VERSES
5
PAGES
601-601

നാമം

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള أصْحَابُ الْفِيل എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ സൂറയുടെ നാമം.


അവതരണകാലം

ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യം ഏകകണ്ഠമാകുന്നു. ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് പരിശോധിച്ചുനോക്കിയാല്‍ മക്കയിലെ ആദ്യനാളുകളിലായിരിക്കണം ഇതിന്റെയും അവതരണമെന്ന് മനസ്സിലാകുന്നതാണ്.


ചരിത്രപശ്ചാത്തലം

യമനിലെN852 ജൂതരാജാവായിരുന്ന ദൂനുവാസ്N533 നജ്‌റാനിN547ലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ നേരെ നടത്തിയ അതിക്രമങ്ങള്‍ക്ക് പ്രതികാരമായി അബിസീനിയN1335യിലെ ക്രൈസ്തവ സാമ്രാജ്യം യമനെ ആക്രമിക്കുകയും ഹിംയരിN1215 ഭരണകൂടത്തിന് അന്ത്യംകുറിക്കുകയും ചെയ്ത സംഭവം നാം നേരത്തേ സൂറ അല്‍ബുറൂജിന്റെ വ്യാഖ്യാനത്തിന്റെ 4-ആം (85:4) അടിക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. ക്രിസ്ത്വബ്ദം 525-ല്‍ ഈ പ്രദേശത്താകമാനം അബിസീനിയന്‍ ആധിപത്യം സ്ഥാപിതമായി. ഈ സംഭവങ്ങളെല്ലാം ഉണ്ടായത്, കോണ്‍സ്റ്റാന്റിനോപ്പിളിലെN269 റോമാസാമ്രാജ്യത്തിന്റെയും അബിസീനിയന്‍ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ്. കാരണം, അബിസീനിയക്ക് അന്ന് പറയത്തക്ക നാവികപ്പടയുണ്ടായിരുന്നില്ല. റോം കപ്പലുകള്‍ അയച്ചുകൊടുത്തു. അതുവഴി അബിസീനിയ തങ്ങളുടെ എഴുപതിനായിരം ഭടന്മാരെ യമന്‍ തീരത്തിറക്കി. തുടര്‍ന്നുള്ള സംഭവങ്ങള്‍ മനസ്സിലാക്കുന്നതിന് പ്രാഥമികമായിത്തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്: ഇതൊക്കെ നടന്നത് മതവികാരംകൊണ്ട് മാത്രമല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നല്ല, മിക്കവാറും അതുതന്നെയായിരുന്നു യഥാര്‍ഥ പ്രേരകം. ക്രൈസ്തവ മര്‍ദിതരുടെ രക്തത്തിനു പകരംവീട്ടല്‍ ഒരു പുറംപൂച്ചില്‍ കവിഞ്ഞൊന്നുമായിരുന്നില്ല. റോമാസാമ്രാജ്യം ഈജിപ്തും സിറിയയും പിടിച്ചടക്കിയിരുന്നു. അക്കാലത്ത് ഉത്തരാഫ്രിക്ക, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും റോം അധീനപ്രദേശങ്ങളും തമ്മിലുള്ള സമുദ്രവ്യാപാരം അറബികളുടെ കൈവശമായിരുന്നു. ഈ വ്യാപാരനിയന്ത്രണം പിടിച്ചെടുത്ത് സ്വന്തം കൈകളിലൊതുക്കാനും അങ്ങനെ അറബികളുടെ മധ്യവര്‍ത്തിത്വം ഒഴിവാക്കി അതിന്റെ മുഴുവന്‍ നേട്ടങ്ങളും സ്വന്തമാക്കാനും ഈജിപ്ത് അധീനപ്പെടുത്തിയ കാലം മുതലേ റോം ശ്രമമാരംഭിച്ചിട്ടുണ്ടായിരുന്നു. ഈ ഉദ്ദേശ്യാര്‍ഥം ബി.സി. 24-ലോ 25-ലോ സീസര്‍ അഗസ്റ്റസ് ഒരു വന്‍ സൈന്യത്തെ റോമന്‍ ജനറലായ ഏലിയസ് ഗാലസിന്റെ (Aelius Gallus) നേതൃത്വത്തില്‍ പശ്ചിമ അറേബ്യന്‍ തീരത്ത് ഇറക്കുകയുണ്ടായി. ദക്ഷിണ അറേബ്യയില്‍നിന്ന് സിറിയയിലേക്കുള്ള സമുദ്രമാര്‍ഗം കൈയടക്കുകയായിരുന്നു അവരുടെ ദൗത്യം (ഖുറൈശികളുടെ കച്ചവടപാതകള്‍ തഫ്ഹീം രണ്ടാം വാല്യത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്)M7. പക്ഷേ, അറേബ്യയുടെ പരുക്കന്‍ ഭൂപ്രകൃതി ഈ സംരംഭത്തെ പരാജയപ്പെടുത്തി. അതിനുശേഷം റോം അതിന്റെ നാവികപ്പടയെ ചെങ്കടലില്‍ വിന്യസിക്കുകയും സമുദ്രമാര്‍ഗമുള്ള അറബികളുടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. പിന്നെ കരയിലൂടെയുള്ള കച്ചവടം മാത്രമേ അവര്‍ക്കവശേഷിച്ചുള്ളൂ. ഈ കരമാര്‍ഗം കൈവശപ്പെടുത്താനാണ് റോം അബിസീനിയയിലെ ക്രൈസ്തവ ഭരണകൂടവുമായി ഐക്യപ്പെട്ടതും കപ്പലുകള്‍ അയച്ചുകൊടുത്ത് യമന്‍ കീഴടക്കാന്‍ സഹായിച്ചതും. അബിസീനിയന്‍ സൈന്യത്തിന്റെ യമന്‍ ആക്രമണത്തെ അറേബ്യന്‍ ചരിത്രകാരന്മാര്‍ വ്യത്യസ്ത രീതിയിലാണ് വിവരിച്ചത്. ഹാഫിള് ഇബ്‌നു കസീര്‍N1435 എഴുതുന്നു: അത് രണ്ട് സൈനിക നായകന്മാരുടെ നേതൃത്വത്തിലായിരുന്നു. ഒന്ന്, അര്‍യാത്വ്. രണ്ട്, അബ്‌റഹത്ത്N71. സൈന്യാധിപന്‍ അര്‍യാത്വായിരുന്നുവെന്നും അബ്‌റഹത്ത് അതിലുണ്ടായിരുന്നുവെന്നുമാണ് ഇബ്‌നുഇസ്ഹാഖ്N176 എഴുതിയത്. അര്‍യാത്വും അബ്‌റഹത്തും തമ്മില്‍ കലഹിച്ചകാര്യത്തില്‍ രണ്ടുപേരും യോജിച്ചിട്ടുണ്ട്. തുടര്‍ന്ന് അര്‍യാത്വ് കൊല്ലപ്പെട്ടു. അബ്‌റഹത്ത് അധികാരം കൈയടക്കി. തന്നെ യമനിലെ പ്രതിപുരുഷനായി നിശ്ചയിക്കാന്‍ അബ്‌റഹത്ത് പിന്നെ അബിസീനിയന്‍ ചക്രവര്‍ത്തിയെക്കൊണ്ട് സമ്മതിപ്പിച്ചു. നേരെമറിച്ച്, യവനചരിത്രകാരന്‍മാരും സുറിയാനി ചരിത്രകാരന്മാരും പറയുന്നതിങ്ങനെയാണ്: യമന്‍ ജയിച്ചടക്കിയശേഷം അബിസീനിയക്കാര്‍ എതിര്‍ക്കുന്ന യമനീ നേതാക്കന്മാരെ ഒന്നൊന്നായി കൊന്നുകളയാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ അവരില്‍പെട്ട അസ്സുമൈഫിഅ് അശ്‌വഖ് (Esympheaus എന്നാണ് യവനചരിത്രകാരന്മാര്‍ എഴുതിയിട്ടുള്ളത്.) എന്നു പേരുള്ള ഒരു നേതാവ് അബിസീനിയയുടെ ആധിപത്യം അംഗീകരിക്കുകയും കപ്പം കൊടുത്തുകൊള്ളാമെന്ന കരാറില്‍, തന്നെ യമനിലെ ഗവര്‍ണറായി നിയോഗിച്ചുകൊണ്ടുള്ള തിട്ടൂരം അബിസീനിയന്‍ ചക്രവര്‍ത്തിയില്‍നിന്ന് സമ്പാദിക്കുകയും ചെയ്തു. പക്ഷേ, അബിസീനിയന്‍ സൈന്യം അയാളെ ആക്രമിക്കുകയും അബ്‌റഹത്തിനെ ഗവര്‍ണറാക്കുകയുമാണുണ്ടായത്. അബിസീനിയന്‍ തുറമുഖപട്ടണമായ വലീസിലെ ഒരു യവനവര്‍ത്തകന്റെ അടിമയായിരുന്നു അയാള്‍. യമന്‍ കീഴടക്കിയ അബിസീനിയന്‍ സൈന്യത്തില്‍ അയാള്‍ സ്വന്തം സാമര്‍ഥ്യംകൊണ്ട് വലിയ ശക്തിയും സ്വാധീനവും നേടിയെടുത്തു. അയാളെ ശിക്ഷിക്കാന്‍ അബിസീനിയന്‍ ചക്രവര്‍ത്തി അയച്ച സൈന്യങ്ങള്‍ ഒന്നുകില്‍ അയാളുടെ പക്ഷം ചേര്‍ന്നു. അല്ലെങ്കില്‍ അയാള്‍ അവരെ തോല്‍പിച്ചോടിച്ചു. ഒടുവില്‍ ചക്രവര്‍ത്തിയുടെ മരണശേഷം വന്ന പിന്‍ഗാമി അയാളെ അബിസീനിയയില്‍നിന്നുള്ള യമന്‍ ഗവര്‍ണറായി അംഗീകരിക്കുകയായിരുന്നു. യവന ചരിത്രകാരന്മാര്‍ അയാളുടെ പേര്‍ അബ്രാമിസ് (Abrames) എന്നും സുറിയാനി ചരിത്രകാരന്മാര്‍ അബ്രഹാം (Abraham) എന്നുമാണെഴുതുന്നത്. ഈ പദത്തിന്റെ അബിസീനിയന്‍ തദ്ഭവമായിരിക്കണം അബ്‌റഹത്ത്. കാരണം, അറബിയില്‍ അതിന്റെ ഉച്ചാരണം ഇബ്‌റാഹീം എന്നാണല്ലോ. ഈ മനുഷ്യന്‍ ക്രമേണയായി യമനില്‍ പരമാധികാരമുള്ള രാജാവായിത്തീര്‍ന്നു. എങ്കിലും അബിസീനിയന്‍ ചക്രവര്‍ത്തിയുടെ നാമമാത്ര മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു. മുഫദ്ദലുല്‍ മലിക് (ഉപരാജാവ്) എന്നാണയാള്‍ സ്വയം വിളിച്ചിരുന്നത്. അയാള്‍ നേടിയെടുത്ത സ്വാധീനശക്തി ഊഹിക്കാവുന്ന ഒരു സംഭവമുണ്ട്. ക്രി. 543-ല്‍ മഅ്‌റബ് അണക്കെട്ടിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് അയാള്‍ ഒരു വമ്പിച്ച ഉത്സവം സംഘടിപ്പിച്ചു. റോമിലെ സീസറിന്റെയും ഇറാന്‍ ചക്രവര്‍ത്തിയുടെയും ഹീറാ രാജാവിന്റെയും ഗസ്സാന്‍ രാജാവിന്റെയും പ്രതിപുരുഷന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അബ്‌റഹത്ത് മഅ്‌റബ് അണക്കെട്ടില്‍ സ്ഥാപിച്ച ലിഖിതത്തില്‍ അത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളിപ്പോഴും നിലനില്‍ക്കുന്നു. ഗ്ലയ്‌സര്‍ (Glaser) അതുദ്ധരിച്ചിട്ടുണ്ട്. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ഖുര്‍ആന്‍ നാലാം വാല്യം സൂറ സബഇന്റെ 37-ആം (34:37) വ്യാഖ്യാനക്കുറിപ്പ് കാണുക). യമനില്‍ സ്വന്തം അധികാരം ഭദ്രമാക്കിയശേഷം അബ്‌റഹത്ത്, നേരത്തേ റോമാസാമ്രാജ്യവും സഖ്യകക്ഷിയായ ക്രൈസ്തവ അബിസീനിയയും ലക്ഷ്യമിട്ടിട്ടുണ്ടായിരുന്ന ദൗത്യത്തിലേക്കു നീങ്ങി. ഒരുവശത്ത്, അറേബ്യയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും മറുവശത്ത്, അറബികള്‍ കൈയടക്കിവെച്ചിരുന്ന, റോമന്‍ അധിനിവിഷ്ട പ്രദേശങ്ങളും പൗരസ്ത്യനാടുകളും തമ്മിലുള്ള വ്യാപാരത്തിന്റെ നിയന്ത്രണം അവരില്‍നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു അത്. ഇറാനിലെ സാസാനി സാമ്രാജ്യവും റോമും തമ്മിലുള്ള സംഘട്ടനങ്ങള്‍ മൂലം റോമും പൗരസ്ത്യ ദേശങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞുപോയത് ഈ ദൗത്യത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് അബ്‌റഹത്ത് യമനിന്റെ തലസ്ഥാനമായ സ്വന്‍ആയില്‍ ഗംഭീരമായ ഒരു ചര്‍ച്ച് പണിതു. അറബി ചരിത്രകാരന്മാര്‍ ഇതിനെ അല്‍ഖലീസ് എന്നോ അല്‍ഖുലൈസ് എന്നോ അല്‍ഖുല്ലൈസ് എന്നോ ആണ് വിളിച്ചിരുന്നത്. Ekklesia എന്ന യവനപദത്തിന്റെ അറബി തദ്ഭവമാണത്. ഉര്‍ദു ഭാഷയിലെ 'കലീസാ'യും ഈ യവനപദത്തിന്റെ തദ്ഭവം തന്നെ. മുഹമ്മദുബ്‌നു ഇസ്ഹാഖ് പറയുന്നു: അതിന്റെ പണിപൂര്‍ത്തിയായപ്പോള്‍ അബ്‌റഹത്ത് അബിസീനിയന്‍ ചക്രവര്‍ത്തിക്കെഴുതി: അറബികളുടെ തീര്‍ഥാടനം ഞാന്‍ കഅ്ബയില്‍നിന്ന് ഈ ചര്‍ച്ചിലേക്ക് മാറ്റുകതന്നെ ചെയ്യും. (യമനില്‍ രാഷ്ട്രീയാധികാരം നേടിയ ക്രൈസ്തവര്‍ കഅ്ബക്കു പകരം മറ്റൊരു കഅ്ബയുണ്ടാക്കാനും അത് അറബികളുടെ കേന്ദ്രസ്ഥാനമാക്കാനും തുടര്‍ച്ചയായി ശ്രമിച്ചുപോന്നിരുന്നു. അങ്ങനെയാണ് അവര്‍ നജ്‌റാനിലും ഒരു കഅ്ബ നിര്‍മിച്ചത്. അതെക്കുറിച്ച് നാം തഫ്ഹീമുല്‍ ഖുര്‍ആന്‍ അല്‍ബുറൂജ് 4-ആം (85:4) വ്യാഖ്യാനക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.) ഇബ്‌നു കസീര്‍ എഴുതി: അയാള്‍ തന്റെ ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിക്കുകയും വിളംബരപ്പെടുത്തുകയും ചെയ്തു. നമ്മുടെ വീക്ഷണത്തില്‍ ഈ നടപടിയുടെ ലക്ഷ്യം, അറബികളെ ആക്രമിക്കാനും കഅ്ബ നശിപ്പിക്കാനും പറ്റിയ ഒരു കാരണം കിട്ടത്തക്കവണ്ണം അറബികളെ പ്രകോപിതരാക്കുകയായിരുന്നു. മുഹമ്മദുബ്‌നു ഇസ്ഹാഖ് പറയുന്നു: ഈ വിളംബരത്തില്‍ രോഷാകുലനായ ഒരു അറബി എങ്ങനെയോ ചര്‍ച്ചില്‍ നുഴഞ്ഞുകയറി മലവിസര്‍ജനം ചെയ്തു. അതു ചെയ്തത് ഒരു ഖുറൈശിയായിരുന്നുവെന്ന് ഇബ്‌നു കസീര്‍ പ്രസ്താവിച്ചിട്ടുണ്ട്. ചില ഖുറൈശിയുവാക്കള്‍ ചെന്ന് ചര്‍ച്ചിനു തീവെച്ചു എന്നാണ് മുഖാതിലുബ്‌നു സുലൈമാന്റെN749 നിവേദനം. ഇപ്പറഞ്ഞതില്‍ ഏതു സംഭവിച്ചിട്ടുണ്ടെങ്കിലും അദ്ഭുതത്തിനവകാശമില്ല. കാരണം, അബ്‌റഹത്തിന്റെ വിളംബരം വലിയ കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പൗരാണിക ജാഹിലീ കാലത്ത് ഏതെങ്കിലും അറബിയോ ഖുറൈശിയോ ചില ഖുറൈശി യുവാക്കളോ അതില്‍ പ്രകോപിതരായി ചര്‍ച്ച് മലിനപ്പെടുത്തുകയോ തീവെക്കുകയോ ചെയ്യുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. മക്കയെ ആക്രമിക്കുന്നതിന് അവസരം സൃഷ്ടിക്കാന്‍വേണ്ടി അബ്‌റഹത്തുതന്നെ വല്ലവരെയും അങ്ങനെ ചെയ്യാന്‍ രഹസ്യമായി ഏര്‍പ്പെടുത്തിയതായിക്കൂടായ്കയുമില്ല. അതുവഴി ഖുറൈശികളെ നശിപ്പിച്ച് അറബികളെയാകമാനം ഭയപ്പെടുത്തി തന്റെ രണ്ടു ലക്ഷ്യങ്ങളും നേടാനാകുമല്ലോ. രണ്ടു രൂപങ്ങളില്‍ സംഭവിച്ചത് ഏതു രൂപമായാലും, കഅ്ബയുടെ വിശ്വാസികള്‍ തന്റെ ചര്‍ച്ചിനെ നിന്ദിച്ചിരിക്കുന്നുവെന്ന അബ്‌റഹത്തിന് കിട്ടിയ വാര്‍ത്ത സത്യമായതുകൊണ്ട് കഅ്ബ തകര്‍ത്തുകളയാതെ ഇനി താന്‍ അടങ്ങിയിരിക്കുകയില്ല എന്ന് അയാള്‍ പ്രതിജ്ഞയെടുത്തു. ഈ സംഭവത്തിനുശേഷം അബ്‌റഹത്ത് 570-ലോ, '71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്നു ഗജവും (ഒരു നിവേദനപ്രകാരം ഗജങ്ങളുടെ എണ്ണം ഒന്‍പതാണ്.) അടങ്ങുന്ന ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. വഴിക്കുവെച്ച്, യമനിലെ ദൂനഫ്ര്‍ എന്നു പേരായ പ്രമാണി അറബികളുടെ ഒരു പട സംഘടിപ്പിച്ച് അബ്‌റഹത്തിനെ തടഞ്ഞുവെങ്കിലും സൈന്യം അവരെ തോല്‍പിച്ചു തടവിലാക്കുകയാണുണ്ടായത്. പിന്നീട് ഖശ്അം പ്രദേശത്തുവെച്ച് ഖശ്അ ഗോത്രംN340 അവരുടെ തലവനായ നുഫൈലുബ്‌നു ഹബീബിന്റെ നേതൃത്വത്തില്‍ അവരെ നേരിട്ടു. അവരും തോല്‍പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. നുഫൈലിന് ആത്മരക്ഷാര്‍ഥം അബ്‌റഹത്തിന്റെ സേനയെ വഴികാട്ടിയായി സേവിച്ചുകൊള്ളാമെന്ന് സമ്മതിക്കേണ്ടിയുംവന്നു. അബ്‌റഹത്തും സേനയും ത്വാഇഫിN481നടുത്തെത്തിയപ്പോള്‍, ഇത്ര വിപുലമായ ഒരു പടയെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഥഖീഫ് ഗോത്രN490ത്തിനു തോന്നി. സ്വന്തം ദൈവമായ ലാത്തിന്റെ ക്ഷേത്രവും അബ്‌റഹത്ത് തകര്‍ത്തുകളയുമോ എന്ന ഭീതിയിലായിരുന്നു അവര്‍. അതുകൊണ്ട് അവരുടെ ഗോത്രത്തലവനായ മസ്ഊദ് ഒരു പ്രതിനിധിസംഘവുമായി അബ്‌റഹത്തിനെ സന്ദര്‍ശിച്ചു. അവര്‍ അബ്‌റഹത്തിനോട് പറഞ്ഞു: 'അങ്ങ് തകര്‍ക്കാന്‍ പുറപ്പെട്ടിട്ടുള്ള മന്ദിരം ഞങ്ങളുടെ ക്ഷേത്രമല്ല. അതങ്ങ് മക്കയിലാണ്. അതുകൊണ്ട് അങ്ങ് ഞങ്ങളുടെ ക്ഷേത്രത്തെ ഒഴിവാക്കണം. മക്കയിലേക്ക് അങ്ങയെ വഴികാണിക്കാന്‍ ഞങ്ങള്‍ വഴികാട്ടിയെ അയച്ചുതരാം.' അബ്‌റഹത്ത് അത് അംഗീകരിച്ചു. ഥഖീഫ്‌ഗോത്രം അബൂരിഗാല്‍ എന്നു പേരുള്ള ഒരാളെ അവര്‍ക്കൊപ്പം അയച്ചുകൊടുക്കുകയും ചെയ്തു. മക്കയുടെ മൂന്നു നാഴിക അടുത്തെത്തിയപ്പോള്‍ അല്‍മുഗമ്മസ് (അല്ലെങ്കില്‍ മുഗമ്മിസ്) എന്ന സ്ഥലത്തുവെച്ച് അബൂരിഗാല്‍ മരണപ്പെട്ടു. അറബികള്‍ വളരെക്കാലത്തോളം അയാളുടെ ഖബ്‌റിന്മേല്‍ കല്ലെറിയാറുണ്ടായിരുന്നു. ലാത്തിന്റെ ക്ഷേത്രം രക്ഷിക്കുന്നതിനുവേണ്ടി അല്ലാഹുവിന്റെ മന്ദിരം തകര്‍ക്കാന്‍ പിന്തുണച്ചവരെന്ന നിലക്ക് ഥഖീഫ്‌ഗോത്രവും ഏറെക്കാലം ആക്ഷേപിക്കപ്പെട്ടു. മുഹമ്മദുബ്‌നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നു: മുഗമ്മിസില്‍നിന്ന് അബ്‌റഹത്ത് തന്റെ മുന്നണിസേനയെ മുമ്പോട്ട് നയിച്ചു. അവര്‍ തിഹാമN464ക്കാരുടെയും ഖുറൈശികളുടെയും ധാരാളം കാലികളെ കൊള്ളയടിച്ചു. അക്കൂട്ടത്തില്‍ നബി(സ)യുടെ പിതാമഹനായ അബ്ദുല്‍മുത്ത്വലിബിന്റെ ഇരുനൂറ് ഒട്ടകങ്ങളുമുണ്ടായിരുന്നു. അനന്തരം അയാള്‍ ഒരു ദൂതനെ മക്കയിലേക്കയച്ചു. ദൂതന്റെ വശം മക്കാവാസികള്‍ക്കുള്ള സന്ദേശം ഇതായിരുന്നു: 'നാം നിങ്ങളോട് യുദ്ധം ചെയ്യാനല്ല വന്നത്. ഈ മന്ദിരം (കഅ്ബ) പൊളിച്ചുകളയാനാണ് നാം വന്നത്. നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവന്നും ധനത്തിനും ഒരാപത്തുമുണ്ടാവില്ല.' മക്കക്കാര്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ അതിന് അവരുടെ നേതാക്കളെ തന്റെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുവരാനും അബ്‌റഹത്ത് ദൂതനോട് നിര്‍ദേശിച്ചിരുന്നു. അന്ന് മക്കയിലെ ഏറ്റവും മുഖ്യനായ നേതാവ് അബ്ദുല്‍മുത്ത്വലിബായിരുന്നു. ദൂതന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് അബ്‌റഹത്തിന്റെ സന്ദേശമറിയിച്ചു. അദ്ദേഹം പറഞ്ഞു: 'അബ്‌റഹത്തിനോട് പടപൊരുതാന്‍ ഞങ്ങള്‍ക്ക് ത്രാണിയില്ല. ഇത് അല്ലാഹുവിന്റെ ഗേഹമാണ്. അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ ഗേഹം രക്ഷിച്ചുകൊള്ളും.' ദൂതന്‍ പറഞ്ഞു: 'അങ്ങ് എന്നോടൊപ്പം അബ്‌റഹത്തിന്റെ സന്നിധിയിലേക്കു വരണം.' അദ്ദേഹം അത് സമ്മതിച്ച് ദൂതനോടൊപ്പം പോയി. അബ്ദുല്‍മുത്ത്വലിബ് വളരെ തേജസ്വിയും ഗംഭീരനുമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അബ്‌റഹത്തിന് വലിയ മതിപ്പുതോന്നി. അയാള്‍ സ്വന്തം സിംഹാസനത്തില്‍നിന്ന് ഇറങ്ങിവന്നു. അബ്ദുല്‍മുത്ത്വലിബിനോടൊപ്പമിരുന്നു. അനന്തരം അയാള്‍ ചോദിച്ചു: 'താങ്കള്‍ക്കെന്താണു വേണ്ടത്?' അദ്ദേഹം പറഞ്ഞു: 'അങ്ങു പിടിച്ചെടുത്ത എന്റെ ഒട്ടകങ്ങളെ തിരിച്ചുതരേണം.' അബ്‌റഹത്ത് പറഞ്ഞു: 'താങ്കളെക്കണ്ടപ്പോള്‍ എനിക്ക് വലിയ മതിപ്പുതോന്നി. പക്ഷേ, ഈ വര്‍ത്തമാനം താങ്കളെ എന്റെ കണ്ണില്‍ വളരെ താഴ്ത്തിക്കളഞ്ഞു. താങ്കള്‍ താങ്കളുടെ ഒട്ടകത്തെയാണ് ചോദിക്കുന്നത്. താങ്കളുടെയും താങ്കളുടെ പൂര്‍വപിതാക്കളുടെയും മതത്തിന്റെ ആധാരമായ ഈ മന്ദിരത്തെക്കുറിച്ച് ഒന്നും പറയാനില്ല!' അബ്ദുല്‍ മുത്ത്വലിബ് പറഞ്ഞു: 'ഞാന്‍ എന്റെ ഒട്ടകത്തിന്റെ മാത്രം ഉടമയാണ്. അതിന്റെ കാര്യമാണ് ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നത്. ഈ മന്ദിരമാകട്ടെ, അതിന്റെ ഉടമസ്ഥന്‍ റബ്ബ് ആകുന്നു. അതിന്റെ രക്ഷ അവന്‍തന്നെ ചെയ്തുകൊള്ളും.' 