VERSES
98
PAGES
305-312

നാമം

ഈ സൂറയുടെ നാമം وَاذْكُرْ فِي الْكِتَابِ مَرْيَمَ എന്നു തുടങ്ങുന്ന സൂക്തത്തില്‍നിന്ന് എടുക്കപ്പെട്ടതാണ്. ഹദ്‌റത്ത് മര്‍യമിനെ പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നു താല്‍പര്യം.


അവതരണ കാലം

അബിസീനിയന്‍ ഹിജ്‌റക്കു മുമ്പാണ് ഇതിന്റെ അവതരണം. മുസ്‌ലിം മുഹാജിറുകള്‍ നജ്ജാശിയുടെN560 ദര്‍ബാറില്‍ ഹാജറാക്കപ്പെട്ട സന്ദര്‍ഭത്തില്‍, നിറഞ്ഞ രാജസദസ്സില്‍ ഹദ്‌റത്ത് ജഅ്ഫര്‍N414 ഈ സൂറ പാരായണംചെയ്തുവെന്ന് പ്രബലമായ നിവേദനങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്.


ചരിത്ര പശ്ചാത്തലം

ഈ സൂറ അവതരിച്ച കാലത്തെ അവസ്ഥകളെക്കുറിച്ച് കുറച്ചൊക്കെ നാം സൂറ അല്‍കഹ്ഫിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ആ സംക്ഷിപ്ത സൂചന മാത്രം ഈ സൂറയെയും ഈ ഘട്ടത്തിലവതീര്‍ണമായ മറ്റു സൂറകളെയും വേണ്ടവണ്ണം മനസ്സിലാക്കാന്‍ പര്യാപ്തമാവുകയില്ല. അതിനാല്‍, നാം അന്നത്തെ സ്ഥിതിവിശേഷങ്ങളെ കുറെക്കൂടി വിശദീകരിക്കുകയാണ്. പുച്ഛം, പരിഹാസം, ഭീഷണി, പ്രലോഭനം, ആരോപണങ്ങള്‍ എന്നിവ മുഖേന ഇസ്‌ലാമികപ്രസ്ഥാനത്തെ അമര്‍ച്ചചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പിന്നെ ഖുറൈശി നേതാക്കള്‍ അക്രമം, മര്‍ദനം, ഉപരോധം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഓരോ ഗോത്രക്കാരും തങ്ങളുടെ ഗോത്രത്തിലെ നവമുസ്‌ലിംകളെ പിടികൂടി മര്‍ദിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തു. അന്നവും വെള്ളവും കൊടുക്കാതെ പീഡിപ്പിച്ചു. എത്രത്തോളമെന്നാല്‍ അതികിരാതമായ ശാരീരിക മര്‍ദനങ്ങള്‍ക്കുപോലും വിധേയരാക്കി അവരെ ഇസ്‌ലാം ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഖുറൈശികളുടെ കീഴിലുള്ള അടിമകള്‍, ഭൃത്യജനങ്ങള്‍, മുന്‍ അടിമകള്‍ (മൗലകള്‍), പാവപ്പെട്ടവര്‍ മുതലായ അവശവിഭാഗങ്ങളാണ് ഏറ്റവും ക്രൂരമായ വിധത്തില്‍ പീഡിപ്പിക്കപ്പെട്ടത്. ബിലാല്‍N670‍, ആമിറുബ്‌നു ഫുഹൈറN1406, ഉമ്മു ഉനൈസ്N226, സിന്നീറN1055, അമ്മാറുബ്‌നു യാസിര്‍N11‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ഈ ആളുകളെല്ലാം ക്രൂരമര്‍ദനങ്ങളാല്‍ അര്‍ധപ്രാണരാക്കപ്പെട്ടിരുന്നു. അവര്‍ക്ക് അന്നവും വെള്ളവും തടയപ്പെട്ടു. മക്കയിലെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴക്കപ്പെട്ടു. വെയിലത്തുകിടത്തി നെഞ്ചില്‍ ഭാരിച്ച കല്ലുകള്‍ കയറ്റിവെച്ചു മണിക്കൂറുകളോളം ഞെരിപിരികൊള്ളിച്ചു. തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിട്ട് കൂലികൊടുക്കാതെ പീഡിപ്പിച്ചു. ബുഖാരിയുംN1514 മുസ്‌ലിമുംN1462 ഖബ്ബാബുബ്‌നു അറത്തിN321ല്‍നിന്ന് ഉദ്ധരിക്കുന്നു: 'ഞാന്‍ മക്കയില്‍ ഒരു ഇരുമ്പു പണിക്കാരനായിരുന്നു. ആസ്വ് ഇബ്‌നു വാഇല്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചു. എന്നിട്ട് ഞാന്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ അയാള്‍ പറയുകയാണ്: നീ മുഹമ്മദിനെ തള്ളിപ്പറഞ്ഞാലല്ലാതെ ഞാന്‍ കൂലി തരില്ല.' കച്ചവടത്തിലേര്‍പ്പെട്ടിരുന്നവരുടെ കച്ചവടങ്ങള്‍ തകര്‍ക്കാനും ഈ രീതിയില്‍ ശ്രമങ്ങള്‍ നടത്തപ്പെട്ടിരുന്നു. സമൂഹത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നവരെ എല്ലാവിധേനയും നിന്ദിക്കാനും അപഹസിക്കാനും ശ്രമിച്ചു. ഈ കാലത്തെ സ്ഥിതിഗതികളെക്കുറിച്ച് ഹദ്‌റത്ത് ഖബ്ബാബ് പറയുന്നു: ഒരിക്കല്‍ നബി(സ) കഅ്ബയുടെ തണലില്‍ ആഗതനായി. ഞാന്‍ അവിടത്തെ സന്നിധിയില്‍ ചെന്ന് ബോധിപ്പിച്ചു: 'തിരുദൂതരേ, അക്രമം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്. അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ?' ഇതുകേട്ട് അവിടുത്തെ പരിശുദ്ധ മുഖം ചുവന്നുതുടുത്തു. അവിടുന്നു പറഞ്ഞു: 'നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വിശ്വാസികളുടെ നേരെ ഇതിനേക്കാള്‍ കഠിനമായ അക്രമ മര്‍ദനങ്ങളുണ്ടായിട്ടുണ്ട്. അവരുടെ അസ്ഥികളിലൂടെ കമ്പികള്‍ ഓട്ടിയിരുന്നു. അവരുടെ ശിരസ്സുകള്‍ വാളുകൊണ്ട് ഈര്‍ന്നിരുന്നു. എന്നിട്ടും അവര്‍ തങ്ങളുടെ ദീനില്‍നിന്ന് പിന്മാറിയില്ല. ഉറപ്പിച്ചുകൊള്ളുക: അല്ലാഹു ഈ ദൗത്യം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. അങ്ങനെ ഒരു കാലം സമാഗതമാകും. അന്ന് ഒരാള്‍ക്ക് സന്‍ആ മുതല്‍ ഹദ്‌റമൗത്തുവരെN1206 നിര്‍ഭയം സഞ്ചരിക്കാനാകും. അല്ലാഹുവിനെയല്ലാതെ മറ്റാരെയും