VERSES
111
PAGES
235-248

അവതരണവും പശ്ചാത്തലവും

ഈ അധ്യായത്തിന്റെ ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാകുന്നത് തിരുമേനിയുടെ മക്കാജീവിതത്തിന്റെ അവസാനകാലത്താണ് ഇത് അവതരിച്ചതെന്നാണ്. ഖുറൈശികള്‍ തിരുമേനിയെ വധിക്കുകയോ നാടുകടത്തുകയോ ബന്ധനസ്ഥനാക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്ന അവസരമായിരുന്നു അത്. അന്ന് മക്കയിലെ ചില നിഷേധികള്‍ (മിക്കവാറും ജൂതന്മാരുടെ പ്രേരണയാല്‍) തിരുമേനിയെ പരീക്ഷിക്കുന്നതിനുവേണ്ടി, ബനൂഇസ്‌റാഈല്‍N676 ഈജിപ്തിലേക്കു പോകാന്‍ കാരണമെന്താണെന്നു തിരുമേനിയോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ അറബികള്‍ക്ക് ഈ കഥ തികച്ചും അജ്ഞാതമായിരുന്നു. അവര്‍ക്കിടയില്‍ പ്രചാരമുള്ള കഥകളിലൊന്നും അതിന്റെ ഒരു സൂചനയും കാണപ്പെട്ടിരുന്നില്ല. ഇതിനുമുമ്പ് തിരുമേനിയുടെ നാവില്‍നിന്ന് അവര്‍ അതേപ്പറ്റി ഒന്നുംതന്നെ കേട്ടിട്ടുമുണ്ടായിരുന്നില്ല. അതിനാല്‍, ഒന്നുകില്‍ തിരുമേനിക്ക് ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല; അല്ലെങ്കില്‍, അതേപ്പറ്റി അവിടുന്ന് സൂത്രത്തില്‍ വല്ലവരോടും ചോദിച്ചറിയാന്‍ ശ്രമിക്കും എന്നായിരുന്നു അവര്‍ കരുതിയത്. പക്ഷേ, ഈ പരീക്ഷണത്തില്‍ അവര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഈ ചോദ്യത്തിനുത്തരമായി ഉടനെ യൂസുഫ് നബി(അ)യുടെ കഥ പൂര്‍ണമായി അവരുടെ മുമ്പില്‍, തിരുമേനിയുടെ നാവിലൂടെ, അല്ലാഹു അവതരിപ്പിച്ചു. മാത്രമല്ല, അല്‍പംകൂടി മുമ്പോട്ടു കടന്ന്, യൂസുഫിന്റെ സഹോദരന്മാരെപ്പോലെ തിരുമേനിയോട് വര്‍ത്തിച്ചിരുന്ന അവരുടെ ദുഷ്പ്രവൃത്തികളെ അനാവരണംചെയ്യുക കൂടി ചെയ്തു.


അവതരണോദ്ദേശ്യം

ഇങ്ങനെ സുപ്രധാനമായ രണ്ടുദ്ദേശ്യങ്ങളോടെയാണ് ഈ കഥ അവതീര്‍ണമായത്. ഒന്ന്, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ സ്ഥിരീകരണം; അതും അവരുടെ ആവശ്യാനുസാരം. തിരുമേനി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറയുകയല്ല, മറിച്ച്, യഥാര്‍ഥ ദിവ്യബോധനമാണതെന്ന് അവരുടെ 'പരീക്ഷണ'ത്തിലൂടെത്തന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കയാണ്. ഇക്കാര്യം അധ്യായാരംഭത്തില്‍ 3 12:3 , 7 12:7 സൂക്തങ്ങളില്‍ വ്യക്തമായി വിവരിച്ചിരിക്കുന്നു. സൂറയുടെ അവസാനത്തിലും, 102-103 12:102 സൂക്തങ്ങളിലായി, ഇതേ കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. രണ്ടാമത്തേത് ഇതാണ്: ആ സമയത്ത് ഖുറൈശി നേതൃത്വവും നബി(സ)യും തമ്മിലുണ്ടായിരുന്ന പ്രശ്‌നം, യൂസുഫ് നബിയും സഹോദരന്മാരും തമ്മിലുണ്ടായിരുന്ന പ്രശ്‌നത്തോടു താരതമ്യം ചെയ്യുക. അതോടൊപ്പം അവരെ ഓര്‍മിപ്പിക്കുന്നു: യൂസുഫി(അ)ന്റെ സഹോദരന്മാര്‍ അദ്ദേഹത്തോടനുവര്‍ത്തിച്ച അതേ നയംതന്നെയാണ് ഖുറൈശികള്‍ അവരുടെ സഹോദരനോടും അനുവര്‍ത്തിക്കുന്നത്. പക്ഷേ, ഏതുവിധത്തില്‍ അവര്‍ ദൈവേച്ഛയാല്‍ തങ്ങളുടെ സമരത്തില്‍ പരാജിതരായോ, നിഷ്‌കരുണം പൊട്ടക്കിണറ്റില്‍ എറിഞ്ഞ അതേ സഹോദരന്റെ കാല്‍ക്കല്‍ വരാന്‍ നിര്‍ബന്ധിതരായോ അതേവിധത്തില്‍ നിങ്ങളുടെ ശക്തിയും പ്രതാപവുമെല്ലാം അല്ലാഹുവിന്റെ ആസൂത്രണത്തിനു മുമ്പില്‍ പരാജയപ്പെടുകതന്നെ ചെയ്യും. ഇന്നു നിങ്ങള്‍ നാമാവശേഷമാക്കാന്‍ ഇറങ്ങിത്തിരിച്ച ഇതേ സഹോദരന്റെ മുമ്പില്‍ ഒരു ദിവസം നിങ്ങള്‍ ദയാവായ്പിനുവേണ്ടി യാചിക്കേണ്ടിവരും. ഈ ഉദ്ദേശ്യവും അധ്യായത്തിന്റെ ആരംഭത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.لَّقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ (യൂസുഫിന്റെയും സഹോദരന്മാരുടെയും കഥയില്‍ ഈ ചോദ്യകര്‍ത്താക്കള്‍ക്ക് മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്.) യഥാര്‍ഥത്തില്‍ യൂസുഫ് നബി(അ)യുടെ കഥ മുഹമ്മദ് നബി(സ)യുടെയും ഖുറൈശികളുടെയും ഇടയിലുള്ള അവസ്ഥയുമായി താരതമ്യം ചെയ്ത് ഖുര്‍ആന്‍ ഒരു പ്രവചനം നടത്തുകയായിരുന്നു. ശേഷമുള്ള പത്തുവര്‍ഷങ്ങളില്‍ പ്രസ്തുത വചനം പ്രത്യക്ഷരം പുലരുകയും ചെയ്തു. ഈ അധ്യായം അവതരിച്ചതിനു ശേഷം രണ്ടരവര്‍ഷം തികയുന്നതിനു മുമ്പുതന്നെ ഖുറൈശികള്‍, യൂസുഫിന്റെ സഹോദരന്മാരെപ്പോലെ, മുഹമ്മദ് നബിയെ വധിക്കാന്‍ ശ്രമിക്കുകയും തിരുമേനിക്ക് ജീവരക്ഷാര്‍ഥം മക്കയില്‍നിന്ന് പലായനം ചെയ്യേണ്ടിവരുകയും ചെയ്തു. പിന്നീട് അവരുടെ പ്രതീക്ഷക്ക് തികച്ചും വിരുദ്ധമായിക്കൊണ്ട്, യൂസുഫ് നബി(അ)ക്കുണ്ടായ പോലെത്തന്നെ, തിരുമേനിക്കും പരദേശത്ത് പ്രശസ്തിയും പ്രതാപവുമുണ്ടാവുകയാണ് ചെയ്തത്. അതിനുശേഷം യൂസുഫ് നബി(അ)യുടെ സിംഹാസനത്തിനു മുമ്പില്‍ അവസാനമായി അദ്ദേഹത്തിന്റെ സഹോദരന്മാര്‍ വന്നുനിന്ന ദൃശ്യം, മക്കാവിജയത്തിന്റെ സന്ദര്‍ഭത്തില്‍ ആവര്‍ത്തിക്കുകയുണ്ടായി. അവിടെ യൂസുഫ് നബി(അ)യുടെ സഹോദരങ്ങള്‍ അങ്ങേയറ്റം ദുര്‍ബലരായി; അവശരായി കൈമലര്‍ത്തി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു: (وَتَصَدَّقْ عَلَيْنَا ۖ إِنَّ اللَّهَ يَجْزِي الْمُتَصَدِّقِينَ ( يوسف : ٨٨ (അങ്ങ് ഞങ്ങള്‍ക്ക് ദാനം ചെയ്യുക. നിശ്ചയമായും ദാനം ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും.) ഈ സന്ദര്‍ഭത്തില്‍ അവരോട് പ്രതികാരം ചെയ്യാന്‍ യൂസുഫ് നബിക്ക് കഴിവുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അവര്‍ക്ക് മാപ്പുനല്‍കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു: (لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ (يوسف : ٩٢ (ഇന്ന് നിങ്ങള്‍ക്കെതിരില്‍ ഒരു പ്രതികാരനടപടിയുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ ഏറ്റവും വലിയ കരുണാവാരിധിയാകുന്നു.) ഇതുപോലെത്തന്നെയായിരുന്നു പൊട്ടിത്തകര്‍ന്ന് ഛിന്നഭിന്നമായ ഖുറൈശിദുര്‍ഗങ്ങള്‍ മക്കാവിജയത്തില്‍ തിരുമേനിയുടെ മുമ്പില്‍ വന്നുനിന്നത്. അവരുടെ ഓരോ അക്രമത്തിനും പകരംവീട്ടാന്‍ സാധിക്കുമായിരുന്ന തിരുമേനി ആ സന്ദര്‍ഭത്തില്‍ അവരോട് ചോദിച്ചു: ഞാന്‍ നിങ്ങളോട് എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?'' അവര്‍ പറഞ്ഞു: أَخٌ كَرِيم وَابْن أَخٍ كَرِيم (താങ്കള്‍ ഉദാരനായ സഹോദരനാണ്; ഉദാരനായ സഹോദരന്റെ പുത്രനുമാണ്). തിരുമേനി പറഞ്ഞു: اِنِّي أَقُولُ لَكُمْ كَمَا قَالَ يُوسُفُ لاِخْوَتِهِ لاَ تَثْرِيبَ عَلَيْكُمُ الْيَوْم اِذْهَبُوا فَأَنْتُمُ الطُّلَقَاء (യൂസുഫ് തന്റെ സഹോദരന്മാരോടു പറഞ്ഞ മറുപടിയാണ് ഞാന്‍ നിങ്ങളോടു പറയുന്നത്. ഇന്നു നിങ്ങള്‍ക്കെതിരില്‍ ഒരു പ്രതികാരനടപടിയുമില്ല. നിങ്ങള്‍ പൊയ്‌ക്കൊള്‍ക; നിങ്ങളെല്ലാം സ്വതന്ത്രരാണ്.)


