VERSES
60
PAGES
404-410

നാമം

പ്രഥമ സൂക്തമായ غُلِبَتِ الرُّومُ എന്ന വചനത്തില്‍നിന്നെടുക്കപ്പെട്ടത്.


അവതരണകാലം

അധ്യായാരംഭത്തില്‍ പരാമര്‍ശിക്കുന്ന ചരിത്രസംഭവത്തില്‍നിന്നുതന്നെ ഇതിന്റെ അവതരണ കാലഘട്ടം ഖണ്ഡിതമായി മനസ്സിലാക്കാം. അടുത്ത ഭൂപ്രദേശത്തുവച്ച് റോമക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അതില്‍ പ്രസ്താവിക്കുന്നു. അക്കാലത്ത് അറേബ്യയോട് ചേര്‍ന്നുകിടക്കുന്ന റോം അധിനിവിഷ്ട പ്രദേശങ്ങള്‍ ജോര്‍ദാന്‍, സിറിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളായിരുന്നു. ഈ പ്രദേശങ്ങളില്‍ റോമിന്റെ മേല്‍ പേര്‍ഷ്യയുടെ വിജയം പൂര്‍ണമായത് ക്രിസ്ത്വബ്ദം 615-ലാണ്. ഇക്കാരണത്താല്‍, ഈ സൂറ അവതരിച്ചത് ആ വര്‍ഷത്തിലാണെന്ന് തികച്ചും ആധികാരികമായി പ്രസ്താവിക്കാം. അബിസീനിയയിലേക്കുള്ള ഹിജ്‌റ നടന്നതും ഇതേ വര്‍ഷത്തിലായിരുന്നു.


ചരിത്രപശ്ചാത്തലം

ഈ അധ്യായത്തിന്റെ പ്രാരംഭസൂക്തത്തില്‍ നടത്തപ്പെട്ട പ്രവചനം വിശുദ്ധ ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നും മുഹമ്മദ്(സ) അല്ലാഹുവിങ്കല്‍നിന്നുള്ള സത്യപ്രവാചകനാണെന്നും ഉള്ളതിന്റെ സുവ്യക്തമായ സാക്ഷ്യങ്ങളില്‍ ഒന്നാണ്. അത് മനസ്സിലാക്കുന്നതിന് ആ സൂക്തങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങള്‍ വിശദമായി വീക്ഷിക്കേണ്ടതുണ്ട്. നബി(സ)യുടെ പ്രവാചകത്വലബ്ധിക്ക് എട്ടുവര്‍ഷം മുമ്പ് റോമില്‍ സീസര്‍ മോറിസിന് (Mauric) എതിരായ കലാപം പൊട്ടിപ്പുറപ്പെടുകയും ഫോക്കാസ് (Phocas) എന്നൊരാള്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ മുന്‍ സീസറിന്റെ കണ്‍മുമ്പില്‍ വെച്ച് അദ്ദേഹത്തിന്റെ അഞ്ചു ആണ്‍മക്കളെയും അനന്തരം സീസറെയും വധിച്ചശേഷം അവരുടെ ശിരസ്സുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍N269 പൊതുജനങ്ങള്‍ക്ക് കാണാന്‍ കെട്ടിത്തൂക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുശേഷം മുന്‍ സീസറിന്റെ ഭാര്യയെയും മൂന്നു പെണ്‍മക്കളെയുംകൂടി വധിച്ചു. ഈ സംഭവത്തോടെ, പേര്‍ഷ്യന്‍ രാജാവ് ഖുസ്രു പര്‍വേസിന് റോമിനെ ആക്രമിക്കാന്‍ നല്ലൊരു ധാര്‍മിക ന്യായം ലഭിച്ചു. സീസര്‍ മോറിസ് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. മോറിസിന്റെ സഹായത്തോടെയാണ് പര്‍വേസ് അധികാരത്തിലേറിയത്. മോറിസ് തന്റെ പിതാവാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈയടിസ്ഥാനത്തില്‍ പര്‍വേസ് പ്രഖ്യാപിച്ചു: എന്റെ വളര്‍ത്തച്ഛനെയും അദ്ദേഹത്തിന്റെ മക്കളെയും വധിച്ച കൊള്ളക്കാരനായ ഫോക്കാസിനോട് ഞാന്‍ പ്രതികാരം ചെയ്യും. ക്രിസ്ത്വബ്ദം 603-ല്‍ അദ്ദേഹം റോമാസാമ്രാജ്യത്തിനെതിരില്‍ യുദ്ധം പ്രഖ്യാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കകം പേര്‍ഷ്യന്‍ സൈന്യം റോമാ സൈന്യത്തെ തുടര്‍ച്ചയായി