അയാള്‍ക്ക് പേടിക്കേണ്ടിവരില്ല. പക്ഷേ, നിങ്ങള്‍ ബദ്ധപ്പാട് കാണിക്കുകയാണ്' (ബുഖാരി).H135 ഈ സ്ഥിതിവിശേഷം അസഹ്യമായിത്തീര്‍ന്നപ്പോള്‍ ഗജവര്‍ഷം 45 റജബില്‍ (നുബുവ്വത്തിന്റെ അഞ്ചാംവര്‍ഷം) തിരുമേനി തന്റെ ശിഷ്യന്മാരോട് പറഞ്ഞു: لَوْ خَرَجْتُم الىَ اَرضِ الحَبْشَة فان بِهَا مَلِكًا لاَ يُظْلم عِندَهُ اَحَدٌ وَهِيَ اَرْض صدق حَتَّى يَجْعل اللهُ لَكُم فرجًا مِمَّا انتم فِيهِ (നിങ്ങള്‍ അബിസീനിയാN1335 രാജ്യത്തേക്ക് പോവുകയാണെങ്കില്‍ അതായിരിക്കും നല്ലത്. അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തില്‍ ആരും മര്‍ദിക്കപ്പെടുന്നില്ല. അത് സത്യം പുലരുന്ന നാടാണ്. അല്ലാഹു നിങ്ങളുടെ ഇപ്പോഴത്തെ ക്ലേശങ്ങളില്‍നിന്ന് ഒരു മോചനമാര്‍ഗം ഉണ്ടാക്കിത്തരുന്നതുവരെ നിങ്ങള്‍ അവിടെ പാര്‍ത്തുകൊള്ളുക.) ഈ നിര്‍ദേശമനുസരിച്ച് ആദ്യമായി പതിനൊന്നു പുരുഷന്മാരും നാലു സ്ത്രീകളുമടങ്ങുന്ന ഒരു സംഘം അബിസീനിയയിലേക്ക് തിരിച്ചു. കടല്‍ത്തീരം വരെ ഖുറൈശികള്‍ അവരെ പിന്തുടരുകയുണ്ടായി. എങ്കിലും ഭാഗ്യവശാല്‍, ശുഐബിയ തുറമുഖN958ത്തുനിന്ന് തക്കസമയത്ത് ഹബ്ശയിലേക്കുള്ള കപ്പല്‍ കിട്ടിയതിനാല്‍ ആ മുഹാജിറുകള്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ കൂടുതല്‍ ആളുകള്‍ പലായനംചെയ്തു. അങ്ങനെ ഏതാനും മാസത്തിനിടക്ക് ഖുറൈശികളില്‍നിന്നുള്ള എണ്‍പത്തിമൂന്നു പുരുഷന്മാരും പതിനൊന്നു സ്ത്രീകളും ഏഴു ഖുറൈശികളല്ലാത്ത മുസ്‌ലിംകളും അബിസീനിയയില്‍ ഒത്തുകൂടി. നാല്‍പത് ആളുകള്‍ മാത്രമേ മക്കയില്‍ നബി(സ)യോടൊപ്പം ശേഷിച്ചിരുന്നുള്ളൂ. ഈ ഹിജ്‌റ മക്കയിലെ മിക്ക വീടുകളിലും വലിയ ആഘാതമുണ്ടാക്കി. തങ്ങളുടെ കണ്ണും വെളിച്ചവുമായി പരിഗണിക്കപ്പെട്ടിരുന്ന യുവ അംഗങ്ങള്‍ ഈ മുഹാജിറുകളില്‍ ഉള്‍പ്പെട്ടുപോകാത്ത ചെറുതോ വലുതോ ആയ കുടുംബങ്ങളൊന്നുമുണ്ടായിരുന്നില്ല. ചിലര്‍ക്ക് പുത്രന്‍, ചിലര്‍ക്ക് ജാമാതാവ്, ചിലര്‍ക്ക് പുത്രി, ചിലര്‍ക്ക് സഹോദരന്‍, ചിലര്‍ക്ക് സഹോദരി എന്നിങ്ങനെ കുടുംബത്തില്‍ എന്തെങ്കിലുമൊരു നഷ്ടം സംഭവിച്ചിട്ടില്ലാത്ത ആരുമുണ്ടായിരുന്നില്ല. അബൂജഹ്‌ലിന്N5 നഷ്ടം അയാളുടെ സഹോദരന്‍ സലമതുബ്‌നു ഹിശാംN1046, പിതൃവ്യപുത്രന്‍ ഹിശാമുബ്‌നു അബീ ഹുദൈഫയും അയ്യാശുബ്‌നു അബീറബീഅN1353യും പിതൃവ്യപുത്രി ഉമ്മുസലമയുമായിരുന്നു. അബൂസുഫ്‌യാന്N39 അദ്ദേഹത്തിന്റെ മകള്‍ ഉമ്മു ഹബീബN229, ഉത്ബയുടെ മകനും കരള്‍ഭോജിയായ ഹിന്ദിന്റെN1190 സഹോദരനുമായ അബൂ ഹുദൈഫN1332, സുഹൈലുബ്‌നു അംറിന്റെN1028 മകള്‍ സഹ്‌ലN1048. ഈ വിധത്തില്‍ മറ്റു ഖുറൈശി പ്രമാണിമാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ ഇസ്‌ലാമിനുവേണ്ടി വീടുവെടിഞ്ഞു പോയതായി കാണേണ്ടിവന്നു. അതിനാല്‍, ഈ സംഭവം പ്രതിഫലിക്കാത്ത ഒറ്റ കുടുംബവും മക്കയിലുണ്ടായിരുന്നില്ല. ചിലര്‍ ഇതുമൂലം മുമ്പത്തേക്കാള്‍ ഇസ്‌ലാം വിരോധികളായിത്തീര്‍ന്നു. മറ്റു ചിലരിലാകട്ടെ അതുണ്ടാക്കിയ പ്രതികരണം ഒടുവില്‍ അവരും മുസ്‌ലിംകളാവുക എന്നതായിരുന്നു. ഹദ്‌റത്ത് ഉമറിന്റെN1512 ഇസ്‌ലാം വിരോധത്തിന് ആദ്യം ആഘാതമേല്‍പിച്ച സംഭവം അദ്ദേഹത്തിന്റെ ഉറ്റ ബന്ധു ലൈലാ ബിന്‍തു അബീ അഥ്മ ഇപ്രകാരം വിവരിക്കുന്നു: ഞാന്‍ ഹിജ്‌റക്കു വേണ്ടി സാമാനങ്ങള്‍ ഭാണ്ഡമാക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് ആമിറുബ്‌നു റബീഅN1407 അപ്പോള്‍ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉമര്‍ വന്നു. അദ്ദേഹം എന്റെ തയാറെടുപ്പുകള്‍ നോക്കിക്കൊണ്ട് അങ്ങനെ നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചോദിച്ചു: 'ഉമ്മു അബ്ദില്ല പോവുകയാണോ?' ഞാന്‍ പറഞ്ഞു: 'അതെ, അല്ലാഹുവാണ, നിങ്ങള്‍ ഞങ്ങളെ വല്ലാതെ ദ്രോഹിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഭൂമി വിശാലമാണ്. ദൈവം ഞങ്ങള്‍ക്ക് സമാധാനമേകുന്ന ഏതെങ്കിലും നാട്ടിലേക്ക് പോവുകയാണ് ഞങ്ങള്‍.' ഇതുകേട്ട ഉമറിന്റെ മുഖത്ത് കനിവൂറുന്നത് കാണാനായി. ഞാനൊരിക്കലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. 'അല്ലാഹു നിങ്ങളെ തുണക്കട്ടെ' എന്നു മാത്രം പറഞ്ഞ് അദ്ദേഹം സ്ഥലംവിട്ടു. അബിസീനിയന്‍ ഹിജ്‌റക്കുശേഷം ഖുറൈശിപ്രമാണിമാര്‍ ഒത്തുകൂടി ഇപ്രകാരം ഒരു തീരുമാനമെടുത്തു. അബ്ദുല്ലാഹിബ്‌നു അബീ റബീഅയേയുംN1339 (അബൂജഹ്‌ലിന്റെ മാതാവൊത്ത സഹോദരന്‍) അംറുബ്‌നുല്‍ ആസ്വിനേയുംN1378 ധാരാളം വിലപിടിപ്പുള്ള കാഴ്ചകളുമായി അബിസീനിയയിലേക്കയക്കുക. മക്കയില്‍നിന്നുള്ള