VERSES
64
PAGES
350-359

നാമം

അഞ്ചാം ഖണ്ഡികയിലെ اللَّـهُ نُورُ‌ السَّمَاوَاتِ وَالْأَرْ‌ضِ എന്ന പ്രഥമ വാക്യത്തില്‍നിന്ന് സ്വീകരിച്ചതാണ് അധ്യായ നാമം.


അവതരണ കാലം

ബനുല്‍ മുസ്ത്വലിഖ് യുദ്ധത്തിനു ശേഷമാണ് ഈ അധ്യായം അവതരിച്ചതെന്ന കാര്യം സര്‍വാംഗീകൃതമാകുന്നു. അപവാദസംഭവത്തെ (രണ്ടും മൂന്നും ഖണ്ഡികകളില്‍ 24:11 അതിന്റെ വിശദീകരണം വന്നിട്ടുണ്ട്) തുടര്‍ന്നാണ് ഇത് അവതരിച്ചതെന്ന് ഖുര്‍ആന്റെ വിവരണത്തില്‍നിന്നുതന്നെ വ്യക്തമാവുന്നു. ബനുല്‍ മുസ്ത്വലിഖ് യുദ്ധ യാത്രയിലാണ് ആ സംഭവം നടന്നതെന്ന് ആധികാരികമായ റിപ്പോര്‍ട്ടുകളെല്ലാം പറയുന്നു. പക്ഷേ, ഈ യുദ്ധം നടന്നത് അഹ്‌സാബ് യുദ്ധത്തിനുമുമ്പ് ഹിജ്‌റ അഞ്ചാം വര്‍ഷമോ അതോ അഹ്‌സാബ് യുദ്ധത്തിനു ശേഷം ഹിജ്‌റ ആറാം വര്‍ഷമോ എന്ന കാര്യത്തിലാണ് തര്‍ക്കം. യഥാര്‍ഥ സംഭവമെന്തെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, പര്‍ദയുടെ വിധികള്‍ വിശുദ്ധ ഖുര്‍ആനില്‍ രണ്ട് അധ്യായങ്ങളില്‍ മാത്രമേ വന്നിട്ടുള്ളൂ. ഒന്ന്: ഈ അധ്യായം. രണ്ട്: അഹ്‌സാബ് യുദ്ധാവസാനത്തില്‍ അവതരിച്ചതാണെന്ന് സുസമ്മതമായ സൂറതുല്‍ അഹ്‌സാബ്. അഹ്‌സാബ് യുദ്ധമാണ് ആദ്യമെങ്കില്‍ സൂറതുല്‍ അഹ്‌സാബിലെ നിര്‍ദേശങ്ങളാണ് പര്‍ദയുടെ പ്രാരംഭ നിയമങ്ങളെന്നും ഈ അധ്യായത്തിലുള്ള വിധികള്‍ അതിന്റെ പൂര്‍ത്തീകരണമാണെന്നും വരുന്നു. ബനുല്‍ മുസ്ത്വലിഖ് യുദ്ധമാണാദ്യമെങ്കില്‍ നിയമങ്ങളുടെ ക്രമം മറിച്ചാവും. തുടക്കം സൂറതുന്നൂറില്‍നിന്നാണെന്ന് അംഗീകരിച്ച് പൂര്‍ത്തീകരണം സൂറതുല്‍ അഹ്‌സാബിലെ വിധികളാണെന്ന് സമ്മതിക്കേണ്ടിവരും. ഇങ്ങനെയാവുമ്പോള്‍ പര്‍ദാവിധികളിലടങ്ങിയ നിയമനിര്‍മാണതത്ത്വം മനസ്സിലാക്കുക പ്രയാസമായിത്തീരും. അതിനാല്‍, മുന്നോട്ടുപോകുന്നതിനു മുമ്പ് അവതരണകാലം പരിശോധിച്ച് ഖണ്ഡിതമായ നിഗമനത്തിലെത്തേണ്ടത് ആവശ്യമാണെന്ന് നാം കരുതുന്നു. ഇബ്‌നു സഅ്ദിന്റെN1425 വിവരണപ്രകാരം ബനുല്‍ മുസ്ത്വലിഖ് യുദ്ധം, ഹിജ്‌റ അഞ്ചാം വര്‍ഷം ശഅ്ബാന്‍ മാസത്തിലും അഹ്‌സാബ് (ഖന്‍ദഖ്) യുദ്ധം അതേ വര്‍ഷം ദുല്‍ഖഅദ് മാസത്തിലുമാണ് നടന്നത്. ഇതിനു പിന്‍ബലം നല്‍കുന്ന ഏറ്റവും വലിയ തെളിവ് അപവാദസംഭവത്തെക്കുറിച്ച് ആയിശ(റ)N1413യില്‍ നിന്നുദ്ധരിക്കപ്പെടുന്ന നിവേദനങ്ങളില്‍ ചിലതില്‍ സഅ്ദുബ്‌നു ഉബാദയുംN1119 സഅ്ദുബ്‌നുമുആദുംN1002 തമ്മിലുള്ള വഴക്കിനെക്കുറിച്ച് പറയുന്നുണ്ട് എന്നതാണ്. അഹ്‌സാബ് യുദ്ധം കഴിഞ്ഞ ഉടനെ സംഭവിച്ച ബനൂഖുറൈള യുദ്ധത്തിലാണ് സഅ്ദുബ്‌നു മുആദ്(റ) മൃതിയടഞ്ഞതെന്ന് സ്വീകാരയോഗ്യമായ എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നു. അതിനാല്‍, ഹിജ്‌റ 6-ആം വര്‍ഷം അദ്ദേഹം ജീവിച്ചിരിക്കുക സംഭവ്യമല്ല. മുഹമ്മദുബ്‌നു ഇസ്ഹാഖിന്റെN176 വിവരണമനുസരിച്ച് അഹ്‌സാബ് യുദ്ധം ഹി. 5 ശവ്വാല്‍ മാസത്തിലും ബനുല്‍ മുസ്ത്വലിഖ് യുദ്ധം ഹി. 6 ശഅ്ബാന്‍ മാസത്തിലുമാണ് നടന്നത്. ഹദ്‌റത്ത് ആഇശയില്‍നിന്നും മറ്റു പലരില്‍നിന്നും വന്ന അനേകം റിപ്പോര്‍ട്ടുകള്‍ അതിനുപോദ്ബലകമാണ്. അതില്‍നിന്ന് മനസ്സിലാകുന്നത് അപവാദസംഭവത്തിനുമുമ്പുതന്നെ പര്‍ദാവിധികള്‍ ഇറങ്ങിയിരുന്നുവെന്നാണ്. സൂറതുല്‍ അഹ്‌സാബില്‍ അവ കാണപ്പെടുകയും ചെയ്യുന്നു. ആ സമയത്ത് ഹദ്‌റത്ത് സൈനബുമായിN1522 നബി(സ)യുടെ വിവാഹം നടന്നുകഴിഞ്ഞിരുന്നുവെന്നും പ്രസ്തുത വിവരണങ്ങളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. അതാവട്ടെ, അഹ്‌സാബ് യുദ്ധത്തിനു ശേഷം ഹി. 5 ദുല്‍ഖഅ്ദിലാണുണ്ടായത്. സൂറതുല്‍ അഹ്‌സാബില്‍ അതു സംബന്ധമായും പരാമര്‍ശമുണ്ട്. ഇതിനെല്ലാം പുറമെ ആ സംഭവവിവരണങ്ങളില്‍നിന്ന് മറ്റൊരു കാര്യവും അറിവാകുന്നു. അതായത്, സൈനബിന്റെ സഹോദരി ഹംന ബിന്‍ത് ജഹ്ശ്N1199, ആഇശ(റ)ക്കെതിരില്‍ അപവാദം ചമയ്ക്കുന്നതില്‍ ഭാഗഭാക്കായത് ആഇശ(റ) തന്റെ സഹോദരിയുടെ സപത്‌നിയായിരുന്നതുകൊണ്ട് മാത്രമാണ്. സഹോദരിയുടെ സപത്‌നിക്കെതിരില്‍ ഈദൃശ വികാരങ്ങള്‍ ഉടലെടുക്കണമെങ്കില്‍ സപത്‌നീബന്ധമാരംഭിച്ച് കുറച്ചു കാലമെങ്കിലും കഴിയണമല്ലോ. ഈ തെളിവുകളെല്ലാം ഇബ്‌നു ഇസ്ഹാഖിന്റെ വിവരണത്തിന് ബലം കൂട്ടുന്നു. അപവാദസംഭവ കാലത്ത് സഅ്ദുബ്‌നു മുആദ് ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന പ്രസ്താവമാണ് ഈ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിന് ഏക തടസ്സം. പക്ഷേ, മറ്റൊരു വസ്തുത ഈ സന്ദേഹത്തെ ദൂരീകരിക്കുന്നു. അതായത്, ആഇശ(റ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളില്‍ ചിലതില്‍ സഅ്ദുബ്‌നു മുആദിനെക്കുറിച്ച പരാമര്‍ശവും മറ്റു ചിലതില്‍, തല്‍സ്ഥാനത്ത്, ഉസൈദുബ്‌നു ഹുദൈറിനെക്കുറിച്ചN220 പരാമര്‍ശവുമാണുള്ളത്. ഹദ്‌റത്ത് ആഇശയില്‍നിന്ന് ഇവ്വിഷയകമായി വന്ന മറ്റെല്ലാ സംഭവവിവരണങ്ങളോടും പൂര്‍ണമായും യോജിക്കുന്നത് രണ്ടാമത്തെ അഭിപ്രായമാണ്. സഅ്ദുബ്‌നു മുആദിന്റെ ജീവിതകാലത്തോടൊപ്പിക്കാന്‍ വേണ്ടി ബനുല്‍ മുസ്ത്വലിഖ് യുദ്ധവും അപവാദസംഭവവും അഹ്‌സാബ് യുദ്ധത്തിന്റെയും ബനൂഖുറൈള യുദ്ധത്തിന്റെയും മുമ്പാണെന്നു പറഞ്ഞാല്‍ പരിഹരിക്കാന്‍ സാധ്യമല്ലാത്ത വലിയൊരു വിഷമത ഉദ്ഭവിക്കുന്നു. അതായത്, അപ്പോള്‍ പര്‍ദാസൂക്തത്തിന്റെ അവതരണവും സൈനബിന്റെ വിവാഹവും അതിനും മുമ്പാണെന്നു വരും. ഖുര്‍ആനും സത്യസന്ധമായ അനേകം റിപ്പോര്‍ട്ടുകളുമാവട്ടെ, സൈനബിന്റെ വിവാഹവും പര്‍ദാനിയമവും അഹ്‌സാബ്, ഖുറൈള യുദ്ധങ്ങള്‍ക്കു ശേഷമാണെന്ന് വ്യക്തമാക്കുന്നു. ഇതേ അടിസ്ഥാനത്തില്‍ ഇബ്‌നു ഹസമുംN144 ഇബ്‌നുല്‍ ഖയ്യിമുംN1432 മറ്റു ചില സൂക്ഷ്മാലുക്കളായ പണ്ഡിതന്മാരും മുഹമ്മദുബ്‌നു ഇസ്ഹാഖിന്റെ റിപ്പോര്‍ട്ടാണ് ശരിയായംഗീകരിച്ചിരിക്കുന്നത്. അതുതന്നെയാണ് ശരിയെന്ന് നാമും മനസ്സിലാക്കുന്നു.


