VERSES
77
PAGES
359-366

നാമം

تَبَارَكَ الَّذِى نَزَّلَ الْفُرْقَانَ എന്ന പ്രഥമ സൂക്തത്തില്‍നിന്ന് എടുക്കപ്പെട്ടതാണ് ഈ പേര്‍. ഖുര്‍ആനിലെ മിക്ക അധ്യായ നാമങ്ങളെയും പോലെ ഒരു അടയാളമെന്ന നിലപാടാണ് ഇതിനുമുള്ളത്; അല്ലാതെ ഉള്ളടക്കത്തിന്റെ ശീര്‍ഷകമെന്ന നിലപാടല്ല. എങ്കിലും ഈ നാമത്തിന് അധ്യായത്തിലെ പ്രതിപാദ്യവുമായി നല്ല ചേര്‍ച്ചയുണ്ട്. തുടര്‍ന്ന് വായിക്കുമ്പോള്‍ അത് വ്യക്തമാകുന്നതാണ്.


അവതരണഘട്ടം

വിവരണശൈലിയും ഉള്ളടക്കവും അഭിവീക്ഷിക്കുമ്പോള്‍, സൂറ അല്‍മുഅ്മിനൂനും മറ്റും അവതരിച്ച അതേ ഘട്ടത്തില്‍ത്തന്നെയാണ് ഈ സൂറയും അവതരിച്ചതെന്ന് സ്പഷ്ടമായി മനസ്സിലാകുന്നുണ്ട്. നബി(സ)യുടെ മക്കാവാസത്തിന്റെ മധ്യദശയാണത്. ഈ അധ്യായം സൂറ അന്നിസാഇന് എട്ടുവര്‍ഷം മുമ്പ് അവതരിച്ചതാണെന്ന് ദഹ്ഹാകുബ്‌നു മുസാഹിം, മുഖാതിലുബ്‌നു സുലൈമാന്‍N749 എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഇബ്‌നുജരീറുംN1477 ഇമാം റാസിയുംN1533 ഉദ്ധരിച്ചിട്ടുണ്ട്. ഈ കാലഗണനയും സൂറ അല്‍ഫുര്‍ഖാന്റെ അവതരണം തിരുമേനിയുടെ മക്കാവാസത്തിന്റെ മധ്യഘട്ടത്തിലാണെന്നുതന്നെയാണ് വ്യക്തമാക്കുന്നത് (ഇബ്‌നുജരീര്‍ വാല്യം: 19, പേജ്: 28-30: തഫ്‌സീറുല്‍ കബീര്‍ വാല്യം: 6, പേജ്: 358).


പ്രതിപാദ്യവിഷയം

ഖുര്‍ആന്‍, മുഹമ്മദീയ പ്രവാചകത്വം, അദ്ദേഹം അവതരിപ്പിച്ച അധ്യാപനങ്ങള്‍ എന്നിവയെ സംബന്ധിച്ച് മക്കയിലെ സത്യനിഷേധികള്‍ ഉന്നയിച്ച സംശയങ്ങളും വിമര്‍ശനങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു. അവയില്‍ ഓരോന്നിനും സമുചിതമായി മറുപടി നല്‍കുന്നതോടൊപ്പം സത്യപ്രബോധനത്തില്‍നിന്ന് മുഖംതിരിക്കുന്നതിന്റെ ദുഷ്പരിണതികള്‍ സുവ്യക്തമായി വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ അധ്യായത്തില്‍ സൂറ അല്‍മുഅ്മിനൂനിലെപ്പോലെ, സത്യവിശ്വാസികളുടെ സാംസ്‌കാരികോല്‍ക്കര്‍ഷത്തിന്റെ മനോഹരമായ ഒരു ചിത്രം സാധാരണക്കാരുടെ മുമ്പില്‍ വരച്ചുകാണിക്കുന്നുണ്ട്. ആ ഉരകല്ലില്‍ ഉരച്ചുനോക്കി മ്ലേച്ഛരാരെന്നും വിശുദ്ധരാരാണെന്നും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു കഴിയേണ്ടതിനാണത്. ഒരുവശത്ത്, മുഹമ്മദ് നബി(സ)യുടെ ശിക്ഷണങ്ങളിലൂടെ ഇതുവരെ ഈ ചര്യകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആളുകളായിക്കഴിഞ്ഞവരും ഭാവിയില്‍ ആയിത്തീരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരും; മറുവശത്ത്, ഏതൊരു സംസ്‌കാരചര്യകളാണോ സാധാരണ അറബികള്‍ക്കു സുപരിചിതമായതും ജാഹിലിയ്യത്തിന്റെ ധ്വജവാഹകര്‍ പരിരക്ഷിക്കാന്‍ ഊറ്റത്തോടെ പൊരുതുന്നതും, ആ സംസ്‌കാരവും. സ്വയം തീരുമാനിക്കുക, ഈ രണ്ടു മാതൃകകളില്‍ ഏതാണഭികാമ്യം? സകല അറബികളുടെയും മുന്നില്‍ വെക്കുന്ന ഒരു നിശ്ശബ്ദ ചോദ്യമാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെറിയൊരു ന്യൂനപക്ഷമൊഴിച്ചുള്ള അറബികള്‍ മുഴുവന്‍ ഈ ചോദ്യത്തിനു നല്‍കിയ മറുപടി എന്തെന്ന് ചരിത്രത്തിന്റെ താളുകള്‍ വ്യക്തമായി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുള്ളതാണ്.

Source: www.thafheem.net