'അവന്ന് എന്നില്‍നിന്ന് രക്ഷപ്പെടാനാവില്ല' എന്നായിരുന്നു അബ്‌റഹത്തിന്റെ മറുപടി. 'അത് നിങ്ങളുടെയും അവന്റെയും കാര്യം' എന്നു പറഞ്ഞ് അബ്ദുല്‍മുത്ത്വലിബ് എഴുന്നേറ്റുപോന്നു. അദ്ദേഹത്തിന് തന്റെ ഒട്ടകങ്ങള്‍ തിരിച്ചുകിട്ടി. ഇബ്‌നു അബ്ബാസിN1342ന്റെ നിവേദനം ഇതില്‍നിന്നു ഭിന്നമാണ്. അതില്‍ ഒട്ടകത്തെ ചോദിച്ച പരാമര്‍ശമില്ല. അബ്ദുബ്‌നു ഹുമൈദ്N1394, ഇബ്‌നുല്‍ മുന്‍ദിര്‍N1428‍, ഇബ്‌നുമര്‍ദവൈഹിN1418, ഹാകിംN1211, അബൂനുഐം, ബൈഹഖിN674 എന്നിവര്‍ അദ്ദേഹത്തില്‍നിന്നുദ്ധരിച്ച നിവേദനത്തില്‍ പറയുന്നതിങ്ങനെയാണ്: അബ്‌റഹത്ത് അസ്സ്വിഫാഹ് എന്ന സ്ഥലത്തെത്തിയപ്പോള്‍ (അറഫക്കും ത്വാഇഫിനുമിടയിലുള്ള മലകള്‍ക്കിടയില്‍ ഹറമിന്റെ അതിര്‍ത്തിയോടടുത്തുകിടക്കുന്ന സ്ഥലമാണിത്.) അബ്ദുല്‍മുത്ത്വലിബ് സ്വയം അയാളുടെ അടുത്തുചെന്നു. അദ്ദേഹം ചോദിച്ചു: 'അങ്ങേക്ക് ഇത്രത്തോളം വരേണ്ട ആവശ്യമെന്തായിരുന്നു? അങ്ങേക്ക് വല്ലതും ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഞങ്ങളോട് പറഞ്ഞയച്ചാല്‍ മതിയായിരുന്നല്ലോ. ഞങ്ങള്‍തന്നെ അത് അങ്ങയുടെ സമക്ഷത്തിങ്കലെത്തിക്കുമായിരുന്നു.' അബ്‌റഹത്ത് പറഞ്ഞു: 'ഈ ഗേഹം അഭയഗേഹമാണെന്നു നാം കേട്ടിരിക്കുന്നു. അതിന്റെ അഭയം അവസാനിപ്പിക്കാനാണ് നാം വന്നിരിക്കുന്നത്.' അബ്ദുല്‍മുത്ത്വലിബ്: 'ഇത് അല്ലാഹുവിന്റെ മന്ദിരമാകുന്നു. അവന്‍ ഇന്നുവരെ ആരെയും അതു കീഴടക്കാന്‍ അനുവദിച്ചിട്ടില്ല.' അബ്‌റഹത്ത്: 'നാം അതു തകര്‍ക്കാതെ തിരിച്ചുപോവില്ല.' അബ്ദുല്‍ മുത്ത്വലിബ്: 'അങ്ങ് വേണ്ടതെന്താണെങ്കിലും ഞങ്ങളില്‍നിന്ന് വസൂല്‍ചെയ്ത് തിരിച്ചുപോകണം.' അബ്‌റഹത്ത് അതു വകവെക്കാതെ അബ്ദുല്‍മുത്ത്വലിബിനെ പിന്നിലാക്കി തന്റെ പടയോട് മുന്നോട്ട് ഗമിക്കാന്‍ ഉത്തരവിട്ടു. രണ്ടു നിവേദനങ്ങളും തമ്മിലുള്ള ഈ വ്യത്യാസം അവിടെയിരിക്കട്ടെ. നാം അതിലേതെങ്കിലുമൊന്നിന് മുന്‍ഗണന നല്‍കേണ്ടതില്ല. സംഭവം ഇപ്പറഞ്ഞ രണ്ടു രൂപത്തില്‍ ഏതായിരുന്നാലും ഒരു കാര്യം സ്പഷ്ടമാകുന്നു. മക്കയും പരിസരഗോത്രങ്ങളും ഇത്ര വിപുലമായ ഒരു പടയോട് പൊരുതി കഅ്ബയെ രക്ഷിക്കാന്‍ ശക്തമായിരുന്നില്ല. അതുകൊണ്ട് ഖുറൈശികള്‍ അബ്‌റഹത്തിനെ ചെറുക്കാന്‍ ശ്രമിക്കാതിരുന്നത് മനസ്സിലാക്കാവുന്നതാണ്. അഹ്‌സാബ് യുദ്ധവേളയില്‍ മുശ്‌രിക്കുകളെയും ജൂതഗോത്രങ്ങളെയുമെല്ലാം കൂട്ടിപ്പിടിച്ചിട്ടും കവിഞ്ഞത് പത്തുപന്തീരായിരം ഭടന്മാരെയാണല്ലോ ഖുറൈശികള്‍ക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. എന്നിരിക്കെ അവര്‍ക്കെങ്ങനെയാണ് അബ്‌റഹത്തിന്റെ അറുപതിനായിരം വരുന്ന ഭടന്മാരെ നേരിടാന്‍ കഴിയുക? മുഹമ്മദുബ്‌നു ഇസ്ഹാഖ് പറയുന്നു: അബ്‌റഹത്തിന്റെ സൈനിക പാളയത്തില്‍നിന്ന് തിരിച്ചെത്തിയ അബ്ദുല്‍ മുത്ത്വലിബ് ഖുറൈശികളോടു പ്രസ്താവിച്ചു: 'കുടുംബത്തെയും കുട്ടികളെയും കൂട്ടി മലകളിലേക്ക് പോകുവിന്‍. അവര്‍ കൂട്ടക്കൊലക്കിരയാവാതിരിക്കട്ടെ.' അനന്തരം അദ്ദേഹവും ഏതാനും ഖുറൈശി പ്രമാണിമാരും ചേര്‍ന്നു ഹറമിലെത്തി. കഅ്ബയുടെ കവാടത്തിന്റെ വട്ടക്കണ്ണി പിടിച്ചുകൊണ്ട് അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു; അവന്‍ തന്റെ മന്ദിരത്തിനും അതിന്റെ പരിചാരകര്‍ക്കും രക്ഷവരുത്തേണമെന്ന്. അന്ന് കഅ്ബക്കകത്ത് 360 വിഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷേ, ആ നിര്‍ണായകഘട്ടത്തില്‍ അവര്‍ അവയെയെല്ലാം മറന്ന് അല്ലാഹുവിന്റെ നേരെ മാത്രമാണ് കൈനീട്ടിയത്. ചരിത്രങ്ങളില്‍ ഉദ്ധൃതമായിട്ടുള്ള അവരുടെ പ്രാര്‍ഥനകളിലൊന്നുംതന്നെ അല്ലാഹുവല്ലാത്ത ആരുടെയും പേരുപോലുമില്ല. ഇബ്‌നു ഹിശാംN185 തന്റെ സീറയില്‍ അബ്ദുല്‍മുത്ത്വലിബിന്റേതായി ഉദ്ധരിച്ച കവിത ഇപ്രകാരമാണ്: لاَ هُمْ إنَّ العَبْدَ يَمْنَعُ رَحْلَةً فَامْنَعْ حِلاّ لَك (ദൈവമേ, ദാസന്‍ സ്വന്തം വീട് കാക്കുന്നു. നീ നിന്റെ വീടും