VERSES
286
PAGES
2-49

നാമം

ഈ അധ്യായത്തില്‍ ഒരിടത്ത് പശുവെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതില്‍നിന്നാണ്, ഇതിന് ബഖറ (പശു) എന്ന് പേര്‍ സിദ്ധിച്ചത്. വിശുദ്ധ ഖുര്‍ആനിലെ ഓരോ അധ്യായത്തിലും അതിവിപുലമായ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. തന്നിമിത്തം വിഷയങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ തലക്കെട്ടുകള്‍ അവയ്ക്ക് നിശ്ചയിക്കുക സാധ്യമല്ല. അറബിഭാഷ എത്രമേല്‍ പദസമ്പന്നമാണെങ്കിലും, അതും ഒരു മനുഷ്യഭാഷ തന്നെയാണല്ലോ. മനുഷ്യന്‍ സംസാരിക്കുന്ന ഏത് ഭാഷയും സങ്കുചിതവും പരിമിതവുമാണ്. മുന്‍പറഞ്ഞ തരത്തില്‍ അതിവിസ്തൃതങ്ങളായ വിഷയങ്ങള്‍ക്കെല്ലാംകൂടി തലവാചകമായിരിക്കാന്‍കൊള്ളുന്ന വാക്കുകളോ വാചകങ്ങളോ സംഭാവന ചെയ്യുക അവക്ക് സാധ്യമല്ല. അതിനാല്‍, തലക്കെട്ടുകള്‍ക്ക് പകരം, കേവലം അടയാളമായി ഉപയോഗിക്കാവുന്ന നാമങ്ങളാണ് വിശുദ്ധ ഖുര്‍ആനിലെ മിക്ക അധ്യായങ്ങള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്. ഈ സൂറക്ക് ബഖറ (പശു) എന്ന് പേര്‍ പറയുന്നതിന്റെ വിവക്ഷ, ഇതില്‍ ഗോപ്രശ്‌നം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു എന്നല്ല; 'പശുവിനെക്കുറിച്ചു പറഞ്ഞിട്ടുള്ള അധ്യായം' എന്നേ അതിനര്‍ഥമുള്ളൂ.


അവതരണ കാലം

ഈ സൂറയുടെ മിക്ക ഭാഗവും ഹിജ്‌റ(നബിയുടെ മദീനാ പലായനം)ക്കുശേഷം മദീനാ ജീവിതത്തിന്റെ പ്രാരംഭദശയില്‍ അവതരിച്ചിട്ടുള്ളതാണ്. ചുരുക്കം ചില ഭാഗങ്ങള്‍ പിന്നീടവതരിച്ചവയും, വിഷയങ്ങളുടെ യോജിപ്പ് പരിഗണിച്ച് ഇതില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടവയും ആകുന്നു. എന്നല്ല, പലിശയുടെ നിരോധം സംബന്ധിച്ച്, നബി(സ) തിരുമേനിയുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവതരിച്ച വാക്യങ്ങള്‍പോലും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൂറയുടെ അവസാനത്തെ സൂക്തങ്ങള്‍ ഹിജ്‌റക്കുമുമ്പ്, മക്കാ ജീവിതത്തില്‍ അവതരിച്ചതായിരുന്നുവെങ്കിലും വിഷയത്തിന്റെ ചേര്‍ച്ച കാരണം അവയും ഈ സൂറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


അവതരണ പശ്ചാത്തലം

