VERSES
88
PAGES
385-396

നാമം

25-ആം സൂക്തത്തിലെ وَقَصَّ عَلَيْهِ الْقَصَصَ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് അധ്യായനാമം. അല്‍ഖസ്വസ്വ് എന്ന പദമുള്ള അധ്യായമെന്ന് താല്‍പര്യം. സംഭവങ്ങളുടെ ക്രമപ്രകാരമുള്ള വിവരണം എന്നാണ് 'അല്‍ഖസ്വസ്വി'ന്റെ ഭാഷാര്‍ഥം. ആ നിലക്ക് വാക്കര്‍ഥം പരിഗണിച്ചും ഈ പദം സൂറയുടെ ശീര്‍ഷകമായിരിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍, ഇതില്‍ ഹദ്‌റത്ത് മൂസായുടെ ചരിത്രം വിസ്തരിച്ചിട്ടുണ്ട്.


അവതരണകാലം

അശ്ശുഅറാഅ്, അന്നംല്, അല്‍ഖസ്വസ്വ് എന്നിവ ഒന്നിനു പിറകെ ഒന്നായി അവതരിച്ച സൂറകളാണെന്ന ഇബ്‌നു അബ്ബാസിന്റെയുംN1342 ജാബിറുബ്‌നു സൈദിന്റെയുംN412 അഭിപ്രായങ്ങള്‍ നാം സൂറ അന്നംലിന്റെ ആമുഖത്തിലുദ്ധരിച്ചിട്ടുണ്ടല്ലോ. ഈ മൂന്ന് സൂറകളുടെയും അവതരണകാലം ഏറക്കുറെ ഒന്നുതന്നെയാണെന്ന് അവയുടെ ഭാഷ, പ്രതിപാദനശൈലി, ഉള്ളടക്കം എന്നിവയില്‍നിന്നുകൂടി വ്യക്തമാകുന്നുണ്ട്. മൂസാനബിയുടെ ചരിത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നവ എന്ന നിലക്കും ഇവ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അവ സമുച്ചയിക്കപ്പെടുമ്പോള്‍ ഹദ്‌റത്ത് മൂസായുടെ പൂര്‍ണ ചരിത്രമായിത്തീരുന്നു. സൂറ അശ്ശുഅറാഇല്‍ പ്രവാചകദൗത്യം ഏറ്റെടുക്കുന്നതിന് ഒഴികഴിവു സമര്‍പ്പിച്ചുകൊണ്ട് മൂസാ (അ) പറയുന്നു: 'ഫറവോന്‍ സമുദായം എന്നിലൊരു കുറ്റം ചുമത്തിയിട്ടുണ്ട്. അതിനാല്‍, അവിടെച്ചെന്നാല്‍ അവരെന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.' പിന്നീട് ഹദ്‌റത്ത് മൂസാ ഫറവോന്റെ സന്നിധിയില്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു: 'ശൈശവത്തില്‍ നിന്നെ ഞങ്ങള്‍ പോറ്റി വളര്‍ത്തിയില്ലേ? നീ വളരെ വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ നീ ഒരു കടുംകൈ ചെയ്തിട്ടുമുണ്ട്.' ഈ സംഭവങ്ങളുടെ വിശദാംശങ്ങളൊന്നും അവിടെ പറയുന്നില്ല. ഈ സൂറയില്‍ അത് വിശദമായി വിസ്തരിക്കുന്നു. അതേപ്രകാരം, സൂറ അന്നംലില്‍ പെട്ടെന്ന് മൂസാചരിത്രം ഇങ്ങനെ തുടങ്ങുന്നു: അദ്ദേഹം സ്വകുടുംബത്തെയും കൂട്ടി സഞ്ചരിക്കുകയായിരുന്നു. യാദൃച്ഛികമായി ഒരു അഗ്നി കണ്ടു.' അദ്ദേഹം എങ്ങോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും എവിടന്നാണ് വരുന്നതെന്നും എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നും ഒന്നും അവിടെ പറയുന്നില്ല. അതെല്ലാം ഈ അധ്യായത്തിലാണ് വിവരിക്കുന്നത്. ഇവ്വിധം ഈ മൂന്ന് സൂറകളും കൂടി ഹദ്‌റത്ത് മൂസായുടെ ചരിത്രം പൂര്‍ത്തീകരിക്കുന്നു.


