68-ആം സൂക്തത്തിലുള്ള وَأَوْحَى رَبُّكَ إِلَى النَّحْلِ (നിന്റെ നാഥന് തേനീച്ചകള്‍ക്ക് വഹ്യ് നല്കി) എന്നതില്‍നിന്ന് എടുത്തതാണ് ഈ അധ്യായത്തിന്റെ പേര്. ഇത് ഒരടയാളം മാത്രമാണ്; ചര്‍ച്ചാ വിഷയത്തിന്റെ ശീര്‍ഷകമല്ല.
ഈ അധ്യായത്തിലെ പല സൂക്തങ്ങളും ഇതിന്റെ അവതരണകാലത്തിലേക്ക് വെളിച്ചംവീശുന്നുണ്ട്. ഉദാഹരണമായി, 41-ആം സൂക്തത്തില്‍ പറയുന്നു: ...وَالَّذِينَ هَاجَرُوا فِى اللهِ مِن بَعْدِ مَا ظُلِمُوا. (മര്ദനമനുഭവിച്ചശേഷം അല്ലാഹുവിനുവേണ്ടി ഹിജ്റ ചെയ്തവര്‍...) ഈ സമയത്ത് 'ഹബ്ശ'N1335യിലേക്കുള്ള ഹിജ്റ നടന്നുകഴിഞ്ഞിരുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. 106-ആം സൂക്തത്തില്‍ ...مَن كَفَرَ بِاللهِ مِن بَعْدِ إِيمانِهِ (സത്യവിശ്വാസം കൈക്കൊണ്ടശേഷം ആരെങ്കിലും അല്ലാഹുവിനെ നിഷേധിച്ചാല്‍...) എന്നു തുടങ്ങുന്ന ഭാഗങ്ങളില്‍നിന്ന്, ആ സമയത്ത് അക്രമ മര്‍ദനങ്ങള്‍ രൂക്ഷമായിത്തീര്ന്നിരുന്നുവെന്നും ഹൃദയം സമ്മതിക്കാതെ പീഡനങ്ങളാല്‍ നിര്‍ബന്ധിതനായി ആരെങ്കിലും കുഫ്റിന്റെ വാക്കുകള്‍ ഉച്ചരിച്ചാല്‍ അതിന്റെ വിധി എന്താണെന്ന ചോദ്യം ഉദ്ഭവിച്ചിരുന്നുവെന്നും ഗ്രഹിക്കാവുന്നതാണ്. 112 മുതല്‍ 114 16:112 വരെയുള്ള സൂക്തങ്ങളില്‍ ഒരു പട്ടണത്തിന്റ ഉദാഹരണം വിവരിച്ചിരിക്കുന്നു. നബി(സ)യുടെ നിയോഗാനന്തരം മക്കയിലുണ്ടായ ഭയങ്കര ക്ഷാമം ഈ സൂക്തത്തിന്റെ അവതരണകാലത്ത് അവസാനിച്ചിരുന്നുവെന്നാണിതിന്റെ സൂചന. ഈ അധ്യായത്തിലെ 115-ആം 16:115 സൂക്തം സൂറ അല്‍അന്‍ആമിലെ 119-ആം 6:119 സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ടതാണ്. അതേപോലെ 118-ആം 16:118 സൂക്തത്തില്‍ സൂറ അല്‍അന്‍ആമിലെ 146-ആം 6:146 സൂക്തത്തെ പരാമര്‍ശിക്കുന്നുണ്ട്. ഈ രണ്ടു സൂക്തങ്ങളുടെയും അവതരണം ഏറക്കുറെ അടുത്തടുത്തായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. മുകളില്‍ പറഞ്ഞ തെളിവുകളില്‍നിന്ന് ഈ അധ്യായം മക്കാ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവതരിച്ചതാണെന്ന് മനസ്സിലാക്കാം. അധ്യായത്തിന്റെ പൊതുവായ അവതരണശൈലിയും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.
ശിര്‍ക്കിനെ നശിപ്പിക്കുക, തൗഹീദിനെ സ്ഥാപിക്കുക, പ്രവാചകന്റെ പ്രബോധനം നിരാകരിക്കുന്നതിന്റെ ദുഷ്ഫലത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, സത്യത്തെ എതിര്‍ക്കുന്നതിനെ ആക്ഷേപിക്കുക, നിഷേധികളെ താക്കീത് ചെയ്യുക എന്നിവയാണ് ഇതിലെ മുഖ്യ വിഷയങ്ങള്‍.
