VERSES
111
PAGES
282-293

നാമം

നാലാം സൂക്തത്തിലെ وَقَضَيْنَا إِلَى بَنِى إِسْرَاءِيلَ فِى الكِتَابِ എന്ന വാക്യത്തില്‍നിന്നെടുത്തതാണ് ഈ അധ്യായത്തിന്റെ പേര്‍. ബനൂഇസ്‌റാഈലിനെക്കുറിച്ചുN676 ചര്‍ച്ചചെയ്യുന്നതുകൊണ്ടല്ല, മറ്റു പല സൂറകളുടെയും കാര്യത്തിലെന്നപോലെ ഒരടയാളം എന്ന നിലയില്‍ മാത്രമാണീ പേര്‍ വെച്ചിരിക്കുന്നത്.


അവതരണകാലം

ഈ അധ്യായം 'മിഅ്‌റാജി'നോടനുബന്ധിച്ച് അവതരിച്ചതാണെന്നതിന് പ്രഥമ സൂക്തംതന്നെ തെളിവാണ്. നിരവധി ഹദീസ്-ചരിത്ര റിപ്പോര്‍ട്ടുകളനുസരിച്ച് ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പാണ് മിഅ്‌റാജ് ഉണ്ടായത്. അതിനാല്‍, ഈ സൂറഃയും നബിതിരുമേനിയുടെ മക്കാജീവിതത്തിന്റെ അവസാനഘട്ടത്തില്‍ത്തന്നെയാണ് അവതരിച്ചത്.


പശ്ചാത്തലം

ഈ സന്ദര്‍ഭത്തില്‍ നബി (സ) തൗഹീദിന്റെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് 12 വര്‍ഷം കഴിഞ്ഞുപോയിട്ടുണ്ടായിരുന്നു. ശത്രുക്കള്‍ അവിടത്തെ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരുന്നിട്ടും തിരുമേനിയുടെ ശബ്ദം അറേബ്യയുടെ മുക്കുമൂലകളില്‍ എത്തിക്കഴിഞ്ഞിരുന്നു. രണ്ടോ നാലോ വ്യക്തികളെങ്കിലും തിരുമേനിയുടെ പ്രബോധനത്തില്‍ ആകൃഷ്ടരാവാത്ത ഒറ്റ ഗോത്രവും അവിടെ ഉണ്ടായിരുന്നില്ല. ഈ സത്യപ്രബോധനത്തിന്റെ വിജയത്തിനുവേണ്ടി ഏത് ആപദ്ഘട്ടങ്ങളെയും നേരിടാന്‍ തയ്യാറായ ചെറുതെങ്കിലും ആത്മാര്‍ഥതയുള്ള ഒരു വിഭാഗം മക്കയില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. മദീനയിലാവട്ടെ, സുശക്തഗോത്രങ്ങളായ ഔസ്N255-ഖസ്‌റജ്കളിലെN327 വലിയ ഒരു വിഭാഗം തിരുമേനിയുടെ സഹായികളായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ നബി (സ) മക്കയില്‍നിന്ന് മദീനയിലേക്ക് പോകാനും ചിതറിക്കിടക്കുന്ന മുസ്‌ലിംകളെ ഏകീകരിച്ച് ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രം സ്ഥാപിക്കാനുമുള്ള സന്ദര്‍ഭം ആസന്നമായിരിക്കയാണ്. ഈ അവസ്ഥയിലാണ് തിരുമേനി ആകാശാരോഹണം (മിഅ്‌റാജ്) നടത്തുകയും തിരിച്ചുവന്ന് ഈ സന്ദേശം ജനങ്ങളെ കേള്‍പ്പിക്കുകയും ചെയ്തത്.


