VERSES
123
PAGES
221-235

അവതരണ കാലം

ഈ സൂറയുടെ പ്രതിപാദ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ സൂറ യൂനുസ് അവതരിച്ച കാലത്തുതന്നെയാണ് ഇതും അവതരിച്ചതെന്നു മനസ്സിലാവുന്നു. ഒരുവേള അതിനോട് ചേര്‍ന്നുതന്നെ അവതരിച്ചതാവാനും ഇടയുണ്ട്. കാരണം, അതിന്റെ പ്രതിപാദ്യംതന്നെയാണ് ഇതിന്റേതും. എന്നാല്‍, താക്കീതിന്റെ ശൈലി ഇതില്‍ കൂടുതല്‍ രൂക്ഷമാണ്. ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: അബൂബക്ര്‍(റ)N1314 നബി(സ)യോട് ചോദിച്ചു: ''അങ്ങ് വൃദ്ധനായിവരുന്നത് ഞാന്‍ കാണുന്നു. എന്താണതിനു കാരണം?'' അവിടുന്ന് പറഞ്ഞു: شَيَّبَتْنِى هُودٌ وَاخوَاتُهَا (ഹൂദും അതിന്റെ സഹോദരികളും [അതേ ഉള്ളടക്കമുള്ള തൊട്ടടുത്ത സൂറകള്‍] ആണ് എന്നെ നരപ്പിച്ചത്)H109. ആ കാലഘട്ടം തിരുമേനിയെ സംബന്ധിച്ചിടത്തോളം എന്തുമാത്രം കഠിനമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഒരു ഭാഗത്ത് കാഫിറുകളായ ഖുറൈശികള്‍ സര്‍വായുധ സജ്ജരായി ഈ സത്യപ്രബോധനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത്, അല്ലാഹുവില്‍നിന്ന് അടിക്കടി താക്കീതുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ പരിതഃസ്ഥിതിയില്‍ 'അല്ലാഹു അവര്‍ക്ക് നല്‍കിയ അവസരം അവസാനിക്കുകയില്ലേ? ശിക്ഷകൊണ്ട് അവരെ ഒന്നടങ്കം നശിപ്പിക്കുന്ന ആ അവസാനനിമിഷം ആസന്നമാവുകയില്ലേ' എന്നിങ്ങനെയുള്ള ആശങ്കകള്‍ സദാ തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നിരിക്കാം. യഥാര്‍ഥത്തില്‍ ഈ സൂറ വായിക്കുമ്പോള്‍ തോന്നുന്നതിങ്ങനെയാണ്: ഒരണക്കെട്ട് പൊട്ടാറായിരിക്കുന്നു. ആ അണമുറിഞ്ഞ പ്രവാഹത്തില്‍ ഒലിച്ചുപോകാനിരിക്കുന്ന പ്രജ്ഞാശൂന്യരായ ജനങ്ങളെ അന്തിമമായി താക്കീതുചെയ്തുകൊണ്ടിരിക്കുന്നു.


