VERSES
34
PAGES
411-414

നാമം

സൂറയുടെ രണ്ടാം ഖണ്ഡികയില്‍ ലുഖ്മാനുല്‍ ഹകീം തന്റെ പുത്രന്ന് നല്‍കിയ ഉപദേശങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അത് പ്രമാണിച്ച് അധ്യായം ലുഖ്മാന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.


അവതരണകാലം

വിഷയങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുമ്പോള്‍ സൂറ അവതരിച്ചത്, ഇസ്‌ലാമിക പ്രബോധനത്തെ അടിച്ചമര്‍ത്താന്‍ പ്രതിയോഗികള്‍ ബലപ്രയോഗവും മര്‍ദനമുറകളും ആരംഭിക്കുകയും സകലവിധ ആയുധങ്ങളും പ്രയോഗിച്ചുതുടങ്ങുകയും ചെയ്തതും എന്നാല്‍, ശത്രുതയുടെ കൊടുങ്കാറ്റ് അതിന്റെ പൂര്‍ണശക്തി പ്രാപിച്ചുകഴിഞ്ഞിട്ടില്ലാത്തതുമായ കാലഘട്ടത്തിലാണെന്നു മനസ്സിലാകുന്നു. 14, 15 31:14 സൂക്തങ്ങള്‍ അതിന്റെ തെളിവാകുന്നു. അവ ഇസ്‌ലാമിലേക്കു വന്ന യുവജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്: 'ദൈവത്തോടുള്ള ബാധ്യതകള്‍ക്കു ശേഷം മാതാപിതാക്കളോടുള്ള ബാധ്യതകള്‍തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍, അവര്‍ നിങ്ങളെ ഇസ്‌ലാം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുകയോ വിഗ്രഹാരാധനയിലേക്ക് തിരിച്ചുചെല്ലാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ ഒരിക്കലും അനുസരിക്കരുത്.' ഇതേ സംഗതി സൂറ അല്‍അന്‍കബൂത്തിലും പറഞ്ഞിട്ടുണ്ട്. ഈ രണ്ടു സൂറകളും ഒരേ കാലഘട്ടത്തിലാണവതരിച്ചതെന്ന് അതില്‍നിന്ന് മനസ്സിലാകുന്നു. പക്ഷേ, രണ്ടിന്റെയും മൊത്തം പ്രതിപാദനശൈലിയും പ്രമേയങ്ങളും പരിശോധിക്കുമ്പോള്‍ സൂറ ലുഖ്മാനാണ് ആദ്യം അവതരിച്ചതെന്നത്രെ വ്യക്തമാകുന്നത്. കാരണം, അതിന്റെ സ്വഭാവത്തില്‍ കടുത്ത എതിര്‍പ്പിന്റെ ലക്ഷണം പ്രകടമാകുന്നില്ല. നേരെമറിച്ച്, സൂറ അല്‍അന്‍കബൂത്ത് വായിക്കുമ്പോള്‍, അതിന്റെ അവതരണഘട്ടത്തില്‍ മുസ്‌ലിംകള്‍ കടുത്ത യാതനകളും മര്‍ദനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ബോധ്യമാകും.


പ്രതിപാദ്യ വിഷയം

ഈ അധ്യായത്തില്‍ ബഹുദൈവത്വത്തിന്റെ അര്‍ഥശൂന്യതയും അയുക്തികതയും ഏകദൈവത്വത്തിന്റെ സത്യാത്മകതയും യുക്തിപരതയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. പൂര്‍വികരെ അന്ധമായി അനുകരിക്കുന്നതില്‍നിന്ന് വിരമിച്ച്, ലോകനാഥനായ ദൈവത്തിങ്കല്‍നിന്ന് മുഹമ്മദ് നബി (സ) അവതരിപ്പിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് കലവറയില്ലാതെ ചിന്തിക്കാനും പ്രപഞ്ചത്തിലെങ്ങും, സ്വജീവിതത്തില്‍ത്തന്നെയും അത് സത്യമാണെന്ന് സാക്ഷ്യംവഹിക്കുന്ന എത്രയെത്ര തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ടെന്ന് കണ്ണുതുറന്നു നോക്കാനും അവരെ ആഹ്വാനം ചെയ്യുന്നു. ഇവ്വിഷയകമായി ഇതുകൂടി പറഞ്ഞിരിക്കുന്നു: ലോകത്ത് അല്ലെങ്കില്‍ അറേബ്യയില്‍ത്തന്നെ പുതുതായി ഉയര്‍ന്നുവന്നതോ ജനങ്ങള്‍ക്ക് തീരേ അപരിചിതമോ ആയ ഒരു നൂതന ശബ്ദമല്ല ഇത്. മുഹമ്മദ് നബി (സ) പറയുന്ന ഈ സംഗതികള്‍ ബുദ്ധിയും ജ്ഞാനവും ധിഷണയുമുള്ള ആളുകള്‍ മുമ്പേ പറഞ്ഞുവന്നിട്ടുള്ളതാണ്. നിങ്ങളുടെ ഈ ദേശത്തുതന്നെ ലുഖ്മാന്‍ എന്ന പേരില്‍ പണ്ടൊരു ജ്ഞാനി കഴിഞ്ഞുപോയിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും യോഗ്യതയുടെയും കഥകള്‍ ഇപ്പോഴും നിങ്ങള്‍ക്കിടയില്‍ സുപരിചിതമാണ്. അദ്ദേഹത്തിന്റെ തത്ത്വോക്തികളും ഉപദേശവചനങ്ങളും നിങ്ങള്‍ സംഭാഷണങ്ങളിലും മറ്റും ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളിലെ കവികളും പ്രഭാഷകരും അദ്ദേഹത്തെ നിര്‍ലോഭം അനുസ്മരിക്കാറുമുണ്ട്. ഇനി നിങ്ങള്‍തന്നെ നോക്കുക: എന്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം? എങ്ങനെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ധാര്‍മികാധ്യാപനങ്ങള്‍?

Source: www.thafheem.net