VERSES
109
PAGES
208-221

നാമം

ഈ അധ്യായത്തിന്റെ നാമവും പതിവുപോലെ ഒരടയാളമെന്ന നിലയില്‍ 98-ആം 10:98 സൂക്തത്തില്‍നിന്ന് എടുത്തതാണ്. അതില്‍ ഹ. യൂനുസി(അ)നെ സംബന്ധിച്ച പരാമര്‍ശമുണ്ട്. അതിലേക്കൊരു സൂചനയാകുന്നു ഈ നാമം. യൂനുസിന്റെ കഥയല്ല അധ്യായത്തിന്റെ പ്രതിപാദ്യവിഷയം.


അവതരണ സ്ഥലം

അധ്യായം മുഴുവന്‍ മക്കയിലാണ് അവതരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാവുന്നു. ഉള്ളടക്കത്തിലും അതിന്റെ വ്യക്തമായ സൂചനയുണ്ട്. എന്നാല്‍, സൂറയിലെ ചില സൂക്തങ്ങള്‍ മദീനയില്‍ അവതീര്‍ണമായതാണെന്ന് ചിലര്‍ അനുമാനിക്കുന്നുണ്ട്. കേവലം ഉപരിപ്ലവ നിഗമനമാണതെന്ന് വചനശൃംഖല പരിശോധിക്കുമ്പോള്‍ വ്യക്തമാവും. വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വിവിധ പ്രഭാഷണങ്ങളിലുമായി അവതരിച്ചിട്ടുള്ള സൂക്തങ്ങളുടെ സമാഹാരമല്ല ഇത്. പ്രത്യുത, ആദ്യവസാനം ഒരേസമയത്ത്, ഒന്നിച്ചവതീര്‍ണമായ ഒറ്റ പ്രഭാഷണമായിട്ടാണ് പ്രതിപാദനം. അപ്രകാരംതന്നെ, പ്രഭാഷണത്തിന്റെ ഉള്ളടക്കം, അത് മക്കീ ഘട്ടത്തിലവതരിച്ചതാണെന്നു വ്യക്തമായി വിളിച്ചുപറയുന്നുമുണ്ട്.


അവതരണ കാലം

അവതരണ കാലത്തെക്കുറിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, പ്രവാചകന്റെ(സ) മക്കാ ജീവിതത്തിന്റെ അന്തിമഘട്ടത്തിലായിരിക്കണം ഇത് അവതരിച്ചതെന്നാണ് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാകുന്നത്. അന്ന് ഇസ്‌ലാമിക ദൗത്യത്തിനുനേരെയുള്ള എതിര്‍പ്പുകള്‍ കൊടുമ്പിരികൊണ്ടിരുന്നു. നബിയെയും അനുചരസംഘത്തെയും വെച്ചുപൊറുപ്പിക്കാന്‍ ശത്രുക്കള്‍ ഒട്ടും സന്നദ്ധരായിരുന്നില്ല. ഉപദേശങ്ങള്‍കൊണ്ടും ഉദ്‌ബോധനങ്ങള്‍കൊണ്ടും അവര്‍ നേര്‍വഴിക്കുവരുമെന്ന പ്രതീക്ഷ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇങ്ങനെയുള്ള ഒരു ഘട്ടത്തിലാണ് പ്രകൃത സൂറത്ത് അവതരിച്ചതെന്നു വ്യക്തമാകുന്നു. ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ക്ക്, പ്രവാചകനെ ഖണ്ഡിതമായും അന്തിമമായും നിഷേധിക്കുന്നതിന്റെ അനിവാര്യമായ പരിണതി എന്താണെന്ന് മുന്നറിയിപ്പു നല്‍കേണ്ട സന്ദര്‍ഭം ആസന്നമായിക്കഴിഞ്ഞിരുന്നു. ഉള്ളടക്കത്തിന്റെ ഈ സവിശേഷതകളൊക്കെ മക്കീ കാലഘട്ടത്തിന്റെ അവസാനത്തിലവതരിച്ച സൂറകളുമായി ബന്ധപ്പെട്ടതായതിനാല്‍ ഈ സൂറയും അതേ കാലഘട്ടത്തിലവതരിച്ചതാണെന്നു മനസ്സിലാക്കാം. എന്നാല്‍, ഹിജ്‌റയെക്കുറിച്ച ഒരു സൂചനപോലും അധ്യായത്തില്‍ കാണുന്നില്ല. അതിനാല്‍, ഹിജ്‌റയെ വാച്യമായോ സൂച്യമായോ പരാമര്‍ശിക്കുന്ന അധ്യായങ്ങളുടെ മുമ്പ് അവതരിച്ചതാവണം ഇതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാലനിര്‍ണയത്തെക്കുറിച്ച ഈ ചര്‍ച്ചക്കുശേഷം ഇനി സൂറയുടെ ചരിത്രപശ്ചാത്തലം വേറെ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. പോരെങ്കില്‍ അന്നത്തെ ചരിത്രസാഹചര്യം സൂറ അല്‍അന്‍ആമിന്റെയും അല്‍അഅ്‌റാഫിന്റെയും മുഖക്കുറിപ്പുകളില്‍ പ്രതിപാദിച്ചുകഴിഞ്ഞിട്ടുണ്ട്.


