VERSES
112
PAGES
322-331

നാമം

സൂറയുടെ നാമം ഇതിലെ ഏതെങ്കിലും സൂക്തത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതല്ല. സൂറയില്‍ ധാരാളം പ്രവാചകവര്യന്മാരെ തുടര്‍ച്ചയായി പരാമര്‍ശിക്കുന്നു. അതുകൊണ്ടാണ് 'അല്‍ അമ്പിയാഅ്' (പ്രവാചകന്മാര്‍) എന്ന് നാമകരണം ചെയ്യപ്പെട്ടത്. അത് പ്രതിപാദ്യ വിഷയം വീക്ഷിച്ചുകൊണ്ടുള്ള ശീര്‍ഷകമൊന്നുമല്ല. തിരിച്ചറിയാനുള്ള ഒരടയാളം മാത്രമാണ്.


അവതരണഘട്ടം

സൂറയുടെ അവതരണം നബി(സ)യുടെ മക്കാജീവിതത്തിന്റെ മധ്യഘട്ടത്തിലായിരുന്നുവെന്നാണ് ഉള്ളടക്കത്തില്‍നിന്നും അവതരണശൈലിയില്‍നിന്നും മനസ്സിലാകുന്നത്. നമ്മുടെ വിഭജനമനുസരിച്ച് നബി(സ)യുടെ മക്കാജീവിതത്തിന്റെ മൂന്നാം ഘട്ടമാണത്. അവസാന ഘട്ടത്തിലവതരിച്ച സൂറകളില്‍ തെളിഞ്ഞുകാണുന്ന പശ്ചാത്തലമല്ല ഈ സൂറയില്‍ ദൃശ്യമാകുന്നത്.