സൂറയുടെ ആരംഭം, മുഖവുരയൊന്നും കൂടാതെ മുന്നറിയിപ്പു നല്കുന്ന ഒരു വാചകം കൊണ്ടാണ്. മക്കയിലെ സത്യനിഷേധികള്‍ പലതവണ പറഞ്ഞിരുന്നു: 'ഞങ്ങള്‍ നിങ്ങളെ കളവാക്കുകയും പൂര്‍ണമായും എതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നിട്ടും നിങ്ങള്‍ ഭീഷണിപ്പെടുത്തുന്ന ദൈവശിക്ഷയൊന്നും വന്നുകാണാത്തതെന്തുകൊണ്ട്?' മുഹമ്മദ് (സ) പ്രവാചകനല്ലെന്ന് സ്ഥാപിക്കാന്‍ ഏറ്റവും ശക്തമായ ഒരു തെളിവാണിതെന്ന നിലയിലാണ് അവരീ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവരോട് പറയുകയാണ്: വിഡ്ഢികളേ, ദൈവത്തിന്റെ ശിക്ഷ നിങ്ങളുടെ തലക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. അതുടനെ പൊളിഞ്ഞുവീഴാന്‍ ബഹളംകൂട്ടാതെ നിങ്ങള്‍ക്കനുവദിക്കപ്പെട്ട ബാക്കിയുള്ള അല്പസമയം യഥായോഗ്യം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇതിനുശേഷം ഉടനെത്തന്നെ ഉദ്ബോധനഭാഷണം ആരംഭിക്കുകയാണ്. താഴെ പറയുന്ന വിഷയങ്ങള്‍ ഒന്നിനു പിന്നില്‍ ഒന്നായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. i ) ശ്രദ്ധേയമായ തെളിവുകളും, പ്രപഞ്ചത്തിലും സ്വന്തം ശരീരത്തിലുമുള്ള ദൃഷ്ടാന്തങ്ങളും വിവരിച്ച് ശിര്‍ക്ക് മിഥ്യയാണെന്നും തൗഹീദാണ് സത്യമെന്നും വ്യക്തമാക്കുന്നു. ii) നിഷേധികളുടെ ആരോപണങ്ങള്‍, സംശയങ്ങള്‍, എതിര് തെളിവുകള്‍, കുയുക്തികള്‍ എന്നിവയെ ഓരോന്നോരോന്നായി ഖണ്ഡിക്കുന്നു. iii) അസത്യത്തില്‍ ശാഠ്യം പിടിക്കുകയും സത്യത്തിനെതിരില്‍ അഹങ്കാരം കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ ദുഷ്ഫലത്തെക്കുറിച്ച് താക്കീത് ചെയ്യുന്നു. iv) മുഹമ്മദ്(സ) കൊണ്ടുവന്ന ദീന് മനുഷ്യജീവിതത്തില്‍ വരുത്താനുദ്ദേശിക്കുന്ന ധാര്‍മികവും കര്‍മപരവുമായ പരിവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായും എന്നാല്‍, വശ്യമായ ശൈലിയിലും വിവരിക്കുന്നു. അതോടൊപ്പം മുശ്രിക്കുകള്‍ സ്വയം വാദിക്കുന്നപോലെ ദൈവത്തെ അവര്‍ റബ്ബായി അംഗീകരിക്കുന്നുണ്ടെങ്കില്‍ കേവലം ഒരംഗീകാരം മതിയാവുകയില്ലെന്നും മറിച്ച്, അതിന്റെ ചില താല്പര്യങ്ങള് വിശ്വാസത്തിലും സ്വഭാവത്തിലും കര്മജീവിതത്തിലും കാണപ്പെടേണ്ടതുണ്ടെന്നും തെര്യപ്പെടുത്തുന്നു. v) നബി(സ)യെയും സഖാക്കളെയും സമാധാനിപ്പിക്കുകയും അതോടൊപ്പം സത്യനിഷേധികളുടെ പീഡനങ്ങള്‍ക്കും തടസ്സപ്പെടുത്തലുകള്ക്കുമെതിരില് എന്തു നിലപാട് സ്വീകരിക്കണമെന്ന് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.
Source: www.thafheem.net