VERSES
93
PAGES
377-385

നാമം

പതിനെട്ടാം സൂക്തത്തിലെ 'വാദിന്നംലി' എന്ന പരാമര്‍ശത്തില്‍നിന്നാണ് അധ്യായത്തിന് ഈ പേര്‍ സിദ്ധിച്ചത്. ഉറുമ്പിന്റെ കഥ പറയുന്ന, അല്ലെങ്കില്‍ ഉറുമ്പുകളെ പരാമര്‍ശിക്കുന്ന അധ്യായം എന്നര്‍ഥം.


അവതരണകാലം

പ്രമേയങ്ങളിലും പ്രതിപാദനശൈലിയിലും തിരുമേനിയുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിലവതരിച്ച സൂറകളോട് ഇതിന് തികഞ്ഞ സാദൃശ്യമുണ്ട്. നിവേദനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഇബ്‌നു അബ്ബാസുംN1342 ജാബിറുബ്‌നു സൈദുംN412 പറയുന്നു: ആദ്യം സൂറ അശ്ശുഅറാഅ് അവതരിച്ചു. അനന്തരം അന്നംല്; പിന്നീട് അല്‍ഖസ്വസ്വ്.


പ്രതിപാദ്യവിഷയം

ഈ അധ്യായം രണ്ട് പ്രഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രഥമ പ്രഭാഷണം അധ്യായത്തിന്റെ തുടക്കം മുതല്‍ നാലാം ഖണ്ഡികയുടെ ഒടുക്കം വരെയാണ്. ദ്വിതീയ പ്രഭാഷണം അഞ്ചാം ഖണ്ഡികയുടെ തുടക്കം മുതല്‍ അധ്യായാന്ത്യം വരെയും. പ്രഥമ പ്രഭാഷണത്തില്‍ പറയുന്നതിതാണ്: പ്രപഞ്ചത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയില്‍ ഈ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയും പ്രായോഗിക ജീവിതത്തില്‍ അനുസരിക്കാനും അനുഗമിക്കാനും മനസ്സാ സന്നദ്ധരാവുകയും ചെയ്യുന്നവരാരോ, അവര്‍ക്കു മാത്രമേ ഈ വേദത്തെ പ്രയോജനപ്പെടുത്താനും ഇത് നല്‍കുന്ന ശുഭവൃത്താന്തങ്ങള്‍ക്ക് അര്‍ഹരായിത്തീരാനും സാധിക്കുകയുള്ളൂ. പക്ഷേ, ഈ മാര്‍ഗത്തിലെത്താനും അതിലൂടെ നടക്കാനുമുള്ള ഏറ്റവും വലിയ തടസ്സം പരലോകനിഷേധമാകുന്നു. കാരണം, പരലോകനിഷേധം മനുഷ്യനെ ഉത്തരവാദിത്വമില്ലാത്തവനും ജഡികേച്ഛകളുടെയും ലൗകികപ്രമത്തതയുടെയും അടിമയുമാക്കുന്നു. അതോടെ മനുഷ്യന്ന് ദൈവത്തിന്റെ മുമ്പില്‍ തലകുനിക്കാനും ദേഹേച്ഛകളില്‍ ധാര്‍മിക മുറകള്‍ പാലിക്കാനും സാധിക്കാതാകുന്നു. ഈ ആമുഖത്തിനുശേഷം മൂന്നുതരം ചരിത്ര മാതൃകകള്‍ വിവരിക്കുകയാണ്. ഫറവോന്‍പ്രഭൃതികളും സമൂദ് സമുദായവും ധിക്കാരികളായ ലൂത്വ് ജനതയുമാണ് ഒരു ഉദാഹരണം. പരലോകത്തോടുള്ള അവഗണനയില്‍നിന്നും ആത്മപൂജയില്‍നിന്നും ഉരുവംകൊണ്ടതാണ് അവരുടെ ചരിത്രം. എത്ര ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും അവര്‍ സത്യവിശ്വാസം കൈക്കൊള്ളാന്‍ തയ്യാറായില്ല. തങ്ങളെ സത്യത്തിലേക്കും ധര്‍മത്തിലേക്കും ക്ഷണിച്ചവരുടെ ശത്രുക്കളാവുകയാണവര്‍ ചെയ്തത്. ബുദ്ധിയുള്ള ഏത് മനുഷ്യന്നും നികൃഷ്ടമെന്ന് ബോധ്യമുള്ള