മുസ്‌ലിം മുഹാജിറുകളെ തിരിച്ചയക്കുന്നതിന് ഇവര്‍ ഏതുവിധേനയെങ്കിലും നജ്ജാശിN560 രാജാവിനെ സമ്മതിപ്പിക്കണം. മുഹാജിറുകളിലൊരാളായിരുന്ന ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു സലമ (റ)N1468 ഈ സംഭവം വളരെ വിശദമായി നിവേദനം ചെയ്തിട്ടുണ്ട്. അവര്‍ പറയുന്നു: ഖുറൈശികളുടെ ഈ രണ്ട് നയതന്ത്രപ്രതിനിധികളും ഞങ്ങളുടെ പിറകെ അബിസീനിയയിലെത്തി. അവര്‍ ആദ്യമായി നജ്ജാശി രാജാവിന്റെ പരിവാരങ്ങള്‍ക്കും പ്രഭുക്കള്‍ക്കും നല്ല നല്ല സമ്മാനങ്ങള്‍ നല്‍കി. മുഹാജിറുകളെ തിരിച്ചയക്കാന്‍ നജ്ജാശിയില്‍ ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്താമെന്ന് അവരെക്കൊണ്ട് സമ്മതിപ്പിച്ചു. അനന്തരം അവര്‍ നജ്ജാശി രാജാവിനെ മുഖംകാണിച്ച് വിലപ്പെട്ട കാഴ്ചകള്‍ സമര്‍പ്പിച്ച ശേഷം ബോധിപ്പിച്ചു: 'ഞങ്ങളുടെ പട്ടണത്തില്‍നിന്ന് കുറെ വിഡ്ഢികളായ അടിമകള്‍ ഓടിപ്പോന്ന് അങ്ങയുടെ നാട്ടിലെത്തിയിരിക്കുന്നു. അവരെ തിരിച്ചയച്ചു തരേണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നതിനു വേണ്ടി നാട്ടുമുഖ്യന്മാര്‍ ഞങ്ങളെ അയച്ചിരിക്കയാണ്. ഈ ചെറുപ്പക്കാര്‍ ഞങ്ങളുടെ മതത്തില്‍നിന്ന് പുറത്തുപോയിരിക്കുന്നു. അങ്ങയുടെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല. അവര്‍ ഒരു പുത്തന്‍ മതം ഉണ്ടാക്കിയിരിക്കയാണ്.' ദൂതന്മാര്‍ ഇതു പറഞ്ഞുതീരേണ്ട താമസം, ദര്‍ബാര്‍വാസികള്‍ നാനാഭാഗത്തുനിന്നും ഒരേ ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി: 'ഇത്തരം ആളുകളെ തീര്‍ച്ചയായും തിരിച്ചയച്ചുകൊടുക്കേണ്ടതാണ്. അവരുടെ കുഴപ്പമെന്താണെന്ന് അവരുടെ ജനത്തിനാണല്ലോ ഏറെ അറിയുക. അവരെ ഇവിടെ നിര്‍ത്തുന്നത് നന്നല്ല.' എന്നാല്‍, നജ്ജാശി അതിനോട് യോജിച്ചില്ല. അദ്ദേഹം പറഞ്ഞു: 'ഞാനവരെ അങ്ങനെയങ്ങ് ഏല്‍പിച്ചുകൊടുക്കുകയില്ല. മറ്റു നാടുകള്‍ വെടിഞ്ഞ് എന്റെ നാട്ടില്‍ വിശ്വാസമര്‍പ്പിക്കുകയും ഇവിടെ അഭയസ്ഥാനമായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് എത്തിയ ആളുകളുടെ വിശ്വാസത്തെ ഞാനൊരിക്കലും വഞ്ചിക്കുകയില്ല. ആദ്യമായി ഞാനവരെ വിളിച്ച് അന്വേഷിക്കട്ടെ, ഈയാളുകള്‍ അവരെക്കുറിച്ച് പറയുന്നതിന്റെ യാഥാര്‍ഥ്യമെന്താണെന്ന്.' തുടര്‍ന്ന് പ്രവാചക ശിഷ്യന്മാരെ ദര്‍ബാറില്‍ ഹാജറാക്കാന്‍ ഉത്തരവുണ്ടായി. രാജാവിന്റെ ഉത്തരവ് കിട്ടിയപ്പോള്‍ മുഹാജിറുകള്‍ ഒത്തുകൂടി, രാജസദസ്സില്‍ എന്തുപറയണം എന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. ഒടുവില്‍ അവര്‍ ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനം ഇതായിരുന്നു: 'നബി (സ) നമ്മെ പഠിപ്പിച്ചിട്ടുള്ളതെന്താണോ, അത് ഏറ്റക്കുറവില്ലാതെ രാജാവിന്റെ മുമ്പില്‍ അവതരിപ്പിക്കുക, രാജാവ് നമ്മെ ഇവിടെ നില്‍ക്കാനനുവദിച്ചാലും ശരി, പുറംതള്ളിയാലും ശരി.' അവര്‍ ദര്‍ബാറിലെത്തിയ ഉടനെ നജ്ജാശി ചോദിച്ചു: 'നിങ്ങളുടെ നിലപാടെന്താണ്? സ്വജനത്തിന്റെ മതം നിങ്ങളുപേക്ഷിച്ചു. എന്റെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല. ലോകത്തുള്ള മറ്റേതെങ്കിലുമൊരു മതത്തെ നിങ്ങള്‍ സ്വീകരിച്ചിട്ടില്ല. നിങ്ങളുടെ ഈ പുത്തന്‍ മതം എന്താണ്?' ഇതിനു മറുപടിയായി മുഹാജിറുകളുടെ ഭാഗത്തുനിന്ന് ജഅ്ഫറുബ്‌നു അബീത്വാലിബ്N414 സന്ദര്‍ഭോചിതമായ ഒരു പ്രഭാഷണം ചെയ്തു. അതില്‍ ഒന്നാമതായി, ജാഹിലിയ്യാ അറബികളുടെ മതപരവും ധാര്‍മികവും സാംസ്‌കാരികവുമായ ജീര്‍ണതകള്‍ വിവരിച്ചു. തുടര്‍ന്ന് നബിയുടെ നിയോഗത്തെ പരാമര്‍ശിച്ചുകൊണ്ട് അവിടത്തെ സന്ദേശങ്ങള്‍ വര്‍ണിച്ചു. അനന്തരം, പ്രവാചകനെ പിന്തുടരുന്നവരോട് ഖുറൈശികള്‍ കാണിക്കുന്ന അക്രമ മര്‍ദനങ്ങള്‍ വിവരിച്ചു. തങ്ങള്‍ മറ്റു നാടുകളിലേക്കൊന്നും പോകാതെ ഇങ്ങോട്ടു പോന്നത്, ഇവിടെ തങ്ങള്‍ക്കെതിരെ അക്രമവും അന്യായവുമുണ്ടാകയില്ല എന്ന പ്രതീക്ഷയിലാണെന്നു പറഞ്ഞുകൊണ്ടാണ് ജഅ്ഫര്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഈ പ്രഭാഷണം കേട്ട നജ്ജാശി പറഞ്ഞു: 'ദൈവത്തിങ്കല്‍നിന്ന് നിങ്ങളുടെ പ്രവാചകന്ന് അവതരിച്ചിരിക്കുന്നു എന്നു പറഞ്ഞ ആ സൂക്തങ്ങള്‍ കുറച്ച് എന്നെ കേള്‍പ്പിക്കുക.' മറുപടിയായി ഹദ്‌റത്ത് ജഅ്ഫര്‍ സൂറ മര്‍യമിലെ, ഹദ്‌റത്ത് യഹ്‌യായേയും ഹദ്‌റത്ത് ഈസായേയും സംബന്ധിക്കുന്ന ആദ്യ ഭാഗങ്ങള്‍ പാരായണംചെയ്തു. നജ്ജാശി അത് കേട്ടുകൊണ്ടിരിക്കെ കരയുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ താടി