VERSES
135
PAGES
312-321

അവതരണഘട്ടം

സൂറ മര്‍യമിന്റെ അവതരണത്തോടടുത്താണ് ഈ സൂറയും അവതരിച്ചത്. അബിസീനിയN1335യിലേക്കുള്ള ഹിജ്‌റ നടന്നുകൊണ്ടിരിക്കുമ്പോഴോ അതിനു ശേഷമോ ആയിരിക്കാം ഇതിന്റെ അവതരണം. ഏതായാലും ഹദ്‌റത്ത് ഉമര്‍ (റ)N1512 ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ഈ അധ്യായം അവതരിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഹദ്‌റത്ത് ഉമറി(റ)ന്റെ ഇസ്‌ലാമിലേക്കുള്ള ആഗമനത്തെക്കുറിച്ച് ഏറെ പ്രസിദ്ധവും പ്രബലവുമായിട്ടുള്ള റിപ്പോര്‍ട്ട് ഇതാണ്: ഉമര്‍(റ) ഒരു ദിവസം നബി(സ)യെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടതായിരുന്നു. വഴിക്കുവെച്ച് ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: 'ആദ്യം താങ്കളുടെ വീട്ടിലെ കാര്യം നോക്കുക. താങ്കളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും ഈ പുതിയ മതത്തില്‍ ചേര്‍ന്നിരിക്കുന്നു.' ഇതുകേട്ട ഉമര്‍ നേരെ സഹോദരിയുടെ വീട്ടിലേക്ക് നടന്നു. അവിടെ ഹദ്‌റത്ത് ഖബ്ബാബുബ്‌നു അറത്ത്(റ)N321, ഉമറിന്റെ സഹോദരി ഫാത്വിമക്കും അവരുടെ ഭര്‍ത്താവിനും ഒരു ഏട് വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമറിനെ കണ്ട ഉടനെ ഫാത്വിമ പ്രസ്തുത ഏട് ഒളിപ്പിച്ചു. പക്ഷേ, അവരുടെ പാരായണം ഉമര്‍ കേട്ടിരുന്നു. അദ്ദേഹവും അവരുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് സഹോദരീ ഭര്‍ത്താവിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ മര്‍ദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഫാത്വിമക്കും അടികിട്ടി. അവരുടെ തലക്ക് മുറിവേറ്റു. ഒടുവില്‍ ഫാത്വിമയും ഭര്‍ത്താവും പറഞ്ഞു: 'അതെ, ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. നിനക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുകൊള്ളുക.' അടികൊണ്ട് സഹോദരിയുടെ രക്തം ഒലിക്കുന്നത് കണ്ട ഉമറില്‍ കുറ്റബോധമുണ്ടായി. അദ്ദേഹം അവരോടു പറഞ്ഞു: 'ശരി, നിങ്ങള്‍ വായിച്ചുകൊണ്ടിരുന്ന ആ ഏട് എന്നെയും കാണിക്കുക.' താന്‍ അത് കീറിക്കളയുകയില്ലെന്ന് അദ്ദേഹത്തെക്കൊണ്ടവര്‍ സത്യം ചെയ്യിച്ചു. പിന്നെ കുളിച്ചു ദേഹശുദ്ധിവരുത്തി വരാനാവശ്യപ്പെട്ടു. ഉമര്‍(റ) കുളികഴിഞ്ഞുവന്ന് പ്രസ്തുത ഏടുകളെടുത്ത് വായിച്ചു തുടങ്ങി. സൂറ ത്വാഹായായിരുന്നു ആ ഏടില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതുവായിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) പറഞ്ഞുപോയി, 'ഹാ! എത്ര സുന്ദരമായ വചനങ്ങള്‍.' ഇതു കേട്ടപ്പോള്‍, അവിടെ മറഞ്ഞിരിക്കുകയായിരുന്ന ഖബ്ബാബുബ്‌നു അറത്ത്(റ) വെളിയില്‍ വന്നിട്ട് പറഞ്ഞു: 'അല്ലാഹുവാണ! പ്രവാചകന്റെ ദൗത്യം പ്രചരിപ്പിക്കുന്നതില്‍ താങ്കളെക്കൊണ്ട് മഹത്തായ സേവനങ്ങള്‍ അല്ലാഹു ചെയ്യിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അബുല്‍ഹകമുബ്‌നു ഹിശാമോ (അബൂജ‍ഹ്ല്‍ N5) ഉമറുബ്‌നുല്‍ ഖത്ത്വാബോ ഇവരിലാരെങ്കിലും ഒരാളെ ഇസ്‌ലാമിന്റെ സംരക്ഷകനാക്കിത്തരേണമേ എന്ന് നബി(സ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് ഇന്നലെക്കൂടി ഞാന്‍ കേട്ടതാണ്. അല്ലയോ ഉമര്‍! അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരുക, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരുക.' ഈ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തില്‍ ആഞ്ഞുതറച്ചു. അദ്ദേഹം അപ്പോള്‍തന്നെ ഖബ്ബാബു(റ)മൊത്ത് തിരുനബി(സ)യുടെ മുമ്പില്‍ ചെന്ന് ഇസ്‌ലാം ആശ്ലേഷിച്ചു. അബിസീനിയാ പലായനത്തിന്റെ ഉടനെയാണ് ഈ സംഭവം നടന്നത്.