ഉള്ളടക്കം

നബി(സ)യുടെ ദൗത്യത്തിനെതിരെ ഉന്നീതമായ സന്ദേഹങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രതിരോധവും സത്യവിശ്വാസം സ്വീകരിക്കാതിരിക്കാന്‍ മുന്നോട്ടുവെച്ചിരുന്ന ഒഴികഴിവുകളുടെ ഖണ്ഡനവുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. ഇതിനുവേണ്ടി, ഒന്നാമതായി ഹദ്‌റത്ത് മൂസായുടെ കഥ വിവരിച്ചിരിക്കുന്നു. അവതരണ സാഹചര്യവുമായി കൂടിച്ചേര്‍ന്നുകൊണ്ട് അത് ശ്രോതാക്കളെ ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഒന്ന്, അല്ലാഹു എന്തുദ്ദേശിക്കുന്നുവോ അതിനുവേണ്ടി അവന്‍ അഗോചര മാര്‍ഗങ്ങളിലൂടെ നിമിത്തങ്ങളും ഉപാധികളും സജ്ജീകരിക്കുന്നു. ഫറോവ സ്വകരങ്ങള്‍കൊണ്ട് പോറ്റിവളര്‍ത്തിയ കുട്ടിതന്നെ ഒടുവില്‍ അവന്റെ സിംഹാസനം തട്ടിത്തെറിപ്പിക്കേണ്ടതുണ്ടായിരുന്നു. ആ കുട്ടിയെ വളര്‍ത്തുമ്പോള്‍, താന്‍ ആരെയാണ് പോറ്റുന്നതെന്ന് ഫറവോന്ന് അറിഞ്ഞുകൂടായിരുന്നു. ഇങ്ങനെയുള്ള ദൈവത്തിന്റെ ഇച്ഛയോട് മല്‍സരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ആരുടെ സാമര്‍ഥ്യമാണ് അവനോട് വിജയിക്കുക? രണ്ട്, ഒരാള്‍ക്ക് പ്രവാചകത്വം ലഭിക്കുന്നത് മഹാസഭയില്‍വെച്ച് ആകാശഭൂമികളെ കിടിലംകൊള്ളിക്കുന്ന മഹാപ്രഖ്യാപനത്തോടു കൂടിയൊന്നുമല്ല. മുഹമ്മദി(സ)ന് ആരുമറിയാതെ ഈ പ്രവാചകത്വം ലഭിച്ചതെവിടന്നാണെന്നും അദ്ദേഹം എങ്ങനെ പ്രവാചകനായിത്തീര്‍ന്നുവെന്നും നിങ്ങള്‍ അദ്ഭുതപ്പെടുന്നു. لَوْلاَ أُوتِىَ مِثْلَ مَا أُوتِىَ مُوسَى (മൂസാക്ക് നല്‍കപ്പെട്ടത് ഇയാള്‍ക്ക് നല്‍കപ്പെടാത്തതെന്ത്?) എന്ന് നിങ്ങള്‍ പ്രമാണമാക്കുന്ന മൂസാ (അ) ഉണ്ടല്ലോ, അദ്ദേഹത്തിനും ഇതുപോലെ, രാത്രിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രവാചകത്വം ലഭിച്ചത്. അന്ന് ത്വൂര്‍സീനാ താഴ്‌വരയില്‍ എന്തു നടന്നുവെന്ന് ആരുമറിഞ്ഞിരുന്നില്ല. തനിക്കെന്താണ് ലഭിക്കാന്‍ പോവുന്നതെന്ന് ഒരു നിമിഷം മുമ്പുവരെ മൂസാക്കുപോലും അറിവുണ്ടായിരുന്നില്ല. അദ്ദേഹം തീ കൊണ്ടുവരാന്‍ പോയി, പ്രവാചകത്വം ലഭിച്ചു. മൂന്ന്, അല്ലാഹു ഒരു ദാസനിലൂടെ വല്ലതും ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളെ വലിയ പടയും പരിവാരങ്ങളും സാധനസാമഗ്രികളും കൊടുത്തിട്ടൊന്നുമല്ല അയയ്ക്കുക. അയാള്‍ക്ക് സഹായികളൊന്നുമുണ്ടായിരിക്കുകയില്ല. പ്രത്യക്ഷത്തില്‍ ഒരു ശക്തിയും അയാളുടെ കൈയിലുണ്ടാവില്ല. പക്ഷേ, വമ്പിച്ച ആളും അര്‍ഥവുമായി അദ്ദേഹത്തെ നേരിടാനൊരുമ്പെടുന്നവരൊക്കെ ഒടുവില്‍ തകര്‍ന്നുപോകുന്നു. ഇന്ന് നിങ്ങള്‍ക്കും മുഹമ്മദി(സ)നും ഇടയില്‍ കാണപ്പെടുന്നതിലേറെ ശാക്തികമായ അസന്തുലിതത്വമുണ്ടായിരുന്നു ഫറവോന്നും മൂസാ(അ)ക്കുമിടയില്‍. പക്ഷേ, നോക്കൂ; ഒടുവില്‍ ആരാണ് വിജയിച്ചത്? ആരാണ് പരാജയപ്പെട്ടത്? നാല്, നിങ്ങള്‍ മൂസായെ പ്രമാണമാക്കിക്കൊണ്ട്, മുഹമ്മദിന് എന്തുകൊണ്ട് മൂസാക്ക് ലഭിച്ചത് -- വടിയും തിളങ്ങുന്ന ഹസ്തവും മറ്റു ദൃഷ്ടാന്തങ്ങളും-- ലഭിച്ചില്ല എന്ന് നിരന്തരം ചോദിക്കുന്നുണ്ടല്ലോ. ഇതുകേട്ടാല്‍ തോന്നും ഇത്തരം ദൃഷ്ടാന്തങ്ങള്‍ കണ്ടാലുടനെ വിശ്വസിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നിങ്ങളെന്ന്. പക്ഷേ, ആ ദൃഷ്ടാന്തങ്ങളെല്ലാം കാണിക്കപ്പെട്ടവര്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവ കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല. സത്യനിഷേധത്തിലും ദുഃശാഠ്യത്തിലും അകപ്പെട്ടതിനാല്‍ ഇതൊക്കെ ആഭിചാരങ്ങളാണെന്ന് പറയുകയാണുണ്ടായത്. ഇതേ രോഗംതന്നെയാണ് നിങ്ങളെയും ബാധിച്ചിട്ടുള്ളത്. എന്നിരിക്കെ അത്തരത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ട് വിശ്വസിക്കാന്‍ വിസമ്മതിച്ചവരുടെ പരിണതിയെന്തായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? അവസാനം അല്ലാഹു അവരെ നശിപ്പിച്ചു. ഇനി നിങ്ങളും സത്യനിഷേധികളായിക്കൊണ്ട് ദൈവികദൃഷ്ടാന്തങ്ങള്‍ തേടി ആപത്ത് വിളിച്ചുവരുത്തുകയാണോ? മക്കയിലെ സത്യനിഷേധത്തിന്റെ ചുറ്റുപാടില്‍ ഈ കഥ കേള്‍ക്കുന്നവരുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സംഗതികള്‍ ഇതൊക്കെയായിരുന്നു. കാരണം, അന്ന് മുഹമ്മദിനും മക്കയിലെ നിഷേധികള്‍ക്കുമിടയില്‍ മൂസാക്കും ഫറവോന്നും ഇടയില്‍ നടന്നതുപോലുള്ള ഒരു സംഘര്‍ഷം നടക്കുകയായിരുന്നു. പ്രസ്തുത ഘട്ടത്തില്‍ ഈ കഥ കേള്‍പ്പിക്കുന്നതിന്റെ അര്‍ഥം അതിന്റെ ഓരോ ഘടകവും സന്ദര്‍ഭത്തിന്റെ സ്വഭാവങ്ങളുമായി നന്നായി യോജിക്കുന്നു എന്നാണ്. കഥയുടെ ഏതു ഭാഗം സന്ദര്‍ഭത്തിന്റെ ഏതു സ്വഭാവവുമായി യോജിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പദംപോലും അതില്‍ പറഞ്ഞിട്ടില്ല. അനന്തരം അഞ്ചാം ഖണ്ഡികയില്‍ മൗലിക വിഷയത്തെക്കുറിച്ച് നേരിട്ട് സംസാരിച്ചുതുടങ്ങുന്നു. ആദ്യമായി മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ സ്ഥിരീകരിക്കുന്ന ഒരു സംഗതി ഇതുതന്നെയാണ്. എന്തെന്നാല്‍, അദ്ദേഹം ഒരു നിരക്ഷരനാണ്. അതോടൊപ്പം രണ്ടായിരം വര്‍ഷം മുമ്പ് കഴിഞ്ഞുപോയ ചരിത്രസംഭവങ്ങള്‍ കൃത്യമായും വിശദമായും അദ്ദേഹം കേള്‍പ്പിക്കുന്നു. അത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനുതകുന്ന ഒരു ഉപാധിയും അദ്ദേഹത്തിന്റെ കൈവശമില്ലെന്ന് നാട്ടുകാര്‍ക്കും സമുദായത്തിനും നന്നായറിയാം. പിന്നെ അദ്ദേഹത്തെ പ്രവാചകനാക്കുക വഴി അല്ലാഹു അവര്‍ക്ക് മഹത്തായ അനുഗ്രഹം ചെയ്തിരിക്കുകയാണെന്ന് സ്ഥിരപ്പെടുത്തുന്നു. അവര്‍ പ്രജ്ഞാശൂന്യതയിലകപ്പെട്ടിരുന്നു. അല്ലാഹു