ഉള്ളടക്കം

ഉദ്‌ബോധനം, താക്കീത്, ഉപദേശം എന്നീ പ്രബോധനരീതികളാണ് അധ്യായത്തിലെ പ്രഭാഷണ വിഷയം. ഭാഷണം ആരംഭിക്കുന്നത് ഇപ്രകാരമാകുന്നു: ഒരു മനുഷ്യന്‍ പ്രവാചകത്വ സന്ദേശവുമായി മുന്നോട്ടുവരുമ്പോള്‍ ജനങ്ങള്‍ അദ്ഭുതസ്തബ്ധരായിത്തീരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ആഭിചാരവൃത്തി ആരോപിക്കുന്നു. വാസ്തവത്തിലോ, അയാളുന്നയിക്കുന്ന ഒരുകാര്യവും ആശ്ചര്യജനകമല്ല. അതിന് ആഭിചാരവുമായോ ജ്യോത്സ്യവുമായോ ഒരു ബന്ധവുമില്ല. രണ്ടു പരമ യാഥാര്‍ഥ്യങ്ങളെക്കുറിച്ചു നിങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്: ഒന്ന്, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവും പ്രായോഗികമായി അതിനെ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഭരണകര്‍ത്താവും ഏതൊരു ദൈവമാണോ അതേ ദൈവംതന്നെയാണ് നിങ്ങളുടെയും ഉടമസ്ഥനും യജമാനനും. നിങ്ങളുടെ അടിമത്തവും ദാസ്യവും അവന്നുമാത്രം അവകാശപ്പെട്ടതാകുന്നു. രണ്ട്, ഈ ഐഹികജീവിതത്തിനുശേഷം, മറ്റൊരു ജീവിതദശ വരാനുണ്ട്. അതില്‍ നിങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടും. ഇന്നത്തെ ജീവിതത്തിന്റെ മുഴുവന്‍ ആയ-വ്യയക്കണക്കും അപ്പോള്‍ ബോധിപ്പിക്കേണ്ടിവരും. അതിന്റെ അടിസ്ഥാനത്തിലാവും അവിടുന്ന് കിട്ടുന്ന പ്രതിഫലം. ഒന്നുകില്‍ രക്ഷ; അല്ലെങ്കില്‍ ശിക്ഷ. അല്ലാഹുവിനെ തങ്ങളുടെ ഉടമസ്ഥനും നാഥനുമായി അംഗീകരിക്കുകയും അവന്റെ ഇച്ഛക്കൊത്ത് നല്ല നടപടികള്‍ സ്വീകരിക്കുകയും ചെയ്തവര്‍ക്കു രക്ഷ. അല്ലാഹുവെ ഉടമസ്ഥനും നാഥനുമായി അംഗീകരിക്കാതിരിക്കുകയോ അവന്റെ ഇഷ്ടത്തിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്തവര്‍ക്ക് ശിക്ഷയും. നിങ്ങളുടെ മുമ്പാകെ വയ്ക്കുന്ന പ്രസ്തുത രണ്ടു യാഥാര്‍ഥ്യങ്ങളും, നിങ്ങളവയെ അംഗീകരിച്ചാലും ഇല്ലെങ്കിലും, തികഞ്ഞ പരമാര്‍ഥങ്ങളാകുന്നു. അവ അംഗീകരിക്കുകയും അവക്കൊത്ത് ജീവിതത്തെ ക്രമീകരിക്കുകയും ചെയ്യാനാണ് പ്രവാചകന്‍ വിളിക്കുന്നത്. നിങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ച്, അതനുസരിച്ച് ജീവിതം സംസ്‌കരിക്കുകയാണെങ്കില്‍ നിങ്ങളുടെ പര്യവസാനം മംഗളമായിത്തീരും. അല്ലെങ്കിലോ, നിങ്ങള്‍ അതിന്റെ ദുഷ്പരിണതിയെ നേരിടേണ്ടിവരും. മുകളില്‍ പ്രസ്താവിച്ച ആമുഖത്തിനുശേഷം താഴെ പറയുന്ന വിഷയങ്ങള്‍ ഒരു സവിശേഷ ക്രമത്തില്‍ നമ്മുടെ മുമ്പില്‍ വരുന്നു. 