നീചവൃത്തികളില്‍ അവര്‍ ശഠിച്ചുനിന്നു. ദൈവികശിക്ഷ പിടികൂടുന്നതിന് ഒരുനിമിഷം മുമ്പുവരെ പോലും അവര്‍ ബോധവാന്മാരായില്ല. രണ്ടാമത്തെ ഉദാഹരണം ഹ. സുലൈമാന്‍ (അ) ആണ്. മക്കയിലെ നിഷേധികള്‍ക്ക് സ്വപ്നം കാണാന്‍പോലും സാധ്യമല്ലാത്ത വിധത്തിലുള്ള ശക്തിയും സമ്പത്തും അധികാരവും ആള്‍ബലവും അല്ലാഹു അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. ഇതെല്ലാം ഉണ്ടായിരുന്നിട്ടും, താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടവനാണ് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. തനിക്കുള്ളതൊക്കെയും അല്ലാഹുവിന്റെ ഔദാര്യത്താല്‍ ലഭിച്ചതാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ ശിരസ്സ് സദാ യഥാര്‍ഥ ഔദാര്യവാനായ അല്ലാഹുവിന്റെ മുമ്പില്‍ കുനിഞ്ഞിരുന്നു. അഹന്തയുടെയോ താന്‍പോരിമയുടെയോ ലാഞ്ഛനപോലും അദ്ദേഹത്തിന്റെ നടപടികളില്‍ ദൃശ്യമായിരുന്നില്ല. അറേബ്യന്‍ ചരിത്രത്തില്‍ അതിപ്രശസ്തമായ സമ്പന്ന സമൂഹത്തിന്റെ മേധാവിയായിരുന്ന ശേബാ രാജ്ഞിയാണ് മൂന്നാമത്തെ മാതൃക. ഏതൊരു മനുഷ്യനെയും ആത്മവഞ്ചനയിലകപ്പെടുത്താന്‍ പര്യാപ്തമായ സുഖസമൃദ്ധികള്‍ അവര്‍ക്കുണ്ടായിരുന്നു. ഏതെല്ലാം സംഗതികളാല്‍ ഒരു മനുഷ്യന്‍ അഹങ്കരിക്കാമോ അതെല്ലാം ഖുറൈശി പ്രമാണികളെ അപേക്ഷിച്ച് ശതക്കണക്കിലിരട്ടി അവര്‍ക്കുണ്ടായിരുന്നു. ശേബാ ഒരു മുശ്‌രിക്ക് ജനതയുടെ രാജ്ഞിയായിരുന്നു. പൂര്‍വികരുടെ പാരമ്പര്യമെന്ന നിലക്കും സ്വന്തം ജനപ്രമാണികളാല്‍ അംഗീകരിക്കപ്പെട്ടത് എന്ന നിലക്കും അവരെ സംബന്ധിച്ചേടത്തോളം ശിര്‍ക്ക് വെടിഞ്ഞ് തൗഹീദ് സ്വീകരിക്കുക ഒരു സാധാരണ മുശ്‌രിക്കിനേക്കാള്‍ വളരെയേറെ പ്രയാസകരമായിരുന്നു. എങ്കിലും യാഥാര്‍ഥ്യം ബോധ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കാന്‍ യാതൊന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ മാര്‍ഗച്യുതി ബഹുദൈവാരാധനാപരമായ പരിതഃസ്ഥിതികള്‍ നിമിത്തം സംഭവിച്ചതായിരുന്നു. ആത്മപൂജയ്‌ക്കോ ദേഹേച്ഛകളുടെ ദാസ്യത്തിനോ അതില്‍ സ്വാധീനമുണ്ടായിരുന്നില്ല. അവരുടെ മനഃസാക്ഷി അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തില്‍നിന്ന് വിമുക്തമായിരുന്നില്ല. രണ്ടാമത്തെ പ്രഭാഷണത്തില്‍ ആദ്യമായി, പ്രപഞ്ചത്തിലെ പ്രസ്പഷ്ടമായ ചില ദൃശ്യയാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി മക്കാ മുശ്‌രിക്കുകളോട് ഇപ്രകാരം ചോദിക്കുകയാണ്: ഈ യാഥാര്‍ഥ്യങ്ങള്‍, നിങ്ങള്‍ അകപ്പെട്ടിട്ടുള്ള ശിര്‍ക്കിനെയാണോ സാക്ഷ്യപ്പെടുത്തുന്നത്, അതല്ല ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന തൗഹീദിനെയാണോ? അനന്തരം സത്യനിഷേധികളുടെ യഥാര്‍ഥ രോഗം തൊട്ടുകാണിക്കുന്നു. അതായത്, അവരെ അന്ധരാക്കിയിട്ടുള്ളത്, എല്ലാം കണ്ടിട്ടും ഒന്നും കാണാത്തവരും എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കാത്തവരും ആക്കിയിട്ടുള്ളത് വാസ്തവത്തില്‍ പരലോക നിഷേധമാകുന്നു. അവരുടെ ജീവിതത്തിന്റെ ഒരു വേദിയിലും ഒരുവിധ വിശുദ്ധിയും അവശേഷിക്കാതാക്കിയതും ഇതേ സ്വഭാവംതന്നെയാകുന്നു. കാരണം, അവരുടെ വീക്ഷണത്തില്‍, ഒടുവില്‍ എല്ലാം മണ്ണായിത്തീരേണ്ടതാണ്. ഭൗതികജീവിതത്തിലെ ഈ ബദ്ധപ്പാടുകള്‍ക്കൊന്നും യാതൊന്നും ലഭിക്കാനില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം സത്യവും മിഥ്യയും ഒന്നുതന്നെയാണ്. അവന്റെ ജീവിതം സംവിധാനിക്കേണ്ടത് സന്മാര്‍ഗത്തിലോ ദുര്‍മാര്‍ഗത്തിലോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. എന്നാല്‍, ഈ ജനം പ്രജ്ഞാശൂന്യതയില്‍ ആണ്ടുപോയിരിക്കുന്നതിനാല്‍ അവരെ പ്രബോധനം ചെയ്യുന്നത് നിഷ്ഫലമാണ് എന്ന് സ്ഥാപിക്കലല്ല ഈ ചര്‍ച്ചയുടെ ലക്ഷ്യം. സുഷുപ്തിയില്‍ ആണ്ടുപോയവരെ തട്ടിയുണര്‍ത്തുകയാണ് യഥാര്‍ഥ ലക്ഷ്യം. അതുകൊണ്ടാണ് ആറും ഏഴും ഖണ്ഡികകളില്‍, നേരിട്ട് ഇപ്രകാരം പറയുന്നത്: പരലോകബോധം ആരില്‍ ഉണ്ടായിത്തീരുന്നുവോ, അവരെ പ്രജ്ഞാശൂന്യതയുടെ അനന്തരഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുക. അതിന്റെ ആഗമനം, അത് നേരില്‍ കണ്ടവര്‍ കാണാത്തവരെ ബോധ്യപ്പെടുത്തേണ്ടതെപ്രകാരമാണോ അപ്രകാരം ബോധ്യപ്പെടുത്തുക. അവസാനമായി ഖുര്‍ആനിന്റെ മൗലികസന്ദേശം, അതായത്, ഏകദൈവത്തിന്റെ അടിമത്തത്തിലേക്കുള്ള പ്രബോധനം സംക്ഷിപ്തമായി, എന്നാല്‍, തറഞ്ഞുകയറുന്ന ശൈലിയില്‍ നല്‍കിക്കൊണ്ട് ജനങ്ങളോട് പറയുന്നു: ഇത് അംഗീകരിക്കുന്നതുകൊണ്ടുള്ള ഗുണം നിങ്ങള്‍ക്കുതന്നെയാണ്. നിഷേധിക്കുന്നതുകൊണ്ടുള്ള ദോഷവും നിങ്ങള്‍ക്കുതന്നെ. ഇത് അംഗീകരിക്കാന്‍, അംഗീകരിക്കുകയല്ലാതെ ഗത്യന്തരമില്ലാതാക്കുംവിധമുള്ള ഒരു ദൈവിക ദൃഷ്ടാന്തത്തിന്റെ ആഗമനമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഓര്‍ത്തുകൊള്ളുക, അതു വിധി പ്രസ്താവിക്കുന്ന സന്ദര്‍ഭമായിരിക്കും. ആ സന്ദര്‍ഭത്തില്‍ അംഗീകരിച്ചതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകുന്നതല്ല.

Source: www.thafheem.net