പ്രതിപാദ്യം

അധ്യായം ആരംഭിക്കുന്നതിങ്ങനെയാണ്: അല്ലയോ മുഹമ്മദ്! താങ്കളെ വിപത്തില്‍പെടുത്താനല്ല ഈ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്. പാറക്കെട്ടുകളില്‍നിന്ന് പാലാറൊഴുക്കാന്‍ താങ്കളോടാവശ്യപ്പെടുന്നില്ല. വിശ്വസിക്കാത്തവരെ നിര്‍ബന്ധിച്ച് വിശ്വസിപ്പിക്കണമെന്നോ ഹൃദയം മരവിച്ചുപോയ ധിക്കാരികളുടെ ഹൃദയത്തില്‍ ഈ സന്ദേശം കുത്തിച്ചെലുത്തണമെന്നോ താങ്കളോട് കല്‍പിക്കുന്നുമില്ല. ഹൃദയത്തില്‍ ദൈവഭയമുള്ളവരും ദൈവത്തിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനാഗ്രഹിക്കുന്നവരും ശ്രവിച്ച് അനുസരിക്കേണ്ടതിനുള്ള ഉപദേശവും അനുസ്മരണവും മാത്രമാണിത്. ആര്‍ വിശ്വസിക്കട്ടെ വിശ്വസിക്കാതിരിക്കട്ടെ, താങ്കള്‍ ഈ രണ്ടു യാഥാര്‍ഥ്യങ്ങള്‍ മനസ്സിലുറപ്പിക്കുക-- ഇത് ആകാശഭൂമികളുടെ അധിപന്റെ വചനങ്ങളാകുന്നു; അവനല്ലാതെ മറ്റൊരു ദൈവവുമില്ല. ഈ ആമുഖത്തിനുശേഷം പെട്ടെന്ന് മൂസാനബി(അ)യുടെ കഥയാരംഭിക്കുന്നു. പ്രത്യക്ഷത്തില്‍ കേവലം ഒരു കഥാകഥനരൂപത്തില്‍ത്തന്നെയാണ് അതവതരിപ്പിക്കുന്നത്. പശ്ചാത്തലത്തിന്റെ സവിശേഷതകളിലേക്ക് ഒരു സൂചനപോലും കാണുകയില്ല. പക്ഷേ, സൂറയുടെ അവതരണഘട്ടത്തില്‍ മക്കയിലുണ്ടായിരുന്ന പരിതഃസ്ഥിതികളിലേക്ക് ഇറങ്ങിനിന്ന് ഈ കഥാകഥനം ശ്രദ്ധിച്ചാല്‍ അത് വരികള്‍ക്കിടയിലൂടെ മക്കാനിവാസികളോട് വ്യംഗ്യമായി മറ്റു ചില സംഗതികള്‍ കൂടി പറയുന്നതായി മനസ്സിലാക്കാം. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുമ്പ് ഒരു കാര്യം നന്നായി ഗ്രഹിച്ചിരിക്കണം. അതായത്, അറേബ്യയില്‍ അക്കാലത്ത് ധാരാളം ജൂതന്മാരുണ്ടായിരുന്നു. ജൂതന്മാരുടെ വൈജ്ഞാനിക-ധൈഷണിക നിലവാരം അറബികളുടേതിനേക്കാള്‍ മികച്ചതായിരുന്നു. കൂടാതെ അബിസീനിയക്കാരുടെയും റോമക്കാരുടെയും ക്രൈസ്തവാധിപത്യവും അറബികളില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി അവര്‍ മൊത്തത്തില്‍ മൂസാനബി(അ)യെ അല്ലാഹുവിന്റെ ഒരു പ്രവാചകനായി അംഗീകരിച്ചു. പ്രസ്തുത യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തി വീക്ഷിക്കുമ്പോള്‍ ഈ കഥയുടെ വരികള്‍ക്കിടയിലൂടെ അല്ലാഹു അറബികളെ താഴെ പറയുന്ന സംഗതികള്‍ ധരിപ്പിക്കുന്നതായി കാണാം: 