കാത്തുകൊള്ളേണമേ.) لاَ يَغْلِبَنَّ صَلِيبُهُمْ وَمِحَالُهُمْ غَدًا مِحَالَكَ (നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്റെ തന്ത്രത്തെ അതിജയിക്കാതിരിക്കേണമേ). إنْ كُنْتَ تَارِكُهُمْ وَقِبْلَتنَا فَامُرْ مَا بَدَا لَكَ (അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ഇച്ഛിച്ചതുപോലെ കല്‍പിച്ചുകൊള്ളുക). റൗദുല്‍ അന്‍ഫ് എന്ന കൃതിയില്‍ സുഹൈല്‍ ഉദ്ധരിക്കുന്നു: وَانْصُرْنَا عَلَى آلِ الصَّلِيبِ وَعَابِدِيهِ الْيَوْمَ آلَكَ (കുരിശിന്റെ ആളുകള്‍ക്കും അതിന്റെ ആരാധകര്‍ക്കുമെതിരെ നീ നിന്റെ ആളുകളെ തുണക്കേണമേ.) ഈ സന്ദര്‍ഭത്തില്‍ പ്രാര്‍ഥിച്ചുകൊണ്ട് അബ്ദുല്‍മുത്ത്വലിബ് പാടിയതായി ഇബ്‌നുജരീര്‍N1477 ഉദ്ധരിക്കുന്നു: يَارَبِّ لاَ أرْجُو لَهُمْ سِوَاكَا يَارَبِّ فَامْنَعْ مِنْهُمُ حِمَاكَا (നാഥാ, അവരെ നേരിടുന്നതിന് ഞാന്‍ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയര്‍പ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരില്‍നിന്ന് നിന്റെ ഹറമിനെ രക്ഷിക്കേണമേ). إنَّ عَدُوَّ الْبَيْتِ مَنْ عَادَاكَا إمْنَعْهُمُ أنْ يَحْرِبُوا قَرَاكًا (ഈ മന്ദിരത്തിന്റെ ശത്രു നിന്റെ ശത്രുവാകുന്നു. നിന്റെ പട്ടണം തകര്‍ക്കുന്നവരില്‍നിന്ന് അവരെ ചെറുക്കേണമേ.) ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ട് അബ്ദുല്‍മുത്ത്വലിബും കൂട്ടരും മലകളിലേക്കു പോയി. അടുത്തദിവസം അബ്‌റഹത്തും കൂട്ടരും മക്കയില്‍ പ്രവേശിക്കുന്നതിനായി എത്തി. പക്ഷേ, മുന്നേറിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മഹ്മൂദ് എന്ന പേരുള്ള വിശേഷപ്പെട്ട പടയാന പെട്ടെന്ന് ഇരുന്നുകളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചുനോക്കിയെങ്കിലും ആനക്കു മുറിവേറ്റതല്ലാതെ അത് അനങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാല്‍, മക്കയുടെ ദിശയിലേക്കു തെളിച്ചാല്‍ ഇരുന്നുകളയും. എന്തു ചെയ്താലും നടക്കാന്‍ കൂട്ടാക്കില്ല. ഈ ഘട്ടത്തില്‍ പറവകള്‍ കൂട്ടംകൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരല്‍ക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകള്‍ ഈ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ആ കല്ല് കൊണ്ടവരുടെയെല്ലാം ശരീരം അളിയാന്‍ തുടങ്ങി. മുഹമ്മദുബ്‌നു ഇസ്ഹാഖും ഇക്‌രിമN154യും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടില്‍ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വര്‍ഷമായിരുന്നു. ഇബ്‌നുഅബ്ബാസ് പറയുന്നു: ആ കല്ലുകൊള്ളുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാവുകയും ചൊറിഞ്ഞ് ചൊറിഞ്ഞ് ശരീരം പൊട്ടിപ്പൊളിഞ്ഞു മാംസം ഉതിര്‍ന്നുപോയിത്തുടങ്ങുകയും ചെയ്തു. ഇബ്‌നു അബ്ബാസിന്റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്‌റഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷണം കഷണമായി വീഴുകയായിരുന്നു. അതിന്റെ കഷണങ്ങള്‍ വീണിടത്ത് ദുര്‍നീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവര്‍ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാന്‍ തുടങ്ങി. വഴികാട്ടിയായി ഖശ്അമില്‍നിന്നു പിടിച്ചുകൊണ്ടുവന്ന നുഫൈലുബ്‌നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചുപോകാനുള്ള വഴി കാണിച്ചുകൊടുക്കാനാവാശ്യപ്പെട്ടു. അദ്ദേഹം അതിനു വിസമ്മതിച്ചുകൊണ്ട് ഇപ്രകാരം പാടുകയാണ് ചെയ്തത്: أيْنَ المَفَرُّ وَالإلـهُ الطَّالِبُ وَالأَشْرَمُ الْمَغْلُوبُ لَيْسَ الْغَالِبُ (ദൈവം പിന്തുടര്‍ന്നുകൊണ്ടിരിക്കെ ഇനി നിങ്ങള്‍ എങ്ങോട്ടോടാനാണ്? മുറിമൂക്കന്‍ [അബ്‌റഹത്ത്] ഇപ്പോള്‍ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല.) ഈ നെട്ടോട്ടത്തില്‍ അവര്‍ അവിടവിടെ വീണു