ചര്‍ച്ചകളും വിഷയങ്ങളും

മുകളില്‍ പറഞ്ഞ രണ്ടു വശങ്ങളും ഈ അധ്യായത്തിന്റെ അവതരണോദ്ദേശ്യമാണ്. പക്ഷേ, ഈ കഥയും ഖുര്‍ആന്‍ കേവലം കഥപറയുകയോ ചരിത്രം വിവരിക്കുകയോ ചെയ്യാന്‍ വേണ്ടിയല്ല പറഞ്ഞിരിക്കുന്നത്. മറിച്ച്, പ്രബോധനം എന്ന മൗലികമായ ആവശ്യം നിര്‍വഹിക്കുന്നതിനാണ് ഇതും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇബ്‌റാഹീം (അ), ഇസ്ഹാഖ് (അ), യഅ്ഖൂബ് (അ), യൂസുഫ് (അ) എന്നീ പ്രവാചകന്മാരുടെയെല്ലാം മതം മുഹമ്മദ് നബി(സ)യുടെ മതംതന്നെയായിരുന്നുവെന്നും ഇന്ന് മുഹമ്മദ് നബി പ്രബോധനം ചെയ്യുന്ന അതേ കാര്യത്തിലേക്കുതന്നെയാണ് അവരെല്ലാം പ്രബോധനം ചെയ്തിരുന്നതെന്നും ഈ കഥയിലുടനീളം സൂചിപ്പിക്കുന്നുണ്ട്. പിന്നീട് ഒരു ഭാഗത്ത് ഹദ്‌റത് യഅ്ഖൂബിന്റെയും ഹദ്‌റത് യൂസുഫിന്റെയും പ്രവര്‍ത്തനങ്ങളും മറുഭാഗത്ത് യൂസുഫിന്റെ സഹോദരന്മാര്‍, കച്ചവടസംഘം, ഈജിപ്തിലെ രാജാവ്, അദ്ദേഹത്തിന്റെ ഭാര്യ, ഈജിപ്തിലെ സ്ത്രീകള്‍, ഭരണാധികാരികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും നിരത്തിവെച്ചിരിക്കുന്നു. ഇതു കേള്‍ക്കുകയും കാണുകയും ചെയ്യുന്നവരുടെ മുമ്പില്‍ ആ വിവരണ ശൈലി നിശ്ശബ്ദമായി ഒരു ചോദ്യം ഉന്നയിക്കുകയാണ്: നോക്കൂ, ഒരു ചിത്രമിതാ; ഇസ്‌ലാം, അതായത്, അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കുകയും പരലോക വിചാരണയില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തന ചിത്രം. മറ്റൊന്ന് കുഫ്‌റിന്റെയും ജാഹിലിയ്യത്തിന്റെയും ഭൗതികപൂജയുടെയും ദൈവധിക്കാരത്തിന്റെയും പരലോകനിഷേധത്തിന്റെയും ചിത്രമാണ്. ഇനി നിങ്ങള്‍ സ്വയം മനസ്സാക്ഷിയോടു ചോദിച്ചുനോക്കുക; ഇതില്‍ ഏതു ചിത്രമാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന്. ഈ കഥയിലൂടെ അഗാധമായ മറ്റൊരു യാഥാര്‍ഥ്യം കൂടി വിശുദ്ധഖുര്‍ആന്‍ മനുഷ്യനെ ഗ്രഹിപ്പിക്കുന്നുണ്ട്. അല്ലാഹു എന്തൊരു കാര്യം ചെയ്യാന്‍ ഇച്ഛിക്കുന്നുവോ അതവന്‍ പൂര്‍ത്തിയായി നിര്‍വഹിക്കുകതന്നെ ചെയ്യും. മനുഷ്യന് തന്റെ കുതന്ത്രങ്ങളിലൂടെ അതിനെ ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍നിന്ന് തടയാനോ തെറ്റിക്കാനോ സാധ്യമല്ല. എന്നല്ല, മനുഷ്യന്‍ പലപ്പോഴും ഒരു ലക്ഷ്യംവെച്ച് ഒരു കാര്യം പ്രവര്‍ത്തിക്കുന്നു. കൃത്യമായും ലക്ഷ്യസ്ഥാനത്തേക്കു തന്നെയാണ് താന്‍ പോകുന്നതെന്നാണ് അവന്‍ ധരിക്കുന്നത്. പക്ഷേ, അവസാനം അവന്റെ ലക്ഷ്യത്തിനു വിപരീതമായി, അല്ലാഹുവിന്റെ നിശ്ചയത്തിനനുസാരമായി അല്ലാഹു അവനെക്കൊണ്ടുതന്നെ പ്രവര്‍ത്തിപ്പിച്ചതായിട്ടാണ് അവന്‍ കാണുക. യൂസുഫ് നബിയുടെ സഹോദരങ്ങള്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റില്‍ എറിഞ്ഞപ്പോള്‍ തങ്ങളുടെ മാര്‍ഗത്തിലുള്ള ഒരു മുള്ള് എന്നെന്നേക്കുമായി നശിപ്പിച്ചുവെന്നായിരുന്നു അവര്‍ ധരിച്ചിരുന്നത്. പക്ഷേ, അതുവഴി യഥാര്‍ഥത്തില്‍ അവര്‍ ചെയ്തിരുന്നത് യൂസുഫ് നബി ഏതൊരു ഉന്നത പദവിയിലെത്തണമെന്ന് അല്ലാഹു ഇച്ഛിച്ചുവോ ആ പദവിയുടെ ആദ്യത്തെ പടവില്‍ സ്വന്തം കരങ്ങള്‍കൊണ്ട് അദ്ദേഹത്തെ കൊണ്ടുപോയി വെക്കുകയായിരുന്നു. തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അവര്‍ വല്ലതും നേടിയെങ്കില്‍ അത്, യൂസുഫ് നബി ആ ഉന്നതപദവിയിലെത്തിയ ശേഷം അഭിമാനപൂര്‍വം സ്വസഹോദരനെ സന്ദര്‍ശിക്കാമായിരുന്നതിനു പകരം, അദ്ദേഹത്തിന്റെ മുമ്പില്‍ അത്യന്തം ഖേദത്തോടും ലജ്ജയോടും കൂടി നമ്രശിരസ്‌കരായി കടന്നുചെല്ലേണ്ടി വരുക എന്നതു മാത്രമാണ്. ഈജിപ്തിലെ പ്രഭ്വി യൂസുഫ് നബിയെ ബന്ധനസ്ഥനാക്കി, തന്റെ വീക്ഷണത്തില്‍, അദ്ദേഹത്തോട് പ്രതികാരം ചെയ്തിരിക്കയാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അവര്‍ യൂസുഫിന് രാഷ്ട്രത്തിന്റെ സിംഹാസനത്തിലേക്കുള്ള മാര്‍ഗം തെളിയിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. ഈ കുതന്ത്രം മൂലം സ്വന്തം നിലയില്‍ അവര്‍ നേടിയതോ? അവസരം വരുമ്പോള്‍, അവര്‍ക്കു തന്റെ വളര്‍ത്തുപുത്രനാണ് രാജാവെന്നു പറയാന്‍ കഴിയുന്നതിനു പകരം സ്വന്തം വഞ്ചന പരസ്യമായി സമ്മതിച്ച് ലജ്ജിതയാകേണ്ടിവന്നുവെന്നതു മാത്രം. ഇത് രണ്ടുമൂന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഈ യാഥാര്‍ഥ്യത്തെ സാക്ഷീകരിക്കുന്ന നിരവധി ഉദാഹരണങ്ങളാല്‍ നിബിഡമാണ് ചരിത്രം. അല്ലാഹു ആരെയെങ്കിലും ഉയര്‍ത്താന്‍ വിചാരിച്ചാല്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും അയാളെ താഴ്ത്താന്‍ സാധ്യമല്ല. എന്നല്ല, താഴ്ത്തുന്നതിനുവേണ്ടി അങ്ങേയറ്റം സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടിയാണെന്നു കരുതി അവര്‍ നടപ്പില്‍വരുത്തുന്ന അതേ തന്ത്രങ്ങളില്‍ത്തന്നെ അല്ലാഹു അയാളെ ഉയര്‍ത്താനുള്ള മാര്‍ഗവും ഒരുക്കിയിരിക്കും. അയാളെ താഴ്ത്തിക്കളയാന്‍ ശ്രമിക്കുന്നവര്‍ അവസാനം നിന്ദ്യത മാത്രമേ നേടുകയുള്ളൂ. അതേപോലെ ഇതിനു വിപരീതമായി അല്ലാഹു ഒരാളെ താഴ്ത്തിക്കളയണമെന്നുദ്ദേശിച്ചാല്‍ ഒരു തന്ത്രവും അതില്‍നിന്ന് അയാളെ രക്ഷിക്കുകയില്ല. മാത്രമല്ല, അത്തരം തന്ത്രങ്ങള്‍ വിപരീതഫലങ്ങളുണ്ടാക്കുകയും അവസാനം തന്ത്രം പ്രയോഗിച്ചവന്‍ നിരാശപ്പെടേണ്ടിവരുകയും ചെയ്യും. ഈ യാഥാര്‍ഥ്യം പരിഗണിക്കുന്നവര്‍ക്ക് പ്രഥമമായി അതില്‍നിന്നു ഗ്രഹിക്കാനുള്ള പാഠമിതാണ്: മനുഷ്യന്‍ തന്റെ ലക്ഷ്യത്തിലും ആസൂത്രണത്തിലുമെല്ലാം