നനഞ്ഞുപോയി. ജഅ്ഫര്‍ പാരായണത്തില്‍നിന്ന് വിരമിച്ചപ്പോള്‍ നജ്ജാശി പറഞ്ഞു: 'ഈ വചനങ്ങളും യേശു കൊണ്ടുവന്ന വചനങ്ങളും ഒരേ സ്രോതസ്സില്‍നിന്ന് നിര്‍ഗളിക്കുന്നതാകുന്നു. അല്ലാഹുവാണ, ഞാന്‍ നിങ്ങളെ ഇവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയില്ല.' പിറ്റെ ദിവസം അംറുബ്‌നുല്‍ ആസ്വ് നജ്ജാശിയോട് പറഞ്ഞു: 'മേരീ പുത്രന്‍ യേശുവിനെക്കുറിച്ച് അവരുടെ വിശ്വാസമെന്താണെന്ന് അവരെ വിളിച്ചൊന്ന് അന്വേഷിച്ചുനോക്കിയാലും. ഇക്കൂട്ടര്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ഭയങ്കര വാദമാണുന്നയിക്കുന്നത്.' നജ്ജാശി വീണ്ടും മുഹാജിറുകളെ വിളിപ്പിച്ചു. അംറിന്റെ കുതന്ത്രം മുഹാജിറുകള്‍ നേരത്തേ അറിഞ്ഞിരുന്നു. നജ്ജാശി രാജാവ് ഈസാ(അ)യെക്കുറിച്ച് ചോദിച്ചാല്‍ എന്താണ് മറുപടി പറയേണ്ടതെന്ന് അവര്‍ ഒത്തുകൂടി ചര്‍ച്ചചെയ്തു. സന്ദര്‍ഭം വളരെ സങ്കീര്‍ണമായിരുന്നു. എല്ലാവരും പരിഭ്രമിച്ചുപോയിരുന്നു. എങ്കിലും അവര്‍ തീരുമാനിച്ചതിതുതന്നെ: എന്തുവന്നാലും ശരി, അല്ലാഹു അരുളിയതും അവന്റെ ദൂതന്‍ പഠിപ്പിച്ചുതന്നതുമായ കാര്യങ്ങള്‍തന്നെ പറയുക. അങ്ങനെ അവര്‍ ദര്‍ബാറില്‍ ചെല്ലുകയും നജ്ജാശി, അംറുബ്‌നുല്‍ ആസ്വിന്റെ ചോദ്യം ഉന്നയിക്കുകയും ചെയ്തപ്പോള്‍ ജഅ്ഫറുബ്‌നു അബീത്വലിബ് എഴുന്നേറ്റുനിന്ന് ഒരു സങ്കോചവുമില്ലാതെ പ്രസ്താവിച്ചു: هُوَ عَبْدُ اللهِ وَرَسُوله وَرُوحُه وَكَلِمَته أَلْقَاهَا اِلَى مَرْيَم الْعَذرَاء الْبَتُول (അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനും അവങ്കല്‍നിന്ന് കന്യകയായ മര്‍യമില്‍ നിക്ഷേപിച്ച ഒരാത്മാവും ഒരു വചനവുമാകുന്നു.) ഇതുകേട്ടപ്പോള്‍ നജ്ജാശി നിലത്തുനിന്ന് ഒരു കച്ചിത്തുരുമ്പെടുത്ത് ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു: 'ദൈവത്താണ, യേശുമിശിഹാ നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ ഈ കച്ചിത്തുരുമ്പോളം പോലും അധികമല്ല.' അനന്തരം നജ്ജാശി ഖുറൈശികളയച്ച കാഴ്ചകളെല്ലാം 'ഞാന്‍ കൈക്കൂലി വാങ്ങാറില്ല' എന്നു പറഞ്ഞ് തിരിച്ചയച്ചു. മുഹാജിറുകളോടദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ സമാധാനമായി പാര്‍ത്തുകൊള്ളുക.'