ചരിത്ര പശ്ചാത്തലം

ഹിജ്‌റ ആറാം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍, സൂറതുല്‍ അഹ്‌സാബിനും വളരെ മാസങ്ങള്‍ക്കുശേഷമാണ് സൂറതുന്നൂര്‍ അവതരിച്ചതെന്ന് സ്ഥിരീകൃതമായി. ഇനി ഈ അധ്യായത്തിന്റെ അവതരണ പശ്ചാത്തലത്തെക്കുറിച്ചാണ് നമുക്ക് ചിന്തിക്കാനുള്ളത്. ബദ്ര്‍യുദ്ധ വിജയം മുതല്‍ അറേബ്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുണ്ടായ പുരോഗതി തുടര്‍ന്നുകൊണ്ടേ പോന്നു. ഖന്‍ദഖ് യുദ്ധമായപ്പോഴേക്കും ഈ പുതിയ ശക്തിയെ കേവലം വാളുകൊണ്ടോ സൈനികബലംകൊണ്ടോ പരാജയപ്പെടുത്തുക സാധ്യമല്ലെന്ന് ബഹുദൈവവിശ്വാസികള്‍ക്കും ജൂതന്മാര്‍ക്കും കപടവിശ്വാസികള്‍ക്കും അവസരം പാര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍ക്കും ബോധ്യമായിത്തുടങ്ങിയിരുന്നു. ഖന്‍ദഖ് യുദ്ധത്തില്‍ ഇവരെല്ലാം ഏകോപിച്ച് പതിനായിരം പേരടങ്ങുന്നൊരു സൈന്യവുമായി മദീന ആക്രമിച്ചു. ഒരു മാസത്തോളം നീണ്ട തീവ്രയത്‌നത്തിനുശേഷം ഭഗ്നാശരായി തിരിച്ചുപോയി. അവര്‍ മടങ്ങിയ ഉടനെ നബി(സ) പരസ്യമായി പ്രസ്താവിച്ചു: لن تغزوكم قريش بعد عامكم هذا ولكنكم تغزونهم (ഈ വര്‍ഷാനന്തരം ഖുറൈശികള്‍ നിങ്ങളോട് സമരം ചെയ്യുകയില്ല. മറിച്ച്, നിങ്ങളങ്ങോട്ട് സമരം ചെയ്യുകയേയുള്ളൂ.)H202 (ഇബ്‌നുഹിശാംN1093, വാല്യം: 3, പേജ് 266). ഇസ്‌ലാംവിരുദ്ധ ശക്തികളുടെ മുന്നോട്ടുള്ള പ്രയാണം നിലച്ചിരിക്കുന്നു എന്ന വസ്തുതയുടെ പ്രഖ്യാപനം പോലെയുണ്ടിത്. ഇനിമുതല്‍ ഇസ്‌ലാം പ്രതിരോധസമരമല്ല, മുന്നേറ്റസമരമാണ് നടത്തുക. കുഫ്‌റിനാവട്ടെ കടന്നാക്രമണത്തിനു പകരം ചെറുത്തുനില്‍ക്കേണ്ടിവരും. ഇതായിരുന്നു സ്ഥിതിഗതികളെക്കുറിച്ച ശരിയായ വിശകലനം. അതേപ്പറ്റി മറുപക്ഷത്തിനും നല്ലപോലെ ബോധമുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ഈ പ്രതിദിന മുന്നേറ്റത്തിനു നിദാനം മുസ്‌ലിംകളുടെ സംഖ്യാധിക്യമായിരുന്നില്ല. ബദ്ര്‍ മുതല്‍ ഖന്‍ദഖ് വരെയുള്ള എല്ലാ യുദ്ധങ്ങളിലും സത്യനിഷേധികള്‍ അവരെക്കാള്‍ അനേകമിരട്ടി ശക്തി സംഭരിച്ചായിരുന്നു വന്നത്. ഈ സമയത്ത് മുസ്‌ലിംകളുടെ അംഗസംഖ്യ മുഴുവന്‍ അറബികളുടെ 10 ശതമാനത്തിലധികമുണ്ടായിരുന്നില്ല. ആയുധമേന്മയുമായിരുന്നില്ല മുസ്‌ലിംകളുടെ ഉയര്‍ച്ചക്ക് കാരണം. സകല സാധനസാമഗ്രികളിലും അവിശ്വാസികള്‍ക്കായിരുന്നു മുന്‍തൂക്കം. സാമ്പത്തികശേഷിയിലും അധികാരസ്വാധീനങ്ങളിലും മുസ്‌ലിംകളവര്‍ക്ക് ഒട്ടും സമശീര്‍ഷരായിരുന്നില്ല. അറബികളുടെ മുഴുവന്‍ വരുമാനമാര്‍ഗങ്ങളും അവര്‍ കൈവശംവയ്ക്കുമ്പോള്‍ മുസ്‌ലിംകള്‍ വിശന്നു മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്കു പിന്നില്‍ മുഴുവന്‍ ബഹുദൈവാരാധകരും വേദക്കാരില്‍പ്പെട്ട മുഴു ഗോത്രങ്ങളുമുണ്ടായിരുന്നു. മുസ്‌ലിംകളാവട്ടെ, ഒരു പുതിയ മതത്തിന്റെ സന്ദേശമേന്തുക വഴി, പഴയ വ്യവസ്ഥിതിയുടെ സംരക്ഷകരുടെ അനുഭാവം കളഞ്ഞുകുളിച്ചിരുന്നു. ഈ സാഹചര്യങ്ങളില്‍ മുസ്‌ലിംകളെ മുന്നോട്ടുനയിച്ചുകൊണ്ടിരുന്നത്, ഇസ്‌ലാമിന്റെ ബദ്ധശത്രുക്കള്‍ക്കുപോലും അനുഭവവേദ്യമായിരുന്ന അവരുടെ സാംസ്‌കാരിക ഔന്നത്യം മാത്രമായിരുന്നു. നബിയുടെയും സഖാക്കളുടെയും നിര്‍മല ജീവിതചര്യകള്‍ അവര്‍ക്ക് കാണാമായിരുന്നു. ആ പരിശുദ്ധിയും പവിത്രതയും ഭദ്രതയും ഹൃദയങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യവും ക്രമവും ചിട്ടയും സൃഷ്ടിച്ച, വൈയക്തികവും സാമൂഹികവുമായ സ്വഭാവസംശുദ്ധി അവര്‍ക്ക് വ്യക്തമായി കാണാമായിരുന്നു. അതിനുമുന്നില്‍ ബഹുദൈവവാദികളുടെയും ജൂതന്മാരുടെയും വികലമായ സംഘടനാവ്യവസ്ഥ, സമാധാനത്തിന്റെയും സമരത്തിന്റെയും രണ്ടവസ്ഥകളിലും പരാജയമടയുകയായിരുന്നു. കുടിലമനസ്‌കരായ ജനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റുള്ളവരുടെ നന്മകളും തങ്ങളുടെ ദൗര്‍ബല്യങ്ങളും വ്യക്തമായി കാണുകയും അവരുടെ നന്മകള്‍ അവരെ ഉയര്‍ത്തുകയും തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ തങ്ങളെ താഴ്ത്തുകയും ചെയ്യുന്നതായി മനസ്സിലാക്കുകയും ചെയ്താലും അവരുടെ നന്മകള്‍ സ്വീകരിച്ച് തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ദൂരീകരിക്കണമെന്ന് ചിന്തിക്കുകയില്ല. പ്രത്യുത, എങ്ങനെയെങ്കിലും അവര്‍ക്കിടയിലും തങ്ങളുടേതുപോലുള്ള തിന്മകള്‍ പരത്തണമെന്നാണവര്‍ ചിന്തിക്കുക. അതിനു സാധിച്ചില്ലെങ്കില്‍ ലോകം അവരുടെ നന്മകളെ പവിത്രമായി കാണാതിരിക്കാന്‍ അവരുടെ മേല്‍ ചളിവാരി എറിയാനെങ്കിലും ഇക്കൂട്ടര്‍ ശ്രമിക്കും. ഈ ഘട്ടത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രവര്‍ത്തനഗതിയെ യുദ്ധനടപടികളില്‍നിന്ന് തെറ്റിച്ച് നീചമായ ആക്രമണങ്ങളിലേക്കും ആഭ്യന്തര കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമങ്ങളിലേക്കും തിരിച്ചുവിട്ടത് ഇതേ മനഃസ്ഥിതിയായിരുന്നു. പുറത്തുള്ള പ്രതിയോഗികളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കകത്തുതന്നെയുള്ള കപടവിശ്വാസികള്‍ക്കായിരുന്നു ഈ കൃത്യം കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുക. അതിനാല്‍, മദീനയിലെ കപടവിശ്വാസികള്‍ ഉള്ളിലിരുന്നു കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ജൂതന്മാരും ബഹുദൈവാരാധകരും പുറമെനിന്ന് അത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്ന നയം ഉദ്ദേശ്യപൂര്‍വമോ അല്ലാതെയോ സ്വീകരിക്കപ്പെട്ടിരുന്നു. അറബികളില്‍ നടപ്പുണ്ടായിരുന്ന അനിസ്‌ലാമികമായ ദത്തുപുത്ര സമ്പ്രദായ( മറ്റുള്ളവരുടെ സന്താനങ്ങളെ സ്വന്തം മക്കളായി ഗണിച്ച് കുടുംബത്തിലവര്‍ക്ക് സ്വന്തം മക്കളുടെ പദവി നല്‍കലായിരുന്നു പഴയ ദത്തുപുത്ര സമ്പ്രദായം.)ത്തിന് അറുതിവരുത്താന്‍ നബി(സ) തന്റെ ദത്തുപുത്രന്‍ (സൈദുബ്‌നു ഹാരിസN1074) വിവാഹമോചനം ചെയ്ത സ്ത്രീയെ (സൈനബ് ബിന്‍ത് ജഹ്ശ്N1522) കല്യാണം കഴിച്ചപ്പോഴാണ് (ഹിജ്‌റ 5, ദുല്‍ഖഅദ് മാസം) ഈ പുതിയ തന്ത്രം ആദ്യമായി പ്രകടമായത്. ഈ സന്ദര്‍ഭത്തില്‍ മദീനയിലെ കപടവിശ്വാസികള്‍ കിംവദന്തികളുടെ തിരമാലകള്‍ ഇളക്കിവിടാനും പുറത്തുള്ള ജൂതന്മാരും മുശ്‌രിക്കുകളും അവരുടെ മെഗാഫോണുകളായി അപവാദങ്ങള്‍ പ്രചരിപ്പിക്കാനും തുടങ്ങി. അവര്‍ അതിവിചിത്രമായ കഥകള്‍ മെനഞ്ഞെടുത്തു പരത്തി: 'മുഹമ്മദ് തന്റെ ദത്തുപുത്രന്റെ ഭാര്യയില്‍ അനുരക്തനായിരിക്കുന്നു. പുത്രന്‍, മുഹമ്മദിന്റെ പ്രേമത്തെക്കുറിച്ചറിഞ്ഞപ്പോള്‍ വിവാഹമോചനം ചെയ്തു ഭാര്യയെ കൈയൊഴിച്ചു. പിന്നീട് മുഹമ്മദ്തന്നെ തന്റെ പുത്രപത്‌നിയെ വിവാഹം ചെയ്തു.' ഈ കഥകള്‍ ധാരാളമായി പ്രചരിപ്പിക്കപ്പെട്ടു. മുസ്‌ലിംകള്‍ക്കുപോലും അതിന്റെ ദൂഷിതവലയത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഒരു വിഭാഗം ഖുര്‍ആന്‍ ഭാഷ്യകാരന്മാരും ഹദീസ് പണ്ഡിതരും സൈനബിനെയും സൈദിനെയുംപറ്റി ഉദ്ധരിച്ച റിപ്പോര്‍ട്ടുകളില്‍ ആ കപോലകല്‍പിത കഥകളുടെ അംശങ്ങള്‍ കാണപ്പെടുന്നുണ്ട്. ഓറിയന്റലിസ്റ്റുകള്‍N256 നല്ലവണ്ണം എരിവും പുളിയും ചേര്‍ത്ത് അവ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പകര്‍ത്തുന്നു. എന്നാല്‍, ഹദ്‌റത്ത് സൈനബ് നബി(സ)യുടെ അമ്മാവി--ഉമൈമ ബിന്‍തു അബ്ദില്‍ മുത്ത്വലിബ്--യുടെ പുത്രിയായിരുന്നു. ശൈശവം മുതല്‍ യൗവനം വരെ നബിയുടെ കണ്‍മുന്നിലാണവര്‍ ജീവിച്ചത്. അവരെ യാദൃഛികമായി ഒരു ദിവസം കാണുകയും അതേ നിമിഷത്തില്‍ അനുരക്തനാവുകയും --معاذ الله-- ചെയ്യുന്ന ഒരു പ്രശ്‌നമേ ഉദ്ഭവിക്കുന്നില്ല. തന്നെയുമല്ല, ഈ സംഭവത്തിന് ഒരേയൊരു വര്‍ഷം മുമ്പാണ് നബി(സ) അവരെ നിര്‍ബന്ധിച്ച് സൈദി(റ)നെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. സൈനബിന്റെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശ്N75 ഈ വിവാഹത്തില്‍ അസംതൃപ്തനായിരുന്നു. സൈനബിനുതന്നെയും സംതൃപ്തിയുണ്ടായിരുന്നില്ല. കാരണം, വിമോചിതനായ ഒരടിമയുടെ ഭാര്യാപദമേല്‍ക്കുന്നത് ഖുറൈശികളിലെ ഒരുന്നത കുടുംബത്തിലെ പെണ്‍കുട്ടി സ്വാഭാവികമായും ഇഷ്ടപ്പെടുകയില്ലല്ലോ. എങ്കിലും നബി (സ) മുസ്‌ലിംകളില്‍ സാമൂഹികസമത്വം സ്ഥാപിക്കുന്നതിന്റെ തുടക്കം തന്റെ കുടുംബത്തില്‍ നിന്നുതന്നെയാവാന്‍ വേണ്ടി അവരെക്കൊണ്ട് അതംഗീകരിപ്പിക്കുകയാണുണ്ടായത്. ഇക്കാര്യങ്ങളെല്ലാം ശത്രുഭേദമന്യേ സകലര്‍ക്കും അറിവുണ്ടായിരുന്നു. അവസാനം, സൈദു(റ)മായി സമരസപ്പെട്ടുപോവാന്‍ സാധിക്കാതെ വിവാഹമോചനം പോലും ചെയ്യേണ്ടിവന്നതിന്റെ യഥാര്‍ഥ കാരണം സൈനബിന്റെ ആഭിജാത്യബോധമായിരുന്നു എന്ന വസ്തുതയും ആര്‍ക്കും അജ്ഞാതമായിരുന്നില്ല. എന്നിട്ടും നിര്‍ലജ്ജരായ വ്യാജപ്രചാരകര്‍ നബി(സ)യുടെ മേല്‍ അതിനീചമായ ധാര്‍മികദൂഷ്യങ്ങളാരോപിക്കുകയും അവയ്ക്ക് വിപുലമായ പ്രചാരണം നല്‍കുകയും ചെയ്തു. അവരുടെ ഈ ദുഷ്പ്രചാരണത്തിന്റെ സ്വാധീനം ഇന്നും നിലനില്‍ക്കുന്നു. രണ്ടാമത്തെ ആക്രമണം ബനുല്‍ മുസ്ത്വലിഖ് യുദ്ധവേളയിലാണുണ്ടായത്. ഇത് ആദ്യത്തേതിലും ഗുരുതരമായിരുന്നു. ഖുസാഅN331 ഗോത്രത്തിന്റെ ഒരു ശാഖയായിരുന്നു ബനുല്‍ മുസ്ത്വലിഖ്. ചെങ്കടല്‍ തീരത്ത് ജിദ്ദയുടെയും റാബഗിന്റെയുംN1264 ഇടയിലുള്ള ഖുദൈദ് പ്രദേശത്ത് മുറൈസീഅ് തടാകത്തിന്റെ പരിസരത്തായിരുന്നു അവര്‍ നിവസിച്ചിരുന്നത്. അതിനാല്‍, ഹദീസുകളില്‍ ഈ യുദ്ധത്തിന് മുറൈസീഅ് യുദ്ധം എന്നും പേര്‍ വന്നിട്ടുണ്ട്. (പടത്തില്‍നിന്ന് സംഭവസ്ഥലങ്ങള്‍ ശരിക്ക് മനസ്സിലാക്കാം.M22) ഇവര്‍ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധസന്നാഹങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതര ഗോത്രങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുന്ന സംരംഭത്തില്‍ വ്യാപൃതരാണെും ഹിജ്‌റ 6 ശഅ്ബാനില്‍ നബി(സ)ക്ക് വിവരം ലഭിച്ചു. കുഴപ്പം തലപൊക്കുന്നതിനു മുമ്പുതന്നെ അടിച്ചമര്‍ത്താന്‍, ഉടനെ ഒരു സൈന്യവുമായി തിരുമേനി അവരുടെ നേരെ പുറപ്പെട്ടു. കപടവിശ്വാസികളുടെ വലിയൊരു വിഭാഗവുമായി അബ്ദുല്ലാഹിബ്‌നു ഉബയ്യുംN1345 ഈ സംരംഭത്തില്‍ നബിയുടെ കൂടെയുണ്ടായിരുന്നു. ഇതിനു മുമ്പ് ഒരു യുദ്ധത്തിലും ഇത്രയധികം കപടവിശ്വാസികള്‍ പങ്കെടുത്തിരുന്നില്ല എന്നാണ് ഇബ്‌നു സഅ്ദ്N1425 പ്രസ്താവിക്കുന്നത്. മുറൈസീഇനടുത്തുവച്ച് നബി(സ) പെട്ടെന്ന് ശത്രുവിനെ നേരിടുകയും അല്‍പസമയത്തെ ഏറ്റുമുട്ടലിനുശേഷം സര്‍വ സാധനസാമഗ്രികളോടെ ഗോത്രത്തെ ഒന്നടങ്കം തടവിലാക്കുകയും ചെയ്തു. ഈ സംരംഭത്തില്‍നിന്ന് വിരമിച്ച് മുസ്‌ലിംസൈന്യം മുറൈസീഇല്‍ വിശ്രമിക്കുമ്പോഴാണ് ഉമറി(റ)N1512ന്റെ ഭൃത്യന്‍ ജഹ്ജാഹുബ്‌നു മസ്ഊദില്‍ ഗിഫാരിയും ഖസ്‌റജ്N327 ഗോത്രക്കാരുടെ സഖ്യകുലത്തില്‍പെട്ട സിനാനുബ്‌നു വബ്‌റുല്‍ ജുഹനിയും തമ്മില്‍ വെള്ളം സംബന്ധിച്ച ഒരു തര്‍ക്കമുദ്ഭവിച്ചത്. ഒരാള്‍ അന്‍സ്വാറുകളെയുംN12 അപരന്‍ മുഹാജിറുകളെയും സഹായത്തിനു വിളിച്ചു. ആളുകള്‍ രണ്ടു ഭാഗത്തും ഒരുമിച്ചുകൂടുകയും പ്രശ്‌നം പറഞ്ഞൊതുക്കുകയും ചെയ്തു. പക്ഷേ, ഖസ്‌റജ് ഗോത്രക്കാരോട് ബന്ധമുള്ള അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രശ്‌നം പര്‍വതീകരിച്ചു. അയാള്‍ അന്‍സ്വാറുകളെ ഇളക്കിവിടാന്‍ വേണ്ടി ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: 'ഈ അഭയാര്‍ഥികള്‍ നമ്മുടെ ശത്രുക്കളായി മാറി നമ്മെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. കടിക്കുന്ന പട്ടിയെ കാശു കൊടുത്തു വാങ്ങിയതുപോലെയായി ഈ ഖുറൈശി തെണ്ടികളോടുള്ള നമ്മുടെ നിലപാട്. ഇതെല്ലാം നിങ്ങള്‍ സ്വയം വരുത്തിവച്ച വിനകളാണ്. നിങ്ങളാണവരെ കൊണ്ടുവന്നു കുടിയിരുത്തിയത്. സ്വന്തം സ്ഥലവും സമ്പത്തുമെല്ലാം അവര്‍ക്ക് പങ്കുവയ്ക്കുകയും ചെയ്തു. ഇന്നുതന്നെ നിങ്ങള്‍ സഹായഹസ്തം പിന്‍വലിക്കുകയാണെങ്കില്‍ ഇവര്‍ അലഞ്ഞുനടക്കുന്നത് കാണാം.' പിന്നീടയാള്‍ ആണയിട്ടു പറഞ്ഞു: 'മദീനയില്‍ മടങ്ങിയെത്തിയാല്‍ പ്രതാപവാന്‍ ഹീനനെ അവിടെനിന്ന് പുറന്തള്ളും.'