ദൈവിക നിയമത്തിന്റെ പരിധികള്‍ അതിലംഘിക്കാന്‍ ആഗ്രഹിക്കരുത്. വിജയവും പരാജയവും അല്ലാഹുവിന്റെ കൈയിലാണ്. പക്ഷേ, പരിശുദ്ധമായ ഒരു ലക്ഷ്യത്തിനുവേണ്ടി നേര്‍ക്കുനേരെയുള്ള അനുവദനീയമായ ആസൂത്രണ മാര്‍ഗങ്ങളിലൂടെ ആര്‍ പ്രവര്‍ത്തിക്കുന്നുവോ, അവര്‍ ഒരുവേള പരാജയപ്പെട്ടാല്‍ത്തന്നെ ഒരിക്കലും അധഃസ്ഥിതിയോ നിന്ദ്യതയോ സഹിക്കേണ്ടിവരില്ല. ഇനി ദുഷ്ട ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, അതിനുവേണ്ടി എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിച്ചാലും അവസാനം പരലോകത്തില്‍ തീര്‍ച്ചയായും നിന്ദ്യരായിത്തീരുമെന്നു മാത്രമല്ല, ദുന്‍യാവിലും നിന്ദ്യതയില്‍നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വിരളമായിരിക്കും. അല്ലാഹുവില്‍ അര്‍പ്പിക്കുകയും അവനെ ഭരമേല്‍പിക്കുകയും ചെയ്യണമെന്നതാണ് ഇതില്‍നിന്നു ലഭിക്കുന്ന മറ്റൊരു പാഠം. ഒരുവിഭാഗം ആളുകള്‍ സത്യത്തിനുവേണ്ടി ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിക്കുകയും ലോകം മുഴുവന്‍ അവരെ നിര്‍മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഈ യാഥാര്‍ഥ്യം അവരുടെ മുമ്പിലുണ്ടെങ്കില്‍, അസാധാരണമായ മനസ്സമാധാനം അനുഭവപ്പെടാതിരിക്കില്ല. എതിര്‍കക്ഷിയുടെ ഭീഷണമായ ശ്രമങ്ങള്‍ കണ്ടിട്ട് അവര്‍ ഒട്ടും പതറുകയോ ഭയപ്പെടുകയോ ഇല്ല. മറിച്ച്, അനന്തരഫലം അല്ലാഹുവിന് വിട്ടുകൊടുത്ത് തങ്ങളുടെ ധാര്‍മികചുമതല യഥാവിധി നിര്‍വഹിക്കുകയായിരിക്കും അവര്‍ ചെയ്യുക. എന്നാല്‍, ഈ കഥയില്‍നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്: ഒരു സത്യവിശ്വാസി യഥാര്‍ഥത്തില്‍ത്തന്നെ ഇസ്‌ലാമിന്റെ ചര്യ സ്വീകരിക്കുകയും അതോടൊപ്പം തികഞ്ഞ വിജ്ഞാനംകൊണ്ട് അനുഗൃഹീതനാവുകയുമാണെങ്കില്‍ തന്റെ സ്വഭാവമഹിമയുടെ ശക്തികൊണ്ട് അദ്ദേഹത്തിന് ഒരു രാഷ്ട്രം മുഴുവന്‍ വിജയിക്കാന്‍ സാധിക്കും. യൂസുഫ് നബിയെ നോക്കൂ; പ്രായം പതിനേഴ്, തികച്ചും ഏകന്‍, ഒരു സാധന സാമഗ്രിയുമില്ല. തികച്ചും അന്യമായ ഒരു ദേശവും. ദൗര്‍ബല്യത്തിന്റെ അങ്ങേയറ്റമെന്നോണം അടിമയാക്കി വില്‍ക്കപ്പെടുന്നു. അക്കാലത്ത് അടിമകള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ആര്‍ക്കും അജ്ഞാതമല്ല. ഇതിനെല്ലാം പുറമെ ഗുരുതരമായ ഒരു സ്വഭാവദൂഷ്യത്തിന്റെ കുറ്റം ചുമത്തി അദ്ദേഹം തടവിലാക്കപ്പെടുകയും ചെയ്യുന്നു. ഇത്രത്തോളം ഇടിച്ചുതാഴ്ത്തിയിട്ടും പിന്നീട് അദ്ദേഹം ഈമാനിന്റെയും സ്വഭാവത്തിന്റെയും ശക്തികൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവസാനം രാഷ്ട്രത്തെ മുഴുവന്‍ കീഴ്‌പ്പെടുത്തുകയുമാണ് ചെയ്യുന്നത്.


ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥ

ഈ കഥ ഗ്രഹിക്കുന്നതിന് ഇതോടനുബന്ധിച്ച ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ചില വശങ്ങള്‍ കൂടി മുമ്പിലുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹദ്‌റത് യൂസുഫ് (അ) യഅ്ഖൂബ് നബി(അ)യുടെ പുത്രനും ഇസ്ഹാഖ് നബി(അ)യുടെ പൗത്രനും ഇബ്‌റാഹീം നബി (അ) യുടെ പ്രപൗത്രനുമായിരുന്നു. ബൈബിളിന്റെ വിവരണമനുസരിച്ച് (ഖുര്‍ആനിലെ പരാമര്‍ശം അതിനു പിന്‍ബലം നല്‍കുന്നുണ്ട്) യഅ്ഖൂബ് നബിയുടെ പന്ത്രണ്ട് പുത്രന്മാര്‍, നാലുഭാര്യമാരില്‍നിന്നുള്ളവരായിരുന്നു. ഹദ്‌റത് യൂസുഫും അദ്ദേഹത്തിന്റെ സഹോദരനായ ബിന്‍യാമിനും ഒരു ഭാര്യയില്‍നിന്ന്; ബാക്കി പത്തുപേര്‍ ഇതര ഭാര്യമാരില്‍നിന്നും. ഫലസ്തീനില്‍ യഅ്ഖൂബ് നബി താമസിച്ചിരുന്നത് മുമ്പ് ഇസ്ഹാഖ് നബിയും ഇബ്‌റാഹീം നബിയും താമസിച്ചിരുന്ന 'ഹിബ്രോന്‍' (ഇന്നത്തെ അല്‍ഖൈല്‍) താഴ്‌വരയിലായിരുന്നു. ഇതിനുപുറമെ 'ശെഖേം' (ഇന്നത്തെ നാബുലസ്) ദേശത്തും യഅ്ഖൂബ് നബിക്ക് കുറച്ച് ഭൂമിയുണ്ടായിരുന്നു. ബൈബിള്‍ പണ്ഡിതന്മാരുടെ സൂക്ഷ്മ വിചിന്തനമനുസരിച്ച് യൂസുഫ് നബിയുടെ ജനനം ബി . സി. 1906-നോടടുത്ത കാലത്താണ്. സ്വപ്നം കാണുക, കിണറ്റില്‍ എറിയുക തുടങ്ങി ഈ കഥയുടെ ആരംഭത്തിലുള്ള സംഭവവികാസങ്ങള്‍ നടക്കുന്നത് ബി.സി. 1890-നോടടുത്താണ്. അന്ന് 17 വയസ്സായിരുന്നു യൂസുഫിന്. തല്‍മൂദിന്റെയുംN440 ബൈബിളിന്റെയും വിവരണമനുസരിച്ച് യൂസുഫ് നബിയെ എറിഞ്ഞ കിണര്‍ ശെഖേമിന്റെ വടക്കു ഭാഗത്ത് 'ദൂഥ'യ്ക്ക് (ഇന്നത്തെ ദൂഥാന്‍) സമീപത്താണ് സ്ഥിതിചെയ്യുന്നത്. 'ഗിലെയാദി'N373(കിഴക്കന്‍ ജോര്‍ഡാന്‍)ല്‍നിന്ന് മിസ്രയീമിലേക്ക് പോവുകയായിരുന്ന കച്ചവടസംഘമാണ് അദ്ദേഹത്തെ കിണറ്റില്‍നിന്ന് എടുത്തത്. (ഗിലെയാദിന്റെ പൗരാണികാവശിഷ്ടങ്ങള്‍ ജോര്‍ഡാന്‍ നദിക്ക്N393 കിഴക്ക് അല്‍യാബിസ് താഴ്‌വരN44യുടെ തീരത്ത് ഇന്നും കാണപ്പെടുന്നുണ്ട്.) ചരിത്രത്തില്‍ ഇടയരാജാക്കന്മാര്‍ (Hyksos Kings) എന്ന പേരില്‍ അറിയപ്പെടുന്ന വംശത്തിന്റെ ഭരണമായിരുന്നു അന്ന് ഈജിപ്തില്‍ നിലനിന്നിരുന്നത്. ബി.