ഈ സൂറയെ മനസ്സിലാക്കാന്‍, ആദ്യമായി അതിന്റെ ചരിത്ര പശ്ചാത്തലം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. 1. ഹിജ്‌റയുടെ മുമ്പ് മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടന്നുകൊണ്ടിരുന്ന കാലത്ത് ഖുര്‍ആന്റെ അഭിസംബോധനം മിക്കവാറും അറേബ്യന്‍ മുശ്‌രിക്കുകളോടായിരുന്നു. ഇസ്‌ലാമിന്റെ ശബ്ദം ആ ബഹുദൈവാരാധകന്മാര്‍ക്ക് പുതിയതും അപരിചിതവുമായിരുന്നു. എന്നാല്‍, ഹിജ്‌റക്കുശേഷം യഹൂദന്മാരെയാണ് ഖുര്‍ആന്ന് അഭിമുഖീകരിക്കേണ്ടതായി വന്നത്. അവര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ മദീനയുമായി ചേര്‍ന്നുകിടന്നിരുന്നു. തൗഹീദ്, രിസാലത്ത്, വഹ്‌യ്, ആഖിറത്, മലാഇകത്ത് എന്നീ അടിസ്ഥാന കാര്യങ്ങളെല്ലാം സമ്മതിക്കുന്നവരായിരുന്നു അവര്‍. അവരുടെ പ്രവാചകനായ മൂസാ(അ)ക്ക് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ച ശരീഅത്ത് വ്യവസ്ഥയും അവര്‍ അംഗീകരിച്ചിരുന്നു. മുഹമ്മദ് നബി (സ) പ്രബോധനം ചെയ്തുകൊണ്ടിരുന്ന അതേ ഇസ്‌ലാം തന്നെയായിരുന്നു അടിസ്ഥാനപരമായി അവരുടെയും മതം. എന്നാല്‍, നൂറ്റാണ്ടുകളായി സംഭവിച്ച, തുടര്‍ച്ചയായുള്ള അധഃപതനം അവരെ സാക്ഷാല്‍ ദീനില്‍നിന്ന് ബഹുദൂരം അകറ്റിക്കളഞ്ഞിട്ടുണ്ടായിരുന്നു. (മൂസാനബി(അ) കാലഗതിയടഞ്ഞ്, അന്നേക്ക് സുമാര്‍ 19 നൂറ്റാണ്ട് കഴിഞ്ഞിരുന്നു. ഇസ്രാഈലീ ചരിത്രത്തിന്റെ കണക്കനുസരിച്ച് മൂസാ (അ) ക്രിസ്തുവിനുമുമ്പ് 1272-ലാണ് മരണമടഞ്ഞത്. നബി(സ) തിരുമേനിക്ക് ദൗത്യം ലഭിച്ചത് ക്രിസ്ത്വബ്ദം 610ലും) തങ്ങളുടെ വേദഗ്രന്ഥമായ തൗറാത്തില്‍നിന്ന് ഒരു തെളിവും ലഭിക്കാത്ത അനിസ്‌ലാമികത്വത്തിന്റെ മൂലകങ്ങള്‍ അവരുടെ ആദര്‍ശവിശ്വാസങ്ങളില്‍ ധാരാളം കലര്‍ന്നുകഴിഞ്ഞിരുന്നു; യഥാര്‍ഥ ദീനില്‍ ഇല്ലാത്തതും തൗറാത്ത് മുഖേന സ്ഥാപിക്കാന്‍ കഴിയാത്തതുമായ എത്രയോ ആചാര സമ്പ്രദായങ്ങള്‍ അവരുടെ കര്‍മജീവിതത്തില്‍ നടപ്പായിക്കഴിഞ്ഞിരുന്നു; തൗറാത്തിനെത്തന്നെയും മനുഷ്യവചനങ്ങളുമായി അവര്‍ കൂട്ടിക്കലര്‍ത്തിയിരുന്നു; ദൈവവാക്യങ്ങള്‍ വാക്കിലോ അര്‍ഥത്തിലോ കുറെയൊക്കെ സുരക്ഷിതമായിരുന്നുവെങ്കില്‍, തന്നിഷ്ടത്തിനൊത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വഴി അതുമവര്‍ അലങ്കോലപ്പെടുത്തിയിരുന്നു; ദീനിന്റെ യഥാര്‍ഥ ചൈതന്യം അവരില്‍നിന്ന് പറ്റെ പോയിക്കഴിഞ്ഞിരുന്നു. ബാഹ്യമാത്രമായ മതാനുഷ്ഠാനത്തിന്റെ നിര്‍ജീവമായൊരു ചട്ടക്കൂടാണ് അവര്‍ മാറോടണച്ചു പിടിച്ചിരുന്നത്. അവരുടെ പണ്ഡിത-പുരോഹിതന്മാരുടെയും സമുദായ നേതാക്കളുടെയും പൊതുജനങ്ങളുടെയുമെല്ലാം ആദര്‍ശപരവും കര്‍മപരവും ധാര്‍മികവുമായ നില അങ്ങേയറ്റം ദുഷിച്ചുകഴിഞ്ഞിരുന്നു. ആ ദുഷിച്ച നിലപാടില്‍ തികച്ചും സന്തുഷ്ടരായിരുന്നത് കാരണം ഒരുവിധ സംസ്‌കരണവും അംഗീകരിക്കാന്‍ അവര്‍ തീരെ സന്നദ്ധരായിരുന്നില്ല. അല്ലാഹുവിന്റെ വല്ല ദാസനും അവര്‍ക്ക് ദീനിന്റെ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കാനായി വരുന്ന പക്ഷം അയാളെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കുകയും അയാളുടെ സംസ്‌കരണപ്രവര്‍ത്തനം വിജയിക്കാതിരിക്കാന്‍ കഴിയുംവിധമെല്ലാം പരിശ്രമിക്കുകയും ചെയ്കയെന്ന നയമാണ് നൂറ്റാണ്ടുകളായി അവര്‍ കൈക്കൊണ്ടുപോന്നിരുന്നത്. ദുഷിച്ചുകഴിഞ്ഞ മുസ്‌ലിംകള്‍ എന്നതായിരുന്നു യഥാര്‍ഥത്തില്‍ ഇവരുടെ അവസ്ഥ. അനാചാരങ്ങള്‍, ദൈവവിധികളെ മാറ്റിമറിക്കല്‍, ദുര്‍വ്യാഖ്യാനങ്ങള്‍, മിഥ്യാ വിവാദങ്ങള്‍, തര്‍ക്കവിതര്‍ക്ക കോലാഹലങ്ങള്‍, വര്‍ഗീയവും പാര്‍ട്ടിപരവുമായ വടംവലികള്‍, കേവലം ഉപരിപ്ലവമായ ചിന്തകള്‍, ദൈവവിസ്മൃതി, ഭൗതികപൂജ എന്നിവ മൂലം അധഃപതനം പരമകാഷ്ഠ പ്രാപിച്ചിരുന്നതു കാരണം, തങ്ങളുടെ മുസ്‌ലിം എന്ന സാക്ഷാല്‍ പേരുപോലും അവര്‍ വിസ്മരിച്ചുകളയുകയും യഹൂദര്‍ മാത്രമായി പരിണമിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഇസ്രാഈല്‍വംശത്തിന്റെ കുത്തകസ്വത്തായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അങ്ങനെ, നബി(സ) മദീനയിലെത്തിയതോടെ അവരെ സാക്ഷാല്‍ ദീനിലേക്ക് പ്രബോധനം ചെയ്യാന്‍ അല്ലാഹു തിരുമേനിയോടാജ്ഞാപിച്ചു. ഇതേ പ്രബോധനമാണ്, സൂറതുല്‍ ബഖറയിലെ ആദ്യത്തെ പതിനാറ് ഖണ്ഡികകളില്‍ അടങ്ങിയിരിക്കുന്നത്. യഹൂദികളുടെ ചരിത്രവും അവരുടെ ധാര്‍മികവും മതപരവുമായ അവസ്ഥയും അതില്‍ ശക്തിയുക്തം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ദുഷിച്ച മതാനുഷ്ഠാനത്തിന്റെയും ധാര്‍മികതയുടെയും പ്രകടമായ പ്രത്യേകതകള്‍ക്കെതിരില്‍ സാക്ഷാല്‍ ദീനിന്റെ തത്ത്വങ്ങളും ഒപ്പത്തിനൊപ്പം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രവാചകന്റെ അനുയായികള്‍ ദുഷിച്ചുപോകുന്നതിന്റെ സ്വഭാവമെന്തായിരിക്കുമെന്നും കേവലം ചടങ്ങായി അവശേഷിച്ച മതാനുഷ്ഠാനത്തിനെതിരില്‍, സാക്ഷാല്‍ മതനിഷ്ഠയെന്തെന്നും സത്യദീനിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഏതെന്നും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പ്രാധാന്യം ഏതിനാണെന്നുമെല്ലാം അതില്‍നിന്ന് നല്ലപോലെ വ്യക്തമാകുന്നതാണ്. 