മരിച്ചുകൊണ്ടിരുന്നു. അത്വാഉബ്‌നുയസാര്‍ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലര്‍ അവിടത്തന്നെ മരിച്ചു. ചിലര്‍ ഓടിപ്പോകുമ്പോള്‍ വഴിയിലങ്ങിങ്ങ് മരിച്ചുവീണു. ഖശ്അം പ്രദേശത്തെത്തിയപ്പോള്‍ അബ്‌റഹത്തും മരിച്ചു. (ഈയൊരു ശിക്ഷ മാത്രമല്ല അല്ലാഹു അബിസീനിയക്കാര്‍ക്ക് നല്‍കിയത്. മൂന്നുനാലു വര്‍ഷത്തിനകം യമനിലെ അബിസീനിയന്‍ ആധിപത്യംതന്നെ അവസാനിപ്പിക്കുകയും ചെയ്തു. ഗജനാശ സംഭവത്തിനുശേഷം യമനില്‍ അവരുടെ ശക്തി തീരെ ക്ഷയിച്ചുപോയതായി ചരിത്രത്തില്‍നിന്നു മനസ്സിലാക്കാം. യമനി നേതാക്കള്‍ അങ്ങിങ്ങ് കലാപക്കൊടിയുയര്‍ത്തി. പിന്നെ സൈഫുബ്‌നു ദീയസന്‍ എന്നു പേരായ ഒരു യമന്‍ നേതാവ് ഇറാന്‍ ചക്രവര്‍ത്തിയോട് സഹായം തേടുകയും ഇറാന്‍ ആയിരം ഭടന്മാരെയും ആറു കപ്പലുകളും അയച്ചുകൊടുക്കുകയും ചെയ്തു. യമനിലെ അബിസീനിയന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ അതുതന്നെ മതിയായിരുന്നു. ക്രി. 575-ലാണ് ഈ സംഭവം നടന്നത്.) മുസ്ദലിഫN752യുടെയും മിനാN736യുടെയും ഇടക്കുള്ള വാദി മുഹസ്സ്വബിലെ മുഹസ്സിര്‍ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. സ്വഹീഹ് മുസ്‌ലിംN1462 അബൂദാവൂദിN1393ല്‍നിന്ന് നിവേദനം ചെയ്ത, ജഅ്ഫറുബ്‌നു സ്വാദിഖ്N415 പിതാവ് ഇമാം മുഹമ്മദ് ബാഖിറിN1444ല്‍നിന്നും അദ്ദേഹം ജാബിറുബ്‌നു അബ്ദില്ലാഹിN417യില്‍നിന്നും ഉദ്ധരിച്ച നബി(സ) തിരുമേനിയുടെ വിടവാങ്ങല്‍ ഹജ്ജിന്റെ കഥയില്‍ പറയുന്നു: മുസ്ദലിഫയില്‍നിന്ന് മിനായിലേക്ക് പോകവെ വാദീ മുഹസ്സിറിലെത്തിയപ്പോള്‍ തിരുമേനി വേഗം കൂട്ടി. അതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവിN1508 എഴുതുന്നു: ആ സ്ഥലത്താണ് അസ്ഹാബുല്‍ ഫീല്‍ സംഭവം അരങ്ങേറിയത്. അതുകൊണ്ട് അവിടം വേഗത്തില്‍ പിന്നിടുകയാണ് സുന്നത്ത്. മുവത്വN748ഇല്‍ ഇമാം മാലിക്N780 ഉദ്ധരിക്കുന്നു: മുസ്ദലിഫ മുഴുവന്‍ താമസസ്ഥലമാകുന്നു. എന്നാല്‍, വാദീ മുഹസ്സിറില്‍ താമസിക്കരുത്. നുഫൈലുബ്‌നു ഹബീബില്‍നിന്ന് ഇബ്‌നുഇസ്ഹാഖ് ഉദ്ധരിച്ച കവിതയില്‍ അദ്ദേഹം ഈ സംഭവം നേരില്‍ കണ്ടത് വര്‍ണിച്ചിട്ടുണ്ട്: رُدَيْنَةُ لَوْ رَأَيْتِ وَلاَ تَرَاه لَدَى جَنْبِ المُحَصَّبِ مَا رِأَيْنَا (അല്ലയോ റുദൈനാ, കഷ്ടം! വാദീ മുഹസ്സ്വബില്‍ ഞങ്ങള്‍ കണ്ടത് നീ കണ്ടിരുന്നുവെങ്കില്‍, നിനക്കത് കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.) حَمِدْتُ اللهَ إِذْ أَبْصَرْتُ طَيْرًا وَخِفْتُ حِجَارَةً تَلْقَى عَلَيْنَ (പക്ഷികളെ കണ്ടപ്പോള്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിച്ചു. കല്ലുകള്‍ ഞങ്ങളുടെ മേല്‍ പതിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.) وَكُلُّ الْقَوْم يَسْأَلُ عَنْ نُفَيْلٍ كَأَنَّ عَلَيَّ لِلْحَبْشَانِ دَيْنًا (അവരിലോരോരുത്തനും നുഫൈലിനെ അന്വേഷിച്ചുകൊണ്ടിരുന്നു; ഞാന്‍ അബിസീനിയക്കാര്‍ക്ക് വല്ല കടവും വീട്ടേണ്ടതുള്ളതു പോലെ.) അറേബ്യയിലെങ്ങും പ്രസിദ്ധമായ മഹാസംഭവമാണിത്. നിരവധി കവികള്‍ അത് തങ്ങളുടെ കവിതകള്‍ക്ക് പ്രമേയമാക്കിയിട്ടുണ്ട്. എല്ലാവരും ആ സംഭവത്തെ അല്ലാഹുവിന്റെ കഴിവിന്റെ അദ്ഭുതമായി കരുതി എന്നതാണ് ആ കവിതകളില്‍ മുഴച്ചുകാണുന്ന സംഗതി. കഅ്ബയില്‍ പൂജിക്കപ്പെട്ടുകൊണ്ടിരുന്ന വിഗ്രഹങ്ങള്‍ക്ക് അതില്‍ വല്ല കൈയുമുണ്ടായിരുന്നതായി എവിടെയും സൂചിപ്പിക്കുകയോ ധ്വനിപ്പിക്കുകയോ പോലും ചെയ്യുന്നില്ല. ഉദാഹരണമായി, അബ്ദുല്ലാഹിബ്‌നുസ്സിബഅ്‌റാN85 പാടുന്നു: سِتُّونَ أَلْفًا لَمْ يَؤْبُوا أَرْضَهُمْ وَلَمْ يَعِشْ بَعْدَ الإيَابِ سَقِيمُهَ (അറുപതിനായിരത്തിന് അവരുടെ നാട്ടിലേക്ക് മടങ്ങാനായില്ല. മടങ്ങിയ ശേഷം അവരുടെ രോഗി [അബ്‌റഹത്ത്] ജീവിച്ചതുമില്ല.) كَانَتْ بِهَا عَادٌ وَ جُرْهُمُ قَبْلَهُمْ وَاللهُ مِنْ فَوْقِ الْعِبَادِ يُقِيمُهَا (ഇവിടെ അവര്‍ക്കു മുന്നം ആദും