( സൂറ അല്‍മുനാഫിഖൂനില്‍ അല്ലാഹു തന്നെ അയാളുടെ ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്.) അയാളുടെ ഈ പ്രസ്താവനയെക്കുറിച്ച് നബി(സ)ക്ക് വിവരം കിട്ടിയപ്പോള്‍ അവനെ വധിച്ചുകളയണമെന്ന് ഉമര്‍(റ) അഭിപ്രായപ്പെട്ടു. നബി(സ) പ്രതിവചിച്ചു: فكيف يا عمر اذا تحدث الناس ان محمدا يقتل أصحابه (അതെങ്ങനെ ഉമര്‍? മുഹമ്മദ് സ്വന്തം അനുയായികളെത്തന്നെ വധിക്കുന്നു എന്ന് ജനങ്ങള്‍ പറഞ്ഞാലോ?)H203 പിന്നീട് വളരെ വേഗം യാത്ര തുടരാന്‍ നബി(സ) കല്‍പന നല്‍കി. പിറ്റേ ദിവസം ഉച്ചവരെ നബി(സ) എവിടെയും താവളമടിച്ചില്ല. ജനങ്ങള്‍ നല്ലവണ്ണം ക്ഷീണിതരാവാനും എവിടെയെങ്കിലുമിരുന്ന് അനാവശ്യങ്ങള്‍ പറയാനോ കേള്‍ക്കാനോ സൗകര്യമില്ലാതിരിക്കാനുമായിരുന്നു അങ്ങനെ ചെയ്തത്. വഴിയില്‍വച്ച് ഉസൈദുബ്‌നു ഹുദൈര്‍N220 ആരാഞ്ഞു: 'തിരുദൂതരേ, പതിവിന് വിപരീതമായി ഇന്ന് എന്താണ് അസമയത്ത് യാത്ര തുടരാന്‍ കല്‍പിച്ചത്?' അവിടുന്ന് മറുപടി പറഞ്ഞു: 'നിങ്ങളുടെ നേതാവ് എന്തൊക്കെയാണ് ചെയ്തതെന്ന് അറിഞ്ഞില്ലേ?' അദ്ദേഹം ചോദിച്ചു: 'ആര്?' തിരുമേനി പറഞ്ഞു: 'അബ്ദുല്ലാഹിബ്‌നു ഉബയ്യ്.' അദ്ദേഹം വിശദീകരിച്ചു: 'പ്രവാചകരേ! അയാളുടെ കഥ കേള്‍ക്കണോ? ഞങ്ങള്‍ അയാളെ രാജാവായി വാഴിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് അങ്ങയുടെ ആഗമനമുണ്ടായത്. അയാള്‍ക്കു വേണ്ടിയുള്ള കിരീടം തയ്യാറാവുകയായിരുന്നു. അങ്ങയുടെ വരവുമൂലം അയാളുടെ പദ്ധതിയെല്ലാം അവതാളത്തിലായി. ആ വിദ്വേഷം തീര്‍ക്കുകയാണയാള്‍.' ഈ കലഹം അവസാനിക്കുന്നതിനു മുമ്പ് അതേ യാത്രയില്‍ അയാള്‍ മറ്റൊരു ആപല്‍ക്കരമായ കുഴപ്പം കുത്തിപ്പൊക്കി. നബി(സ)യും സഖാക്കളും അങ്ങേയറ്റം ആത്മനിയന്ത്രണത്തോടും സഹിഷ്ണുതയോടും വിവേകത്തോടും കൂടി വര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ മദീനയിലെ നവജാത മുസ്‌ലിംസമൂഹത്തില്‍ രൂക്ഷമായ ആഭ്യന്തരകലഹം നടമാടാന്‍ അത് ഇടവരുത്തുമായിരുന്നു. ഹദ്‌റത്ത് ആഇശയെക്കുറിച്ചുള്ള അപവാദമായിരുന്നു അത്. ഈ സംഭവം ആഇശ(റ)N1413യുടെ ഭാഷയില്‍ത്തന്നെ കേള്‍ക്കുക. അതിലൂടെ അതിന്റെ പൂര്‍ണ ചിത്രം മുന്നില്‍വരും. ഇടയില്‍ വിശദീകരണമര്‍ഹിക്കുന്ന കാര്യങ്ങള്‍ ആധികാരികമായ മറ്റു റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ബ്രായ്ക്കറ്റില്‍ കൊടുത്തിരിക്കുന്നു. ആഇശ(റ)യുടെ വിവരണത്തിന്റെ ഒഴുക്കിന് ഭംഗം വരാതിരിക്കാനാണിത്. ''നബി(സ) യാത്ര പോകുമ്പോള്‍ തന്നോടൊപ്പം ഏത് ഭാര്യയെയാണ് കൊണ്ടുപോകേണ്ടതെന്ന് നറുക്കെടുത്ത് തീരുമാനിക്കുക പതിവായിരുന്നു. (ഇത് ഭാഗ്യക്കുറിയുടേതുപോലുള്ള നറുക്കെടുപ്പല്ല. യഥാര്‍ഥത്തില്‍ എല്ലാ ഭാര്യമാര്‍ക്കും തുല്യാവകാശമാണുള്ളത്. ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മുന്‍ഗണന നല്‍കാന്‍ ന്യായമായ കാരണമൊന്നുമില്ല. നബി(സ) സ്വയം ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റു ഭാര്യമാര്‍ക്ക് മനസ്താപമുണ്ടാകും. അവര്‍ക്കിടയില്‍ അസൂയയും അസ്വാരസ്യവും സൃഷ്ടിക്കാന്‍ അത് കാരണമാവുകയും ചെയ്യും. അതിനാല്‍, നറുക്കെടുപ്പിലൂടെയാണ് അവിടുന്ന് തീരുമാനമെടുത്തിരുന്നത്. കുറച്ചാളുകളുടെ അനുവദനീയമായ അവകാശങ്ങളില്‍ എല്ലാവരും തികച്ചും സമന്മാരായിരിക്കുകയും ആര്‍ക്കും മുന്‍ഗണന നല്‍കാന്‍ ന്യായമായ കാരണമൊന്നുമില്ലാതിരിക്കുകയും എന്നാല്‍, അവകാശം ഒരാള്‍ക്ക് മാത്രം നല്‍കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയെ നേരിടാനാണ് ശരീഅത്തില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.) ബനുല്‍ മുസ്ത്വലിഖ് യുദ്ധവേളയില്‍ എനിക്ക് നറുക്ക് കിട്ടുകയും ഞാന്‍ നബിയോടൊന്നിച്ച് പോവുകയും ചെയ്തു. മടക്കത്തില്‍ മദീനയുടെ സമീപത്തൊരു പ്രദേശത്ത് രാത്രി നബി(സ) താവളമടിച്ചു. നേരം പുലരുന്നതിനല്‍പം മുമ്പ് യാത്ര തുടരാനുള്ള സജ്ജീകരണങ്ങളാരംഭിച്ചു. ഞാനെഴുന്നേറ്റ് വെളിക്കുപോയി. തിരിച്ചുവരുമ്പോള്‍ കൂടാരത്തിന്റെ സമീപം വച്ച് എനിക്കോര്‍മയായി, മാല എവിടെയോ അറ്റുവീണിരിക്കുന്നുവെന്ന്. ഞാനതിന്റെ അന്വേഷണത്തില്‍ മുഴുകി. അതിനിടയില്‍ യാത്രാസംഘം പോയിക്കഴിഞ്ഞിരുന്നു. പുറപ്പെടുന്ന സമയത്ത് ഞാന്‍ ഒട്ടകക്കട്ടിലിലിരിക്കുകയും നാലുപേര്‍ അതെടുത്ത് ഒട്ടകപ്പുറത്ത് വയ്ക്കുകയുമായിരുന്നു പതിവ്. അക്കാലത്ത് ഭക്ഷണക്ഷാമം കാരണം ഞങ്ങള്‍ സ്ത്രീകളെല്ലാം വളരെ മെലിഞ്ഞൊട്ടിയിരുന്നു. അതിനാല്‍, എന്റെ കട്ടിലെടുത്തുവയ്ക്കുമ്പോള്‍ ഞാനതിലില്ലെന്ന് ആളുകള്‍ക്കറിയാന്‍ കഴിഞ്ഞില്ല. അവര്‍ അറിയാതെ വെറും കട്ടിലെടുത്ത് ഒട്ടകപ്പുറത്തുവച്ച് യാത്രയാരംഭിച്ചു. ഞാന്‍ മാലയുമായി മടങ്ങിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അവസാനം മൂടുപടമെടുത്ത് പുതച്ച് ഞാനവിടെയിരുന്നു. വഴിയില്‍വച്ച് എന്നെ കാണാതാവുമ്പോള്‍ അവരന്വേഷിച്ചുവരുമെന്നു സമാധാനിച്ചു. അങ്ങനെയിരിക്കെ ഞാന്‍ നിദ്രാധീനയായി. ഞാനുറങ്ങിയിരുന്ന സ്ഥലത്തുകൂടി പ്രഭാതസമയത്ത് സ്വഫ്‌വാനുബ്‌നു മുഅത്ത്വല്‍ സുലമിN1035 കടന്നുപോയി. എന്നെ കണ്ട മാത്രയില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. കാരണം, പര്‍ദാനിയമം വരുന്നതിനുമുമ്പ് അദ്ദേഹമെന്നെ പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നു. (സ്വഫ്‌വാന്‍(റ) ബദ്ര്‍യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബിയായിരുന്നു. രാവിലെ നേരം വൈകി മാത്രമേ അദ്ദേഹം എഴുന്നേല്‍ക്കുമായിരുന്നുള്ളൂ. (ഇദ്ദേഹം ഒരിക്കലും സ്വുബ്ഹ് നമസ്‌കാരം യഥാസമയത്ത് നമസ്‌കരിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ നബി(സ)യോട് പരാതിപ്പെട്ടതായി അബൂദാവൂദിലുംN1393 മറ്റു സുനനുകളിലും വന്നിട്ടുണ്ട്. അദ്ദേഹം ഒഴികഴിവ് പറഞ്ഞു: 'പ്രവാചകരേ, ഇത് ഞങ്ങളുടെ കുടുംബത്തിലൊട്ടാകെയുള്ള ന്യൂനതയാണ്. അധികനേരം ഉറങ്ങുക എന്ന ഈ ന്യൂനത ദൂരീകരിക്കാന്‍ ഒരിക്കലും സാധിക്കുന്നില്ല.' അപ്പോള്‍ നബി(സ) പറഞ്ഞു: 'ശരി, ഉണരുമ്പോള്‍ നമസ്‌കരിക്കുക.'H204 അദ്ദേഹം യാത്രാസംഘത്തിന്റെ പിന്നിലാവാന്‍ ചില ഹദീസ് പണ്ഡിതന്മാര്‍ ഇതേ കാരണമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, വേറെ ചിലര്‍ പറയുന്നു: നേരം വെളുക്കുന്നതിനു മുമ്പുതന്നെ നബിയും സഖാക്കളും യാത്ര തുടര്‍ന്നിരുന്നതിനാല്‍ വല്ല സാധനവും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ രാവിലെ അതെല്ലാം നോക്കിയെടുക്കാന്‍ അവിടുന്ന് അദ്ദേഹത്തെ പ്രത്യേകം നിശ്ചയിച്ചതായിരുന്നു.) അതിനാല്‍, അദ്ദേഹവും സൈന്യസേങ്കതത്തിലെവിടെയോ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ ഉണര്‍ന്ന് മദീനത്തേക്ക് പോവുകയാണ്.) എന്നെ കണ്ടപ്പോള്‍ അദ്ദേഹം ഒട്ടകം നിര്‍ത്തുകയും 'ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍--റസൂലുല്ലായുടെ പത്‌നി ഇവിടെ തങ്ങിപ്പോയോ' എന്നു പറഞ്ഞുപോവുകയും ചെയ്തു. ഈ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ കണ്ണുതുറന്ന് മുഖംമൂടി താഴ്ത്തിയിട്ടു. അദ്ദേഹം എന്നോടൊന്നും സംസാരിച്ചില്ല. ഒട്ടകത്തെ എന്റെ അടുത്ത് കൊണ്ടുവന്ന് മുട്ടുകുത്തിച്ചു മാറിനിന്നു. ഞാന്‍ ഒട്ടകപ്പുറത്ത് കയറുകയും അദ്ദേഹം മൂക്കുകയര്‍ പിടിച്ച് നടക്കുകയും ചെയ്തു. ഉച്ചയോടടുത്ത് ഞങ്ങള്‍ സംഘത്തോടൊപ്പമെത്തി. അവര്‍ മറ്റൊരിടത്ത് ക്യാമ്പടിച്ചിരിക്കുകയായിരുന്നു. ഞാന്‍ കൂടെയില്ലെന്ന് ഇതുവരെ അവരറിഞ്ഞിരുന്നില്ല. അപവാദ പ്രചാരകര്‍ ഇതിനെക്കുറിച്ച് അപവാദങ്ങളുയര്‍ത്തി. അബ്ദുല്ലാഹിബ്‌നു ഉബയ്യ് ആയിരുന്നു മുന്‍പന്തിയില്‍. എന്നെപ്പറ്റി എന്തെല്ലാമാണ് പറഞ്ഞുണ്ടാക്കുന്നതെന്ന് ഞാന്‍ തീരെ അറിഞ്ഞിരുന്നില്ല. (മറ്റു റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെ കാണുന്നു: സ്വഫ്‌വാന്റെ ഒട്ടകപ്പുറത്ത് ആഇശ(റ) താവളത്തിലെത്തുകയും അവര്‍ പിന്നിലുപേക്ഷിക്കപ്പെട്ടിരുന്നുവെന്ന് മനസ്സിലാവുകയും ചെയ്തപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് വിളിച്ചുകൂവി: 'അല്ലാഹുവില്‍ സത്യം, ഇവള്‍ സുരക്ഷിതയായല്ല വന്നിട്ടുള്ളത്. നോക്കൂ, നിങ്ങളുടെ നബിയുടെ പത്‌നി മറ്റൊരാളൊന്നിച്ച് രാത്രി കഴിച്ചുകൂട്ടി. ഇപ്പോളിതാ അവനവളെ പരസ്യമായി കൊണ്ടുവരുന്നു!') മദീനയിലെത്തിയപ്പോള്‍ എനിക്ക് സുഖക്കേട് ബാധിച്ചു. ഒരു മാസം വരെ രോഗശയ്യയിലായിരുന്നു. നാട്ടിലാകെ ഈ അപവാദം പ്രചരിച്ചുകൊണ്ടിരുന്നു. നബി(സ)യുടെ കാതിലും അത് വന്നലച്ചു. എങ്കിലും ഞാനൊന്നുമറിഞ്ഞിരുന്നില്ല. ഞാന്‍ രോഗാതുരയാവുമ്പോള്‍ സാധാരണ നബി(സ)ക്കുണ്ടാവാറുള്ള താല്‍പര്യം എന്റെ നേരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നില്ല എന്ന സംഗതി എന്നെ അലോസരപ്പെടുത്തിയിരുന്നു. അദ്ദേഹം വീട്ടില്‍ വന്നാല്‍ വീട്ടുകാരോട് ഇത്രമാത്രം ചോദിക്കും: 'എങ്ങനെയുണ്ടവള്‍ക്ക്?' എന്നോടൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. എന്തോ ഒന്നുണ്ടെന്ന് അതിനാലെനിക്ക് തോന്നി. അവസാനം, എനിക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാന്‍ എന്റെ മാതൃഗൃഹത്തിലേക്ക് മാറി. ഒരു ദിവസം ഞാന്‍ വെളിക്കിരിക്കാന്‍ പുറത്തുപോയി. അന്നൊന്നും ഞങ്ങളുടെ വീടുകളില്‍ കക്കൂസുണ്ടായിരുന്നില്ല. അതിനാല്‍, ഒഴിഞ്ഞസ്ഥലത്ത് പോവുകയായിരുന്നു പതിവ്. മിസ്ത്വഹുബ്‌നു ഉസാസയുടെ മാതാവ് എന്റെ കൂടെയുണ്ടായിരുന്നു. എന്റെ പിതാവിന്റെ ഒരകന്ന സഹോദരിയായിരുന്നു അവര്‍. (ഈ കുടുംബാംഗങ്ങളുടെയെല്ലാം സംരക്ഷണം അബൂബക്ര്‍(റ)N1314 ഏറ്റെടുത്തിരുന്നുവെന്ന് മറ്റു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അങ്ങനെയൊക്കെയാണെങ്കിലും ആഇശ(റ)ക്കെതിരില്‍ അപവാദം പ്രചരിപ്പിക്കുന്നതില്‍ മിസ്ത്വഹും പങ്കുവഹിച്ചിരുന്നു.) വഴിയില്‍വച്ച് അവരുടെ കാല്‍ വച്ചുകുത്തുകയും 'മിസ്ത്വഹ് നശിക്കട്ടെ' എന്ന് നാവില്‍നിന്ന് പുറത്തുചാടുകയും ചെയ്തു. 'ബദ്ര്‍ യുദ്ധത്തില്‍ സന്നിഹിതനായ മകനെ ശപിക്കുന്ന വല്ലാത്തൊരു മാതാവ്തന്നെ നിങ്ങള്‍' എന്ന് ഞാന്‍ പറഞ്ഞു: 'മോളേ, നിനക്കവന്റെ കാര്യങ്ങളൊന്നുമറിഞ്ഞുകൂടേ' എന്നവര്‍ ചോദിച്ചു. ആരോപകന്മാര്‍ എന്നെപ്പറ്റി കെട്ടിച്ചമച്ച എല്ലാ കഥകളും തുടര്‍ന്ന് അവരെന്നെ കേള്‍പ്പിച്ചു. (കപടവിശ്വാസികള്‍ക്കു പുറമെ ഈ കുഴപ്പത്തില്‍ പങ്കെടുത്ത മുസ്‌ലിംകളില്‍ മിസ്ത്വഹിന്റെയും പ്രസിദ്ധ ഇസ്‌ലാമിക കവിയായ ഹസ്സാനുബ്‌നു സാബിത്തിN1185ന്റെയും സൈനബിന്റെ സഹോദരി ഹംന ബിന്‍തു ജഹ്ശിന്റെയുംN1199 പങ്ക് വലുതായിരുന്നു.) ഇതു കേട്ടപ്പോള്‍ ചോര വറ്റിയപോലെ ഞാനാകെ തളര്‍ന്നു. ഞാന്‍ എന്താവശ്യത്തിനാണ് വന്നത് എന്നതുതന്നെ മറന്നു. നേരെ വീട്ടിലേക്ക് മടങ്ങി. രാത്രി മുഴുവന്‍ കരഞ്ഞു കഴിച്ചുകൂട്ടി.'' ഹദ്‌റത്ത് ആഇശ(റ) തുടരുന്നു: ''നബി(സ) അലിN47യെയും ഉസാമതുബ്‌നു സൈദിനെയുംN218 വിളിച്ച് എന്നെക്കുറിച്ച് അഭിപ്രായമാരാഞ്ഞു. ഉസാമ എന്നെപ്പറ്റി നല്ലത് പറഞ്ഞു: 'പ്രവാചകരേ, അങ്ങയുടെ പത്‌നിയെക്കുറിച്ച് നന്മയല്ലാതെ എനിക്കൊന്നുമറിയില്ല. ഈ പറഞ്ഞുനടക്കുന്നതൊക്കെ വ്യാജവും നിരര്‍ഥകവുമാണ്.' എന്നാല്‍, അലി ഇങ്ങനെയാണ് പറഞ്ഞത്: 'തിരുദൂതരേ, സ്ത്രീകള്‍ക്കെന്ത് പഞ്ഞമാണ്? അവള്‍ക്കു പകരം മറ്റൊരുത്തിയെ അങ്ങേക്ക് വിവാഹം ചെയ്യാമല്ലോ. ഇനി സൂക്ഷ്മമായറിയണമെങ്കില്‍ വേലക്കാരിപ്പെണ്ണിനെ വിളിച്ചന്വേഷിക്കാം.' വേലക്കാരിയെ വിളിച്ചന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു: 'അങ്ങയെ പ്രവാചകനായി നിയോഗിച്ച അല്ലാഹുവാണ, ഞാനവരില്‍ ആക്ഷേപാര്‍ഹമായ ഒരു ദൂഷ്യവും കണ്ടിട്ടില്ല. വല്ലതുമുണ്ടെങ്കില്‍ അതിതു മാത്രമാണ്: ചിലപ്പോള്‍ ഞാന്‍ മാവു കുഴച്ചുവച്ചു മറ്റുവല്ല ജോലിക്കും പോകുമ്പോള്‍, ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കണേ എന്നു പറയും. പക്ഷേ, അവരുറങ്ങിപ്പോവുകയും ആട് വന്നു മാവ് തിന്നുകയും ചെയ്യും.' അന്നേ ദിവസം പ്രസംഗത്തില്‍ നബി(സ) പറഞ്ഞു: 'ജനങ്ങളേ! എന്റെ വീട്ടുകാരെക്കുറിച്ച് അപവാദങ്ങള്‍ ചമച്ച് എന്നെ ഉപദ്രവിക്കുന്നവരുടെ കാര്യം അദ്ഭുതംതന്നെ! അല്ലാഹുവില്‍ സത്യം, ഞാനെന്റെ ഭാര്യയിലോ ആരോപിക്കപ്പെട്ട വ്യക്തിയിലോ ഒരു നടപടിദോഷവും കണ്ടിട്ടില്ല. അയാളാകട്ടെ, എന്റെ അഭാവത്തില്‍ വീട്ടില്‍ വരാറേയില്ല.' അപ്പോള്‍ ഉസൈദുബ്‌നു ഹുദൈര്‍ (ചില റിപ്പോര്‍ട്ടുകളനുസരിച്ച് സഅ്ദുബ്‌നു മുആദ്N1002) ( മിക്കവാറും ഈ വ്യത്യാസത്തിനു കാരണം ഇതാണ്: ഹ. ആഇശ പേരു പറയാതെ 'ഔസ്N255 ഗോത്രത്തലവന്‍' എന്ന് പ്രയോഗിച്ചിട്ടുണ്ടാകും. ചില റിപ്പോര്‍ട്ടര്‍മാര്‍ അതുകൊണ്ട് സഅ്ദുബ്‌നു മുആദ് എന്ന് ധരിച്ചു. കാരണം, തന്റെ ജീവിതകാലത്ത് അദ്ദേഹംതന്നെയായിരുന്നു ഔസിന്റെ നേതാവ്. ചരിത്രത്തില്‍ ആ നിലക്ക് അറിയപ്പെടുന്നതും അദ്ദേഹംതന്നെ. പക്ഷേ, പരാമൃഷ്ട സംഭവം നടക്കുമ്പോള്‍ ഔസ് ഗോത്രത്തിന്റെ നായകന്‍ അദ്ദേഹത്തിന്റെ പിതൃവ്യപുത്രനായ ഉസൈദുബ്‌നു ഹുദൈര്‍ ആയിരുന്നു.) എഴുന്നേറ്റ് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! അവന്‍ ഞങ്ങളുടെ ഗോത്രത്തില്‍ പെട്ടവനാണെങ്കില്‍ ഞങ്ങളവന്റെ പിരടി വെട്ടാം. ഞങ്ങളുടെ സഹോദരനായ ഖസ്‌റജ് ഗോത്രത്തില്‍ പെട്ടവനാണെങ്കില്‍, അവിടുന്നു കല്‍പിച്ചാല്‍ മതി, ഞങ്ങള്‍ നിറവേറ്റാന്‍ സന്നദ്ധരാണ്.' ഇത് ശ്രവിച്ച മാത്രയില്‍ ഖസ്‌റജ് ഗോത്രത്തലവനായ സഅ്ദുബ്‌നു ഉബാദN1119 എഴുന്നേറ്റ് പറഞ്ഞു: 'വെറുതെ പറയുകയാണ്. നിനക്കവനെ കൊല്ലാന്‍ കഴിയില്ല. അവന്‍ ഖസ്‌റജ് ഗോത്രക്കാരനായതുകൊണ്ടു മാത്രമാണ് അവന്റെ കഴുത്തു വെട്ടാമെന്ന് നീ പറയുന്നത്. നിങ്ങളുടെ ഗോത്രത്തില്‍ പെട്ടവനായിരുന്നുവെങ്കില്‍ നീ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല.' (ഹദ്‌റത്ത് സഅ്ദുബ്‌നു ഉബാദ നിഷ്‌കളങ്കനും നിര്‍മലനുമായ മുസ്‌ലിംതന്നെയായിരുന്നു; നബി(സ)യില്‍ അഗാധമായ വിശ്വാസവും സ്‌നേഹവുമര്‍പ്പിച്ചിരുന്നു. മദീനയില്‍ ഇസ്‌ലാമിന്റെ വ്യാപ്തിക്ക് കാരണക്കാരായ മഹദ്‌വ്യക്തികളില്‍ ഒരാള്‍ അദ്ദേഹമാണ്. പക്ഷേ, ആ നന്മകളോടൊപ്പംതന്നെ അദ്ദേഹത്തില്‍ സാമുദായിക പക്ഷപാതം (അക്കാലത്ത്, അറബികളില്‍ സമുദായമെന്നാല്‍ ഗോത്രം എന്നേ അര്‍ഥമുള്ളൂ) വളരെക്കൂടുതലായിരുന്നു. അതുകൊണ്ട് തന്റെ തറവാട്ടുകാരനെന്ന കാരണത്താല്‍ അദ്ദേഹം അബ്ദുല്ലാഹിബ്‌നു ഉബയ്യിന് സംരക്ഷണം നല്‍കി. അതുകൊണ്ടാണ് മക്കാവിജയഘട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: اليوم يوم الملحمة اليوم تستحل الحرمة (ഇന്ന് രക്തം ചിന്തലിന്റെ ദിവസമാണ്. ഇന്ന് ഇവിടത്തെ വിശുദ്ധി ഭഞ്ജിക്കപ്പെടും).H205 ഇത് കേട്ടപ്പോള്‍ നബി(സ) അദ്ദേഹത്തെ ആക്ഷേപിക്കുകയും സൈനികപതാക തിരിച്ചുവാങ്ങുകയും ചെയ്തു. ഇതേ പക്ഷപാതംകൊണ്ടുതന്നെയാണ് അദ്ദേഹം നബിയുടെ നിര്യാണശേഷം 'അധികാരം അന്‍സ്വാറുകളുടെN12 അവകാശമാണെ'ന്ന് സഖീഫ ബനീസാഇദയില്‍വച്ചു വാദിച്ചതും. അദ്ദേഹത്തിന്റെ വാദം തിരസ്‌കൃതമാവുകയും അന്‍സാറുകളും മുഹാജിറുകളുമെല്ലാം അബൂബക്‌റി(റ)ന് ബൈഅത്ത് നല്‍കുകയും ചെയ്തപ്പോള്‍ അദ്ദേഹം ഏകനായി പിണങ്ങിനില്‍ക്കുകയും മരണംവരെ ഖുറൈശി വംശജനായ ഖലീഫയെ അംഗീകരിക്കാതിരിക്കുകയുമാണുണ്ടായത്. (ഇബ്‌നുഹജറിന്റെN1438 'അല്‍ഇസ്വാബ'N1510, ഇബ്‌നുഅബ്ദില്‍ ബര്‍റിന്റെN175 'അല്‍ഇസ്തിആബ്'N1504 എന്നിവയില്‍ സഅ്ദുബ്‌നു ഉബാദയെ പരാമര്‍ശിക്കുന്ന ഭാഗം കാണുക.)) ഉസൈദുബ്‌നു ഹുദൈര്‍ മറുപടിയായി പറഞ്ഞു: 'നീ കപടനാണ്. അതുകൊണ്ടാണ് കപടവിശ്വാസികള്‍ക്കുവേണ്ടി വാദിക്കുന്നത്.' തുടര്‍ന്ന് മസ്ജിദുന്നബവി ബഹളമയമായി. നബി(സ) പ്രസംഗപീഠത്തില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ഔസും ഖസ്‌റജും പള്ളിയില്‍വച്ചു സംഘട്ടനമുണ്ടാവുമെന്നായി. റസൂല്‍(സ) അവരെ സമാശ്വസിപ്പിക്കുകയും പ്രസംഗപീഠത്തില്‍നിന്ന് ഇറങ്ങിവരുകയും ചെയ്തു.'' ഹദ്‌റത്ത് ആഇശ(റ)യുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് അല്ലാഹു പറഞ്ഞ വാക്യങ്ങള്‍ വിവരിക്കുന്നേടത്ത് അവരുടെ ബാക്കി കഥ നാം ഉദ്ധരിക്കുന്നുണ്ട്. വിദ്രോഹജനകമായ സംസാരങ്ങളിലൂടെ പല നിലയ്ക്കും വല വീശാന്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ശ്രമിച്ചു എന്നു പറയാന്‍ മാത്രമേ ഇവിടെ ഉദ്ദേശ്യമുള്ളൂ. ഒരുവശത്ത്, റസൂലിനും അബൂബക്ര്‍ സ്വിദ്ദീഖിനും മാനഹാനി വരുത്താന്‍ അയാള്‍ ശ്രമിച്ചു. മറുവശത്ത്, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അത്യുന്നതമായ ധാര്‍മിക മഹത്ത്വത്തെ ഇടിച്ചുതാഴ്ത്താന്‍ യത്‌നിച്ചു. മൂന്നാമതായി, അയാള്‍ ഒരു തീക്കനല്‍ എടുത്തെറിഞ്ഞു; അതു കാരണം മുഹാജിറുകളും അന്‍സ്വാറുകളും തമ്മിലും അന്‍സ്വാറുകളിലെ ഇരുഗോത്രങ്ങള്‍ തമ്മില്‍ത്തന്നെയും തല്ലി പണിതീരുമായിരുന്നു--ഇസ്‌ലാം അവരുടെ സ്വഭാവചര്യകളില്‍ സമൂലപരിവര്‍ത്തനം വരുത്തിയിരുന്നില്ലെങ്കില്‍.


