VERSES
43
PAGES
249-255

നാമം

പതിമൂന്നാം സൂക്തത്തിലെ وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلـئِكَةُ مِنْ خِيفَتِهِ എന്ന വാക്യത്തിലെ الرعد (ഇടിനാദം) എന്ന പദമാണ് അധ്യായത്തിന്റെ നാമമാക്കിയത്. ഈ അധ്യായത്തില്‍ ഇടിനാദത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നുവെന്ന് ഇതിനര്‍ഥമില്ല. ഇടിനാദം എന്ന പദം പരാമൃഷ്ടമായ അധ്യായമാണെന്നേ വിവക്ഷയുള്ളൂ.


അവതരണ ഘട്ടം

യൂനുസ്, ഹൂദ്, അല്‍അഅ്‌റാഫ് എന്നീ അധ്യായങ്ങള്‍ അവതരിച്ച മക്കാജീവിതത്തിന്റെ അവസാനഘട്ടത്തില്‍ത്തന്നെയാണ് ഇതും അവതരിച്ചതെന്ന് നാലും ആറും ഖണ്ഡികകളുടെ പ്രതിപാദ്യം തെളിയിക്കുന്നു. അന്നേക്ക് നബി (സ) ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്തുകൊണ്ട് കുറെക്കാലം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് ഇതിന്റെ വിവരണ ശൈലിയില്‍നിന്ന് മനസ്സിലാക്കാം. എതിരാളികള്‍ തിരുമേനിയെ അപകീര്‍ത്തിപ്പെടുത്താനും അവിടത്തെ ദൗത്യം നിഷ്ഫലമാക്കാനും വിവിധ തരത്തിലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഅ്മിനുകളാവട്ടെ, ഏതെങ്കിലും അമാനുഷ സംഭവങ്ങള്‍ കാണിച്ചുകൊണ്ടെങ്കിലും ഈ ജനങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കണമെന്ന് വീണ്ടും വീണ്ടും അഭിലഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, വിശ്വാസത്തിലേക്ക് വഴികാണിക്കുന്നതിന് ആ മാര്‍ഗം സ്വീകരിക്കപ്പെടുകയില്ലെന്നും സത്യത്തിന്റെ ശത്രുക്കള്‍ക്ക് ദീര്‍ഘമായ അവസരങ്ങള്‍ നല്‍കുന്നതു കണ്ട് നിങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും അല്ലാഹു വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. പിന്നീട് സൂക്തം 31 13:31 -ല്‍നിന്ന് ഇത്രകൂടി മനസ്സിലാക്കാം: സത്യനിഷേധികളുടെ മാര്‍ഗഭ്രംശം അങ്ങേയറ്റം അതിരുകടന്നിരുന്നു. എത്രത്തോളമെന്നാല്‍ മരിച്ചവര്‍ ശ്മശാനങ്ങളില്‍നിന്ന് എഴുന്നേറ്റുവന്നാല്‍പ്പോലും അവര്‍ വിശ്വസിക്കുകയില്ല; എന്തെങ്കിലും വ്യാഖ്യാനങ്ങള്‍ നല്‍കി ഒഴിഞ്ഞുമാറുകയേയുള്ളൂ എന്നു പറഞ്ഞാല്‍ ഒട്ടും അധികമാവില്ല. ഇതില്‍നിന്നെല്ലാം മക്കാജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് ഈ അധ്യായം അവതരിച്ചതെന്ന് അനുമാനിക്കാം.


മുഖ്യപ്രമേയം

ഈ അധ്യായത്തിലെ മുഖ്യപ്രമേയം ആദ്യസൂക്തത്തില്‍ത്തന്നെ വിവരിച്ചിട്ടുണ്ട്. അതായത്, മുഹമ്മദ് (സ) അവതരിപ്പിക്കുന്നതെന്തോ അതാണ് സത്യം; അത് അംഗീകരിക്കുന്നില്ല എന്നതാണ് ഇക്കൂട്ടര്‍ ചെയ്യുന്ന തെറ്റ്. എല്ലാ പ്രഭാഷണങ്ങളും അതിനു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പരമ്പരയില്‍ വീണ്ടും വീണ്ടും വിവിധ രൂപത്തില്‍ തൗഹീദ് (ഏകദൈവത്വം), മആദ് (പരലോകം), രിസാലത് (പ്രവാചകത്വം) എന്നിവയുടെ യാഥാര്‍ഥ്യം സ്ഥാപിച്ചുറപ്പിച്ചിരിക്കുന്നു. അവയില്‍ വിശ്വസിക്കുന്നതുമൂലം ഉണ്ടായിത്തീരുന്ന ധാര്‍മികവും ആധ്യാത്മികവുമായ നേട്ടങ്ങള്‍ വിവരിക്കുന്നു. അവയെ നിരാകരിക്കുന്നതിന്റെ ദൂഷ്യം അനാവരണം ചെയ്യുന്നു. അതേപോലെ, സത്യനിഷേധം അടിമുടി അബദ്ധവും വിഡ്ഢിത്തവുമാണെന്ന് മനസ്സില്‍ തറക്കുംവണ്ണം വര്‍ണിച്ചിരിക്കുന്നു. എന്നാല്‍, ഈ വിവരണങ്ങളുടെയെല്ലാം ലക്ഷ്യം മനുഷ്യമനസ്സുകളെ സമാധാനിപ്പിക്കുക എന്നത് മാത്രമല്ല; അവയെ ഈമാനിന്റെ ഭാഗത്തേക്ക് ആകര്‍ഷിച്ചുകൊണ്ടുവരുക എന്നതുംകൂടിയാണ്. അതിനാല്‍, കേവലം ബുദ്ധിപരമായ തെളിവുകള്‍ അവതരിപ്പിക്കുക മാത്രമല്ല, മറിച്ച്, ഓരോ തെളിവും ഓരോ ദൃഷ്ടാന്തവും അവതരിപ്പിച്ച ശേഷം അറിവില്ലാത്ത ജനങ്ങളെ തങ്ങളുടെ ദുര്‍മാര്‍ഗം കൈയൊഴിക്കുമാര്‍ വിവിധ തരത്തില്‍ താക്കീത് ചെയ്യുകയും പ്രലോഭിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട്. പ്രഭാഷണത്തിനിടയില്‍ പലേടത്തും എതിരാളികളുടെ ആരോപണങ്ങള്‍ പരാമര്‍ശിക്കാതെ മറുപടി പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിയുടെ പ്രബോധനത്തെപ്പറ്റി ജനഹൃദയങ്ങളില്‍ ഉണ്ടായിരുന്നതോ എതിരാളികള്‍ ഉന്നയിച്ചിരുന്നതോ ആയ സംശയങ്ങള്‍ ദൂരീകരിച്ചിരിക്കുന്നു. അതോടൊപ്പം വര്‍ഷങ്ങളോളം ദീര്‍ഘിച്ച കഠിനമായ ത്യാഗങ്ങളനുഷ്ഠിച്ചതു കാരണം ദുര്‍ബലരാവുകയും അസ്വസ്ഥരായി അദൃശ്യസഹായം പ്രതീക്ഷിക്കുകയും ചെയ്യുന്ന മുഅ്മിനുകളെ സമാധാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.

Source: www.thafheem.net