VERSES
3
PAGES
602-602

നാമം

إِنَّا أَعْطَيْنَاكَ الْكَوْثَر എന്ന വാക്യത്തിലെ الْكَوْثَر എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.


അവതരണകാലം

ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസ്N1342, അബ്ദുല്ലാഹിബ്‌നു സുബൈര്‍‍N1534, ആഇശ(റ)N1413 എന്നിവരില്‍നിന്ന് ഇബ്‌നുമര്‍ദവൈഹിN1418 ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്നു നിവേദനം ചെയ്തിരിക്കുന്നു. കല്‍ബി, മുഖാതില്‍N749 എന്നിവരും ഇതു മക്കിയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. ഭൂരിപക്ഷം മുഫസ്സിറുകളുടെ വീക്ഷണവും ഇതുതന്നെ. എന്നാല്‍, ഹ. ഹസന്‍ബസ്വരിN1487യും ഇക്‌രിമN154യും ഖതാദN1513യും ഇതു മദനിയാണെന്നാണ് നിര്‍ണയിച്ചിട്ടുള്ളത്. ഇതാണ് സാധുവായ അഭിപ്രായമെന്ന് ഇമാം സുയൂത്വിN1080 തന്റെ അല്‍ഇത്ഖാനിN1109ല്‍ സമര്‍ഥിച്ചിരിക്കുന്നു. ഇമാം നവവിN1508 തന്റെ ശര്‍ഹുമുസ്‌ലിമില്‍ ഈ അഭിപ്രായത്തിനാണ് മുന്‍ഗണന കല്‍പിച്ചത്. അഹ്മദ്N1509, മുസ്‌ലിംN1462, അബൂദാവൂദ്N1393, ഇബ്‌നു അബീശൈബN1415, നസാഇN1478, ഇബ്‌നുല്‍മുന്‍ദിര്‍N1428, ഇബ്‌നുമര്‍ദവൈഹി, ബൈഹഖിN674 തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ ഹ. അനസിN1300ല്‍നിന്ന് ഉദ്ധരിച്ച ഈ നിവേദനമാണവരുടെ തെളിവ്: ''പ്രവാചകന്‍ ഞങ്ങള്‍ക്കിടയില്‍ ആഗതനായി. അപ്പോള്‍ അദ്ദേഹത്തെ ഒരു മയക്കം ബാധിച്ചു. പിന്നെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തിരുശിരസ്സ് ഉയര്‍ത്തി (അങ്ങെന്താണ് പുഞ്ചിരിക്കുന്നതെന്ന് ചില ശിഷ്യന്മാര്‍ ചോദിച്ചതായും ചില നിവേദനങ്ങളിലുണ്ട്.) അദ്ദേഹം സദസ്യരോട്, ഇപ്പോള്‍ തനിക്ക് ഒരു സൂറ അവതരിച്ചതായി പറഞ്ഞു. തുടര്‍ന്നവിടുന്ന് بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ എന്നുരുവിട്ട് സൂറ അല്‍കൗസര്‍ പാരായണം ചെയ്തു. അനന്തരം അവിടുന്ന് ചോദിച്ചു:H974 'നിങ്ങള്‍ക്കറിയാമോ എന്താണ് കൗസര്‍ എന്ന്?' ആളുകള്‍ പറഞ്ഞു: 'അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റം അറിയുന്നത്? തിരുമേനി പറഞ്ഞു: 'അത് എന്റെ റബ്ബ് സ്വര്‍ഗത്തില്‍ എനിക്കായി പ്രദാനംചെയ്ത ഒരു നദിയാകുന്നു.'' (വിശദീകരണം കൗസറിന്റെ വ്യാഖ്യാനത്തില്‍ വരുന്നുണ്ട്.) ഹ. അനസ്(റ) മക്കയില്‍ ഉണ്ടായിരുന്നില്ല, മദീനയിലേ ഉണ്ടായിരുന്നുള്ളൂ എന്ന അടിസ്ഥാനത്തിലാണ് ഈ നിവേദനം പ്രകൃത സൂറ മദനിയാണെന്നതിന് തെളിവാകുന്നത്. ഞങ്ങളുടെ സാന്നിധ്യത്തില്‍ ഈ സൂറ അവതരിച്ചു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതു മദനിയാണെന്നു കുറിക്കുന്നു. പക്ഷേ, ഇതിനു ചില ദൗര്‍ബല്യങ്ങളുണ്ട്. ഒന്നാമതായി, ഈ നദി (കൗസര്‍) പ്രവാചകന്റെ ആകാശാരോഹണവേളയില്‍ കാണിക്കപ്പെട്ടിരുന്നതായി ഇമാം അഹ്മദും ബുഖാരിയും മുസ്‌ലിമും അബൂദാവൂദും തിര്‍മിദിയും ഇബ്‌നുജരീറുംN1477 ഉദ്ധരിച്ചിട്ടുണ്ട്. മിഅ്‌റാജാവട്ടെ, ഹിജ്‌റക്കുമുമ്പ് മക്കയില്‍വെച്ചാണുണ്ടായതെന്ന കാര്യം സുവിദിതമാണല്ലോ. രണ്ടാമതായി, മിഅ്‌റാജില്‍ (ആകാശാരോഹണ വേളയില്‍) ഈ സമ്മാനത്തെക്കുറിച്ച് അറിയിക്കുകമാത്രമല്ല ചെയ്തിരുന്നത്, അത് കാണിച്ചുകൊടുക്കുക കൂടി ചെയ്തിരുന്നു. എങ്കില്‍ പിന്നെ ഈ സുവാര്‍ത്ത അറിയിക്കാന്‍ മദീനയില്‍ ഒരു സൂറ അവതരിച്ചുവെന്നു കരുതാന്‍ ന്യായമില്ല. മൂന്നാമതായി, ഹ. അനസിന്റെ നിവേദനത്തിലുള്ളതുപോലെ സ്വഹാബത്തിന്റെ ഒരു സദസ്സില്‍ വെച്ച് തനിക്ക് സൂറ അല്‍കൗസര്‍ അവതരിച്ചതായി നബി (സ) തന്നെ പ്രസ്താവിച്ചുവെങ്കില്‍ അതിനര്‍ഥം, പ്രസ്തുത സൂറ ആദ്യം അവതരിച്ചത് ആ സമയത്തുതന്നെയാണെന്നാണല്ലോ. എങ്കില്‍ പിന്നെ ഹ. ആഇശ, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു സുബൈര്‍ തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ ഈ സൂറ മക്കിയാണെന്നു നിര്‍ണയിക്കാനും ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ആ വീക്ഷണം അംഗീകരിക്കാനും കാരണമെന്ത്? ഈ പ്രശ്‌നം വിശകലനം ചെയ്തുനോക്കിയാല്‍ ഹ. അനസിന്റെ നിവേദനത്തില്‍ ഒരു വിടവുള്ളതായി കാണാം. തിരുമേനി ഈ പ്രസ്താവന ചെയ്ത ആ സദസ്സില്‍ അതിനുമുമ്പ് നടന്ന സംഭാഷണം എന്തായിരുന്നുവെന്ന് അദ്ദേഹം പറയുന്നില്ല എന്നതാണത്. ആ സന്ദര്‍ഭത്തില്‍ തിരുമേനി ഏതെങ്കിലും വിഷയത്തെക്കുറിച്ച് വല്ലതും പറഞ്ഞിരിക്കാനിടയുണ്ട്. അതിനിടക്ക് ആ വിഷയത്തില്‍ സൂറ കൗസര്‍ വെളിച്ചംവീശുന്നതായി വഹ്‌യ് (ദിവ്യബോധനം) മുഖേന തിരുമേനി അറിയിക്കപ്പെടുകയുണ്ടായി. അക്കാര്യം 'എനിക്ക് ഇന്ന സൂറ അവതരിച്ചിട്ടുണ്ട്' എന്ന രീതിയില്‍ തിരുമേനി അവരോട് പറയുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിനെ ആധാരമാക്കിയാണ് മുഫസ്സിറുകള്‍ ചില സൂക്തങ്ങളെ സംബന്ധിച്ച് അവ രണ്ടുവട്ടം അവതരിച്ചതായി പ്രസ്താവിച്ചത്. ഈ ദ്വിതീയ അവതരണത്തിന്റെ യഥാര്‍ഥ താല്‍പര്യം ഇതാണ്: സൂക്തം നേരത്തേ അവതരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഏതോ സന്ദര്‍ഭത്തില്‍ രണ്ടാം വട്ടം തിരുമേനിയുടെ ശ്രദ്ധ വഹ്‌യ് മുഖേന ഈ സൂക്തത്തിലേക്ക് തിരിക്കുകയുണ്ടായി. ഇത്തരം നിവേദനങ്ങളില്‍ ഒരു സൂക്തത്തിന്റെ അവതരണ പരാമര്‍ശം, അതു മക്കിയോ മദനിയോ എന്നു തീരുമാനിക്കാനും യഥാര്‍ഥത്തില്‍ അത് അവതരിച്ചത് ഏതു കാലത്താണെന്ന് നിര്‍ണയിക്കാനും പര്യാപ്തമായ ന്യായമാകുന്നില്ല. ഹ. അനസിന്റെ ഈ നിവേദനം സംശയമുണര്‍ത്തുന്നില്ലെങ്കില്‍, സൂറ അല്‍കൗസറിന്റെ ഉള്ളടക്കം മുഴുവന്‍ അതു മക്കയില്‍ അവതരിച്ചതാണെന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്; മക്കയില്‍ നബി (സ) അതികഠിനമായ മനഃക്ലേശമനുഭവിച്ചിരുന്ന കാലത്ത്.


ചരിത്ര പശ്ചാത്തലം

ഇതിനുമുമ്പ് സൂറ അദ്ദുഹായും സൂറ അലം നശ്‌റഹും നിങ്ങള്‍ കാണുകയുണ്ടായി. പ്രവാചകത്വത്തിന്റെ ആദ്യനാളുകള്‍ അതികഠിനമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. സമൂഹത്തിലാകമാനം ശത്രുത കൊടുമ്പിരികൊണ്ടു. എതിര്‍പ്പുകളുടെ മലകള്‍ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങളായി ഉയര്‍ന്നുനിന്നു. വിമര്‍ശനത്തിന്റെ കൊടുങ്കാറ്റ് എങ്ങും ചീറിയടിച്ചുകൊണ്ടിരുന്നു. പ്രവാചകനും ഒരുപിടി അനുയായികളും കണ്ണെത്തുന്ന ദൂരത്തെങ്ങും വിജയത്തിന്റെ ഒരു ലക്ഷണവും കണ്ടിരുന്നില്ല. ആ സാഹചര്യത്തില്‍ തിരുമേനിക്ക് ആശ്വാസവും ധൈര്യവും പകരാന്‍ അല്ലാഹു പല സൂക്തങ്ങളും അവതരിപ്പിക്കുകയുണ്ടായി. സൂറ അദ്ദുഹായില്‍ പറഞ്ഞു: وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ , وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ (നിശ്ചയം, നിന്റെ പില്‍ക്കാലം മുന്‍കാലത്തെക്കാള്‍ വിശിഷ്ടമാകുന്നു. അടുത്ത് നിന്റെ റബ്ബ് നീ സന്തുഷ്ടനാകുന്ന ചിലത് നിനക്ക് നല്‍കുന്നുണ്ട്). സൂറ അലം നശ്‌റഹില്‍ പറഞ്ഞു: وَرَفَعْنَا لَكَ ذِكْرَكَ (നാം നിന്റെ കീര്‍ത്തിയുയര്‍ത്തിയിരിക്കുന്നു). അതായത്, ശത്രുക്കള്‍ നിന്നെക്കുറിച്ച് ദുഷ്‌കീര്‍ത്തി