1) ഏകദൈവത്വത്തിന്റെയും പരലോകജീവിതത്തിന്റെയും കാര്യത്തില്‍, അജ്ഞതയിലധിഷ്ഠിതമായ പക്ഷപാതിത്വത്തിന്റെ തടവുകാരല്ലാത്ത ആളുകളുടെ യുക്തിക്കും ബുദ്ധിക്കും സ്വീകാര്യവും തൃപ്തികരവുമായ തെളിവുകള്‍ സമര്‍ഥിക്കുന്നു. വാദപ്രതിവാദത്തിലെ ജയാപജയമല്ല ഈ ചര്‍ച്ചയുടെ ലക്ഷ്യം. പ്രത്യുത, തെറ്റായ വീക്ഷണങ്ങളില്‍നിന്നും അവയുടെ ദുഷ്പരിണാമങ്ങളില്‍നിന്നും സുരക്ഷിതമാവുകയാണ്. 2) തൗഹീദിനെയും പരലോകവിശ്വാസത്തെയും സമ്മതിക്കുന്നതിന് ആളുകള്‍ക്ക് തടസ്സമായിരുന്നതും സദാ തടസ്സമായിക്കൊണ്ടിരിക്കുന്നതുമായ തെറ്റുധാരണകളും പ്രജ്ഞാശൂന്യതയും ദൂരീകരിക്കുക. 3) മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെയും സന്ദേശത്തെയും സംബന്ധിച്ച് പ്രതിയോഗികളുന്നയിച്ച സംശയങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി കൊടുക്കുക. 4) തന്റെ ഇന്നത്തെ കര്‍മരീതി നന്നാക്കാനും, പിന്നീട് ദുഃഖിക്കാനിടവരാതിരിക്കാനും വേണ്ടി മനുഷ്യനെ ഉദ്ബുദ്ധനാക്കുകയും മരണാനന്തര ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അവസ്ഥകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക. 5) ഐഹിക ജീവിതം വാസ്തവത്തിലൊരു പരീക്ഷയാണെന്നും, ഇഹലോകത്ത് ശ്വാസോച്ഛ്വാസം കഴിക്കുന്നിടത്തോളം കാലമേ ഈ പരീക്ഷാകാലം നിലനില്‍ക്കുന്നുള്ളൂവെന്നും തെര്യപ്പെടുത്തുക. ഈയൊരവസരത്തെ പാഴാക്കുന്ന പക്ഷം, പ്രവാചകന്റെ മാര്‍ഗദര്‍ശനം അംഗീകരിച്ചുകൊണ്ട് വിജയത്തിന്റെ മാര്‍ഗങ്ങള്‍ കൈക്കൊള്ളാത്തപക്ഷം, ഇനി മറ്റൊരവസരം ലഭിക്കാന്‍ പോവുന്നില്ല. പ്രവാചകന്റെ ആഗമനവും ഖുര്‍ആന്‍ വഴിക്കുള്ള യഥാര്‍ഥ ജ്ഞാനവുമാണ് നിങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും നല്ല ഏകാവസരം. അതിനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ ശാശ്വതമായ അനന്തരജീവിതത്തില്‍ എന്നുമെന്നും ഖേദിക്കേണ്ടിവരും --എന്നീ വസ്തുതകളെപ്പറ്റി ഉണര്‍ത്തുക. 6) ദൈവികമായ ഒരു മാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍, ജനജീവിതത്തില്‍ നടമാടിയിരുന്ന മൂഢതകളെയും അന്ധതകളെയും ചൂണ്ടിക്കാട്ടുക. ഈ വിഷയകമായി നൂഹ് നബി(അ)യുടെ കഥ സംക്ഷിപ്തമായും മൂസാനബി(അ)യുടെ കഥ സ്വല്‍പം