VERSES
227
PAGES
367-376

നാമം

وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُنَ എന്ന 224-ആം സൂക്തത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് അധ്യായ നാമം.


അവതരണഘട്ടം

പ്രവാചകന്റെ മക്കാജീവിതത്തിന്റെ മധ്യദശയിലവതരിച്ചതാണീ അധ്യായമെന്ന് ഇതിന്റെ ഉള്ളടക്കവും പ്രതിപാദനശൈലിയും സൂചിപ്പിക്കുന്നു. നിവേദനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം സൂറ ത്വാഹായും പിന്നീട് അല്‍വാഖിഅയും അനന്തരം അശ്ശുഅറാഉം അവതരിച്ചുവെന്ന് ഇബ്‌നു അബ്ബാസ്N1342 വിവരിക്കുന്നു: (റൂഹുല്‍ മആനിN1265 വാല്യം: 19, പേജ്: 64) സൂറ ത്വാഹാ, ഉമര്‍ (റ)N1512 ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പ് അവതരിച്ചിട്ടുണ്ടെന്നും അറിയപ്പെട്ടിരിക്കുന്നു.


ഉള്ളടക്കം

നബി(സ)യുടെ സന്ദേശത്തെയും ഉദ്‌ബോധനങ്ങളെയും മക്കയിലെ കാഫിറുകള്‍ ഒറ്റക്കെട്ടായി നിഷേധിക്കുകയും അതിനെതിരില്‍ പലതരം വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരമാണ് പ്രഭാഷണ പശ്ചാത്തലം. ചിലപ്പോള്‍ അവര്‍ പ്രവാചകനോട് പറയും: ഞങ്ങള്‍ക്കായി ദൃഷ്ടാന്തങ്ങളൊന്നും പ്രത്യക്ഷപ്പെടുത്താത്തതെന്ത്? പിന്നെയെങ്ങനെയാണ് നീ പ്രവാചകനാണെന്നു ഞങ്ങള്‍ക്ക് ബോധ്യമാവുക!' ചിലപ്പോഴവര്‍ അദ്ദേഹത്തെ കവിയെന്നും ജ്യോല്‍സ്യനെന്നും മുദ്രയടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും അധ്യാപനങ്ങളെയും പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ചിലപ്പോള്‍, അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഏതാനും അജ്ഞരായ യുവാക്കളോ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരോ മാത്രമാണെന്നും ഈ പ്രസ്ഥാനത്തിന് എന്തെങ്കിലും മഹത്ത്വമുണ്ടെങ്കില്‍ സമുദായത്തിലെ പ്രമാണിമാരും ഗുരുജനങ്ങളും അതിനെ അംഗീകരിക്കുമായിരുന്നുവെന്നും വാദിച്ചുകൊണ്ട് പ്രവാചകദൗത്യത്തെ വിലയിടിച്ചുകാണിക്കാന്‍ യത്‌നിച്ചു. നബി(സ)യാകട്ടെ, അവരുടെ വിശ്വാസം തെറ്റാണെന്നും തൗഹീദും ആഖിറത്തും സത്യമാണെന്നും യുക്തിസഹമായ തെളിവുകളിലൂടെ ഗ്രഹിപ്പിക്കാന്‍ അഹോരാത്രം അധ്വാനിക്കുകയായിരുന്നു. പക്ഷേ, ധര്‍മനിഷേധത്തിന് നവംനവങ്ങളായ രൂപങ്ങള്‍ സ്വീകരിച്ചുകൊണ്ട് ശത്രുക്കള്‍ ഉറച്ചുനിന്നു. ഇതുമൂലം പ്രവാചകവര്യന്‍ ദുഃഖിക്കുകയും ആ ദുഃഖത്താല്‍ അവിടുന്ന് പരിക്ഷീണനാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃത സൂറ അവതരിക്കുന്നത്. 