തോല്‍പിച്ചുതുടങ്ങി. ഒരുഭാഗത്ത് ഏഷ്യാ മൈനറിലെN244 എടിസാ (ഇന്നത്തെ ഓര്‍ഫാ) വരെയും മറുവശത്ത് സിറിയയിലെ ഹലബ്N1184, അന്‍ത്വാക്കിയN1352 എന്നീ പ്രദേശങ്ങള്‍ വരെയും പേര്‍ഷ്യന്‍ സൈന്യം മുന്നേറി. ഫോക്കാസിന് രാജ്യം രക്ഷിക്കാനാവില്ലെന്ന് റോമിലെ രാഷ്ട്രനായകന്മാര്‍ക്ക് ബോധ്യമായി. അവര്‍ ആഫ്രിക്കയിലെ ഗവര്‍ണറുടെ സഹായം തേടി. അദ്ദേഹം തന്റെ പുത്രന്‍ ഹെര്‍ക്കുലീസിനെ വലിയൊരു നാവികപ്പടയുമായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്കയച്ചു. അവര്‍ എത്തിച്ചേര്‍ന്നതോടെ ഫോക്കാസ് സ്ഥാനഭ്രഷ്ടനായി. തല്‍സ്ഥാനത്ത് ഹെര്‍ക്കുലീസ് സീസറായി അവരോധിക്കപ്പെട്ടു. ഫോക്കാസ് നേരത്തേ മോറിസിനോട് ചെയ്തതെന്താണോ അതുതന്നെ പുതുതായി അധികാരത്തില്‍ വന്ന ഹെര്‍ക്കുലീസ് ഫോക്കാസിനോടും ചെയ്തു. ക്രിസ്ത്വബ്ദം 610-ലാണ് ഇത് നടന്നത്. ഇതേ വര്‍ഷത്തിലാണ് ഹദ്‌റത്ത് മുഹമ്മദിന് (സ) പ്രവാചകത്വം ലഭിച്ചതും. പടയോട്ടത്തിന്റെ കാരണമായി ഖുസ്രു പര്‍വേസ് ഉന്നയിച്ച ധാര്‍മികന്യായം ഫോക്കാസിന്റെ സ്ഥാനഭ്രംശത്തിനും വധത്തിനും ശേഷം ഇല്ലാതായി. കൊള്ളക്കാരനായ ഫോക്കാസിനോട് പകരം വീട്ടുകയായിരുന്നു യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍ അയാള്‍ മരിച്ചതോടെ പുതിയ സീസറുമായി സന്ധിയിലേര്‍പ്പെടുകയായിരുന്നു, ഖുസ്രു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അദ്ദേഹം യുദ്ധം തുടരുകയാണുണ്ടായത്. അതിന് മജൂസിയ്യത്തും മസീഹിയ്യത്തും തമ്മിലുള്ള മതയുദ്ധത്തിന്റെ വര്‍ണം നല്‍കുകയും ചെയ്തു. റോമിലെ ഔദ്യോഗിക ക്രൈസ്തവ സഭയാല്‍ നാസ്തികരായി പ്രഖ്യാപിക്കപ്പെടുകയും സഭാശാസനകളുടെ വിരോധികളായിത്തീരുകയും ചെയ്തിരുന്ന നസ്തൂരിയന്മാര്‍, യാക്കോബികള്‍ തുടങ്ങിയവരുടെ തികഞ്ഞ അനുഭാവവും പേര്‍ഷ്യന്‍ പക്ഷത്തുണ്ടായിരുന്നു. 26,000ത്തോളം ജൂതഭടന്മാര്‍ ഖുസ്രുവിന്റെ സൈന്യത്തില്‍ത്തന്നെ ചേര്‍ന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഹെര്‍ക്കുലീസിന് ഈ സൈനികപ്രവാഹം തടയാനായില്ല. സിംഹാസനസ്ഥനാകുന്നതിന് മുമ്പുതന്നെ കിഴക്കുനിന്ന് അദ്ദേഹത്തിന് ലഭിച്ച വിവരം അന്‍ത്വാക്കിയ പേര്‍ഷ്യന്‍ അധീനത്തിലായെന്നാണ്. അനന്തരം ക്രിസ്ത്വബ്ദം 613-ല്‍ ദമസ്‌കസും 614-ല്‍ ബൈത്തുല്‍ മഖ്ദിസും പിടിച്ചടക്കി പേര്‍ഷ്യന്‍പട ക്രൈസ്തവലോകത്തെ വിറകൊള്ളിച്ചു. 90,000 ക്രിസ്ത്യാനികളാണ് 614-ല്‍ കൊല്ലപ്പെട്ടത്. അവരുടെ ഏറ്റവും പാവനമായ കനീസതുല്‍ ഖിയാമ (Holy Sepulchre) നശിപ്പിക്കപ്പെട്ടു. ക്രിസ്തു ജീവത്യാഗം ചെയ്‌തെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന സാക്ഷാല്‍ കുരിശ് പറിച്ചെടുത്തു മദായിനിലേക്ക് കൊണ്ടുപോയി. ലോര്‍ഡ് ഫാദര്‍ സ്‌കറിയായും തടവിലായി. പട്ടണത്തിലെ വലിയ വലിയ പള്ളികള്‍ അവര്‍ തകര്‍ത്തുകളഞ്ഞു. ഈ വിജയത്തിന്റെ ലഹരി ഖുസ്രു പര്‍വേസിനെ വഷളാംവണ്ണം ഗര്‍വിഷ്ഠനാക്കി. അദ്ദേഹം ബൈത്തുല്‍ മഖ്ദിസില്‍വെച്ച് ഹെര്‍ക്കുലീസിനെഴുതിയ കത്തില്‍ അത് പ്രകടമായി കാണാം. അതിലദ്ദേഹം എഴുതി: ''ദൈവങ്ങളിലേറ്റം വലിയ ദൈവവും ഭൂലോകമഖിലത്തിനും ഉടയവനുമായ ഖുസ്രുവിന്റെ സന്നിധിയില്‍നിന്ന് അദ്ദേഹത്തിന്റെ നിസ്സാരനും ബോധഹീനനുമായ അടിമ ഹെര്‍ക്കുലീസിന്: 'നിന്റെ ദൈവത്തിങ്കല്‍ സര്‍വവും സമര്‍പ്പിച്ചിരിക്കുന്നുവെന്ന് നീ പറയുന്നുണ്ടല്ലോ. നിന്റെ റബ്ബ് എന്തേ എന്റെ കൈയില്‍നിന്ന് യരൂശലത്തെ രക്ഷിച്ചില്ല?'' ഈ വിജയത്തിനുശേഷം ഒരു വര്‍ഷത്തിനകം പേര്‍ഷ്യന്‍ സൈന്യം ജോര്‍ദാന്‍, ഫലസ്ത്വീന്‍, സീനായ് ഉപദ്വീപ്N1059 എന്നീ പ്രദേശങ്ങളെല്ലാം കീഴടക്കി ഈജിപ്ഷ്യന്‍ അതിര്‍ത്തികളിലെത്തിച്ചേര്‍ന്നു. വിശുദ്ധ മക്കയില്‍ ഇതില്‍നിന്നു വ്യത്യസ്തമായ മറ്റൊരു ചരിത്രപ്രധാനമായ യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ഇവിടെ തൗഹീദിന്റെ ധ്വജവാഹകനായ മുഹമ്മദി(സ)ന്റെ നേതൃത്വത്തിലും ശിര്‍ക്കിന്റെ വാഹകരായ ഖുറൈശിപ്രമാണിമാരുടെ നേതൃത്വത്തിലും പരസ്പരം സമരം നടക്കുകയായിരുന്നു. ക്രിസ്ത്വബ്ദം 615-ല്‍ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം തങ്ങളുടെ നാടും വീടും വെടിഞ്ഞ് റോമിന്റെ സഖ്യകക്ഷിയായ അബിസീനിയയില്‍ അഭയം തേടുന്നേടത്തോളം സ്ഥിതിഗതികള്‍ വളര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ റോമിന്റെമേല്‍ പേര്‍ഷ്യ നേടിയ വിജയം എവിടെയും ചര്‍ച്ചാവിഷയമായിരുന്നു. മക്കാമുശ്‌രിക്കുകള്‍ ഇതേപ്പറ്റി ബഹളംവെച്ചുനടന്നു. അവര്‍ മുസ്‌ലിംകളെ നോക്കി പറഞ്ഞു: നോക്കൂ, അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നു. വെളിപാടിലും ദൈവികദൗത്യത്തിലും വിശ്വസിക്കുന്ന ക്രിസ്ത്യാനികളാകട്ടെ, തോറ്റമ്പിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ വിഗ്രഹാരാധകരായ ഞങ്ങള്‍ അറബികള്‍ നിങ്ങളെയും നിങ്ങളുടെ പുത്തന്‍ മതത്തെയും തുടച്ചുനീക്കും. ഈ പശ്ചാത്തലത്തിലാണ് പ്രകൃത സൂറ അവതരിച്ചതും അതില്‍ ഇപ്രകാരം പ്രവചിക്കപ്പെട്ടതും: 'റോമക്കാര്‍ പരാജിതരായി. എന്നാല്‍, ഈ പരാജയത്തിനുശേഷം ഏതാനും കൊല്ലങ്ങള്‍ക്കകം അവര്‍ ജേതാക്കളായിത്തീരും. അന്ന് അല്ലാഹു നല്‍കിയ വിജയത്താല്‍ സത്യവിശ്വാസികളും സന്തുഷ്ടരായിരിക്കും. 'ഇതില്‍ രണ്ട് പ്രവചനങ്ങളുണ്ട്: ഒന്ന്, റോമക്കാര്‍ക്ക് പില്‍ക്കാലത്ത് വിജയം കൈവരും. രണ്ട്, ആ കാലത്ത് മുസ്‌ലിംകള്‍ക്കും വിജയമുണ്ടാകും. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതില്‍ ഒരു പ്രവചനമെങ്കിലും പുലരുമെന്നതിന് അന്ന് പ്രത്യക്ഷത്തില്‍ വിദൂരമായ ലക്ഷണങ്ങള്‍പോലും കാണപ്പെട്ടിരുന്നില്ല. ഒരുവശത്ത്, മക്കയില്‍ മര്‍ദിതരും നിസ്സഹായരുമായി കഴിയുന്ന ഒരുപിടി മുസ്‌ലിംകളാണുണ്ടായിരുന്നത്. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ ഒരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ, റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം 619 ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപളിN437ക്കടുത്തെത്തി തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് ബാസ്‌ഫോറസ്N675 തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്‌ഡോണ്‍ (Chalcedon- ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി. സീസര്‍, ഖുസ്രുവിന്റെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. എന്തു വിലകൊടുത്തും സന്ധിയുണ്ടാക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം താഴ്മയോടെ അപേക്ഷിച്ചു. പക്ഷേ, ഖുസ്രു പര്‍വേസിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'സീസര്‍ എന്റെ സന്നിധിയില്‍ വന്ന് സ്വന്തം ഖഡ്ഗം അടിയറവെക്കുകയും അവരുടെ ക്രൂശിതദൈവത്തെ വെടിഞ്ഞ് അഗ്നിമഹാദേവന്റെ അടിമത്തം സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ അയാള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതല്ല.' ഒടുവില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വെടിഞ്ഞ് കാര്‍ത്തേജിലേക്ക് (ഇന്നത്തെ തുനീഷ്യ) പലായനം ചെയ്യാനുദ്ദേശിക്കുന്നിടത്തോളം സീസറുടെ സ്ഥിതി വഷളായിത്തീര്‍ന്നു. ഇംഗ്ലീഷ്, ചരിത്രകാരനായ ഗിബ്ബന്റെN383 അഭിപ്രായത്തില്‍ (1-Gibbbon, Decline and fall of the Roman Empire, Vol. 11. p. 788 Modern Library New York) ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ത്തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഖുര്‍ആന്റെ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്‌നുഖലഫ്N223 ഹദ്‌റത്ത് അബൂബക്‌റുമായിN1314 വാതുവെച്ചു: 'മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്‌റിനു ഞാന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം എനിക്ക് പത്തൊട്ടകം തരണം.' നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: ''ഫീ ബിദ്ഇ സിനീന്‍' എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ 'ബിദ്അ്' എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.' ഇതനുസരിച്ച് ഹദ്‌റത്ത് അബൂബക്ര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി. ഇവിടെ, ക്രിസ്ത്വബ്ദം 622-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍വഴി തറാപ്‌സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ ആക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് അര്‍മീനിയാN43യില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബൈജാനിലേക്ക്N1302 നുഴഞ്ഞുകയറുകയും സൗരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഡവും സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്റെ വിധിയുടെ പ്രവര്‍ത്തനം നോക്കൂ. ഇതേവര്‍ഷംതന്നെയാണ് മുസ്‌ലിംകള്‍ക്കു ബദ്‌റില്‍ മുശ്‌രിക്കുകളുടെ മേല്‍ നിര്‍ണായക വിജയം ലഭിച്ചതും. ഈവിധം സൂറ അര്‍റൂം നല്‍കിയ പ്രവചനങ്ങള്‍ രണ്ടും പത്തുവര്‍ഷം തികയുംമുമ്പ് ഒരേയവസരത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. അനന്തരം റോമാസൈന്യം പേര്‍ഷ്യന്‍ സൈന്യത്തിന് നിരന്തരം ആഘാതങ്ങളേല്‍പിച്ചുകൊണ്ടിരുന്നു. ക്രിസ്ത്വബ്ദം 627-ല്‍ നീനവായില്‍ നടന്ന നിര്‍ണായകമായ യുദ്ധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അടിത്തറയിളകി. അതിനുശേഷം പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായ 'ദസ്തഗര്‍ദ്' (ദസ്‌കറതുല്‍ മലിക്) തകര്‍ക്കപ്പെട്ടു. ഹെര്‍ക്കുലീസിന്റെ സൈന്യം പിന്നേയും മുന്നേറി. അന്ന് പേര്‍ഷ്യയുടെ രാജധാനിയായിരുന്ന ടെയ്‌സിഫോണിന്റെത്തന്നെ മുന്നിലെത്തി. ക്രിസ്ത്വബ്ദം 628-ല്‍ ഖുസ്രു പര്‍വേസിനെതിരില്‍ കൊട്ടാരവിപ്ലവമുണ്ടായി. അദ്ദേഹം ബന്ധനസ്ഥനായി. സ്വന്തം കണ്‍മുമ്പില്‍വെച്ച് അദ്ദേഹത്തിന്റെ 18 മക്കള്‍ വധിക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കകം കല്‍തുറുങ്കിലെ പീഡനങ്ങള്‍ മൂലം പര്‍വേസും മരിച്ചു. ഈ വര്‍ഷത്തിലാണ് ഖുര്‍ആന്‍ 'മഹത്തായ വിജയം' എന്നു വിശേഷിപ്പിച്ച ഹുദൈബിയ്യാ സന്ധിN1525യുണ്ടായത്. ഈ വര്‍ഷത്തില്‍ത്തന്നെയാണ് പര്‍വേസിന്റെ പുത്രനായ ഖബാദ് രണ്ടാമന്‍ പേര്‍ഷ്യ പിടിച്ചടക്കിയ റോമന്‍ പ്രദേശങ്ങളെല്ലാം വിട്ടുകൊടുക്കുകയും സാക്ഷാല്‍ കുരിശ് തിരിച്ചേല്‍പിക്കുകയും റോമുമായി സന്ധിയുണ്ടാക്കുകയും ചെയ്തത്. ക്രിസ്ത്വബ്ദം 629-ല്‍ സീസര്‍ 'വിശുദ്ധ കുരിശ്' അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനുവേണ്ടി ബൈതുല്‍ മഖ്ദിസില്‍ ആഗതനായി. ഇതേവര്‍ഷംതന്നെയാണ് നബി(സ) ഉംറതുല്‍ ഖദാഇന് വേണ്ടി ഹിജ്‌റക്കുശേഷം ആദ്യമായി മക്കയിലാഗതനായതും. അതിനുശേഷം, ഖുര്‍ആനികപ്രവചനം തികച്ചും സത്യമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന്റെ കണികപോലും അവശേഷിച്ചില്ല. അറേബ്യയിലെ നിരവധി ബഹുദൈവവിശ്വാസികള്‍ അത് വിശ്വസിച്ചു. ഉബയ്യുബ്‌നു ഖലഫിന്റെ അനന്തരാവകാശികള്‍ പന്തയത്തില്‍ പരാജയം സമ്മതിച്ച്, വാഗ്ദത്തം ചെയ്യപ്പെട്ട ഒട്ടകങ്ങളെ അബൂബക്‌റിനു കൊടുത്തു. അദ്ദേഹം അവയെ നബി(സ)യുടെ സന്നിധിയില്‍ കൊണ്ടുവന്നു. കാരണം, പന്തയത്തിലേര്‍പ്പെടുന്ന കാലത്ത് ശരീഅത്ത് ചൂതാട്ടം നിരോധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നിരോധം വന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍, യുദ്ധത്തിലേര്‍പ്പെട്ട ശത്രുക്കളുടെ പന്തയമുതല്‍ എന്ന നിലക്ക് എടുക്കുന്നതിന് അനുവാദം നല്‍കി. പക്ഷേ, അത് സ്വയം ഉപയോഗിക്കാതെ ദാനം ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.


