VERSES
78
PAGES
332-341

നാമം

നാലാം ഖണ്ഡികയിലെ രണ്ടാം സൂക്തത്തിലെ وَأَذِّنْ فىِ النَّاسِ بِالْحَجِّ എന്ന വാക്യത്തില്‍നിന്നെടുക്കപ്പെട്ടതാണ് ഈ നാമം.


അവതരണഘട്ടം

സൂറയില്‍ മക്കീസൂറകളുടെയും മദനീസൂറകളുടെയും സവിശേഷതകള്‍ ഇടകലര്‍ന്ന് കാണുന്നുണ്ട്. അതിനാല്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ സൂറ മക്കിയാണോ മദനിയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. സൂറയുടെ ഒരു ഭാഗം നബി(സ)യുടെ മക്കാജീവിതത്തിന്റെ അവസാനഘട്ടത്തിലും ബാക്കി ഭാഗങ്ങള്‍ മദീനാജീവിതത്തിന്റെ ആരംഭത്തിലും അവതരിച്ചതുമൂലമാണ് ഇതിലെ വിഷയങ്ങള്‍ക്കും പ്രതിപാദനരീതിക്കും ഈ വര്‍ണമുണ്ടായത് എന്നത്രെ നാം മനസ്സിലാക്കുന്നത്. രണ്ട് ഘട്ടങ്ങളുടെയും പ്രത്യേകതകള്‍ സൂറയില്‍ സമ്മേളിച്ചിരിക്കുന്നു. ആദ്യസൂക്തങ്ങളുടെ വിഷയങ്ങളും വിവരണശൈലിയും അവ മക്കയില്‍ അവതരിച്ചതാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഇത് നബിയുടെ മക്കാജീവിതത്തിന്റെ അവസാന ഘട്ടത്തില്‍, ഹിജ്‌റക്ക് അല്‍പം മുമ്പായി അവതരിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. 24-ആം സൂക്തത്തിലെ وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ എന്ന വാക്യത്തോടെ ഈ ഭാഗം അവസാനിക്കുന്നു. അനന്തരം إِنَّ الَّذِينَ كَفَرُوا وَصدُّوا عَن سَبِيلِ اللَّهِ എന്ന വാക്യം മുതല്‍ വിഷയത്തിന്റെ സ്വഭാവം മറ്റൊരു വിധത്തിലായി മാറുന്നു. ഇവിടംമുതല്‍ അവസാനംവരെയുള്ള ഭാഗങ്ങള്‍ മദീനയിലവതരിച്ചതാണെന്ന് സ്പഷ്ടമായി മനസ്സിലാവുകയും ചെയ്യും. ഇത് മിക്കവാറും ഹിജ്‌റക്ക് ശേഷമുള്ള ആദ്യവര്‍ഷത്തിലെ ദുല്‍ഹജ്ജ് മാസത്തില്‍ അവതരിച്ചതായിരിക്കാം. കാരണം, 25 മുതല്‍ 41 22:25 വരെയുള്ള സൂക്തങ്ങളില്‍ അതിന്റെ ലക്ഷണങ്ങള്‍ തെളിഞ്ഞുകാണുന്നുണ്ട്. 39, 40 സൂക്തങ്ങളുടെ അവതരണപശ്ചാത്തലവും ഈ നിഗമനത്തെയാണ് ബലപ്പെടുത്തുന്നത്. മുഹാജിറുകള്‍ തങ്ങളുടെ വീടുപേക്ഷിച്ച് ആവേശത്തോടെ മദീനയില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. ഹജ്ജുകാലത്ത് അവരില്‍ തങ്ങളുടെ നാട്ടിലെ തീര്‍ഥാടനവേളയെക്കുറിച്ചുള്ള