ജുര്‍ഹുമുമുണ്ടായിരുന്നു. അല്ലാഹു അടിമകള്‍ക്കുമീതെയുണ്ട്. അവന്‍ അതിനെ നിലനിര്‍ത്തുന്നു.) അബുല്‍ഖൈസിബ്‌നു അസ്‌ലത് പാടി: فَقُومُوا فَصَلُّوا رَبَّكُمْ وَتَمَسَّحُوا بِأَرْكَانِ هَـذَا الْبَيْتِ بيْنَ الأَخَاشِبِ (എഴുന്നേറ്റ് നിങ്ങളുടെ നാഥനെ നമസ്‌കരിക്കുക. മക്കയിലെയും മിനായിലെയും മലകള്‍ക്കിടയിലുള്ള ദൈവികമന്ദിരത്തിന്റെ കോണുകള്‍ തൊട്ടുതലോടുക.) فَلَمَّا أتَاكُمْ نَصْرُ ذِى الْعَرْشِ رَدَّهُمْ جُنُودُ الْمَلِكِ بَيْنَ سَافٍّ وَحَاصِبٍ (സിംഹാസനമുടയവന്റെ സഹായമെത്തിയപ്പോള്‍ രാജാവിന്റെ ഭടന്മാരില്‍ ചിലര്‍ മണ്ണില്‍ പതിച്ചുപോയി. ബാക്കിയുള്ളവര്‍ കല്ലെറിയപ്പെട്ടവരായി.) ഇതിനെല്ലാം പുറമെ, നബി(സ) പ്രസ്താവിച്ചതായി ഹ. ഉമ്മുഹാനിഉം സുബൈറുബ്‌നുല്‍ അവാമുംN1025 നിവേദനം ചെയ്യുന്നു: ഖുറൈശികള്‍ പത്തു വര്‍ഷത്തോളം (ചില നിവേദനങ്ങള്‍ പ്രകാരം ഏഴു വര്‍ഷത്തോളം) പങ്കുകാരാരുമില്ലാത്ത ഏകനായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിച്ചില്ല. ഉമ്മുഹാനിഇന്റെ നിവേദനം ഇമാം ബുഖാരിN1514 തന്റെ താരീഖിലും ത്വബറാനിN1476, ഹാകിം, ഇബ്‌നുമര്‍ദവൈഹി, ബൈഹഖി തുടങ്ങിയവര്‍ അവരുടെ ഹദീസ് സമാഹാരങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. ഹ. സുബൈറിന്റെ പ്രസ്താവന ത്വബറാനിയും ഇബ്‌നുമര്‍ദവൈഹിയും ഇബ്‌നു അസാകിറുംN1419 ഉദ്ധരിച്ചിരിക്കുന്നു. ബഗ്ദാദി, തന്റെ താരീഖില്‍ രേഖപ്പെടുത്തിയിട്ടുള്ള, സഈദുബ്‌നുല്‍ മുസയ്യബിN1085ന്റെ മുര്‍സലായ നിവേദനം ഇതിനെ ബലപ്പെടുത്തുന്നു. ഈ സംഭവം നടന്ന ആണ്ടിനെ അറബികള്‍ عَامُ الْفِيل (ഗജവര്‍ഷം) എന്നു വിളിക്കുന്നു. അതേവര്‍ഷംതന്നെയാണ് റസൂലി(സ)ന്റെ തിരുജനനമുണ്ടായതും. ആനപ്പട സംഭവം നടന്നത് മുഹര്‍റം മാസത്തിലും തിരുമേനിയുടെ ജനനമുണ്ടായത് റബീഉല്‍ അവ്വല്‍ മാസത്തിലും ആണെന്നതില്‍ ചരിത്രകാരന്മാരും ഹദീസ് വിശാരദന്മാരും ഏറക്കുറെ യോജിച്ചിട്ടുണ്ട്. ആനപ്പടസംഭവം നടന്ന് അമ്പതു ദിവസത്തിനുശേഷമാണ് പ്രവാചക ജനനമുണ്ടായതെന്നത്രേ അധികപേരും പറയുന്നത്.


വചനലക്ഷ്യം

നാം മുകളില്‍ കൊടുത്ത ചരിത്രവിവരങ്ങള്‍ മുന്നില്‍വെച്ച് സൂറ അല്‍ഫീല്‍ പഠിച്ചുനോക്കിയാല്‍, അല്ലാഹു ഈ സൂറയില്‍ ഇത്ര സംക്ഷിപ്തമായി, ആനപ്പടക്കു ഭവിച്ച ദൈവശിക്ഷയെ മാത്രം പരാമര്‍ശിച്ചു മതിയാക്കിയതെന്തുകൊണ്ടാണെന്ന് നന്നായി മനസ്സിലാക്കാം. സംഭവം ഏറെ പുരാതനമായിരുന്നില്ല. മക്കയിലെ കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. അറബികള്‍ക്ക് പൊതുവില്‍ അതു സുപരിചിതവുമായിരുന്നു. അബ്‌റഹത്തിന്റെ ആക്രമണത്തില്‍നിന്ന് കഅ്ബയെ രക്ഷിച്ചത് ഏതെങ്കിലും ദേവനോ ദേവിയോ അല്ലെന്നും പ്രത്യുത, അല്ലാഹു മാത്രമാണെന്നും അറബികളെല്ലാം സമ്മതിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിനോടുതന്നെയായിരുന്നു ഖുറൈശി പ്രമാണിമാര്‍ സഹായം തേടി പ്രാര്‍ഥിച്ചത്. കുറച്ചു കൊല്ലങ്ങളോളം ഈ സംഭവത്താല്‍ ഖുറൈശി പ്രമാണിമാര്‍ വല്ലാതെ സ്വാധീനിക്കപ്പെട്ടു. അവര്‍ അല്ലാഹുവല്ലാത്ത മറ്റാരെയും ആരാധിച്ചില്ല. അതുകൊണ്ട് സൂറ അല്‍ഫീലില്‍ അതിന്റെ വിശദാംശങ്ങളൊന്നും പരാമര്‍ശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ സംഭവം ഓര്‍മിപ്പിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ; മുഹമ്മദ്(സ) നല്‍കുന്ന സന്ദേശം, പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യണമെന്നും മറ്റെല്ലാ ആരാധ്യരെയും തള്ളിക്കളയണമെന്നുമല്ലാതെ മറ്റൊന്നുമല്ലെന്ന് അറബികള്‍ക്ക് പൊതുവിലും ഖുറൈശികള്‍ക്ക് പ്രത്യേകിച്ചും ബോധ്യമാകാന്‍. അതുപോലെ തങ്ങള്‍ സര്‍വശക്തിയുമുപയോഗിച്ച് ഈ സത്യസന്ദേശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ആനപ്പടയെ തകര്‍ത്തു തരിപ്പണമാക്കിയ ആ ദൈവത്തിന്റെ കോപത്തിന് സ്വയം പാത്രമായിത്തീരുമെന്ന് ചിന്തിക്കാനും.

Source: www.thafheem.net