പ്രതിപാദ്യവിഷയം

ഈ അധ്യായത്തില്‍ താക്കീതുകളും ഉദ്‌ബോധനങ്ങളും അധ്യാപനങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ചിരിക്കുന്നു. താക്കീത് മക്കയിലെ സത്യനിഷേധികള്‍ക്കാണ്: നിങ്ങള്‍ ബനുഇസ്‌റാഈലിന്റെയുംN676 മറ്റു ജനതകളുടെയും പരിണതികളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചു തന്ന സമയത്തിനുള്ളില്‍ ---അതവസാനിക്കാനടുത്തു തുടങ്ങിയിരിക്കുന്നു---നിങ്ങള്‍ ബോധവാന്‍മാരാകുകയും മുഹമ്മദ് നബി (സ) ഖുര്‍ആനിലൂടെ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഈ പ്രബോധനം സ്വീകരിക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ നിങ്ങള്‍ തുടച്ചുനീക്കപ്പെടുകയും നിങ്ങളുടെ സ്ഥാനത്ത് മറ്റുജനങ്ങളെ താമസിപ്പിക്കുകയും ചെയ്യും. അതുപോലെ നബി തിരുമേനിയുടെ ഹിജ്‌റയ്ക്കുശേഷം ദിവ്യബോധനത്തില്‍ സംബോധിതരാവാന്‍ പോകുന്ന ബനൂഇസ്‌റാഈലിനുള്ള ഒരു താക്കീതും ഇതിലടങ്ങിയിട്ടുണ്ട്. അതായത്, മുമ്പ് നിങ്ങള്‍ക്ക് ലഭിച്ച ശിക്ഷകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുക. ഇപ്പോള്‍ മുഹമ്മദ് നബി(സ)യെ പ്രവാചകനായി നിയോഗിച്ചതു വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അവസരം ഉപയോഗപ്പെടുത്തുക. അവസാനമായി ലഭിച്ചിരിക്കുന്ന ഈ അവസരവും നഷ്ടപ്പെടുത്തുകയും പഴയ സമ്പ്രദായങ്ങള്‍തന്നെ ആവര്‍ത്തിക്കുകയുമാണെങ്കില്‍ നിങ്ങളുടെ പര്യവസാനം വളരെ വേദനാജനകമായിരിക്കും. ഉദ്‌ബോധനവചനങ്ങളില്‍, ഏതെല്ലാം കാര്യങ്ങളാണ് മനുഷ്യന്റെ ജയാപജയങ്ങളുടെയും സൗഭാഗ്യദൗര്‍ഭാഗ്യങ്ങളുടെയും നിദാനമായി നിലകൊള്ളുന്നതെന്ന് ഹൃദയഹാരിയായ ശൈലിയില്‍ വിവരിച്ചിരിക്കുന്നു. ഏകദൈവത്വം, പരലോകം, പ്രവാചകത്വം, ഖുര്‍ആന്‍ മുതലായവയുടെ സത്യാവസ്ഥക്ക് തെളിവുകള്‍ നല്‍കിയിരിക്കുന്നു. ഈ അടിസ്ഥാന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് മക്കയിലെ സത്യനിഷേധികള്‍ ഉന്നയിച്ചിരുന്ന സംശയങ്ങള്‍ ദൂരീകരിച്ചിരിക്കുന്നു. തെളിവുകള്‍ നിരത്തിവെക്കുന്നതോടൊപ്പം ഇടയ്ക്കിടെ സത്യനിഷേധികളുടെ ബോധശൂന്യതയെ ആക്ഷേപിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. അധ്യാപന വചനങ്ങളില്‍, ധാര്‍മികവും നാഗരികവുമായ ഏതെല്ലാം അടിസ്ഥാനങ്ങളില്‍ മനുഷ്യന്റെ ജീവിതവ്യവസ്ഥ കെട്ടിപ്പടുക്കണമെന്നാണോ മുഹമ്മദ് നബി (സ) പ്രബോധനം ചെയ്യുന്നത്, ആ മഹത്തായ അടിസ്ഥാനങ്ങള്‍ വിവരിച്ചിരിക്കുന്നു. ഇത് വാസ്തവത്തില്‍ ഇസ്‌ലാമിക രാഷ്ട്രം നിലവില്‍വരുന്നതിന് ഒരു വര്‍ഷം മുമ്പ് അറബികളുടെ മുമ്പില്‍ അവതരിപ്പിച്ച ഒരു വിജ്ഞാപനമായിരുന്നു. നബി (സ) രാജ്യത്ത് മുഴുവന്‍ മനുഷ്യരുടെയും ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതെങ്ങനെയെന്നതിന്റെ വ്യക്തമായ ഒരു രൂപരേഖ അതില്‍ വരച്ചുകാണിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളോടൊപ്പം വിഷമങ്ങളുടെ കൊടുങ്കാറ്റില്‍ ദൃഢതയോടുകൂടി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാനും സത്യനിഷേധികളോട് വല്ലവിധത്തിലും സന്ധിചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതിരിക്കാനും നബി(സ)യോട് നിര്‍ദേശിക്കുന്നു. കൂടാതെ, സത്യനിഷേധികളുടെ അക്രമമര്‍ദനങ്ങളും നിരര്‍ഥമായ ആക്ഷേപങ്ങളും നിരന്തരമായ കള്ളാരോപണങ്ങളും നിമിത്തം ചിലപ്പോഴൊക്കെ പെട്ടെന്ന് കോപിഷ്ഠരാവുന്ന മുസ്‌ലിംകളെ ശാന്തതയോടും ക്ഷമയോടും കൂടി പരിതഃസ്ഥിതിയെ നേരിടാനും പ്രബോധന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനും ഉദ്‌ബോധിപ്പിക്കുന്നു. തുടര്‍ന്നുകൊണ്ട് അവരുടെ മനഃസംസ്‌കരണവും ആത്മശുദ്ധീകരണവും സാധിക്കുന്നതിനു വേണ്ടി അവര്‍ക്ക് നമസ്‌കാരം നിയമം ആക്കിയിരിക്കയാണ്. എന്തുകൊണ്ടെന്നാല്‍, സത്യത്തിന്റെ മാര്‍ഗത്തില്‍ പടപൊരുതുന്നവര്‍ക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഉന്നതമായ ഗുണങ്ങള്‍ അതവരില്‍ വളര്‍ത്തിയെടുക്കും. മുസ്‌ലിംകള്‍ക്ക് ആദ്യമായി അഞ്ചുനേരത്തെ നമസ്‌കാരം വ്യവസ്ഥാപിതമായി നിര്‍ബന്ധമാക്കിയത് ഈ സന്ദര്‍ഭത്തിലാണെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാക്കാം.

Source: www.thafheem.net