ഓര്‍മകളുണര്‍ന്നിട്ടുണ്ടായിരിക്കാം. ഖുറൈശീ ബഹുദൈവവിശ്വാസികള്‍ മസ്ജിദുല്‍ ഹറാമിലേക്കുള്ള വഴിപോലും തങ്ങളുടെ നേരെ കൊട്ടിയടച്ചിരിക്കുന്നുവെന്ന ദുഃഖകരമായ വാര്‍ത്ത അവരില്‍ പ്രചരിച്ചുകഴിഞ്ഞിട്ടുമുണ്ടാവാം. തങ്ങളെ സ്വഗൃഹങ്ങളില്‍നിന്ന് ആട്ടിയോടിക്കുകയും മസ്ജിദുല്‍ ഹറാം സന്ദര്‍ശിക്കുന്നതില്‍നിന്ന് തടയുകയും ദൈവികസരണി തെരഞ്ഞെടുത്തതിന്റെ പേരില്‍ തങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുകയും ചെയ്ത അക്രമികള്‍ക്കെതിരില്‍ സമരം ചെയ്യാനുള്ള അനുവാദവും ഈ അവസരത്തില്‍ അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നിരിക്കണം. പരാമൃഷ്ട സൂക്തങ്ങള്‍ അവതരിക്കാന്‍ ഉചിതമായ ഒരു മാനസിക പശ്ചാത്തലമായിരുന്നു അത്. അതിനു മുമ്പായി ഹജ്ജിനെ പരാമര്‍ശിച്ചുകൊണ്ട് മസ്ജിദുല്‍ ഹറാം നിര്‍മിച്ചതും ഹജ്ജ്‌സമ്പ്രദായം ആരംഭിച്ചതുമെല്ലാം ലോകത്ത് അല്ലാഹുവിന്റെ അടിമത്തം സ്ഥാപിക്കാനാണെന്നും പക്ഷേ, അവിടെ ഇപ്പോള്‍ ബഹുദൈവത്വം ആധിപത്യം പുലര്‍ത്തുകയും ഏകദൈവത്തിന്റെ അടിമത്തം അംഗീകരിക്കുന്നവര്‍ക്ക് അങ്ങോട്ടുള്ള വഴിപോലും വിലക്കപ്പെട്ടിരിക്കുകയുമാണെന്നും അവരെ ഓര്‍മിപ്പിക്കുന്നു. അനന്തരം ആ അക്രമികള്‍ക്കെതിരില്‍ സമരം ചെയ്യാനും അവരെ നാട്ടില്‍നിന്ന് പുറംതള്ളി അവിടെ തിന്മകളില്‍നിന്ന് മുക്തമായ, നന്മകളാല്‍ സമൃദ്ധമായ സദ്‌വ്യവസ്ഥ സ്ഥാപിക്കാനും അനുവാദം നല്‍കുകയാണ്. മുസ്‌ലിംകള്‍ക്ക് യുദ്ധത്തിന് അനുവാദം നല്‍കിക്കൊണ്ട് അവതരിച്ച ആദ്യത്തെ ഖുര്‍ആന്‍ സൂക്തമാണിതെന്ന് ഇബ്‌നു അബ്ബാസ്N1342, മുജാഹിദ്N1481, ഉര്‍വതുബ്‌നു സുബൈര്‍N234, സൈദുബ്‌നു അസ്‌ലംN1072, മുഖാതിലുബ്‌നു ഹയ്യാന്‍N749‍, ഖതാദN1513 തുടങ്ങിയ പൂര്‍വിക പണ്ഡിതന്മാരും മറ്റു പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിച്ചിട്ടുണ്ട്. ഈ അനുവാദം ലഭിച്ച ഉടനെത്തന്നെ മുസ്‌ലിംകള്‍ ഖുറൈശികള്‍ക്കെതിരില്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹിജ്‌റ രണ്ടാം വര്‍ഷം സ്വഫറില്‍ ചെങ്കടല്‍തീരത്തുവെച്ച് വദ്ദാന്‍ യുദ്ധം അല്ലെങ്കില്‍ അബ്‌വാഅ് യുദ്ധം എന്ന പേരില്‍ പ്രസിദ്ധമായ ഒന്നാമത്തെ സംരംഭം നടക്കുകയും ചെയ്തു.