'അവരുടെ പിമ്പേ നടന്ന് താങ്കള്‍ സ്വയം ഹനിച്ചേക്കാം എന്നാണ് വചനാരംഭം. അടയാളം പ്രത്യക്ഷപ്പെടുന്നില്ല എന്നതല്ല അവരുടെ അവിശ്വാസത്തിനാധാരം. പിന്നെയോ, ധര്‍മനിഷേധമാണ്. പ്രബോധനത്തിലൂടെ അവര്‍ വിശ്വസിക്കാന്‍ വിചാരിക്കുന്നില്ല. തങ്ങളുടെ കണ്ഠത്തില്‍ ബലമായി പിടികൂടുന്ന ഒരു ദൃഷ്ടാന്തമാണവര്‍ തേടുന്നത്. ദൃഷ്ടാന്തം അതിന്റെ അവസരത്തില്‍ ആഗതമാകുമ്പോള്‍, തങ്ങള്‍ ബോധനം ചെയ്യപ്പെട്ടുകൊണ്ടിരുന്നതത്രയും സത്യമാണെന്ന് അവര്‍ക്ക് സ്വയം ബോധ്യമാകുന്നതാണ്. ഈ ആമുഖത്തിനു ശേഷം പത്താം ഖണ്ഡിക വരെ തുടര്‍ച്ചയായി വിവരിച്ചുകൊണ്ടിരിക്കുന്ന വിഷയം, സത്യാന്വേഷകരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഭൂമിയില്‍ നാനാഭാഗത്തും എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ പരന്നുകിടക്കുന്നുണ്ടെന്നതും അവ നിരീക്ഷിച്ച് അവര്‍ക്ക് സത്യത്തിലെത്തിച്ചേരാവുന്നതാണെന്നതുമാകുന്നു. പക്ഷേ, ധര്‍മനിഷേധികള്‍ ഒരിക്കലും ആ യാഥാര്‍ഥ്യങ്ങള്‍-- അത് ചക്രവാളങ്ങളിലുള്ള അടയാളങ്ങളാവട്ടെ, പ്രവാചകവര്യന്‍മാരുടെ അമാനുഷ ദൃഷ്ടാന്തങ്ങളാവട്ടെ-- കണ്ട് വിശ്വാസം കൈക്കൊള്ളുകയില്ല. അവര്‍ സദാ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ വിഹരിച്ചുകൊണ്ടിരിക്കുകയേയുള്ളൂ. ദൈവികശിക്ഷ വന്നുഭവിക്കുന്നതുവരെ അവരുടെ നിലപാട് അതുതന്നെയായിരിക്കും. ഇതോടനുബന്ധിച്ച് ഏഴു ജനതകളുടെ അവസ്ഥയും ഉദ്ധരിക്കുന്നു. മക്കയിലെ കാഫിറുകളുടെ അതേ ധര്‍മനിഷേധനിലപാട് അവലംബിച്ചവരായിരുന്നു അവരെല്ലാം. ഈ ചരിത്രകഥനത്തിലൂടെ സുപ്രധാനമായ ഏതാനും സംഗതികള്‍ സ്പഷ്ടമായി മനസ്സിലാക്കിത്തരുകയും ചെയ്യുന്നു. ഒന്ന്, ദൃഷ്ടാന്തങ്ങള്‍ രണ്ടുവിധമുണ്ട്. ദൈവത്തിന്റെ ഭൂമിയില്‍ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതാണൊന്ന്. അവ ദര്‍ശിക്കുന്ന ബുദ്ധിയുള്ള ഏതൊരാള്‍ക്കും പ്രവാചകന്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് സത്യത്തിലേക്കാണോ അല്ലേ എന്ന് സൂക്ഷ്മമായി ഗ്രഹിക്കാന്‍ കഴിയുന്നതാണ്. ഫറവോനും അയാളുടെ ജനവും ദര്‍ശിച്ച ദൃഷ്ടാന്തങ്ങളാകുന്നു രണ്ടാമത്തേത്. നൂഹ്ജനതയും ആദ്-സമൂദും ലൂത്വ് ജനതയും അസ്ഹാബുല്‍ ഐക്കയും കണ്ടത് ഈ ദൃഷ്ടാന്തമാണ്. ഇനി ഇതിലേതുതരം ദൃഷ്ടാന്തം കാണണമെന്ന് തീരുമാനിക്കേണ്ടത് ഈ സത്യനിഷേധികള്‍തന്നെയാണ്. രണ്ട്, കാഫിറുകളുടെ മനോഭാവം എക്കാലത്തും ഒന്നുതന്നെയായിരുന്നു. അവരുടെ ന്യായങ്ങളും വിമര്‍ശനങ്ങളും ഒരേവിധത്തിലുള്ളതായിരുന്നു. വിശ്വസിക്കാതിരിക്കുന്നതിന് അവര്‍ സ്വീകരിച്ച തന്ത്രങ്ങളും വ്യത്യസ്തമായിരുന്നില്ല. ഒടുവില്‍ എല്ലാവരുടെയും അന്ത്യവും ഒരുപോലെത്തന്നെയായി. മറുവശത്ത്, എല്ലാ കാലങ്ങളിലെയും പ്രവാചകാധ്യാപനങ്ങളും ഒന്നുതന്നെയായിരുന്നു. അവരുടെ ചര്യാസ്വഭാവങ്ങളുടെ വര്‍ണവും ഒന്നുതന്നെ. പ്രതിയോഗികളുടെ നേരെ അവരുന്നയിച്ച തെളിവുകളും ന്യായങ്ങളും ഒരുപോലെയുള്ളതായിരുന്നു. അവരെല്ലാവരുടെയും നേരെ അല്ലാഹു അനുഗ്രഹം വര്‍ഷിച്ചതും ഒരേ രീതിയില്‍ത്തന്നെയായിരുന്നു. ചരിത്രത്തിലെ ഉദാഹരണങ്ങളില്‍ ഏതിലാണ് തങ്ങള്‍ പ്രതിബിംബിക്കുന്നതെന്നും മുഹമ്മദ് നബിയുടെ യാഥാര്‍ഥ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതേതിലാണെന്നും കാഫിറുകള്‍ക്ക് സ്വയം കണ്ടെത്താന്‍ കഴിയുന്നതാണ്. മൂന്ന്, ദൈവം മഹോന്നതനും കഴിവുറ്റവനും സര്‍വശക്തനും അതോടൊപ്പം കരുണാവാരിധിയുമാണ് എന്ന വസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നു. ചരിത്രത്തില്‍ അവന്റെ കഠിനതക്കും കാരുണ്യത്തിനും ഉദാഹരണങ്ങളുണ്ട്. ഇനി തങ്ങളെ സ്വയം അര്‍ഹരാക്കുന്നത് അവന്റെ കാരുണ്യത്തിനോ കാഠിന്യത്തിനോ എന്നു ജനം സ്വയം തീരുമാനിക്കേണ്ടതാണ്. അവസാന ഖണ്ഡികയില്‍ ഈ ചര്‍ച്ച പര്യവസാനിപ്പിച്ച് പറയുന്നു: നിങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, നശിച്ചുപോയ സമുദായങ്ങള്‍ കണ്ട ആ ബീഭല്‍സ ദൃഷ്ടാന്തങ്ങള്‍തന്നെ കാണണമെന്നു ശഠിക്കുന്നതെന്തിന്? നിങ്ങളുടെത്തന്നെ ഭാഷയിലുള്ള ഈ ഖുര്‍ആന്‍ കാണുക. മുഹമ്മദ് നബി(സ)യെ കാണുക. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെ കാണുക. ഈ വചനങ്ങള്‍ പിശാചിന്റെയോ ജിന്നിന്റെയോ വചനങ്ങളാവുക സാധ്യമാണോ? ഈ വചനങ്ങള്‍ അവതരിപ്പിക്കുന്നവന്‍ മന്ത്രവാദിയാണെന്ന് തോന്നുന്നുണ്ടോ? മുഹമ്മദി(സ)നെയും ശിഷ്യന്മാരെയും കവികളെപ്പോലെ തോന്നുന്നുണ്ടോ? സത്യം തികച്ചും മറ്റൊന്നാണ്. നിങ്ങളുടെ മനസ്സുകള്‍തന്നെ ചികഞ്ഞുനോക്കുക, അത് സാക്ഷ്യപ്പെടുത്തുന്നതെന്താണെന്ന്. മന്ത്രവാദവുമായോ ജ്യോല്‍സ്യവുമായോ അദ്ദേഹം ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ക്കുതന്നെ അറിയാമെങ്കില്‍, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അക്രമമാണെന്നും അക്രമികള്‍ അവരുടെ ദുഷ്പരിണതി നേരിടേണ്ടിവരുമെന്നും കൂടി അറിഞ്ഞുകൊള്ളുക.

Source: www.thafheem.net