പ്രമേയവും ഉള്ളടക്കവും

സൂറ ആരംഭിക്കുന്നത് റോമിന്റെ പരാജയത്തെ സ്പര്‍ശിച്ചുകൊണ്ടാണ്. ഇന്ന് റോം പരാജയപ്പെട്ടിരിക്കുന്നു; ആ സാമ്രാജ്യത്തിന്റെ അന്ത്യം അടുത്തുവെന്നാണ് ലോകം മുഴുവന്‍ മനസ്സിലാക്കുന്നത്. പക്ഷേ, ഏതാനും കൊല്ലങ്ങള്‍ക്കകം സ്ഥിതിഗതികള്‍ നേരെ മറിച്ചാകും. ഇന്നത്തെ പരാജിതര്‍ അന്ന് ജേതാക്കളായിരിക്കും. ഈ മുഖവുരയില്‍നിന്ന് ഒരു വിഷയം ഉരുത്തിരിഞ്ഞുവരുന്നു. മനുഷ്യന്ന് തന്റെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ വരുന്ന കാര്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഈ പ്രത്യക്ഷതയുടെ പര്‍ദക്കപ്പുറമുള്ള മറ്റൊന്നിനെക്കുറിച്ചും അവന്നറിഞ്ഞുകൂടാ. ഈ ഉപരിപ്ലവദര്‍ശനം ചെറിയ ചെറിയ സംഗതികളില്‍പ്പോലും തെറ്റുധാരണകള്‍ക്കും തെറ്റായ നിലപാടുകള്‍ക്കും കാരണമായിത്തീരുന്നു. നാളെ എന്തുണ്ടാകുമെന്ന് അറിയായ്ക നിമിത്തം മനുഷ്യന്‍ തെറ്റായ നിഗമനങ്ങളിലകപ്പെടുന്നു. എന്നിട്ടും അവന്‍ തന്റെ ജീവിതത്തിന്റെ മുഴുവന്‍ ഇടപാടുകളിലും ഐഹികജീവിതത്തിന്റെ ദൃശ്യതയില്‍ വിശ്വാസമര്‍പ്പിക്കുകയും തദടിസ്ഥാനത്തില്‍ തന്റെ ജീവിതമാകുന്ന മൂലധനമത്രയും വാതുവെയ്ക്കുകയും ചെയ്യുന്നത് എന്തുമാത്രം വലിയ അബദ്ധമാണ്. ഈവിധം റോമാ-പേര്‍ഷ്യന്‍ കാര്യങ്ങളില്‍നിന്നു പ്രഭാഷണത്തിന്റെ മുഖം പരലോകത്തിലേക്കു കടക്കുന്നു. പിന്നെ മൂന്നു ഖണ്ഡികകളില്‍ തുടര്‍ച്ചയായി പല മാര്‍ഗേണ ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പരലോകം സംഭവ്യമാണ്, യുക്തിസഹമാണ്, അനിവാര്യവുമാണ്. മനുഷ്യജീവിതം നന്നാക്കുന്നതിന് അവന്‍ പരലോകത്തില്‍ ദൃഢബോധ്യമുള്ളവനായിക്കൊണ്ട് ഈ ജീവിതത്തിലെ പരിപാടികള്‍ തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം ബാഹ്യദര്‍ശനത്തെ അവലംബിക്കുക വഴി ഉണ്ടാകുന്ന അബദ്ധങ്ങള്‍തന്നെ ഉണ്ടാകും. ഈ പ്രകൃതത്തില്‍ പരലോകത്തിന്റെ തെളിവായി സാക്ഷ്യപ്പെടുത്തിയ പ്രാപഞ്ചികലക്ഷണങ്ങള്‍ ഏകദൈവത്വത്തിനുകൂടി തെളിവാകുന്ന ലക്ഷണങ്ങളാണ്. അതുകൊണ്ട് ആറാം ഖണ്ഡിക