പരത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, നാം അവരുടെ ആ നടപടിതന്നെ നിന്റെ സല്‍കീര്‍ത്തി പ്രചരിക്കാനുള്ള ഉപാധിയാക്കിയിരിക്കുന്നു. فَإِنَّ مَعَ الْعُسْرِ يُسْرًا , إِنَّ مَعَ الْعُسْرِ يُسْرًا (പ്രയാസത്തോടൊപ്പം എളുപ്പമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. നിശ്ചയം, പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്). അതായത്, ഇപ്പോഴത്തെ പ്രയാസങ്ങളില്‍ അക്ഷമനാവാതിരിക്കുക. ഈ വിപത്തുക്കളൊക്കെ അടുത്തുതന്നെ അവസാനിക്കുന്നതാണ്. വിജയത്തിന്റെ ഘട്ടം സമാഗതമാവുകതന്നെ ചെയ്യും. ഇത്തരം സാഹചര്യത്തില്‍ത്തന്നെയാണ് അല്ലാഹു സൂറ അല്‍കൗസര്‍ അവതരിപ്പിച്ചുകൊണ്ട് തിരുമേനിയെ സമാശ്വസിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ നാശം പ്രവചിക്കുകയും ചെയ്തത്. ഖുറൈശി നിഷേധികള്‍ പറയാറുണ്ടായിരുന്നു: മുഹമ്മദ് (സ) നമ്മുടെ സമുദായത്തില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നു. അവന്‍ നിസ്സഹായനും നിരാലംബനുമായിരിക്കുന്നു. ഇക്‌രിമN154 നിവേദനം ചെയ്യുന്നു: മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുകയും അവിടുന്ന് ഖുറൈശികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനാരംഭിക്കുകയും ചെയ്തപ്പോള്‍ ഖുറൈശികള്‍ പറയാന്‍ തുടങ്ങി: (بَتِرَ مُحَمَّدٌ مِّنَّا (إبن جرير (മുഹമ്മദ് തന്റെ സമൂഹത്തില്‍നിന്ന്, വേരറ്റ മരംപോലെ വിച്ഛേദിതനായിരിക്കുന്നു). അല്‍പനാളുകള്‍ക്കകം അത് ഉണങ്ങി നിലംപൊത്തുമെന്നുതന്നെ പ്രതീക്ഷിക്കാം. മുഹമ്മദുബ്‌നു ഇസ്ഹാഖ്N176 പറയുന്നു: മക്കയിലെ കാരണവരായിരുന്ന ആസ്വുബ്‌നു വാഇല്‍ സഹ്മിയുടെ മുന്നില്‍ റസൂല്‍ തിരുമേനി പരാമര്‍ശിക്കപ്പെട്ടാല്‍ അയാള്‍ പറയാറുണ്ടായിരുന്നു: 'അവന്റെ കാര്യം കള. അവനൊരു അബ്തര്‍ (കുറ്റിയറ്റവന്‍). അവന്ന് ആണ്‍മക്കളാരുമില്ല. മരിച്ചുപോയാല്‍ അവന്നൊരു പിന്‍ഗാമിയും ഉണ്ടാവില്ല.' ഉഖ്ബതുബ്‌നു അബീമുഐത്വുംN191 ഇതേവിധം പറഞ്ഞിരുന്നതായി ഗമീറുബ്‌നു അത്വിയ്യയില്‍നിന്ന് ഇബ്‌നുജരീര്‍‍N1477 ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസിN1342ല്‍നിന്ന് ബസ്സാര്‍N1539 നിവേദനം ചെയ്യുന്നു: ഒരിക്കല്‍ കഅ്ബുബ്‌നു അശ്‌റഫ്N262 (മദീനയിലെ യഹൂദിനായകന്‍) മക്കയില്‍ വന്നപ്പോള്‍ ഖുറൈശി പ്രമാണിമാര്‍ അയാളോടു പറഞ്ഞു: أَلاَ تَرَى إِلَى هَـذَا الصَّبِيِّ الْمُنْبَتِرِ مِنْ قَوْمِهِ يَزْعَمُ أنَّهُ خَيْرٌ مِنَّا وَنَحْنُ أَهْلُ السّدَانَةِ وَأهْلُ السِّقَايَةِ (ഇതാ താങ്കള്‍ ഈ ചെറുക്കനെ കാണുന്നില്ലേ. സ്വജനത്തില്‍നിന്ന് വിച്ഛേദിതനായ അവന്റെ വാദം അവന്‍ ഞങ്ങളെക്കാള്‍ വിശിഷ്ടനാണെന്നാണ്--ഹജ്ജും കഅ്ബ പരിപാലനും ഹാജിമാര്‍ക്കുള്ള ജലവിതരണവുമൊക്കെ നിയന്ത്രിക്കുന്നവര്‍ ഞങ്ങളായിരിക്കേ!) ഇതേ സംഭവത്തെക്കുറിച്ച് ഇക്‌രിമ നിവേദനം ചെയ്തതായി ഇബ്‌നുജരീര്‍ ഉദ്ധരിക്കുന്നു: തിരുമേനിയെ സംബന്ധിച്ച് ഖുറൈശികള്‍ പറഞ്ഞു: السُّنْبُورُ المُنْبَتِرُ مِنْ قَومِهِ (സ്വജനത്തില്‍നിന്ന് വിച്ഛേദിതനായ ദുര്‍ബലനും, മക്കളോ സഹായികളോ ഇല്ലാത്തവനും). ഇബ്‌നുസഅ്ദുംN1425 ഇബ്‌നുഅസാക്കിറുംN1419 അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ ഉദ്ധരിക്കുന്നു: റസൂല്‍ തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമായിരുന്നു. അതിനു താഴെ ഹ. സൈനബ്N1132, അതിനു താഴെ ഹ. അബ്ദുല്ലാഹ്. പിന്നെ യഥാക്രമം ഉമ്മുകുല്‍സൂംN200, ഫാത്വിമN627, റുഖിയ്യN1272. ഇവരില്‍ ആദ്യം ഖാസിം മരിച്ചു; പിന്നീട് അബ്ദുല്ലയും. ഇതെപ്പറ്റി ആസ്വുബ്‌നു വാഇല്‍ പറഞ്ഞു: അവന്റെ വംശം അവസാനിച്ചുപോയി. ഇപ്പോഴവന്‍ വേരറ്റവനായിരിക്കുന്നു, ചില നിവേദനങ്ങളില്‍ ആസ്വ് ഇങ്ങനെ പറഞ്ഞതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു: إنَّ مُحمَّدًا أبْتَرُ لاَ إبْنَ لَهُ يَقُومُ مَقَامَهُ بَعْدَهُ فَإذَا مَاتَ إنْقَطَعَ ذِكْرُهُ وَاسْتَرَحْتُمْ مِنْهُ (മുഹമ്മദ് വേരറ്റവനാണ്. അവന്റെ പില്‍ക്കാലത്ത് തന്റെ സ്ഥാനത്തുനില്‍ക്കുന്ന മകനില്ല. അവന്‍ മരിക്കുന്നതോടെ ഈ ലോകത്തുനിന്ന് അവന്റെ പേര് മാഞ്ഞുപോകും. നിങ്ങള്‍ അവന്റെ ശല്യത്തില്‍നിന്ന് മുക്തരാവുകയും ചെയ്യും). പ്രവാചകപുത്രന്‍ അബ്ദുല്ല മരിച്ചപ്പോള്‍ അബൂജഹ്‌ലുംN5 ഇങ്ങനെ സംസാരിച്ചിട്ടുള്ളതായി ഇബ്‌നു അബ്ബാസില്‍നിന്ന് അബ്ദുബ്‌നു ഹുമൈദ്N1394 ഉദ്ധരിച്ച നിവേദനത്തില്‍നിന്ന് മനസ്സിലാകുന്നുണ്ട്. പ്രവാചകന്റെ ഈ ദുഃഖത്തില്‍ ആഹ്ലാദിച്ചുകൊണ്ട് ഉഖ്ബതുബ്‌നു അബീമുഐത്വ് ഇത്തരം