പ്രതിപാദ്യ വിഷയങ്ങള്‍

മൂന്നു വിഭാഗത്തെയാണ് ഈ സൂറ അഭിസംബോധന ചെയ്യുന്നത്: മക്കയിലെ ബഹുദൈവാരാധകര്‍, ഇസ്‌ലാമിനും കുഫ്‌റിനുമിടയില്‍ ചാഞ്ചാടുന്നവരും സംശയാലുക്കളുമായ മുസ്‌ലിംകള്‍, യഥാര്‍ഥ സത്യവിശ്വാസികള്‍. ബഹുദൈവവിശ്വാസികളോടുള്ള അഭിസംബോധന മക്കയിലാണ് ആരംഭിച്ചത്. മദീനയില്‍ ആ ശൃംഖല അവസാനിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രഭാഷണത്തില്‍ മുശ്‌രിക്കുകളെ രൂക്ഷമായ ഭാഷയില്‍ അനുസ്മരിപ്പിക്കുകയാണ്: ഇസ്‌ലാമിനോടുള്ള ശത്രുതയോടും ധാര്‍മിക വിരോധത്തോടും കൂടി അടിസ്ഥാനരഹിതമായ മൂഢധാരണകളെ വാരിപ്പുണര്‍ന്നിരിക്കുകയാണ് നിങ്ങള്‍. അല്ലാഹുവിനെ ഉപേക്ഷിച്ച്, ഒരു കഴിവും ശക്തിയുമില്ലാത്ത വസ്തുക്കളെയാണ് നിങ്ങള്‍ ആരാധ്യരായി സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ ദൂതനെ നിങ്ങള്‍ കളവാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്കുമുമ്പ് ഇതേ നിലപാട് സ്വീകരിച്ചു ജീവിച്ചവര്‍ക്കുണ്ടായ അതേ പരിണതിതന്നെയാണ് നിങ്ങള്‍ക്കും ഉണ്ടാവാന്‍ പോകുന്നത്. പ്രവാചകനെ അവിശ്വസിക്കുകയും സ്വന്തം സമുദായത്തിലെ സച്ചരിതരെ ആക്ഷേപശകാരങ്ങള്‍ക്ക് ശരവ്യമാക്കുകയും ചെയ്യുന്നത് മുഖേന നിങ്ങള്‍ നിങ്ങള്‍ക്കുതന്നെയാണ് ആപത്ത് വരുത്തിവെക്കുന്നത്. അതുമൂലം നിങ്ങളുടെമേല്‍ ദൈവികകോപം വന്നുഭവിക്കുമ്പോള്‍ അതില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കൃത്രിമ ആരാധ്യന്മാര്‍ക്കൊന്നും സാധ്യമാകയില്ല. ഈ ഉദ്‌ബോധനത്തോടും മുന്നറിയിപ്പോടും കൂടി ബോധനവും അധ്യാപനവും പൂര്‍ണമായി അവസാനിക്കുന്നില്ല. അനുസ്മരണങ്ങളും സദുപദേശങ്ങളും സൂറയില്‍ അവിടവിടെയായി വേറെയുമുണ്ട്. കൂടാതെ ശിര്‍ക്കിനെതിരായും തൗഹീദിനും ആഖിറത്തിനുമനുകൂലമായുമുള്ള ന്യായങ്ങള്‍ സമര്‍ഥമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അടിമത്തം സ്വീകരിച്ചിട്ടുണ്ടെന്ന് നടിക്കുന്നുണ്ടെങ്കിലും ആ മാര്‍ഗത്തില്‍ ഒരു ക്ലേശവും അനുഭവിക്കാന്‍ തയാറായിട്ടില്ലാത്തവരാണ് ചാഞ്ചാടുന്ന അല്ലെങ്കില്‍ സംശയാലുവായ (مذبذب) മുസല്‍മാന്‍. ഈ വിഭാഗത്തെ ശക്തിയായി താക്കീതുചെയ്യുന്നു: സുഖവും സന്തോഷവും ജീവിതവിഭവങ്ങളുമുണ്ടാകുമ്പോള്‍ ദൈവം നിങ്ങളുടെ ദൈവവും നിങ്ങള്‍ അവന്റെ അടിമകളുമാണ്. പക്ഷേ, അവന്റെ മാര്‍ഗത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടോ ദുരിതങ്ങളോ നേരിടേണ്ടിവരുമ്പോള്‍ പിന്നെ ദൈവം നിങ്ങളുടെ ദൈവമല്ല, നിങ്ങള്‍ അവന്റെ അടിമകളുമല്ല. നിങ്ങളുടെ ഈ ഈമാന്‍ എന്തുതരം ഈമാനാണ്? നിങ്ങളുടെ ഈ നിലപാടുമൂലം നിങ്ങളുടെ ബാധ്യതയായി അല്ലാഹു രേഖപ്പെടുത്തിയിട്ടുള്ള ഒരു വിഷമവും ബുദ്ധിമുട്ടും സഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. സത്യവിശ്വാസികളോടുള്ള അഭിസംബോധനം രണ്ടു രീതിയിലാണ്: ഒന്നില്‍ സത്യവിശ്വാസികളോടൊപ്പം അറേബ്യന്‍ ബഹുജനങ്ങളും അഭിസംബോധിതരാണ്. മറ്റേതില്‍ സത്യവിശ്വാസികള്‍ മാത്രമാണ് അഭിസംബോധിതര്‍. പ്രഥമ പ്രഭാഷണത്തില്‍ മുസ്‌ലിംകള്‍ക്ക് മസ്ജിദുല്‍ ഹറാമിലേക്കുള്ള മാര്‍ഗം വിലക്കിയ മക്കാമുശ്‌രിക്കുകളുടെ ധിക്കാരത്തെ ആക്ഷേപിച്ചിരിക്കുന്നു. കാരണം, മസ്ജിദുല്‍ഹറാം അവരുടെ സ്വകാര്യ സ്വത്തൊന്നുമല്ല. അവിടെ ഹജ്ജ് നിര്‍വഹിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ല. സ്വന്തം അവകാശനിഷേധത്തിനെതിരെയുള്ള ഒരു വിമര്‍ശനം മാത്രമായിരുന്നില്ല ഇത്. ഖുറൈശികളുടെ രാഷ്ട്രീയ മേല്‍ക്കോയ്മക്കെതിരെയുള്ള ഒരു വെല്ലുവിളികൂടിയായിരുന്നു. അതുമുഖേന ഇതര അറബിഗോത്രങ്ങളുടെ മനസ്സില്‍ ഇങ്ങനെ ഒരു ചോദ്യമുയര്‍ന്നു: ഖുറൈശികള്‍ ഹറമിന്റെ അയല്‍ക്കാരോ അതോ ഉടമസ്ഥരോ? ഒരു കൂട്ടരോടുള്ള ശത്രുതയുടെ പേരില്‍ അവരെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍നിന്ന് ഇന്നവര്‍ തടയുന്നുവെങ്കില്‍, നാളെ അവരുമായുള്ള ബന്ധം വഷളാകുന്ന മറ്റുള്ളവരുടെ നേരെയും ഹറമിന്റെ വാതിലുകള്‍ കൊട്ടിയടക്കാനും ഹജ്ജും ഉംറയും നിരോധിക്കാനും ഇക്കൂട്ടര്‍ എന്തുകൊണ്ട് ധൃഷ്ടരായിക്കൂടെന്നില്ല? ഇതുസംബന്ധമായി മസ്ജിദുല്‍ ഹറാമിന്റെ ചരിത്രം വിവരിച്ചുകൊണ്ട് ഒരിടത്ത് ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: ദൈവകല്‍പനപ്രകാരം ഇബ്‌റാഹീം കഅ്ബാമന്ദിരം നിര്‍മിച്ചുകഴിഞ്ഞപ്പോള്‍ എല്ലാ ജനങ്ങള്‍ക്കും ഹജ്ജ് നിര്‍വഹിക്കാനുള്ള പൊതു അനുമതി നല്‍കിയിട്ടുണ്ട്. ആദ്യ ദിവസം മുതലേ തദ്ദേശവാസികള്‍ക്കും പുറത്തുനിന്ന് എത്തുന്നവര്‍ക്കും അവിടെ തുല്യാവകാശമാണെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. ഈ മന്ദിരം ബഹുദൈവാരാധനക്ക് വേണ്ടിയല്ല; മറിച്ച്, ഏകദൈവത്തിന്റെ അടിമത്തത്തിനുവേണ്ടിയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന് മറ്റൊരിടത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അവിടെ ഏകദൈവത്തിനുള്ള ആരാധന വിലക്കപ്പെടുകയും വിഗ്രഹാരാധനക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നത് എന്തുമാത്രം വിരോധാഭാസമായിരിക്കുന്നു! ഖുറൈശികളുടെ അതിക്രമങ്ങളെ ശക്തികൊണ്ട് നേരിടാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കിയിരിക്കയാണ് രണ്ടാമത്തെ അഭിസംബോധനത്തില്‍. അതോടൊപ്പം അധികാരവും ശക്തിയും ലഭിക്കുമ്പോള്‍ നിങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് ഏതെന്നും സ്വന്തം ഭരണത്തിന്‍കീഴില്‍ നിങ്ങള്‍ ഏതു ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്നും വിശദീകരിച്ചിരിക്കുന്നു. ഈ വിഷയം സൂറയുടെ മധ്യത്തിലും അന്ത്യത്തിലും അനുസ്മരിച്ചിട്ടുണ്ട്. അവസാനം വിശ്വാസിവിഭാഗത്തിന് 'മുസ്‌ലിം' എന്ന നാമം ആധികാരികമായി പ്രഖ്യാപിച്ചുകൊണ്ട് അരുളുന്നു: ഇബ്‌റാഹീമിന്റെ(അ) യഥാര്‍ഥ പിന്മുറക്കാര്‍ നിങ്ങളാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ള സത്യസാക്ഷ്യത്തിന്റെ പദവിയില്‍ നില്‍ക്കുക എന്ന മഹല്‍ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടവരത്രെ നിങ്ങള്‍. നമസ്‌കാരം നിര്‍വഹിക്കുക, സകാത്ത് നല്‍കുക, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ മാര്‍ഗങ്ങൡൂടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഉത്തമജീവിതത്തിന്റെ മാതൃകകളാക്കേണ്ടതാണ്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ദൈവികവചനത്തിന്റെ ഉന്നതിക്കുവേണ്ടി സമരം ചെയ്യുകയും വേണം നിങ്ങള്‍. ഈ സന്ദര്‍ഭത്തില്‍ സൂറ അല്‍ബഖറയുടെയും അല്‍അന്‍ഫാലിന്റെയും ആമുഖം കൂടി വായിച്ചുനോക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ സഹായകമായിരിക്കും.

Source: www.thafheem.net