പ്രതിപാദ്യ വിഷയങ്ങള്‍

ഒന്നാമത്തെ ആക്രമണമുണ്ടായപ്പോള്‍ അവതരിച്ച സൂറതുല്‍ അഹ്‌സാബിലെ അവസാനത്തെ ആറ് ഖണ്ഡികകളുടെയും രണ്ടാമത്തെ ആക്രമണവേളയില്‍ അവതരിച്ച സൂറതുന്നൂറിന്റെയും പശ്ചാത്തലം ഇതായിരുന്നു. ഈ വീക്ഷണത്തിലൂടെ രണ്ടു സൂറത്തുകളും അനുക്രമം പാരായണം ചെയ്താല്‍ അവയുടെ വിധികളിലടങ്ങിയ യുക്തികളും തത്ത്വങ്ങളും സുഗ്രഹമാകും. മുസ്‌ലിംകളെ അവര്‍ മികച്ചുനിന്നിരുന്ന ധാര്‍മികരംഗത്ത് പരാജിതരാക്കാനായിരുന്നു കപടവിശ്വാസികളുടെ ശ്രമം. ധാര്‍മികരംഗത്തെ അവരുടെ ഈ ആക്രമണങ്ങള്‍ക്കെതിരെ ക്ഷോഭജനകമായ ഒരു പ്രസംഗം നടത്തുകയോ, മുസ്‌ലിംകളെ പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കുകയോ അല്ല അല്ലാഹു ചെയ്തത്; പ്രത്യുത, തങ്ങളുടെ സദാചാരനിരയില്‍ എവിടെയൊക്കെ വിടവുകളുണ്ടോ അവ നികത്താനും ആ നിരയെ കൂടുതല്‍ ഭദ്രമാക്കാനും ഉപദേശിക്കുകയാണ് ചെയ്തത്. സൈനബിന്റെ വിവാഹത്തെക്കുറിച്ച് കപടവിശ്വാസികളും കാഫിറുകളും എന്തെല്ലാം കോളിളക്കങ്ങളാണ് സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കണ്ടുവല്ലോ. ഇനി സൂറതുല്‍ അഹ്‌സാബെടുത്ത് വായിച്ചാല്‍ ആ കോലാഹല സമയത്താണ് സാമൂഹിക സംസ്‌കരണത്തെക്കുറിച്ച് താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടതെന്നു കാണാം: 1. സ്വന്തം വീടുകളില്‍ അടങ്ങിയൊതുങ്ങിയിരിക്കാന്‍ നബിയുടെ പരിശുദ്ധ പത്‌നിമാര്‍ക്ക് നിര്‍ദേശം നല്‍കപ്പെട്ടു. അവര്‍ ആഡംബര വിഭൂഷിതരായി പുറത്തുപോവരുത്. അന്യപുരുഷന്മാരുമായി സംസാരിക്കേണ്ടിവന്നാല്‍ അവരില്‍ മോഹം ജനിക്കാന്‍ ഇടയാകുമാറ് പതുങ്ങിയ സ്വരത്തില്‍ സംസാരിക്കരുത്. (അല്‍അഹ്‌സാബ്, സൂക്തം 32, 33 33:32 ) 2. നബിയുടെ ഗൃഹങ്ങളില്‍ മറ്റു പുരുഷന്മാര്‍ക്ക് അനുവാദം കൂടാതെയുള്ള പ്രവേശനം നിരോധിക്കപ്പെട്ടു. പ്രവാചക പത്‌നിമാരോട് വല്ലതും ചോദിക്കാനുണ്ടെങ്കില്‍ മറയ്ക്കു പിന്നില്‍നിന്ന് ചോദിക്കാന്‍ ആജ്ഞാപിക്കപ്പെടുകയും ചെയ്തു. (സൂക്തം 53 33:53 ) 3. വിവാഹബന്ധം നിഷിദ്ധമായവരും അല്ലാത്തവരുമായ ബന്ധുക്കള്‍ക്കിടയില്‍ വ്യത്യാസം കല്‍പിക്കപ്പെട്ടു. നബിയുടെ ഭാര്യമാരുമായി വിവാഹബന്ധം പാടില്ലാത്ത ബന്ധുക്കള്‍ക്കേ അവരുടെ വീടുകളില്‍ നിര്‍ബാധം പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കപ്പെടുകയും ചെയ്തു. (സൂക്തം. 55 33:55 ) 4. നബി(സ)യുടെ ഭാര്യമാര്‍ തങ്ങളുടെ മാതാക്കളാണെന്നും സ്വന്തം മാതാവിനെപ്പോലെത്തന്നെ അവരുമായി വിവാഹം നിഷിദ്ധമാണെന്നും അതിനാല്‍, അവരെക്കുറിച്ച് ഓരോ മുസല്‍മാനും സദ്‌വിചാരം പുലര്‍ത്തണമെന്നും മുസ്‌ലിംകളെ തെര്യപ്പെടുത്തി. (സൂക്തം 53, 54 33:53 ) 5. നബി(സ)യെ ദ്രോഹിക്കുന്നത് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശാപത്തിനും നിന്ദ്യമായ ശിക്ഷയ്ക്കും കാരണമാണെന്ന് മുസ്‌ലിംകളെ ഉണര്‍ത്തി. അതേപോലെ, ഏതെങ്കിലും മുസല്‍മാനെ സ്വഭാവഹത്യ ചെയ്യുന്നതും അയാളുടെ മേല്‍ വ്യാജാരോപണങ്ങള്‍ ചുമത്തുന്നതും കഠിന കുറ്റമാകുന്നു. (സൂക്തം 57, 58 33:57 ) 6. പുറത്തിറങ്ങേണ്ടിവരുമ്പോള്‍ ശരീരം നല്ലവണ്ണം മറയ്ക്കുന്ന പര്‍ദ ധരിക്കണമെന്ന് എല്ലാ മുസ്‌ലിം സ്ത്രീകളോടും ആജ്ഞാപിക്കപ്പെട്ടു. (സൂക്തം 59 33:59 ) അപവാദസംഭവത്തിനുശേഷം മദീനയാകെ ഇളകിമറിഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സാമൂഹിക ജീവിതത്തിന്റെ നിയമചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് സൂറതുന്നൂര്‍ അവതരിച്ചത്. തിന്മകള്‍ ഉടലെടുക്കുകയും വ്യാപിക്കുകയും ചെയ്യുന്നതില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും, അഥവാ വല്ല തിന്മയും ഉടലെടുക്കുകയാണെങ്കില്‍ അത് ദൂരീകരിക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കുകയുമായിരുന്നു അവയുടെ ഉദ്ദേശ്യം. ആ നിയമനിര്‍ദേശങ്ങള്‍ അവയുടെ അവതരണക്രമമനുസരിച്ച് ചുവടെ സംക്ഷിപ്തമായി ചേര്‍ത്തിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ സംസ്‌കരണത്തിനും ഉദ്ധാരണത്തിനും ഒരേസമയത്ത് നിയമപരവും സദാചാരപരവും സാമൂഹികവുമായ പരിപാടികള്‍, അനുകൂലമായ മാനസിക പശ്ചാത്തലത്തില്‍, ഖുര്‍ആന്‍ എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്ന് അത് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാം: a. വ്യഭിചാരം. ഇത് ഒരു സാമൂഹിക കുറ്റമാണെന്ന് മുമ്പുതന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് (അന്നിസാഅ് 15, 16 4:15 ). ഇപ്പോള്‍ അതൊരു ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് നൂറടി വീതം ശിക്ഷ നല്‍കാന്‍ വിധിച്ചു. b. ദുര്‍വൃത്തരായ സ്ത്രീപുരുഷന്മാരുമായി അകന്നുനില്‍ക്കണമെന്നും അവരോട് വിവാഹബന്ധം സ്ഥാപിക്കരുതെന്നും സത്യവിശ്വാസികളോട് കല്‍പിച്ചു. c. മറ്റൊരാളുടെ മേല്‍ വ്യഭിചാരം ആരോപിക്കുന്നവന്ന് നാലു സാക്ഷികളെ ഹാജരാക്കാത്തപക്ഷം 80 അടി ശിക്ഷ വിധിച്ചു. d. ഭര്‍ത്താവിന് ഭാര്യയുടെ ചാരിത്രശുദ്ധിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ لعان (ശാപപ്രാര്‍ഥന) ചെയ്യാമെന്ന് വ്യവസ്ഥ ചെയ്തു. e. ആഇശ(റ)N1413യെക്കുറിച്ച് കപടവിശ്വാസികള്‍ നടത്തിയ വ്യാജാരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടുപറഞ്ഞു: മാന്യവ്യക്തികളെക്കുറിച്ചുള്ള എല്ലാതരം ആരോപണങ്ങളും കണ്ണുചിമ്മി വിശ്വസിക്കരുത്. അവ പ്രചരിപ്പിക്കുകയും അരുത്. ഇവ്വിധമുള്ള ഊഹാപോഹങ്ങള്‍ ഓരോരുത്തരും മറ്റുള്ളവരോട് പറഞ്ഞു പരത്തുകയല്ല, അവ പ്രചരിക്കുന്നത് തടയുകയും അതിന്റെ കവാടം കൊട്ടിയടക്കുകയുമാണ് വേണ്ടത്. ഈ ഇനത്തില്‍പെട്ട ഒരു മൗലിക യാഥാര്‍ഥ്യമെന്ന നിലയ്ക്ക്, നല്ല മനുഷ്യന്റെ ഇണ നല്ല സ്ത്രീയായിരിക്കുമെന്ന് തെര്യപ്പെടുത്തി. ദുഷിച്ച സ്ത്രീയുടെ സ്വഭാവങ്ങളുമായി അവന്റെ പ്രകൃതി കുറച്ചു ദിവസങ്ങള്‍ പോലും പൊരുത്തപ്പെടുകയില്ല. നല്ല സ്ത്രീയുടെ അവസ്ഥയും ഇതുതന്നെ. ദുഷിച്ച പുരുഷനുമായിട്ടല്ല, നല്ല പുരുഷനുമായി മാത്രമേ അവളുടെ ഹൃദയവും ഇണങ്ങുകയുള്ളൂ. പ്രവാചകന്‍ ഉത്തമനായ, അത്യുത്തമനായ മനുഷ്യനാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ ഒരു ദുര്‍വൃത്തയായ സ്ത്രീ അദ്ദേഹത്തിന്റെ പ്രാണപ്രേയസിയായെന്ന് നിങ്ങളുടെ ബുദ്ധി സമ്മതിക്കുന്നതെങ്ങനെ? വ്യഭിചാരത്തിലേര്‍പ്പെടാന്‍ മാത്രം അധഃപതിച്ച ഒരു സ്ത്രീയുടെ സ്വഭാവം പ്രവാചകനെപ്പോലുള്ള പരിശുദ്ധ മനുഷ്യനുമായി ഇണങ്ങിക്കഴിയാവുന്ന തരത്തിലുള്ളതാവുന്നതെങ്ങനെ? ഒരു കുടിലമനസ്‌കന്‍ ആരെയെങ്കിലും പറ്റി അടിസ്ഥാനരഹിതമായ വല്ല ആരോപണവും ഉന്നയിക്കുമ്പോഴേക്കും അത് സ്വീകരിക്കുന്നതിരിക്കട്ടെ, പരിഗണനാര്‍ഹമായോ സംഭവ്യമായോ കരുതാന്‍ പോലും പാടില്ല. ആരോപകന്‍ ആരാണെന്നും ആരോപണം ആരെക്കുറിച്ചാണെന്നും കണ്ണുതുറന്ന് നോക്കണം. 