സി. രണ്ടായിരാമാണ്ടിനോടടുത്ത് ഫലസ്തീനില്‍നിന്നും സിറിയയില്‍നിന്നും വന്ന് ഈജിപ്ത് കീഴടക്കിയ അറബി വംശജരായിരുന്നു ഇവര്‍. അറബി ചരിത്രകാരന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും 'അമാലിഖ് 'എന്ന പേരിലാണ് അവരെ വിവരിച്ചിരിക്കുന്നത്. പുതിയ ഈജിപ്ഷ്യന്‍ ചരിത്രഗവേഷണവുമായി ഇത് തികച്ചും യോജിക്കുന്നുമുണ്ട്. വിദേശികളായ ആക്രമണകാരികളുടെ നിലപാടാണ് ഈജിപ്തില്‍ അവര്‍ക്കുണ്ടായിരുന്നത്. ആഭ്യന്തരകലഹം കാരണം അവര്‍ക്ക് വളരെ വേഗത്തില്‍ ഈജിപ്തിന്റെ ഭരണം പിടിച്ചുപറ്റാന്‍ സാധിച്ചു. ഇതേകാരണംതന്നെയാണ് പ്രസ്തുത ഭരണകൂടത്തില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കാന്‍ യൂസുഫ് നബിക്ക് വഴിയൊരുക്കിക്കൊടുത്തതും. പിന്നീട് ബനൂഇസ്‌റാഈല്‍N676 അവിടെ ഒന്നിനൊന്ന് അഭിവൃദ്ധിപ്പെടുകയും ഫലസമൃദ്ധമായ ഭൂവിഭാഗങ്ങളില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തു. അവിടെ അവര്‍ക്ക് അനല്‍പമായ സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്നു. കാരണം, അവരുടെത്തന്നെ വര്‍ഗത്തില്‍ പെട്ടവരായിരുന്നു. വിദേശികളായ രാജാക്കന്മാരും. ക്രിസ്തുവിന് മുമ്പ് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈജിപ്തില്‍ ഭരണംനടത്തിയിരുന്ന ഇടയരാജാക്കന്മാരുടെ കാലത്ത് മുഴുവന്‍ അധികാരങ്ങളും ഫലത്തില്‍ ബനൂഇസ്‌റാഈലിന്റെ കരങ്ങളിലായിരുന്നു. إِذْ جَعَلَ فِيكُمْ أَنبِيَاءَ وَجَعَلَكُم مُلُوكًا (അവന്‍ നിങ്ങളില്‍നിന്ന് പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കന്മാരാക്കുകയും ചെയ്ത സന്ദര്‍ഭം) എന്ന് സൂറ അല്‍മാഇദ 20-ആം 5:20 സൂക്തം ഈ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അതിനുശേഷം നാട്ടില്‍ ശക്തിമത്തായ ഒരു ദേശീയപ്രസ്ഥാനം ആവിര്‍ഭവിക്കുകയും അത് ഇടയ സിംഹാസനത്തെ തകിടംമറിക്കുകയും ചെയ്തു. അതോടെ രണ്ടരലക്ഷം വരുന്ന അമാലിഖികളെN13 രാജ്യഭ്രഷ്ടരാക്കുകയും ഖിബ്ത്വിപക്ഷപാതികളായ ഒരു ദേശീയഗോത്രം അധികാരത്തില്‍വരുകയും ചെയ്തു. അവര്‍ അമാലിഖികളുടെ എല്ലാ അടയാളങ്ങളും തുടച്ചുനീക്കുകയും ബനൂഇസ്‌റാഈലിന്റെ മേല്‍ വിവിധതരത്തിലുള്ള ആക്രമണങ്ങളുടെ പരമ്പരതന്നെ അഴിച്ചുവിടുകയും ചെയ്തു. അതേപ്പറ്റിയുള്ള പരാമര്‍ശമാണ് മൂസാനബിയുടെ കഥയില്‍ വരുന്നത്. ഈജിപ്ഷ്യന്‍ ചരിത്രത്തില്‍നിന്ന് മറ്റൊരു കാര്യം കൂടി മനസ്സിലാക്കാം: ഈ ഇടയരാജാക്കന്മാര്‍ ഈജിപ്ഷ്യന്‍ ദേവതകളെ അംഗീകരിച്ചിരുന്നില്ല. സിറിയയില്‍നിന്ന് സ്വന്തം ദേവതകളെയും അവര്‍ കൂടെ കൊണ്ടുവന്നിരുന്നു. ഈജിപ്തില്‍ മുഴുവന്‍ തങ്ങളുടെ മതം പ്രചരിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഇതാണ് യൂസുഫ് നബിയുടെ സമകാലികരായ ഈജിപ്ഷ്യന്‍ രാജാക്കന്മാരെ 'ഫിര്‍ഔന്‍' എന്ന പേരില്‍ ഖുര്‍ആന്‍ അനുസ്മരിക്കാതിരിക്കാന്‍ കാരണം. ഫിര്‍ഔന്‍ എന്നത് ഈജിപ്തിലെ മതപരമായ ഒരു