പ്രമേയങ്ങളും ചര്‍ച്ചകളും

ഈ ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് ചിന്തിച്ചാല്‍ പ്രഥമമായും പ്രകടമാകുന്ന ഒരു കാര്യമിതാണ്: മുസ്‌ലിംകള്‍ മര്‍ദിതരായ അഭയാര്‍ഥികളെന്ന നിലയില്‍ സ്വദേശം വെടിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോയെങ്കിലും ആ സാഹചര്യത്തില്‍പോലും അല്ലാഹു അവരോട് ദീന്‍കാര്യത്തില്‍ അണുഅളവ് നീക്കുപോക്ക് അവലംബിക്കാന്‍ നിര്‍ദേശിച്ചില്ല. എന്നല്ല, പുറപ്പെടുമ്പോള്‍ പാഥേയമായി അവരുടെ കൂടെ ഈ സൂറ ഉണ്ടായിരുന്നു- ക്രിസ്ത്യാനികളുടെ നാട്ടില്‍ ക്രിസ്തുവിനെ ശരിയായ രൂപത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ദൈവപുത്രനാണെന്ന സങ്കല്‍പത്തെ വ്യക്തമായി നിഷേധിക്കാനും. ആദ്യത്തെ രണ്ട് ഖണ്ഡികകളില്‍ ഹദ്‌റത്ത് യഹ്‌യായുടേയും ഈസായുടേയും കഥ കേള്‍പ്പിച്ച ശേഷം മൂന്നാം ഖണ്ഡികയില്‍ അന്നത്തെ സന്ദര്‍ഭത്തിനുചിതമായി ഹദ്‌റത്ത് ഇബ്രാഹീമിന്റെ കഥയവതരിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഇതേവിധമുള്ള സാഹചര്യത്തിലാണ് അദ്ദേഹവും തന്റെ പിതാവിന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും മര്‍ദനം സഹിക്കാനാവാതെ നാടുവിട്ടത്. ഇതുവഴി ഒരുവശത്ത് മക്കാ മുശ്‌രിക്കുകളെ പഠിപ്പിക്കുകയാണ്: ഇന്ന് ദേശത്യാഗം ചെയ്യുന്ന ഈ മുസ്‌ലിംകള്‍ ഹദ്‌റത്ത് ഇബ്രാഹീമിന്റെ സ്ഥാനത്താണ്; നിങ്ങളോ, നിങ്ങളുടെ പിതാവും ആചാര്യനുമായ ഇബ്രാഹീമിനെ (അ) നാട്ടില്‍നിന്ന് ആട്ടിയോടിച്ച ആ മര്‍ദകരുടെ സ്ഥാനത്തും. മറുവശത്ത് മുഹാജിറുകള്‍ക്ക് ഇപ്രകാരം സുവാര്‍ത്ത നല്‍കുകയും ചെയ്യുന്നു: ഇബ്രാഹീം (അ) എപ്രകാരം ദേശത്യാഗംകൊണ്ട് നശിച്ചുപോകാതെ കൂടുതല്‍ ഉന്നതനായിത്തീര്‍ന്നുവോ അതേപ്രകാരമുള്ള മഹത്തായ പരിണതിയാണ് നിങ്ങളെയും കാത്തിരിക്കുന്നത്. അതിനുശേഷം നാലാം ഖണ്ഡികയില്‍ മറ്റു പ്രവാചകന്മാരെ അനുസ്മരിച്ചിരിക്കുന്നു. അതിന്റെ താല്‍പര്യമിതാണ്: മുഹമ്മദ് (സ) കൊണ്ടുവന്ന അതേ ദീന്‍തന്നെയാണ് എല്ലാ പ്രവാചകന്മാരും കൊണ്ടുവന്നിട്ടുള്ളത്. പക്ഷേ, പ്രവാചകന്മാരുടെ കാലശേഷം അവരുടെ സമുദായങ്ങള്‍ വ്യതിചലിച്ചുകൊണ്ടിരുന്നു. ഇന്നു വ്യത്യസ്ത സമുദായങ്ങളില്‍ കാണപ്പെടുന്ന മാര്‍ഗഭ്രംശങ്ങളെല്ലാം ആ വ്യതിചലനത്തിന്റെ ഫലങ്ങളാണ്. ഒടുവിലത്തെ രണ്ടു ഖണ്ഡികകളില്‍ മക്കാമുശ്‌രിക്കുകളുടെ മാര്‍ഗഭ്രംശം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരിക്കുന്നു. പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് വിശ്വാസികളെ ഇപ്രകാരം ആശംസിക്കുകയും ചെയ്തിരിക്കുന്നു: 'ശത്രുക്കളുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളെല്ലാം ഉള്ളതോടൊപ്പം തന്നെ ഒടുവില്‍ നിങ്ങള്‍ സൃഷ്ടികള്‍ക്കെല്ലാം പ്രിയപ്പെട്ടവരായിത്തീരുകതന്നെ ചെയ്യും.'

Source: www.thafheem.net