പ്രതിപാദ്യ വിഷയം

പ്രതിപാദ്യവിഷയം മുകളില്‍ പറഞ്ഞപോലെ യൂനുസ് അധ്യായത്തിലേതുതന്നെയാണ്. അതായത്, പ്രബോധനവും ഉദ്‌ബോധനവും താക്കീതും. തമ്മില്‍ വ്യത്യാസമിതാണ്: യൂനുസ് അധ്യായത്തെ അപേക്ഷിച്ച്, ഇതിലെ പ്രബോധനം കൂടുതല്‍ സംക്ഷിപ്തമാണ്. ഉദ്‌ബോധനത്തിലാവട്ടെ, തെളിവുകള്‍ കുറവും ഉപദേശനിര്‍ദേശങ്ങള്‍ കൂടുതലും. താക്കീതുകള്‍ വ്യക്തമാണെന്നു മാത്രമല്ല, കൂടുതല്‍ ശക്തവുമാണ്. പ്രബോധനമിതാണ്: പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കുക, ശിര്‍ക്കില്‍നിന്ന് അകന്നുനില്‍ക്കുക, മറ്റെല്ലാവരുടെയും അടിമത്തം ഉപേക്ഷിച്ച് അല്ലാഹുവിന്റെ മാത്രം അടിമത്തം സ്വീകരിക്കുക, ഐഹിക ജീവിതത്തിന്റെ മുഴുവന്‍ വ്യവസ്ഥയും പരലോകത്തുവെച്ച് കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുക. ഉദ്‌ബോധനമിതാണ്: ഐഹികജീവിതത്തിന്റെ ബാഹ്യവശത്തെ മാത്രം അവലംബിച്ച് ഏതൊരു ജനവിഭാഗം അല്ലാഹുവിന്റെ പ്രവാചകന്റെ പ്രബോധനം ധിക്കരിച്ചിട്ടുണ്ടോ അവര്‍ അതിന്റെ പരിണാമം എന്തുമാത്രം തിക്തമായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. ചരിത്രത്തിന്റെ നിരന്തരമായ അനുഭവപാഠങ്ങള്‍ വിനാശകരമെന്ന് ഖണ്ഡിതമായും സ്ഥാപിച്ചുകഴിഞ്ഞ അതേ മാര്‍ഗം തന്നെ പിന്തുടരണമെന്ന് നിങ്ങള്‍ക്കും നിര്‍ബന്ധമുണ്ടോ? താക്കീത് ഇങ്ങനെയാണ്: ശിക്ഷയുടെ ആഗമനത്തിലുള്ള കാലതാമസം യഥാര്‍ഥത്തില്‍ അല്ലാഹു ഔദാര്യമായി നല്‍കിയ ഒരു ഇടവേള മാത്രമാണ്. ഈ ഇടവേളയില്‍ നിങ്ങള്‍ പൂര്‍വ നിലപാടില്‍നിന്ന് മടങ്ങിയിട്ടില്ലെങ്കില്‍ ഒരു ശക്തിക്കും തടുക്കാന്‍ സാധ്യമല്ലാത്തതും, മുഅ്മിനുകളൊഴികെ മറ്റെല്ലാവരെയും നിലംപരിശാക്കുന്നതുമായ ശിക്ഷ നിങ്ങളില്‍ ആപതിക്കുകതന്നെ ചെയ്യും. ഈ വിഷയമവതരിപ്പിക്കുന്നതിനിടയില്‍ സാന്ദര്‍ഭികമായി നൂഹ് ജനത, ആദ്, സമൂദ്, ലൂത്ത്ജനത, മദ്‌യന്‍ വാസികള്‍, ഫിര്‍ഔന്റെ ജനത തുടങ്ങിയവരുടെ കഥകളും ധാരാളം പരാമര്‍ശിക്കുന്നുണ്ട്. ഈ കഥകളിലൂടെ പ്രത്യേകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഇതാണ്: ദൈവം അന്തിമമായ തീരുമാനമെടുക്കുമ്പോള്‍, അത് തീരെ ദാക്ഷിണ്യമില്ലാത്തതായിരിക്കും. അവിടെആരോടും ഒരു മമതയും കാണിക്കുകയില്ല. ആര്‍ ആരുടെ മകനാണ്, ആരുടെ ബന്ധുവാണ് എന്നിങ്ങനെയുള്ള പരിഗണനയും ഉണ്ടായിരിക്കില്ല. സന്മാര്‍ഗത്തിലേക്ക് വന്നവരാരാണോ അവര്‍ക്ക് മാത്രമാണ് അവന്റെ കാരുണ്യം ലഭ്യമാവുക. അതില്ലെങ്കില്‍ ഏതെങ്കിലും പ്രവാചകന്റെ ഭാര്യയോ മകനോ ആണെങ്കില്‍ പോലും അല്ലാഹുവിന്റെ കോപാഗ്നിയില്‍നിന്ന് രക്ഷപ്പെടുകയില്ല. ഇത്രമാത്രമല്ല, ഈമാനും കുഫ്‌റും തമ്മില്‍ നിര്‍ണായകമായ സംഘട്ടനം നടക്കുമ്പോള്‍ ദീനിന്റെ പ്രകൃതി ആവശ്യപ്പെടുന്നത്, മുഅ്മിനുകള്‍തന്നെയും പിതാവ്, പുത്രന്‍, ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെയുള്ള ബന്ധങ്ങള്‍ മറന്നുകളയണമെന്നും അല്ലാഹുവിന്റെ നീതിയുടെ ഖഡ്ഗംപോലെ തികച്ചും നീതിനിഷ്ഠരായിരിക്കണമെന്നും സത്യത്തോടുള്ള ബന്ധമൊഴികെ മറ്റെല്ലാ ബന്ധങ്ങളും പൊട്ടിച്ചെറിയണമെന്നുമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തബന്ധത്തിനും കുടുംബബന്ധത്തിനുമൊക്കെ അണുത്തൂക്കമെങ്കിലും പ്രാധാന്യം കല്‍പിക്കുന്നത് ഇസ്‌ലാമിന്റെ ചൈതന്യത്തിനുതന്നെ വിരുദ്ധമാണ്. ഈ അധ്യാപനത്തിന്റെ സാക്ഷാല്‍ക്കാരമാണ് മൂന്നുനാല് വര്‍ഷങ്ങള്‍ക്കു ശേഷം മുഹാജിറുകളായ മുസ്‌ലിംകള്‍ ബദ്ര്‍ യുദ്ധത്തില്‍ കാഴ്ചവെച്ചത്.

Source: www.thafheem.net