവരുന്ന ഖുര്‍ആന്‍ നല്‍കുന്ന അധ്യാപനങ്ങളെ സത്യപ്പെടുത്തുന്നില്ലേ? ഈ പ്രാപഞ്ചികവ്യവസ്ഥ തെളിവാകുന്നത് ശിര്‍ക്കിനാണോ അതോ തൗഹീദിനോ? ഈ പ്രാപഞ്ചിക വ്യവസ്ഥയഖിലവും സ്വന്തം സൃഷ്ടിപ്പും കണ്ടിട്ട്, നിങ്ങളുടെ ബുദ്ധി സാക്ഷ്യപ്പെടുത്തുന്നത് നിങ്ങളെ ഒരിക്കല്‍ സൃഷ്ടിച്ചവന്ന് വീണ്ടും സൃഷ്ടിക്കാന്‍ കഴിയില്ല എന്നുതന്നെയാണോ? പിന്നീട് പരലോകത്തിന്റെ ഒരു ചിത്രം വരച്ചുകാണിക്കുകയും വിശ്വാസത്തിന്റെയും നിഷേധത്തിന്റെയും അനന്തരഫലങ്ങള്‍ വിവരിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പ്രോല്‍സാഹിപ്പിക്കുന്നു: ജനങ്ങളേ, ദുഷിച്ച പര്യവസാനം വന്നെത്തുന്നതിനു മുമ്പായി നിഷേധം കൈവെടിയുകയും പര്യവസാനം ശുഭകരമാക്കാനുതകുന്ന ഈ ഖുര്‍ആനിക സന്ദേശങ്ങളെ കൈക്കൊള്ളുകയും ചെയ്യുക. തുടര്‍ന്ന് അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു: മനുഷ്യനെ അവന്റെ കുറ്റങ്ങളെ പ്രതി ഉടനടി അന്തിമവും നിര്‍ണായകവുമായ ശിക്ഷകളാല്‍ പിടികൂടുന്നില്ല എന്നത് അല്ലാഹു മനുഷ്യരോട് കാണിക്കുന്ന മഹത്തായ കാരുണ്യമാണ്. അവന്‍ ആദ്യമാദ്യം ചെറിയ ചെറിയ വിഷമങ്ങളും ബുദ്ധിമുട്ടുകളും തുടര്‍ച്ചയായ ലഘുനഷ്ടങ്ങളും അയക്കുന്നു; അവര്‍ ഉണരാനും കണ്ണുതുറക്കാനും വേണ്ടി. മനുഷ്യന്‍ ഈ പ്രാഥമിക പീഡകളാല്‍ ഉണര്‍ന്നു ബോധവാനാവുകയാണെങ്കില്‍ അതുതന്നെ ഏറ്റം നല്ലത്. അനന്തരം പ്രസ്താവിക്കുന്നു: ഒരു മനുഷ്യന്ന് വേദം അവതരിക്കുക എന്നത് ലോകത്ത് ആദ്യമായി ഉണ്ടാകുന്ന ഒരു പുതുമയൊന്നുമല്ല. ഇതിനുമുമ്പ് മൂസാ(അ)ക്ക് വേദമവതരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. നിങ്ങള്‍പോലും ചെവികൂര്‍പ്പിച്ചു കേള്‍ക്കുന്ന ഈ വചനങ്ങള്‍ ദൈവത്തിന്റേതല്ലെങ്കില്‍ പിന്നെ ആരുടേതാണ്? ഇത് അല്ലാഹുവിങ്കല്‍നിന്നുള്ളതാണെന്ന് ഉറപ്പിച്ചുകൊള്ളുക. മൂസാ(അ)യുടെ കാലത്ത് സംഭവിച്ചതെന്താണോ, അതുതന്നെയാണ് ഇവിടെയും സംഭവിക്കുകയെന്ന് മനസ്സിലാക്കുകയും ചെയ്യുക. നേതൃത്വവും നായകത്വവും ഈ ദൈവിക ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിധിക്കപ്പെട്ടതത്രെ. അതിനെ നിഷേധിക്കുന്നവരുടെ വിധി പരാജയവും. അതിനുശേഷം മക്കയിലെ അവിശ്വാസികളെ ഉണര്‍ത്തുന്നു: നിങ്ങള്‍ വ്യാപാര യാത്രകള്‍ ചെയ്യുമ്പോള്‍ കടന്നുപോകാനിടയാകുന്ന നാമാവശേഷമായ പുരാതന ജനവാസകേന്ദ്രങ്ങളുടെ പര്യവസാനത്തെക്കുറിച്ച് ചിന്തിച്ചുനോക്കുക. ഇതേ പര്യവസാനം നിങ്ങള്‍ക്കുമുണ്ടാകുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? പുറംകാഴ്ചയില്‍ വഞ്ചിതരാവാതിരിക്കുക. ഇന്ന് മുഹമ്മദി(സ)ന്റെ സന്ദേശം ഏതാനും കുട്ടികളും അടിമകളും പാവങ്ങളുമല്ലാതെ കേള്‍ക്കുന്നില്ല എന്നു നിങ്ങള്‍ കാണുന്നു. അദ്ദേഹത്തിനു നേരെ നാനാവശങ്ങളില്‍നിന്നും ആക്ഷേപശകാരങ്ങളും ശാപവര്‍ഷവും ഉണ്ടാകുന്നു. അതിനാല്‍, ഈ ആദര്‍ശം വിജയിക്കാന്‍ പോകുന്നില്ല; നാലുനാള്‍ ഒച്ചപ്പാടുണ്ടാക്കി കെട്ടടങ്ങിക്കൊള്ളും എന്നു നിങ്ങള്‍ കരുതുന്നു. പക്ഷേ, അത് നിങ്ങളുടെ ദൃഷ്ടി വഞ്ചിതമായിപ്പോയതുകൊണ്ടുള്ള തോന്നലാണ്. നിങ്ങള്‍ അനുദിനം കണ്ടുകൊണ്ടിരിക്കുന്നില്ലേ, ഇന്ന് നിശ്ശേഷം വരണ്ടുകിടക്കുകയും കാഴ്ചയില്‍ അതിനകത്ത് സസ്യങ്ങളുടെ ഒരു ഖജനാവ് ഒളിഞ്ഞിരിപ്പുണ്ടെന്ന് ഊഹിക്കാന്‍പോലും കഴിയാത്തതുമായ ഒരു ഭൂമി. പക്ഷേ, നാളെ ഒരൊറ്റ മഴക്ക് അതില്‍നിന്ന് സസ്യങ്ങള്‍ മുളച്ചുയരുന്നു. അതിന്റെ ഓരോ കോണുകളില്‍നിന്നും വികാസത്തിന്റെ ശക്തികള്‍ ഉയര്‍ന്നുവരുന്നു. പ്രഭാഷണം സമാപിച്ചുകൊണ്ട് നബി(സ)യെ അഭിസംബോധന ചെയ്ത് അരുളുന്നു: ഈയാളുകള്‍ താങ്കളുടെ വാക്കുകള്‍ കേട്ട് പരിഹസിക്കുകയാണ്; 'ഹേ ശ്രീമാന്‍, ഈ വിജയം എപ്പോഴാണ് താങ്കള്‍ക്കു കൈവരുക. അതിന്റെ തീയതിയൊന്നു പറഞ്ഞുതരാമോ?' അവരോട് പറയുക: ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വിധി പറയുന്ന സന്ദര്‍ഭം ആസന്നമായാല്‍ പിന്നെ അന്നേരം വിശ്വസിച്ചതുകൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. വിശ്വസിക്കുന്നെങ്കില്‍ ഇപ്പോള്‍തന്നെ വിശ്വസിച്ചുകൊള്ളുക. അന്തിമവിധി കാത്തിരിക്കുകയാണെങ്കില്‍ അതും കാത്ത് ഇരുന്നുകൊള്ളുക.

Source: www.thafheem.net