വിസ്തരിച്ചും വിവരിച്ചിരിക്കുന്നു. നാലു സംഗതി ബോധ്യപ്പെടുത്തുകയാണ് അവകൊണ്ടുദ്ദേശിക്കുന്നത്: ഒന്ന്, നിങ്ങളുടെ മുന്‍ഗാമികള്‍ നൂഹി(അ)നോടും മൂസാ(അ)യോടും അനുവര്‍ത്തിച്ച വികലനയമാണ് മുഹമ്മദി(സ)നോട് നിങ്ങളും അനുവര്‍ത്തിക്കുന്നതെന്ന് ഓര്‍മവെക്കുക. ആ ജീവിതരീതിയുടെ പരിണാമമെന്തെന്ന് അവര്‍ കണ്ടു. അതുതന്നെയാണ് നിങ്ങളും കാണാന്‍പോവുന്നതെന്നുറപ്പിച്ചോളൂ. രണ്ട്, പ്രവാചകനും അദ്ദേഹത്തിന്റെ അനുയായികളും ഇന്നനുഭവിക്കുന്ന നിസ്സഹായതയും അവശതയും എന്നും നിലനില്‍ക്കുമെന്ന് വിചാരിക്കരുത്. മൂസാ(അ)ക്കും ഹാറൂ(അ)ന്നും പിന്‍ബലം നല്‍കിയിരുന്ന ദൈവം ഇവരുടെ പിന്നിലുമുണ്ടെന്നും, ഒരാളുടെയും കണ്ണില്‍പ്പെടാത്ത മാര്‍ഗത്തിലൂടെ അവന്‍ അവരുടെ പരിതോവസ്ഥകളെ മാറ്റിയപോലെ ഇവരുടെ അവസ്ഥകളെയും മാറ്റുന്നതായിരിക്കും എന്നും മനസ്സിലാക്കണം. മൂന്ന്, നിങ്ങള്‍ക്കിപ്പോള്‍ അല്ലാഹു അനുവദിച്ച അവധി പാഴാക്കുകയും എന്നിട്ട് ഫിര്‍ഔന്റെ മാതിരി ദൈവത്തിന്റെ ബലിഷ്ഠമായ പിടിയിലകപ്പെടുന്ന ആ അന്ത്യനിമിഷത്തില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ ഫിര്‍ഔന്ന് മാപ്പുലഭിച്ചിട്ടില്ലാത്തതുപോലെ നിങ്ങള്‍ക്കും മാപ്പുലഭിക്കുന്നതല്ല. നാല്, നബിയുടെ അനുചരന്മാര്‍ പ്രതികൂല ചുറ്റുപാടിന്റെ രൂക്ഷതയും അതിനെ നേരിടുന്നതിലുള്ള നിസ്സഹായതയും കണ്ട് നിരാശപ്പെടരുത്. അത്തരം പരിതോവസ്ഥകളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നവര്‍ അറിഞ്ഞിരിക്കണം. മാത്രമല്ല, ഒരു കാര്യവും കൂടി അവര്‍ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്: അല്ലാഹുവിന്റെ ഔദാര്യത്താല്‍ അവര്‍ ഈ പരിതഃസ്ഥിതിയില്‍നിന്ന് രക്ഷപ്പെടുമ്പോള്‍, ഇസ്‌റാഈല്യര്‍ ഈജിപ്തില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ കാട്ടിയപോലുള്ള ചാപല്യത്തിനും അച്ചടക്കരാഹിത്യത്തിനും വിധേയരായിപ്പോകരുത്. അവസാനം പ്രഖ്യാപിക്കുന്നു: അല്ലാഹു തന്റെ പ്രവാചകന്ന് നിര്‍ദേശിച്ചുകൊടുത്ത ആദര്‍ശവും കര്‍മമാര്‍ഗവുമത്രെ ഇത്; ഇതില്‍ ഭേദഗതിയോ മാറ്റത്തിരുത്തലോ വരുത്തുക സാധ്യമല്ല. ഇത് ആര്‍ സ്വീകരിച്ചുവോ അവര്‍ക്കു നന്ന്. ഇത് തിരസ്‌കരിച്ചിട്ട് ആര്‍ അപഥസഞ്ചാരം ചെയ്യുന്നുവോ അവര്‍ തങ്ങള്‍ക്കുതന്നെയാണ് ദോഷംചെയ്യുന്നത്.

Source: www.thafheem.net