2. മദീനയിലെത്തിയതോടെ ഇസ്‌ലാമിക പ്രബോധനം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. മക്കയില്‍ ദീനിന്റെ അടിസ്ഥാനതത്ത്വങ്ങളുടെ പ്രചാരണവും ദീന്‍ സ്വീകരിക്കുന്നവരുടെ ധാര്‍മിക സംസ്‌കരണവുമാണ് നടന്നിരുന്നത്. എന്നാല്‍, ഹിജ്‌റക്കുശേഷം അറേബ്യയിലെ വിവിധ ഗോത്രങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം നാനാ ഭാഗത്തുനിന്നും ഒരിടത്ത് ഒരുമിച്ചുകൂടാന്‍ തുടങ്ങുകയും അന്‍സാറുകളുടെN12 സഹായത്തോടുകൂടി ഒരു ചെറു ഇസ്‌ലാമിക സ്‌റ്റേറ്റിന് അടിത്തറയിടുകയും ചെയ്തതോടെ, നാഗരികവും സാമൂഹികവും നിയമപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെസ്സംബന്ധിച്ച അടിസ്ഥാന നിര്‍ദേശങ്ങളും അല്ലാഹു നല്‍കിത്തുടങ്ങി. ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ ഈ പുതിയ ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്തു. ഈ സൂറയിലെ അവസാനത്തെ 23 ഖണ്ഡികകള്‍ മിക്കവാറും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അവയിലധികവും മദീനാ ജീവിതത്തിന്റെ ആരംഭത്തില്‍തന്നെ നല്‍കപ്പെട്ടിരുന്നു. ചിലത് വിവിധ സന്ദര്‍ഭങ്ങളിലായി ആവശ്യാനുസൃതം പിന്നീട് നല്‍കപ്പെട്ടവയാണ്. 3. ഹിജ്‌റക്കു ശേഷം ഇസ്‌ലാമും കുഫ്‌റും തമ്മിലുള്ള സംഘട്ടനവും ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഹിജ്‌റയുടെ മുമ്പ് ഇസ്‌ലാമിന്റെ പ്രബോധനം കുഫ്‌റിന്റെ നാട്ടില്‍ തന്നെയാണ് നടത്തപ്പെട്ടിരുന്നത്; വിവിധ ഗോത്രങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നവര്‍ അവരവരുടെ സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടുതന്നെ ദീന്‍ പ്രചരിപ്പിക്കുകയും, എതിര്‍ഭാഗത്തുനിന്നുള്ള അക്രമമര്‍ദനങ്ങള്‍ക്കിരയാവുകയും ചെയ്തുപോന്നു. എന്നാല്‍, ചിതറിക്കിടക്കുന്ന ഈ മുസ്‌ലിംകള്‍ ഹിജ്‌റക്കുശേഷം മദീനയില്‍ വന്നുചേര്‍ന്ന് ഒരു സംഘമായിത്തീരുകയും ഒരു ചെറിയ സ്വതന്ത്ര സ്‌റ്റേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ സ്ഥിതിഗതിക്ക് വലിയൊരു മാറ്റം സംഭവിച്ചു. ഒരു വശത്ത് ഇസ്‌ലാമിന്റെ പേരില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ചെറു പ്രദേശം; മറുവശത്താകട്ടെ, മുഴുവന്‍ അറബികളും അതിനെ ഉന്‍മൂലനം ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്നു. ഈ പരിതഃസ്ഥിതിയില്‍, ഒരു കൈപ്പിടിയിലൊതുങ്ങുന്ന കൊച്ചു ഇസ്‌ലാമിക സംഘടനയുടെ വിജയമെന്നല്ല, നിലനില്‍പുതന്നെ ചില സംഗതികളെ ആശ്രയിച്ചാണിരുന്നത്. ഒന്നാമത്, തങ്ങള്‍ കൈക്കൊണ്ട മാര്‍ഗത്തെ തികഞ്ഞ ആവേശത്തോടെ ഊര്‍ജസ്വലമായി പ്രചരിപ്പിച്ചുകൊണ്ട് കഴിയുന്നത്ര കൂടുതലാളുകളെ തങ്ങളുടെ ആദര്‍ശക്കാരാക്കി മാറ്റാന്‍ പരിശ്രമിക്കുക. രണ്ടാമത്, ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യനും സംശയിക്കാന്‍ പഴുതില്ലാത്തവിധം, എതിരാളികള്‍ അസത്യത്തിലും ദുര്‍മാര്‍ഗത്തിലുമാണെന്ന് ലക്ഷ്യസഹിതം തെളിയിക്കുക. മൂന്നാമത്, ജീവിതോപകരണങ്ങള്‍ നിശ്ശേഷം നഷ്ടപ്പെടുകയും നാട്ടിന്റെ മുഴുവന്‍ എതിര്‍പ്പിനും ശത്രുതക്കും ഇരയാവുകയും ചെയ്തതുകാരണം മുസ്‌ലിംകളെ ബാധിച്ചിരുന്ന പട്ടിണി, ദാരിദ്ര്യം, നിരന്തരമായ അരക്ഷിതാവസ്ഥ, അസമാധാനം, നാനാഭാഗത്തുനിന്നും വലയം ചെയ്തിരുന്ന ഭയങ്കര വിപത്തുകള്‍ എന്നിവയില്‍ അവര്‍ അസ്വസ്ഥരോ പരിഭ്രമചിത്തരോ ആവാതിരിക്കുകയും, പൂര്‍ണമായ സഹനത്തോടും ധൈര്യസ്‌ഥൈര്യത്തോടും ആ ദുഃസ്ഥിതികളെ നേരിടാന്‍ പ്രാപ്തരാവുകയും, ഒരുവിധ ചാഞ്ചല്യവും തങ്ങളുടെ മനോധൈര്യത്തെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. നാലാമത്, തങ്ങളുടെ പ്രബോധനത്തെ പരാജയപ്പെടുത്തുന്നതിനായി ഏത് ഭാഗത്തുനിന്നുമുണ്ടാകുന്ന സായുധ എതിര്‍പ്പിനെ ആയുധ ശക്തികൊണ്ടുതന്നെ നേരിടാന്‍ സന്നദ്ധരാവുകയും എതിരാളികളുടെ സംഖ്യാബലവും ഭൗതികശക്തിയും എത്ര വമ്പിച്ചതാണെങ്കിലും അവയെ തീരെ വിലവെക്കാതിരിക്കുകയും ചെയ്യുക. അഞ്ചാമത്, ഇസ്‌ലാം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ പുതിയ സാമൂഹികവ്യവസ്ഥിതി അറബികള്‍ സദുപദേശമാര്‍ഗേണ അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന പക്ഷം ജാഹിലിയ്യത്തിന്റെ ദുഷിച്ചുനാറിയ പഴഞ്ചന്‍ ജീവിതവ്യവസ്ഥിതിയെ ശക്തി പ്രയോഗിച്ചും നശിപ്പിക്കാന്‍ മടിക്കാതിരിക്കത്തക്കവണ്ണം അവരില്‍ മനോധൈര്യം വളര്‍ത്തിയെടുക്കുക. ഈ അഞ്ച് കാര്യങ്ങളെക്കുറിച്ചും അല്ലാഹു ഈ സൂറയില്‍ പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 4. ഇസ്‌ലാമിക പ്രബോധനത്തിന്റെ ഈ ഘട്ടത്തില്‍ ഒരു പുതിയ വിഭാഗവും തലപൊക്കാന്‍ തുടങ്ങിയിരുന്നു. മുനാഫിഖു(കപടവിശ്വാസി)കളുടെ വിഭാഗമായിരുന്നു അത്. നിഫാഖിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ മക്കാജീവിതത്തിന്റെ അവസാന കാലത്തുതന്നെ പ്രകടമാവാന്‍ തുടങ്ങിയിരുന്നെങ്കിലും ഇസ്‌ലാം സത്യമെന്നും തങ്ങള്‍ക്കതില്‍ വിശ്വാസമുണ്ടെന്നും സമ്മതിക്കുകയും എന്നാല്‍, ആ സത്യത്തിനുവേണ്ടി സ്വതാല്‍പര്യങ്ങള്‍ ബലിയര്‍പ്പിക്കാനോ ഭൗതികബന്ധങ്ങള്‍ മുറിക്കാനോ സത്യമാര്‍ഗം അംഗീകരിക്കുന്നതോടെ വന്നുപതിക്കാന്‍ തുടങ്ങിയിരുന്ന കഷ്ടനഷ്ടങ്ങള്‍ സഹിക്കാനോ തയ്യാറില്ലാതിരിക്കുകയും ചെയ്ത ഒരുതരം മുനാഫിഖുകള്‍ മാത്രമേ അവിടെ കാണപ്പെട്ടിരുന്നുള്ളൂ. എന്നാല്‍, മദീനയിലെത്തിയതോടെ, അത്തരക്കാര്‍ക്കു പുറമേ വേറെ ചിലതരം മുനാഫിഖുകളെയും ഇസ്‌ലാമിക സമൂഹത്തില്‍ കണ്ടുതുടങ്ങി. ഇസ്‌ലാമില്‍ വിശ്വസിക്കാതെ, സംഘടനക്കുള്ളില്‍ കുഴപ്പം സൃഷ്ടിക്കാന്‍ മാത്രം കടന്നുകൂടിയിട്ടുള്ളവരായിരുന്നു ഒരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ, ഇസ്‌ലാമിക സംഘടനയുടെ അധികാരപരിധിക്കുള്ളില്‍ കുടുങ്ങിപ്പോയത് കാരണം, മുസ്‌ലിംകളായി അഭിനയിക്കുകയും മറുവശത്ത്, ഇസ്‌ലാമിന്റെ എതിരാളികളുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതിലാണ് തങ്ങള്‍ക്ക് നേട്ടമെന്ന് മനസ്സിലാക്കിയവരായിരുന്നു. അങ്ങനെ, രണ്ട് ഭാഗത്തുമുള്ള നന്മകള്‍ ആസ്വദിക്കുന്നതോടൊപ്പം ഇരുഭാഗത്തെയും ആപത്തുകളില്‍നിന്ന് രക്ഷനേടുകയും ചെയ്യാമെന്നവര്‍ വിചാരിച്ചു. മൂന്നാമതൊരു വിഭാഗം, ഇസ്‌ലാമിന്നും അനിസ്‌ലാമിന്നുമിടയില്‍ സംശയാലുക്കളായി ആടിക്കളിക്കുന്നവരായിരുന്നു. ഇസ്‌ലാം സത്യമെന്നവര്‍ക്ക് പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നില്ല; പക്ഷേ, സ്വകുടുംബത്തിലെയും ഗോത്രത്തിലെയും മിക്കപേരും മുസ്‌ലിംകളായിക്കഴിഞ്ഞിരുന്നതിനാല്‍ അവരും മുസ്‌ലിം വേഷം സ്വീകരിക്കയുണ്ടായി. നാലാമത്തെ വിഭാഗം സത്യദീനെന്ന നിലക്ക് ഇസ്‌ലാമിനെ സമ്മതിക്കുന്നവരെങ്കിലും, അനിസ്‌ലാമികമായ ആചാരസമ്പ്രദായങ്ങളും ദുര്‍നടപടികളും അന്ധവിശ്വാസപരമായ ഊഹാപോഹങ്ങളും കൈയൊഴിക്കാനോ, ഇസ്‌ലാമിന്റെ ധാര്‍മിക-സദാചാര നിബന്ധനകള്‍ കൈക്കൊള്ളാനോ, കടമകളും ബാധ്യതകളുമാകുന്ന ഭാരം വഹിക്കാനോ ഒരുക്കമില്ലാത്തവരായിരുന്നു. സൂറതുല്‍ ബഖറയുടെ അവതരണഘട്ടത്തില്‍ ഈ വിവിധതരം മുനാഫിഖുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, അവരെസ്സംബന്ധിച്ച് പൊതുവായ ചില സൂചനകള്‍ മാത്രമാണ് ഇതില്‍ അല്ലാഹു നല്‍കിയിട്ടുള്ളത്. പിന്നീട്, അവരുടെ സ്വഭാവങ്ങളും നീക്കങ്ങളും കൂടുതല്‍ പ്രത്യക്ഷമായി വന്നതനുസരിച്ച്, ശേഷമുള്ള അധ്യായങ്ങളില്‍ ഓരോ തരം മുനാഫിഖുകളെസ്സംബന്ധിച്ചും, അവരുടെ സ്വഭാവവിശേഷം പരിഗണിച്ച്, പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങള്‍ വിശദമായിത്തന്നെ നല്‍കിയിട്ടുണ്ട്.

Source: www.thafheem.net