അവര്‍ക്ക് സന്‍മാര്‍ഗദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അനന്തരം, അവര്‍ സദാ ഉന്നയിച്ചുകൊണ്ടിരിക്കുന്ന, 'ഈ പ്രവാചകന്‍, മൂസാ കാണിച്ചതുപോലുള്ള ദിവ്യാദ്ഭുതങ്ങള്‍ കാണിക്കാത്തതെന്തുകൊണ്ട്?' എന്ന വിമര്‍ശനത്തിന് മറുപടി നല്‍കുന്നു. അവരോട് പറയുന്നു: ഇപ്പോള്‍ ഈ നബിയില്‍നിന്ന് ദൃഷ്ടാന്തങ്ങളാവശ്യപ്പെടുന്ന നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നവനെന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്ന മൂസായില്‍ എന്നാണ് വിശ്വസിച്ചിട്ടുള്ളത്? ജഡികേച്ഛകള്‍ക്കടിപ്പെട്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍തന്നെ നിങ്ങള്‍ക്ക് സത്യം കാണാന്‍ കഴിയും. പക്ഷേ, നിങ്ങള്‍ ആ രോഗത്തിനടിപ്പെട്ടിരിക്കുന്നുവെങ്കില്‍ ദൃഷ്ടാന്തങ്ങള്‍ വന്നാലും കണ്ണ് തുറക്കാനാവില്ല. തുടര്‍ന്ന് അക്കാലത്ത് മക്കയില്‍ കുറേ ക്രിസ്ത്യാനികള്‍ വന്നതിനെ സ്പര്‍ശിച്ചുകൊണ്ട് നിഷേധികളെ ഉദ്ബുദ്ധരാക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്നു. അവര്‍ ഖുര്‍ആന്‍ കേള്‍ക്കുകയും നബി(സ)യില്‍ വിശ്വസിക്കുകയും ചെയ്തു. പക്ഷേ, മക്കാനിവാസികള്‍ തങ്ങളുടെ മൂക്കിനു മുന്നില്‍ വന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ല. പ്രത്യുത, അവരുടെ കൂട്ടത്തിലുള്ള അബൂജഹ്ല്‍N5 അതിനെ പരസ്യമായി അവഹേളിക്കുകയാണ് ചെയ്തത്. അവസാനമായി നബി(സ)യില്‍ വിശ്വസിക്കാതിരിക്കാന്‍ മക്കാനിവാസികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന അടിസ്ഥാന ന്യായം പരിശോധിക്കുകയാണ്. അവരുടെ വാദമിതായിരുന്നു: ഞങ്ങള്‍ അറബികളുടെ ബഹുദൈവമതമുപേക്ഷിച്ച് ഏകദൈവത്വം സ്വീകരിച്ചാല്‍, അറബികള്‍ക്കിടയില്‍ ഞങ്ങള്‍ക്കുള്ള മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മേധാവിത്വം പെട്ടെന്ന് നഷ്ടപ്പെട്ടുപോകും. പിന്നെ അറബികളിലെ ഏറ്റം ശ്രേയസ്സും പ്രതാപവുമുള്ള ഗോത്രം എന്ന നിലയില്‍നിന്ന് ഞങ്ങള്‍ ഭൂമിയില്‍ ഒരു ഗതിയുമില്ലാത്ത നിരാലംബരായിത്തീരും. ഖുറൈശികളെ സത്യവിരോധത്തിന് പ്രേരിപ്പിച്ച അടിസ്ഥാനകാരണം ഇതാണ്. മറ്റു സന്ദേഹങ്ങളെല്ലാം അവര്‍ സാമാന്യ ജനങ്ങളെ വശീകരിക്കുന്നതിനുവേണ്ടി മെനഞ്ഞെടുത്തവയാണ്. അതുകൊണ്ട് സൂറയുടെ അവസാനംവരെ ഇതിനെപ്പറ്റി വിശദമായി സംസാരിച്ചിരിക്കുന്നു. ഖുര്‍ആന്‍ ഈ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളിലേക്കും വെളിച്ചംവീശി, ഈ ആളുകളെ ഭൗതികതാല്‍പര്യങ്ങളുടെ വീക്ഷണകോണിലൂടെ സത്യാസത്യങ്ങള്‍ നിര്‍ണയിക്കാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാന ദൗര്‍ബല്യം അങ്ങേയറ്റം യുക്തിപരമായ രീതിയില്‍ ചികില്‍സിക്കുകയാണിവിടെ.

Source: www.thafheem.net