ആരംഭിക്കുന്നതോടെ പ്രഭാഷണമുഖം ഏകദൈവത്വത്തിന്റെ സ്ഥാപനത്തിലേക്കും ബഹുദൈവത്വത്തിന്റെ ഖണ്ഡനത്തിലേക്കും തിരിയുന്നു. അതില്‍ വിവരിക്കുന്നതിതാണ്: ഏകാഗ്രചിത്തനായി ഏക ദൈവത്തിന്റെ അടിമത്തം കൈക്കൊള്ളുക എന്നതു മാത്രമാണ് മനുഷ്യന്റെ പ്രകൃതിമതം. ബഹുദൈവത്വം പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും പ്രകൃതിക്ക് വിരുദ്ധമാണ്. അതുകൊണ്ട് എവിടെ മനുഷ്യന്‍ ആ മാര്‍ഗഭ്രംശം സ്വീകരിക്കുന്നുവോ അവിടെ നാശം പ്രത്യക്ഷപ്പെടുന്നു. ആ സന്ദര്‍ഭത്തില്‍ ലോകത്തിലെ രണ്ടു വന്‍സാമ്രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധംമൂലം ഉണ്ടായിട്ടുള്ള വിപത്തുകളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പറയുന്നു: ഈ നാശങ്ങളും ബഹുദൈവവിശ്വാസം മൂലം ഉണ്ടായിട്ടുള്ളതാണ്. മനുഷ്യചരിത്രത്തിലിതഃപര്യന്തം ഏതെല്ലാം ജനങ്ങള്‍ വിപത്തിലകപ്പെട്ടുവോ അവരെല്ലാംതന്നെ ബഹുദൈവാരാധകരായിരുന്നു. വചനസമാപനത്തില്‍ ഉപമാലങ്കാരത്തിലൂടെ ജനങ്ങളെ ഇപ്രകാരം ഗ്രഹിപ്പിച്ചിരിക്കുന്നു. നിര്‍ജീവമായിക്കിടക്കുന്ന ഭൂമിയില്‍ ദൈവനിയുക്തമായ മഴ വര്‍ഷിക്കുമ്പോള്‍ പെട്ടെന്ന് ചൈതന്യം തുടിക്കുകയും ജീവന്റെയും വസന്തത്തിന്റെയും ഖജനാവുകള്‍ മുളച്ചുതുടങ്ങുകയും ചെയ്യുന്നതെപ്രകാരമാണോ, അപ്രകാരംതന്നെ, ദൈവനിയുക്തമായ വെളിപാടും പ്രവാചകത്വവും മരിച്ചുകിടക്കുന്ന മാനവികതക്ക് ഒരു മഹാ അനുഗ്രഹവര്‍ഷമാകുന്നു. അതിന്റെ ആഗമനം അവന്റെ ജീവിതത്തിനും വളര്‍ച്ചക്കും ക്ഷേമ-മോക്ഷങ്ങള്‍ക്കും നിമിത്തമാകുന്നു. ഈ അവസരം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ നിദ്രാധീനമായ ഈ അറബ് ഭൂമിയും ദൈവാനുഗ്രഹത്താല്‍ ഉണര്‍വുറ്റതായിത്തീരും. സൗഭാഗ്യങ്ങളെല്ലാം നിങ്ങളുടേതായിത്തീരും. ഇത് ഉപയോഗപ്പെടുത്താതിരിക്കുക എന്നത് നിങ്ങള്‍ക്ക് സ്വയം ദോഷം ചെയ്യലായിരിക്കും. പിന്നീട്, പശ്ചാത്തപിച്ചിട്ട് ഒരു കാര്യവുമുണ്ടാവില്ല. പരിഹാരം കാണാനുള്ള ഒരവസരവും നിങ്ങള്‍ക്ക് കൈവരുകയുമില്ല.

Source: www.thafheem.net