നികൃഷ്ടമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതായി ഗമീറുബ്‌നു അത്വിയ്യയില്‍നിന്ന് ഇബ്‌നു അബീഹാതിംN1430 നിവേദനം ചെയ്തിരിക്കുന്നു. അത്വാഅ്N27 പറയുന്നു: തിരുമേനിയുടെ രണ്ടാമത്തെ പുത്രന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതൃവ്യനായ അബൂലഹബ്N1324 (പ്രവാചക ഭവനത്തോട് ചേര്‍ന്നുതന്നെയാണിയാളുടെയും വീട്) ഓടിച്ചെന്ന് മുശ്‌രിക്കുകള്‍ക്ക് 'സന്തോഷവാര്‍ത്ത'യറിയിച്ചു: بَتِرَ مُحَمَّدٌ اللَّيْلَةَ (ഈ രാത്രി മുഹമ്മദ് 'പുത്രനില്ലാത്തവനായി.' അല്ലെങ്കില്‍ 'കുറ്റിയറ്റവനായി'). അതികഠിനമായ ഈ മനോവ്യഥയുടെ നാളുകളിലാണ് തിരുമേനിക്ക് ഈ സൂറ അവതീര്‍ണമായത്. അദ്ദേഹം അല്ലാഹുവിനു മാത്രം ആരാധനകളര്‍പ്പിക്കുകയും അടിമപ്പെടുകയും തങ്ങളുടെ ബഹുദൈവത്വത്തെ പരസ്യമായി തള്ളിക്കളയുകയും ചെയ്യുന്നതിന്റെ പേരില്‍ ഖുറൈശികള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പ്രവാചകത്വത്തിനുമുമ്പ് സ്വജനത്തില്‍ തിരുമേനിക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളും മതിപ്പും ഇതേകാരണത്താല്‍ നഷ്ടമായി. സമൂഹവൃത്തത്തില്‍നിന്ന് അദ്ദേഹം പറിച്ചെറിയപ്പെട്ടതുപോലെയായി. അദ്ദേഹത്തിനുണ്ടായിരുന്ന ഒരുപിടി ശിഷ്യന്മാര്‍, എല്ലാവരുംതന്നെ ദുര്‍ബലരും ആലംബഹീനരും വിശപ്പിനാല്‍ വേട്ടയാടപ്പെടുന്നവരുമായിരുന്നു. അതിനുപുറമെയാണ് ഒന്നിനുപിറകെ ഒന്നായി വന്ന പുത്രവിയോഗത്തിലൂടെ വ്യഥയുടെ മലതന്നെ ഇടിഞ്ഞുവീണത്. ഈ സന്ദര്‍ഭത്തില്‍ ഉറ്റവരും ഉടയവരും സ്വഗോത്രജരും അയല്‍ക്കാരുമായ ആളുകള്‍ അദ്ദേഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നതിനു പകരം ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. സ്വന്തക്കാരോടും അന്യരോടുമെല്ലാം എപ്പോഴും വിശിഷ്ടമായ രീതിയില്‍ പെരുമാറുന്ന ഒരു മാന്യന്റെ ഹൃദയം പിളര്‍ക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈ സാഹചര്യത്തില്‍ അതിസംക്ഷിപ്തമായ ഈ സൂറയുടെ ഒരു വാക്യത്തിലൂടെ ലോകത്തൊരു മനുഷ്യന്നും ഒരു കാലത്തും നല്‍കിയിട്ടില്ലാത്ത സുവാര്‍ത്ത അല്ലാഹു അദ്ദേഹത്തിനു നല്‍കിയിരിക്കുകയാണ്. അതോടൊപ്പം വേരറ്റുപോവുക അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍തന്നെയാണെന്ന വിധിയും കേള്‍പ്പിക്കുന്നു.

Source: www.thafheem.net