7. അസംബന്ധങ്ങളും കിംവദന്തികളും പരത്തുകയും മുസ്‌ലിം സമൂഹത്തില്‍ അശ്ലീലതയും അധാര്‍മികതയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ പ്രോത്സാഹനമല്ല, ശിക്ഷയാണര്‍ഹിക്കുന്നത്. 8. പരസ്പരം സദ്‌വിചാരം പുലര്‍ത്തുകയാണ് മുസ്‌ലിം സൊസൈറ്റിയിലെ സാമൂഹികബന്ധങ്ങള്‍ക്ക് നിദാനമെന്നത് ഒരു പൊതുതത്ത്വമായി നിശ്ചയിക്കപ്പെട്ടു. കുറ്റവാളിയാണെന്നതിന് തെളിവു ലഭിക്കാത്ത കാലത്തോളം ഓരോരുത്തരും നിരപരാധികളായി മനസ്സിലാക്കപ്പെടുകയാണ്, നിരപരാധിയാണെന്നതിന് തെളിവു ലഭിക്കാത്തേടത്തോളം അപരാധിയാണെന്ന് വിധിക്കുകയല്ല വേണ്ടത്. 9. അനുവാദം കൂടാതെ അന്യരുടെ വീടുകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ജനങ്ങള്‍ക്ക് പൊതുനിര്‍ദേശം നല്‍കി. 10. സ്ത്രീകളോടും പുരുഷന്മാരോടും ദൃഷ്ടി നിയന്ത്രിക്കാനാജ്ഞാപിച്ചു. അവര്‍ അന്യോന്യം തുറിച്ചുനോക്കുകയോ ഒളിഞ്ഞുനോക്കുകയോ ചെയ്യുന്നത് നിരോധിക്കപ്പെട്ടു. 11. സ്ത്രീകള്‍ സ്വന്തം വീടുകളിലായാലും മാറും തലയും മറയ്ക്കണം. 12. വിവാഹബന്ധം നിരോധിക്കപ്പെട്ട കുടുംബക്കാരുടെയോ വീട്ടിലെ ഭൃത്യന്മാരുടെയോ മുന്നിലല്ലാതെ അലങ്കാരസമേതം പ്രത്യക്ഷപ്പെടരുതെന്നും സ്ത്രീകളോട് കല്‍പിച്ചു. 13. പുറത്തിറങ്ങുകയാണെങ്കില്‍ അലങ്കാരങ്ങള്‍ മറച്ചുവയ്ക്കണമെന്ന് മാത്രമല്ല, കിലുങ്ങുന്ന ആഭരണങ്ങള്‍ അണിയരുതെന്നും നിര്‍ദേശം നല്‍കി. 14. സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ അവിവാഹിതരായിക്കഴിയുന്ന സമ്പ്രദായം അനഭിലഷണീയമാണെന്ന് നിശ്ചയിച്ചു. അവിവാഹിതരെ വിവാഹം കഴിപ്പിക്കണമെന്നനുശാസിച്ചു. അടിമകളെയും അടിമസ്ത്രീകളെയും പോലും അവിവാഹിതരായി നിറുത്തരുത്. കാരണം, അവിവാഹിതാവസ്ഥ അശ്ലീലതയ്ക്കും അധാര്‍മികതയ്ക്കും വളംവയ്ക്കുന്നു. അവിവാഹിതര്‍ മറ്റൊന്നുമില്ലെങ്കിലും, അശ്ലീലവാര്‍ത്തകള്‍ കേള്‍ക്കുകയും അവ പരത്തുകയും ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നു. 15. അടിമകളെ സ്വതന്ത്രരാക്കാന്‍ മോചനപത്രനിയമം നടപ്പാക്കി. മോചനപത്രം എഴുതപ്പെട്ട അടിമകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യണമെന്ന് യജമാനന്മാര്‍ക്കു പുറമെ മറ്റുള്ളവരോടും നിര്‍ദേശിച്ചു. 16. അടിമസ്ത്രീകളെ വേശ്യാവൃത്തിക്കുപയോഗപ്പെടുത്തിയുള്ള ധനസമ്പാദനം നിരോധിക്കപ്പെട്ടു. അടിമസ്ത്രീകളെ ഉപയോഗപ്പെടുത്തിയായിരുന്നു അറബികള്‍ ഈ തൊഴില്‍ നടത്തിയിരുന്നത്. അതിനാല്‍, അതിന്റെ നിരോധം വേശ്യാവൃത്തിക്കെതിരില്‍ത്തന്നെയുള്ള ഒരു നിയമനടപടിയായിരുന്നു. 17. വിശ്രമവേളകളില്‍ (അതിരാവിലെ, ഉച്ച, രാത്രി) വീട്ടിലെ ഏതെങ്കിലും പുരുഷന്റെയോ സ്ത്രീയുടെയോ അറയില്‍ പെട്ടെന്ന് കടന്നുചെല്ലരുത്. വീട്ടുവേലക്കാരും പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളും ഗാര്‍ഹികജീവിതത്തില്‍ ഈ ചട്ടം പാലിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടു. 18. വൃദ്ധകള്‍ സ്വന്തം വീടുകളിലിരിക്കുമ്പോള്‍ മക്കന അഴിച്ചുവയ്ക്കുകയാണെങ്കില്‍ വിരോധമില്ലെന്ന് ഇളവു നല്‍കി. പക്ഷേ, അവരും ചമഞ്ഞൊരുങ്ങി നടക്കരുത്. വാര്‍ധക്യത്തിലും മുഖപടമണിയുന്നതുതന്നെയാണ് ഉത്തമമെന്നുപദേശിച്ചു. 19. കുരുടന്മാരും മുടന്തന്മാരും രോഗികളും ആരുടെയെങ്കിലും വീട്ടില്‍നിന്ന് അനുവാദമില്ലാതെ എന്തെങ്കിലും ആഹരിക്കുകയാണെങ്കില്‍ അത് മോഷണമോ വഞ്ചനയോ ആയി ഗണിക്കപ്പെടുന്നതല്ല. അതിന്റെ അടിസ്ഥാനത്തില്‍ അവരെ പിടികൂടുകയുമില്ല. (ഇതു സംബന്ധിച്ച വിശദീകരണത്തിന് 61-ആം സൂക്തത്തിന്റെ വ്യാഖ്യാനം (95-ആം (24:95) നമ്പര്‍ കുറിപ്പ്) നോക്കുക) 20. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണെങ്കില്‍ അനുവാദം വാങ്ങാതെത്തന്നെ ഒരാള്‍ക്ക് മറ്റൊരാളുടെ വീട്ടില്‍നിന്ന് ആഹരിക്കാന്‍ അവകാശമുണ്ട്. അത് സ്വന്തം വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെയാണ്. ഇപ്രകാരം സമൂഹത്തിലെ വ്യക്തികളെ പരസ്പരം അടുപ്പിക്കുകയും അവരിലെ അന്യത്വം നീക്കിക്കളയുകയും ചെയ്തു. പരസ്പരം സ്‌നേഹം വര്‍ധിക്കാനും വല്ല കുഴപ്പക്കാരനും സമൂഹത്തില്‍ പിളര്‍പ്പുണ്ടാക്കാനുപയോഗപ്പെടുത്തിയേക്കാവുന്ന വിള്ളലുകളെ നിഷ്‌കളങ്കസ്‌നേഹബന്ധങ്ങള്‍ മുഖേന അടച്ചുകളയാനും വേണ്ടിയാണിങ്ങനെ ചെയ്തത്. ഈ സമൂഹത്തില്‍ യഥാര്‍ഥ സത്യവിശ്വാസികള്‍ ആരെന്നും കപടവിശ്വാസികള്‍ ആരെന്നും ഓരോ മുസല്‍മാനും അറിയത്തക്ക രൂപത്തില്‍ ഇരുവിഭാഗത്തിന്റെയും പ്രത്യക്ഷാടയാളങ്ങളെല്ലാം ആ നിര്‍ദേശങ്ങളോടൊപ്പം വ്യക്തമാക്കപ്പെട്ടു. മറുവശത്ത് മുസ്‌ലിംകളുടെ സംഘടനാവ്യവസ്ഥയെ-- അഥവാ ഏതൊരു ശക്തിയോടുള്ള വിദ്വേഷം കാരണമായി സത്യനിഷേധികളും കപടവിശ്വാസികളും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടിരുന്നുവോ ആ ശക്തിയെ-- കൂടുതല്‍ സുദൃഢവും സുശക്തവുമാക്കാനുതകുന്ന ചില നിയമചട്ടങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തു. അടിസ്ഥാനരഹിതവും ലജ്ജാവഹവുമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴുണ്ടാകാറുള്ള കാര്‍ക്കശ്യം സൂറതുന്നൂറിലൊരിടത്തും കാണപ്പെടുന്നില്ല എന്നതാണ് പ്രതിപാദനത്തിലുടനീളം പ്രകടമായിക്കാണുന്ന സവിശേഷത. ഈ അധ്യായം അവതരിച്ച പശ്ചാത്തലത്തെക്കുറിച്ച് ഒന്നാലോചിക്കുക; അതേയവസരം, അധ്യായത്തിന്റെ ഉള്ളടക്കവും ആഖ്യാനരീതിയും നോക്കുക. ഇത്രയും ക്ഷോഭജനകമായ അന്തരീക്ഷത്തില്‍ പോലും എത്ര സമചിത്തതയോടെയാണ് നിയമനിര്‍മാണം നടത്തുന്നത്; സംസ്‌കരണ ശാസനകളും താത്ത്വിക നിര്‍ദേശങ്ങളും ശിക്ഷണോപദേശങ്ങളും നല്‍കുന്നത്! അത്യന്തം വിക്ഷുബ്ധമായ ഘട്ടങ്ങളില്‍ പോലും കുഴപ്പങ്ങളെ നേരിടുന്നതില്‍ ആത്മനിയന്ത്രണവും സമചിത്തതയും യുക്തിദീക്ഷയും മാന്യതയും പാലിക്കണമെന്ന പാഠം മാത്രമല്ല ഇതില്‍നിന്ന് ലഭിക്കുന്നത്. പ്രത്യുത, ഈ വചനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ സൃഷ്ടിയല്ലെന്നും അത്യുന്നതസ്ഥാനത്തിരുന്ന് മനുഷ്യന്റെ അവസ്ഥകളെയും പ്രവൃത്തികളെയും അഭിവീക്ഷിക്കുകയും ആ അവസ്ഥാന്തരങ്ങളാല്‍ സ്വാധീനിക്കപ്പെടാതെ കറകളഞ്ഞ മാര്‍ഗദര്‍ശനകൃത്യം നിര്‍വഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരസ്തിത്വത്താല്‍ അവതീര്‍ണമാണതെന്നും സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട്. ഇത് നബി(സ)യുടെ വചനങ്ങളാണെങ്കില്‍ അവിടത്തെ മഹാമനസ്‌കതയും വീക്ഷണവിശാലതയും വകവച്ചുകൊണ്ടുതന്നെ പറയട്ടെ, തന്റെ അന്തസ്സിനും അഭിമാനത്തിനും നേരെ നീചമായ ആക്രമണങ്ങള്‍ നടത്തപ്പെടുമ്പോള്‍ ഒരു വ്യക്തിക്ക് ഉണ്ടാവാറുള്ള സ്വാഭാവികമായ വികാരവിക്ഷോഭത്തിന്റെ നേരിയ പ്രതിഫലനമെങ്കിലും അതില്‍ കാണാതിരിക്കാന്‍ നിര്‍വാഹമില്ല.

Source: www.thafheem.net