പ്രതിപാദ്യ വിഷയം

ഖുറൈശിപ്രമാണികളും നബി(സ)യും തമ്മിലുള്ള സംഘര്‍ഷമാണ് സൂറയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. നബി(സ)യുടെ സന്ദേശങ്ങള്‍ക്കും തൗഹീദ് പ്രബോധനത്തിനും എതിരില്‍ അക്കൂട്ടര്‍ ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇതിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. നബി(സ)ക്കെതിരില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും അതിന്റെ ദുഷിച്ച ഫലങ്ങളെക്കുറിച്ചും അവരെ താക്കീതുചെയ്തിട്ടുമുണ്ട്. അശ്രദ്ധയോടും അലംഭാവത്തോടും കൂടി അവിടത്തെ പ്രബോധനത്തെ സമീപിക്കുന്നതിനെസ്സംബന്ധിച്ചും മുന്നറിയിപ്പുണ്ട്. അവസാനം, ശാപവും ആപത്തുമാണെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തി യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ഒരനുഗ്രഹമായിട്ടാണ് ആഗതനായിരിക്കുന്നതെന്ന് അവരെ തെര്യപ്പെടുത്തുകയും ചെയ്യുന്നു. പ്രഭാഷണത്തില്‍ പ്രത്യേകം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഇവയാണ്: 1) മനുഷ്യന് പ്രവാചകനാകാന്‍ കഴിയില്ലെന്ന മക്കയിലെ സത്യനിഷേധികളുടെ തെറ്റുധാരണയും തദടിസ്ഥാനത്തില്‍ മുഹമ്മദ്‌നബി(സ)യെ പ്രവാചകനായി അംഗീകരിക്കാനുള്ള വിസമ്മതവും-- അതിനെ വിശദമായി ഖണ്ഡിച്ചിട്ടുണ്ട്. 2) പ്രവാചകന്നും ഖുര്‍ആന്നുമെതിരില്‍ അവരുന്നയിക്കുന്ന വിവിധവും പരസ്പരവിരുദ്ധവുമായ ആരോപണങ്ങളും ഒരു വാദത്തിലും ഉറച്ചുനില്‍ക്കാത്ത ചഞ്ചലനിലപാടും തുറന്നുകാണിച്ച് അതിശക്തവും സാരഗര്‍ഭവുമായ ശൈലിയില്‍ അവരെ താക്കീതുചെയ്യുന്നു. 3) ജീവിതം കേവലം വിനോദമാണെന്നാണ് അവരുടെ സങ്കല്‍പം. ഏതാനും ദിവസത്തെ വിനോദത്തിനുശേഷം അതവസാനിക്കുന്നു. അതിന് ഒരനന്തരഫലവും ഉണ്ടാവാനില്ല. ഏതെങ്കിലും വിചാരണയെയോ രക്ഷാശിക്ഷകളെയോ അഭിമുഖീകരിക്കേണ്ടതുമില്ല--അവരുടെ അശ്രദ്ധയുടെയും ധിക്കാരത്തിന്റെയും മൂലകാരണമാണീ സങ്കല്‍പം. ഈ വീക്ഷണത്തോടുകൂടിയായിരുന്നു അവര്‍ നബിയുടെ പ്രബോധനത്തെ അഭിമുഖീകരിച്ചിരുന്നത്. മനസ്സില്‍ തറക്കുന്ന ശൈലിയില്‍ ഈ സങ്കല്‍പത്തെയും വിമര്‍ശിച്ചിരിക്കുന്നു. 4) നബി(സ)യും സത്യനിഷേധികളും തമ്മിലുള്ള വടംവലിയുടെ അടിസ്ഥാന ഹേതു ബഹുദൈവത്വത്തിലുള്ള അവരുടെ കടുംപിടിത്തവും തൗഹീദിനെതിരിലുള്ള അന്ധമായ പക്ഷപാതിത്വവുമായിരുന്നു. ഈ നിലപാട് തിരുത്താനായി ശിര്‍ക്കിനെതിരായും തൗഹീദിനനുകൂലമായും സംക്ഷിപ്തമായ, എന്നാല്‍ വളരെ കരുത്തുറ്റതും മനസ്സില്‍ തറഞ്ഞുകയറുന്നതുമായ തെളിവുകള്‍ നിരത്തിയിരിക്കുന്നു. 5) നബി(സ)യെ നിരന്തരം തള്ളിപ്പറഞ്ഞിട്ടും തങ്ങളുടെ മേല്‍ ഒരു ശിക്ഷയും ഇറങ്ങാത്തത്, അദ്ദേഹം വ്യാജപ്രവാചകനായതുകൊണ്ടാണെന്നും ദൈവത്തിന്റേതെന്ന നിലയില്‍ അദ്ദേഹം കേള്‍പ്പിച്ചിരുന്ന ദൈവികശിക്ഷയുടെ ഭീഷണികള്‍ വെറും തട്ടിപ്പാണെന്നും അവര്‍ തെറ്റിദ്ധരിച്ചിരുന്നു. അതിനെ തെളിവുകള്‍ നിരത്തിയും സദുപദേശം നല്‍കിയും ദൂരീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. അനന്തരം പ്രവാചകവര്യന്മാരുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളില്‍നിന്ന് ചില ഉദാഹരണങ്ങള്‍ അവതരിപ്പിക്കുന്നു. മനുഷ്യചരിത്രത്തില്‍ ദൈവത്തിങ്കല്‍നിന്ന് നിയുക്തരായ പ്രവാചകന്മാരഖിലം മനുഷ്യരായിരുന്നുവെന്ന് മനസ്സിലാക്കിത്തരുകയാണ് അതിന്റെ ഉദ്ദേശ്യം. പ്രവാചകത്വത്തിന്റെ പ്രത്യേകതകളൊഴിച്ചുള്ള ഇതര ഗുണങ്ങളില്‍ സാധാരണ മനുഷ്യരെപ്പോലുള്ള മനുഷ്യര്‍ തന്നെയായിരുന്നു അവരും. ദിവ്യത്വമോ ദിവ്യത്വത്തിന്റെ ഛായപോലുമോ അവര്‍ക്കുണ്ടായിരുന്നില്ല. സ്വന്തം ആവശ്യങ്ങള്‍ക്കുതന്നെ അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ കൈനീട്ടുകയായിരുന്നു. ഇതോടൊപ്പം ചരിത്രപരമായ ഉദാഹരണങ്ങളില്‍നിന്ന് മറ്റു രണ്ടു കാര്യങ്ങള്‍കൂടി സ്പഷ്ടമാക്കിയിട്ടുണ്ട്. ഒന്ന്, പ്രവാചകവര്യന്മാര്‍ക്ക് പലതരം വിപത്തുകള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ശത്രുക്കള്‍ അവരെ നശിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നു. എങ്കിലും അവസാനം അല്ലാഹു അദൃശ്യമാര്‍ഗത്തിലൂടെ അവര്‍ക്ക് വിജയമരുളുകയാണുണ്ടായത്. രണ്ട്, അഖിലപ്രവാചകന്മാരുടെയും മതം ഒന്നായിരുന്നു. അതേ മതംതന്നെയാണ് മുഹമ്മദ് നബി(സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതും. അതുതന്നെയാണ് മനുഷ്യരാശിയുടെ യഥാര്‍ഥ മതം. ലോകത്ത് സ്ഥാപിതമായ ഇതര മതങ്ങളെല്ലാം അജ്ഞരായ ജനങ്ങള്‍ സൃഷ്ടിച്ചുവെച്ച വ്യതിയാനങ്ങള്‍ മാത്രമാണ്. അവസാനമായി, മനുഷ്യന്റെ വിജയം ഇതേ ദീനിനെ അനുധാവനം ചെയ്യുന്നതില്‍ പരിമിതമാണെന്ന് വിശദമാക്കിയിരിക്കുന്നു. അതിനെ സ്വീകരിക്കുന്നവര്‍ അല്ലാഹുവിന്റെ അന്ത്യവിചാരണയില്‍ വിജയംവരിക്കുകയും ഭൂമിയുടെ അനന്തരാവകാശികളായിത്തീരുകയും ചെയ്യും. ഈ ദീനിനെ നിഷേധിക്കുന്നവരാകട്ടെ, പരലോകത്തിലെ അഭിശപ്തമായ പരിണതിയാല്‍ ശാശ്വതമായി പീഡിപ്പിക്കപ്പെടുകയും ചെയ്യും. ഭയാനകമായ ആ വിചാരണാവേളയുടെ മുമ്പേതന്നെ തന്റെ പ്രവാചകന്മാരിലൂടെ അതിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യമാകുന്നു. പ്രവാചകന്റെ ആഗമനം അനുഗ്രഹത്തിന് പകരം വിപത്താണെന്ന് കരുതുന്ന ജനം തികഞ്ഞ മൂഢന്മാരത്രെ.

Source: www.thafheem.net