സാങ്കേതിക പദമാണ്. ഈ രാജാക്കന്മാര്‍ ഈജിപ്ഷ്യന്‍ മതത്തിന്റെ അനുഗാമികളൊട്ടായിരുന്നില്ല താനും. പക്ഷേ, ബൈബിളില്‍ അവരെയും തെറ്റായി ഫിര്‍ഔന്‍മാരെന്ന് വിവരിച്ചിരിക്കുന്നു. ഒരുവേള, ബൈബിള്‍ ക്രോഡീകരിച്ചവര്‍ ഈജിപ്തിലെ എല്ലാ രാജാക്കന്മാരും ഫറോവമാരായിരുന്നുവെന്ന് തെറ്റിദ്ധരിച്ചതായിരിക്കണം. ഈജിപ്തിലെ ഇടയരാജാക്കന്മാരില്‍ അപോഫിസ് (Apophis) എന്ന രാജാവായിരുന്നു യൂസുഫിന്റെ കാലത്തുണ്ടായിരുന്നതെന്നാണ് ബൈബിളും ഈജിപ്ഷ്യന്‍ ചരിത്രവും തമ്മില്‍ താരതമ്യ പഠനം നടത്തിയ ആധുനിക ഗവേഷകന്മാര്‍ പൊതുവായി അഭിപ്രായപ്പെടുന്നത്. അന്ന് ഈജിപ്തിന്റെ തലസ്ഥാനം മന്‍ഫിസ് (മന്‍ഫ്) ആയിരുന്നു. കൈറോവില്‍നിന്ന് 14 മൈല്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്തിരുന്ന അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നുണ്ട്. 17-18 വയസ്സുള്ളപ്പോഴാണ് യൂസുഫ് നബി അവിടെ എത്തിയത്. രണ്ടുമൂന്നു വര്‍ഷം ഈജിപ്തിലെ പ്രഭുവിന്റെ വീട്ടില്‍ താമസിച്ചു. എട്ടൊമ്പതു വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടി. മുപ്പതാമത്തെ വയസ്സില്‍ അവിടത്തെ ഭരണാധികാരിയായി. മറ്റാരുടെയും പങ്കാളിത്തമില്ലാതെ എണ്‍പതു വര്‍ഷത്തോളം അദ്ദേഹം ഈജിപ്ത് മുഴുവന്‍ അടക്കിഭരിച്ചു. തനിക്ക് ആധിപത്യം കിട്ടിയതിനുശേഷം ഒമ്പതാമത്തെയോ പത്താമത്തെയോ വര്‍ഷത്തിലാണ് യഅ്ഖൂബ് നബിയെ കുടുംബസഹിതം ഫലസ്ത്വീനില്‍നിന്ന് ഈജിപ്തിലേക്ക് വിളിച്ചത്. അവരെ അദ്ദേഹം 'കൈറോ'വിന്റെയും 'ദിംയാത്വി'ന്റെയും ഇടയിലുള്ള പ്രദേശത്ത് അധിവസിപ്പിച്ചു. ബൈബിളില്‍ ഈ പ്രദേശത്തിന് 'ജുശന്‍'N408 അഥവാ 'ഗോശന്‍' എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. മൂസാ നബിയുടെ കാലം വരെ അവര്‍ ഈ പ്രദേശത്തുതന്നെയാണ് താമസിച്ചിരുന്നത്M12. ബൈബിളിന്റെ വിവരണമനുസരിച്ച് യൂസുഫ് നബി തന്റെ 110-ആമത്തെ വയസ്സില്‍ മരിക്കുകയും മരണസമയത്ത്, ഇസ്‌റാഈല്യര്‍ ഈജിപ്തില്‍നിന്ന് പുറത്തുപോവുകയാണെങ്കില്‍ തന്റെ അസ്ഥികളും മറ്റും കൂടെ കൊണ്ടുപോകണമെന്ന് അവരോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു. യൂസുഫ് നബിയുടെ കഥയെ അധികരിച്ച് ബൈബിളിലും തല്‍മൂദിലും വന്ന വിവരണം വിശുദ്ധ ഖുര്‍ആന്റെ വിവരണത്തില്‍നിന്ന് വളരെയേറെ ഭിന്നമാണ്. പക്ഷേ, കഥയുടെ പ്രധാനഭാഗങ്ങള്‍ മൂന്നിലും ഒന്നുതന്നെ. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഈ ഭിന്നത നാം ചൂണ്ടിക്കാണിക്കുന്നതാണ്.

Source: www.thafheem.net