1) അല്ലാഹു ആരെയെങ്കിലും അവന്റെ പ്രവാചകനായി നിശ്ചയിക്കുമ്പോള്‍ പെരുമ്പറമുട്ടി കുറെ ആളുകളെ വിളിച്ചുകൂട്ടി 'ഹേ ജനങ്ങളേ, ഇന്നുമുതല്‍ നാം ഇന്നയാളെ നമ്മുടെ പ്രവാചകനായി നിശ്ചയിച്ചിരിക്കുന്നു' എന്നു വിളംബരം ചെയ്യുക പതിവില്ല. അല്ലാഹു ആര്‍ക്കെങ്കിലും പ്രവാചകത്വം നല്‍കുകയാണെങ്കില്‍, മൂസാനബിക്ക് നല്‍കിയപോലെ അല്ലാഹുവിന്റെ വചനത്തിലൂടെയാണ് നല്‍കുക. മുമ്പുള്ള പ്രവാചകന്മാരുടെ കാര്യത്തിലൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ മുഹമ്മദ് നിങ്ങളുടെ മുമ്പില്‍ പ്രവാചകനായി പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രം അതേപ്പറ്റി ആകാശത്തുനിന്ന് വിളിച്ചറിയിപ്പുണ്ടാവുകയോ മാലാഖമാര്‍ ഭൂമിയിലിറങ്ങി നടന്ന് പെരുമ്പറയടിച്ച് വിളംബരപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നതില്‍ നിങ്ങളെന്തിന് സംശയിക്കണം? 2) മുഹമ്മദ് (സ) നിങ്ങളുടെ മുമ്പില്‍വെക്കുന്ന സന്ദേശങ്ങള്‍ (തൗഹീദും ആഖിറത്തും) തന്നെയാണ് മൂസാനബിക്കും പ്രവാചകത്വപദവി നല്‍കിയപ്പോള്‍ അല്ലാഹു പഠിപ്പിച്ചുകൊടുത്തത്. 3) ഇന്ന് മുഹമ്മദ് (സ) നിങ്ങളുടെയിടയില്‍ എപ്രകാരം ഒറ്റപ്പെട്ടവനും നിസ്സഹായനുമായിരിക്കുന്നുവോ അതേപ്രകാരംതന്നെയായിരുന്നു മഹത്തായ ഈ ദൗത്യം നിര്‍വഹിക്കാന്‍ കല്‍പിക്കപ്പെട്ടപ്പോള്‍ മൂസാനബിയുടെയും അവസ്ഥ. സൈന്യങ്ങളോ ആയുധങ്ങളോ ഇല്ലാതെ അദ്ദേഹത്തെ തനിച്ചാണ് അല്ലാഹു സേച്ഛാധിപതിയായ ഫറവോന്റെ മുമ്പിലേക്കയച്ചത്. അല്ലാഹുവിന്റെ പ്രവൃത്തികള്‍ അത്യന്തം അദ്ഭുതകരമത്രെ. മദ്‌യനില്‍നിന്ന് മിസ്വ്‌റിലേക്കുപോകുന്ന ഒരു സഞ്ചാരിയെ വഴിയില്‍ നിര്‍ത്തിയിട്ട് അവന്‍ കല്‍പിക്കുന്നു: 'പോവുക, കാലഘട്ടത്തിന്റെ ഏറ്റവും വലിയ സേച്ഛാധിപതിയായ ഫറവോനെ ചെന്നു ചെറുക്കുക.' അദ്ദേഹത്തിന് സഹായിയായി തന്റെ സഹോദരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്‍ത്തിരമ്പുന്ന സൈന്യങ്ങളില്ല, അശ്വങ്ങളില്ല, ആനകളില്ല; അതിഗംഭീരമായ ഒരു സംരംഭത്തിനാവശ്യമുള്ള ഒന്നും അദ്ദേഹത്തിന്റെ കൂടെയില്ല. 4) മുഹമ്മദ് നബി(സ)യുടെ നേരെ ഇന്ന് മക്കാനിവാസികള്‍ ഏതെല്ലാം സന്ദേഹങ്ങളും വിമര്‍ശനങ്ങളും ന്യായവാദങ്ങളും ഉന്നയിക്കുന്നുവോ, അദ്ദേഹത്തിനെതിരായി എന്തെല്ലാം മര്‍ദനമുറകളും വഞ്ചനകളും പ്രയോഗിക്കുന്നുവോ അവയെല്ലാം അതിനേക്കാള്‍ വലിയ തോതില്‍ ഫറവോന്‍ മൂസായുടെ നേരെയും പ്രയോഗിച്ചിട്ടുണ്ട്. എന്നിട്ടും ഫറവോന്റെ പ്ലാനുകളും പദ്ധതികളും എപ്രകാരം നിഷ്ഫലമായിത്തീര്‍ന്നുവെന്ന് ചിന്തിക്കുക. സമ്പത്തും സന്നാഹങ്ങളുമില്ലാത്ത പ്രവാചകനോ, സൈന്യങ്ങളും സജ്ജീകരണങ്ങളുമുള്ള ഫറവോനോ ആരാണ് അവസാനം വിജയിച്ചത്? മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഗുപ്തമായ ഒരു സാന്ത്വനവും ഈ ശൈലി ഉള്‍ക്കൊള്ളുന്നുണ്ട്. സ്വന്തം ഇല്ലായ്മകളെയും വല്ലായ്മകളെയും സത്യനിഷേധികളുടെ ക്ഷേമൈശ്വര്യങ്ങളെയും കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ആരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലാണോ ദൈവികകരമുള്ളത് അവര്‍ക്കായിരിക്കും അന്തിമവിജയം എന്നതാണത്. അതോടൊപ്പം ഈജിപ്ഷ്യന്‍ ജാലവിദ്യക്കാരുടെ ചരിത്രവും അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു. യാഥാര്‍ഥ്യം വ്യക്തമായപ്പോള്‍ ജാലവിദ്യക്കാര്‍ ഫറവോന്റെ മുമ്പില്‍വെച്ചുതന്നെ മൂസാനബിയില്‍ വിശ്വസിച്ചു. ഫറവോന്റെ പ്രതികാരനടപടികളെക്കുറിച്ചുള്ള ഭീതിക്ക് അവരുടെ ഒരു രോമത്തെപ്പോലും ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല. 5) അവസാനം, ഇസ്‌റാഈല്യരുടെ ചരിത്രത്തില്‍നിന്ന് ഒരു ദൃഷ്ടാന്തം എടുത്തുകാണിച്ച് ദേവതകളെയും വിഗ്രഹങ്ങളെയും ആരാധിക്കുന്ന സമ്പ്രദായം എത്രമാത്രം മൂഢമായ രീതിയിലാണാവിര്‍ഭവിക്കുന്നതെന്നും ദൈവദൂതന്‍ അത്തരം മ്ലേച്ഛവസ്തുക്കളെ അടയാളംപോലും അവശേഷിക്കാത്തവിധം എപ്രകാരം നശിപ്പിച്ചുവെന്നും വിവരിക്കുന്നു. ഇന്ന് നബി (സ) എതിര്‍ത്തുവരുന്ന വിഗ്രഹാരാധന നുബുവ്വത്തിന്റെ ചരിത്രത്തില്‍ മുമ്പും ആരാലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് സമര്‍ഥിക്കുകയാണിതിലൂടെ അല്ലാഹു ചെയ്തിരിക്കുന്നത്. ഈ വിധം മൂസാ(അ)യുടെ ചരിത്രത്തിന്റെ അനാച്ഛാദനത്തിലൂടെ അദ്ദേഹത്തിന്റെയും മുഹമ്മദ് നബി(സ)യുടെയും മുമ്പിലുണ്ടായിരുന്ന സമാന പ്രശ്‌നങ്ങളിലേക്കും പ്രതിബന്ധങ്ങളിലേക്കും വെളിച്ചം വീശിയിരിക്കുന്നു. അതിനുശേഷം സംക്ഷിപ്തമായ ഒരു ഉപദേശമാണുള്ളത്: നിങ്ങളുടെ ഭാഷയില്‍, നിങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള ഒരു ഉപദേശവും അനുസ്മരണവുമായിട്ടാണ് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിന് ചെവികൊടുക്കുകയും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നല്ലത്. അനുസരിക്കുന്നില്ലെങ്കില്‍ അതിന്റെ ദുഷ്ഫലം നിങ്ങള്‍തന്നെ കണ്ടുകൊള്ളുക. പിന്നീട് ആദമി(അ)ന്റെ കഥയുദ്ധരിച്ചുകൊണ്ട് ഈ വസ്തുത വ്യക്തമാക്കുന്നു: നിങ്ങളിപ്പോള്‍ യഥാര്‍ഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നത് പിശാചിന്റെ കാല്‍പാടുകളിലൂടെയാണ്. പിശാചിന്റെ വഞ്ചനയില്‍ അകപ്പെട്ടുപോവുകയെന്നത് ചില കാലങ്ങളില്‍ മനുഷ്യരെ ബാധിക്കുന്ന ഒരു ദൗര്‍ബല്യമത്രെ. വളരെ പ്രയാസപ്പെട്ടാലേ അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂ. ശരിയായ നിലപാട് ഇതാണ്: എപ്പോള്‍ തന്റെ അബദ്ധം മനസ്സിലാകുന്നുവോ അപ്പോള്‍ ആദിപിതാവ് ആദമി(അ)നെ അനുകരിച്ച് സ്വന്തം തെറ്റുകള്‍ സമ്മതിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് മടങ്ങുക. തെറ്റും ശരിയും വേര്‍തിരിച്ച് മനസ്സിലാക്കുകയും അടിക്കടി ഉപദേശങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുള്ള ഒരുവന്‍ തെറ്റില്‍നിന്ന് വിരമിക്കുന്നില്ലെങ്കില്‍ സ്വന്തം കാലിനുതന്നെ കോടാലിവെക്കുകയാണയാള്‍ ചെയ്യുന്നത്. അതിന്റെ ദുരന്തം സ്വയംതന്നെ അനുഭവിക്കേണ്ടിവരും. മറ്റാര്‍ക്കും ഒരു നഷ്ടവും സംഭവിക്കാനില്ല. സൂറാന്ത്യത്തില്‍ നബി(സ)യോടും മുസ്‌ലിംകളോടും, ധിക്കാരികളുടെ ചെയ്തികളില്‍ അക്ഷമരാകരുതെന്ന് ഉപദേശിക്കുന്നു. നിഷേധവും ധിക്കാരവും പ്രകടിപ്പിക്കുന്നവരെ ഉടനടി ശിക്ഷിക്കുകയല്ല, അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടത്ര സമയമനുവദിക്കുകയാണ് അല്ലാഹുവിന്റെ നടപടിക്രമം. അതുകൊണ്ട് അസ്വസ്ഥരാകാതെ സഹനത്തോടെ അവരുടെ അക്രമങ്ങളെ അതിജീവിച്ച് സത്യപ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കുക. ഇതോടൊപ്പം നമസ്‌കാരത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞിരിക്കുന്നു. കാരണം ക്ഷമ, സഹനം, സംതൃപ്തി മുതലായവ സത്യപ്രബോധകരില്‍ ഉണ്ടായിരിക്കേണ്ട അനിവാര്യഗുണങ്ങളാണ്.

Source: www.thafheem.net